27 May Monday

പൊലീസിനെ വീണ്ടെടുത്ത ഇച്ഛാശക്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


പൊലീസിന്റെ തെറ്റുകൾക്ക്‌ എൽഡിഎഫ്‌ സർക്കാരിനെ പ്രതിക്കൂട്ടിൽനിർത്താനുള്ള  പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ശ്രമങ്ങൾ ഇതുവരെ വിജയംകണ്ടില്ല. എന്നാൽ, പൊലീസുമായി ബന്ധപ്പെട്ട്‌ നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ സർക്കാർ ഗൗരവപൂർണമായ സമീപനം കൈക്കൊള്ളുന്നുവെന്നത്‌ വിമർശകർക്കുപോലും  നിഷേധിക്കാനാകില്ല. പൊലീസ്‌  മർദനോപകരണമല്ല, അവർ ജനസേവകരാകണം എന്ന എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌ ആത്മാർഥതയുള്ളതാണെന്ന്‌ സമീപകാലത്തെ നിരവധി സംഭവങ്ങൾ തെളിയിച്ചു. എന്നാൽ, പൊലീസ്‌ സേനയുടെ നവീകരണവും ശുദ്ധീകരണവും അത്ര എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന കാര്യമല്ല. സർക്കാർ മാറുന്നതോടെ കീഴ്‌മേൽ മറിയുന്ന പൊലീസ്‌ ഭരണസംവിധാനത്തിൽ പുഴുക്കുത്തുകൾ  തുടച്ചുനീക്കുക ശ്രമകരമാണ്‌. പൊലീസിനെ രാഷ്ട്രീയനേട്ടങ്ങൾക്കായി വഴിവിട്ട്‌  ഉപയോഗിക്കുന്ന  യുഡിഎഫ്‌ ശൈലിയാണ്‌ തെറ്റായ പ്രവണതകൾ സേനയിൽ അരക്കിട്ടുറപ്പിച്ചതെന്ന്‌ നിസ്സംശയം പറയാം.

കുറ്റാന്വേഷണത്തിലും കാര്യക്ഷമതയിലും രാജ്യത്ത്‌  ഏറ്റവും മികച്ചതെന്ന്‌ പലവട്ടം തെളിയിച്ച കേരള പൊലീസ്‌ ചുരുക്കം ചിലരുടെ ദുഷ്‌ചെയ്‌തികൾമൂലമാണ്‌ കുരുശിലേറ്റപ്പെടുന്നത്‌. ഇടതുഭരണത്തിൽ ഇത്തരക്കാർക്ക്‌ ഒരുവിധ സംരക്ഷണവും ലഭിക്കില്ലെന്നുമാത്രമല്ല, കർശന നടപടിക്ക്‌ വിധേയമാക്കുമെന്ന സന്ദേശംകൂടിയാണ്‌ ‌സർക്കാർ നൽകുന്നത്‌. അന്വേഷണത്തിന്റെ  ഭാഗമായി മൂന്നാംമുറയും മറ്റ്‌ അപരിഷ്‌കൃത മാർഗങ്ങളും ഉപയോഗിക്കുന്ന രീതി ഇന്നും പൊലീസിൽ പൂർണമായി അവസാനിച്ചിട്ടില്ല. സാമ്പത്തികവും അല്ലാത്തതുമായ നേട്ടങ്ങൾക്കുവേണ്ടി കാക്കിയെ ദുരുപയോഗിക്കുന്നവരും കുറവല്ല. ക്വട്ടേഷനുകൾക്കും കൊലപാതകങ്ങൾക്കും കൂട്ടുനിൽക്കുന്നവരും കൊള്ളമുതലിന്റെ പങ്ക‌് പറ്റുന്നവരും അപൂർവമായെങ്കിലും പൊലീസിൽ ഉണ്ട്‌. ഇത്തരം ഒറ്റപ്പെട്ട പ്രവണതകളുടെ പേരിൽ ഒരുസേനയുടെ മനോവീര്യമാകെ തകർക്കുന്ന തരത്തിൽ ബോധപൂർവമായ പ്രചാരണ കോലാഹലം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം പൊലീസിനെ നന്നാക്കലല്ല; യുഡിഎഫിലെ അന്തഃഛിദ്രവും ചാനലുകളുടെ വിഷയദാരിദ്ര്യവും മറയ്‌ക്കാനുള്ള അഭ്യാസമായിമാത്രമേ കാണാനാകൂ.

പൊലീസിനെയും അതുവഴി സർക്കാരിനെയും  ഇകഴ്‌ത്താൻ അവസരംപാർത്ത‌് കഴിയുന്നവർ സൗകര്യപൂർവം മറന്നുകളയുന്ന ചില വസ്‌തുതകളുണ്ട്‌. അത്‌ യുഡിഎഫ്‌ ഭരണകാലത്തിൽനിന്ന്‌ പൊലീസ്‌ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ്‌. കുപ്രസിദ്ധമായ സോളാർ തട്ടിപ്പിലടക്കം നിരവധി കുറ്റകൃത്യങ്ങളിൽ അന്വേഷണം അട്ടിമറിക്കാൻ ഭരണനേതൃത്വത്തിൽനിന്നുതന്നെ പൊലീസിന്‌ നിർദേശംപോയ കാര്യം പുറത്തുവന്നിട്ടുണ്ട്‌. തെളിവുകൾ നശിപ്പിക്കാൻ പൊലീസ്‌, ജയിൽവകുപ്പ്‌ അധികൃതരെ ഉപയോഗിച്ചതും ആരും മറന്നിട്ടില്ല. ഇത്തരമൊരു ഭരണസംവിധാനത്തിൽ പൊലീസ്‌ പിടിവിട്ടുപോയിട്ടുണ്ടെങ്കിൽ അന്ന്‌ തലപ്പത്തിരുന്നവരാണ്‌ ഉത്തരംപറയേണ്ടത്‌. എതിർ രാഷ്ട്രീയക്കാരെ കുടുക്കാൻ പൊലീസിനെ ഉപകരണമാക്കിയതും തിരുവഞ്ചൂരിന്റെയും ചെന്നിത്തലയുടെയും ഭരണത്തിൻകീഴിലായിരുന്നു. രാഷ്ട്രീയദാസ്യത്തിനും പകപോക്കലിനും പൊലീസിനെ ഉപയോഗിക്കുന്ന ഭരണാധികാരികൾക്ക്‌ എങ്ങനെ അച്ചടക്കവും നീതിയുക്തമായ പ്രവർത്തനവും ഉറപ്പുവരുത്താനാകും.

യുഡിഎഫ്‌ ഭരണത്തിൽ ലോക്കപ്പ്‌ അതിക്രമങ്ങളും കസ്റ്റഡിമരണവുമൊക്കെ നടന്ന ഘട്ടങ്ങളിൽ അതിനുത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ എന്ത‌് നടപടിയാണ്‌ സ്വീകരിച്ചതെന്ന്‌  അന്ന്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലവഹിച്ച ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്‌ വ്യക്തമാക്കണം. ഇപ്പോൾ ഓടിനടന്ന്‌ പൊലീസിനെ കുറ്റവിചാരണ നടത്തുന്ന ചെന്നിത്തലയുടെ ഭരണത്തിൽ ഒരാളെയെങ്കിലും സസ്‌പെൻഡ‌് ചെയ്‌ത‌ത‌് ചൂണ്ടിക്കാണിക്കാനാകുമോ. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പൊലീസിനെതിരെ ഉയർന്ന ന്യായമായ ഒരു പരാതിയും എൽഡിഎഫ്‌ സർക്കാർ അവഗണിച്ചിട്ടില്ല. ശരിയായ അന്വേഷണം നടത്തി മുഖംനോക്കാതെ നിയമനടപടിക്ക്‌ വിധേയരാക്കി. ഏറ്റവുമൊടുവിൽ വരാപ്പുഴ കസ്റ്റഡിമരണം, വിദേശ വനിതയുടെ മരണം, കെവിൻ വധം എന്നിവയിലെല്ലാം  പൊലീസിന്റെ വീഴ്‌ചയും പങ്കളിത്തവും നിഷ്‌കൃഷ്ടമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. തെറ്റ‌് ചെയ്‌തവരെ തസ്‌തികയുടെ വലുപ്പച്ചെറുപ്പം നോക്കാതെ കേസിൽ പ്രതിചേർക്കുകയും ഐപിഎസ്‌ ഉദ്യോഗസ്ഥനെതിരെ ഉൾപ്പെടെ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്‌തു. ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുകയുംചെയ്‌തു. 

പൊലീസിലെ സവർണാധിപത്യവ്യവസ്ഥയുടെ വികൃതമുഖമാണ്‌ എഡിജിപിയുടെ മകൾ പൊലീസ്‌ ഡ്രൈവറെ മർദിച്ച സംഭവത്തിലൂടെ പുറത്തുവന്നത്‌. കീഴുദ്യോഗസ്ഥരെ അടിമപ്പണിക്ക്‌ വിധേയരാക്കുന്ന സമ്പ്രദായം ദീർഘകാലമായി തുടരുന്നതാണ്‌. എന്തുകൊണ്ട്‌ ഇത്‌ യഥാർഥ രൂപത്തിൽ പുറത്തുവരുന്നില്ല എന്ന്‌ അന്വേഷിച്ചാൽ ഭരണതലംമുതൽ താഴെ സാധാരണ പൊലീസുകാർവരെ ഈ ദുഷിച്ച സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളാണെന്നു കാണാൻ കഴിയും. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരെ പിണക്കാൻ തയ്യാറല്ലാത്ത രാഷ്ട്രീയനേതൃത്വം ദാസ്യപ്പണിക്കായി എത്ര പൊലീസുകാരെയും വിട്ടുകൊടുക്കാൻ തയ്യാറാകുന്നു. ഏമാന്മാരെ പ്രീതിപ്പെടുത്തി സാധാരണ പൊലീസ്‌ ജോലികളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ താൽപ്പര്യമുള്ള ഒരു ചെറുന്യൂനപക്ഷം ദാസ്യപ്പണിയിൽ തൃപ്‌തരായിരിക്കാം.

ബഹുഭൂരിപക്ഷം ക്യാമ്പ‌് ഫോളോവർമാരും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ മറ്റെന്തെങ്കിലും കാരണത്തിൽ ശിക്ഷാനടപടിക്ക്‌ വിധേയരാകുമെന്നതായിരുന്നു അനുഭവം. പൊലീസ്‌ ഡ്രൈവർ ഗവാസ്‌കറെ മർദിച്ച സംഭവം നിമിത്തമായെങ്കിലും പൊലീസ്‌ സേനയുടെ മാന്യതയും മനോവീര്യവും സംരക്ഷിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരിന്റെ ഇടപെടലാണ്‌ സംഭവഗതി മാറ്റിമറിച്ചത്‌. മർദനമേറ്റ പൊലീസുകാരനെ ശിക്ഷിക്കാനുള്ള ഉന്നതരുടെ നീക്കങ്ങൾക്കിടയിലും ഭാര്യയും കുടുംബാംഗങ്ങളും പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടത്‌ സർക്കാരിലുള്ള വിശ്വാസം കാരണമാണ്‌. എഡിജിപിയെ സ്ഥാനഭ്രഷ്ടനാക്കിയത്‌ ഉൾപ്പെടെ ശക്തമായ നടപടികൾക്കാണ്‌ മുഖ്യമന്ത്രി ഉത്തരവിട്ടത്‌. അനധികൃതമായി പൊലീസ്‌ ഉന്നതർ നിയോഗിച്ച മുഴുവൻ പൊലീസുകാരെയും സ്വതന്ത്രരാക്കാനുള്ള നടപടിയും ആരംഭിച്ചു. എല്ലാതലങ്ങളിലും പൊലീസ്‌ സേനയുടെ ആത്മാഭിമാനവും കർമശേഷിയും വീണ്ടെടുക്കുന്നതിന്റെ നാന്ദിയായി ഈ  നടപടി മാറി.  നിയമവാഴ്‌ചയ‌്ക്കുമുന്നിൽ എല്ലാവരും സമന്മാരാണെന്ന വിശ്വാസം ജനങ്ങളിൽ ഊട്ടിയുറപ്പിക്കാൻ സാധിച്ചതിൽ പിണറായി സർക്കാരിന്‌ അഭിമാനിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top