29 March Friday

പൊലീസിന്റെ ഭൂതവും വർത്തമാനവും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന വർഷം കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ സിബി എന്ന യുവാവ് കൊല്ലപ്പെട്ടത് ആ നാളുകളിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു. ദളിത് യുവാവിനെ ജീപ്പിലിട്ടും പൊലീസ് സ്റ്റേഷനിലിട്ടും മർദിച്ച‌്  മാരകമായി പരിക്കേൽപ്പിക്കുക; ഉടുവസ്ത്രമഴിപ്പിച്ച് മഴയത്ത് എറിയുക. തലച്ചോറിൽ രക്തസ്രാവമുണ്ടായിട്ടും കൃത്യമായ ചികിത്സ നൽകാതെ കൊടും യാതനകളിലേക്ക് തള്ളിവിടുക. അന്വേഷിക്കാനെത്തിയ മാതാപിതാക്കളെ അസഭ്യം പറയുക. അവരെക്കൊണ്ട് മകന്റെ മലമൂത്രാദികൾ കോരിപ്പിക്കുക. ഒടുവിൽ 11 ദിവസം വെന്റിലേറ്ററിൽ കിടന്നു ആ ചെറുപ്പക്കാരൻ മരണമടയുക. അമ്മയും അച്ഛനും  ഭാര്യയും മൂന്ന‌് മക്കളുമടങ്ങുന്ന നിർധന കുടുംബത്തെ ചുമടെടുത്ത് പുലർത്തുന്ന സിബിയെന്ന ചെറുപ്പക്കാരനോട് കൊടുംക്രൂരത ചെയ്ത പൊലീസുകാർ ഇപ്പോഴും കാക്കിയിട്ട‌് 'നിയമസമാധാനം' പാലിക്കുന്നുണ്ട്. സിബിയുടെ മൃതദേഹവുമായി നാട്ടുകാർ ഉപരോധ സമരം നടത്തിയപ്പോഴാണ്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന‌് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മടിച്ചുമടിച്ചു പറഞ്ഞത്. ലോക്കപ്പിൽ നടന്ന കൊലപാതകം മറച്ചുപിടിക്കാനും കൊലയാളികളെ രക്ഷിക്കാനും പൊലീസ്, ഒരു പതിനാറുകാരനെ കണ്ടെത്തി, അയാളും സിബിയുമായി ഏറ്റുമുട്ടി എന്ന കഥയുണ്ടാക്കി. ജനരോഷം കടുത്തപ്പോൾ, പ്രത്യക്ഷത്തിൽത്തന്നെ ഉത്തരവാദിയായ പൊലീസുദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വളരെ പെട്ടെന്നുതന്നെ അടുത്ത സ്റ്റേഷനിൽ തിരിച്ച‌് നിയമനം നൽകി. കേസ് അക്ഷരാർഥത്തിൽ അട്ടിമറിക്കുകയും കുറ്റവാളികൾക്ക് പരിരക്ഷ നൽകുകയും ചെയ്തു. കേരള പൊലീസിന്റെ സമീപകാലത്തെ ചിത്രമാണിത്.

ഇന്ന് പൊലീസിനെക്കുറിച്ച‌് ഉൽക്കണ്ഠപ്പെടുകയും പൊലീസ് ക്രൂരതകളെക്കുറിച്ച‌് വാചാലരാവുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഹപ്രവർത്തകരും ഓർക്കാൻ മറക്കുന്ന ഭൂതകാലം വെറും രണ്ടുവർഷംമുമ്പുള്ളതാണ്. മരങ്ങോട്ടുപള്ളിയിലെ സിബിക്കു പുറമെ, ചങ്ങരംകുളത്തെ  മാണൂർ ചേകന്നൂർ ഹനീഷ, ചങ്ങരംകുളത്തുതന്നെയുള്ള  മോഹനൻ, തിരുവനന്തപുരം രാജാജി നഗർ സ്വദേശി സുജിത് എന്ന ജിത്തു,  തിരുവനന്തപുരം  തൊളിക്കോട് ചെറ്റച്ചൽ ഇടമുക്ക് മുപ്രയിൽ തടത്തരികത്തുവീട്ടിൽ സുലൈമാന്റെ മകൻ അൻസാരി,  കഴക്കൂട്ടം ആറ്റുംകുഴി  ആർബി ഹൗസിൽ രാധാകൃഷ്ണൻ, ഭാര്യ ബീനാകുമാരി, മകൾ നീതു  ഇങ്ങനെ അനേകം പേരുണ്ട‌് യുഡിഎഫ‌് ഭരണത്തിൽ പൊലീസിന്റെ  ക്രൂരതയ‌്ക്ക‌് ഇരയായി ജീവൻ പൊലിഞ്ഞവരുടെ പട്ടികയിൽ. കഠിനംകുളം പുതുവല്ലിലെ അജീഷിനെ ക്രൂരമായി മർദിച്ചവശനാക്കിയശേഷം  കാന്താരിമുളക് അരച്ച് ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും തേച്ചത‌് യുഡിഎഫ് കാലത്തെ പൊലീസാണ്. 1796 കൊലപാതകവും 2883 കൊലപാതകശ്രമവും 5982 ബലാത്സംഗവും 1997 ഗാർഹികാതിക്രമവും  886 തട്ടിക്കൊണ്ടുപോകലും 43,502 കലാപങ്ങളുമാണ് ആ അഞ്ചുവർഷത്തിൽ കേരളത്തിൽ നടന്നത്. സർക്കാർ സമ്മർദംമൂലം കേസന്വേഷണം ശരിയായി നടത്താനാകുന്നില്ലെന്നു പറഞ്ഞത് അന്ന് വിജിലൻസ് മേധാവിയായിരുന്ന വിൻസൻ എം പോൾ ആണ്. സമ്മർദംമൂലം താൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോയെന്ന് ബാർ കോഴ കേസന്വേഷിച്ച വിജിലൻസ് എസ‌്പി ആർ സുകേശൻ പറഞ്ഞതിൽനിന്നും   എംജി സർവകലാശാലയുടെ എൽഎൽഎം പരീക്ഷയിൽ കോപ്പിയടിച്ചതിന് തൃശൂർ റെയ‌്ഞ്ച് ഐജി ടി ജെ ജോസ്‌ പിടിയിലായതിൽനിന്നും മനസ്സിലാക്കാം പൊലീസ് ഏതവസ്ഥയിലായിരുന്നു അന്ന് എന്ന്. ഏഴായിരത്തോളം കേസിലായി ഒന്നരലക്ഷത്തോളം സിപിഐ എം പ്രവർത്തകരെ  തെറ്റായ രീതിയിൽ പ്രതിചേർത്തതുകൂടി പരാമർശിച്ചാൽ പൊലീസ് എങ്ങനെ കെട്ടുപോയെന്നതിന്റെ ചിത്രവും കിട്ടും.

2016ൽ പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ, രാജ്യത്തെ ഏറ്റവും കൊടിയ ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസ് സേനകളിൽ ഒന്നായിരുന്നു കേരളത്തിലേത‌്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്കനുസരിച്ച‌് കേരളത്തിലെ പൊലീസിനെതിരെ അന്ന് 3080 ക്രിമിനൽ കേസാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലേതിന്റെ അഞ്ചിരട്ടിയാണ്‌ അത്. 2014ൽ 177 ആയിരുന്നതാണ് ഒറ്റക്കൊല്ലംകൊണ്ട് 3080ലേക്ക് വർധിച്ചത്. ഇതേ കാലയളവിൽ പൊലീസിൽ ഡിപ്പാർട‌്മെന്റുതല അന്വേഷണങ്ങൾ നടത്തേണ്ടിവന്നതിന്റെ എണ്ണം 829ൽ നിന്ന് 2093 ആയി. പൊലീസിനെതിരായ പരാതികൾ 1003ൽ നിന്ന് 4634 ആയി. മനുഷ്യാവകാശ ലംഘനങ്ങളിൽ ഉത്തർപ്രദേശിനും പഞ്ചാബിനും തൊട്ടടുത്ത‌് മൂന്നാമതായി കേരളം എത്തിയതും അക്കാലത്താണ്. ഇത്രയും കാര്യങ്ങൾ ഇവിടെ പരാമർശിച്ചത്, ആ അഞ്ച‌് കൊല്ലത്തെയും ഇപ്പോഴത്തെയും പൊലീസ് ഭരണത്തെ ഒത്തുനോക്കുന്നവർക്ക് സഹായകരമാകാനാണ്. പൊലീസ് കെട്ടുപോകുന്നത് സാഹചര്യത്തിന്റെകൂടി സഹായംകൊണ്ടാണ്. യുഡിഎഫ് ഭരണത്തിൽ ആ സാഹചര്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ കരാളത കേരള പൊലീസിനെ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. അതിൽനിന്ന് മുക്തമാകാനുള്ള എല്ലാ ശ്രമങ്ങളെയും തകർത്തത് കോൺഗ്രസ‌് നയിച്ച സർക്കാരുകളാണ്. അങ്ങനെയൊരു ഭൂതകാലവും സ്വഭാവവിശേഷവുമുള്ള കേരള പൊലീസിനെ ഒറ്റയടിക്ക് സമ്പൂർണ പരിവർത്തനവിധേയമാക്കി മര്യാദരാമന്മാരാക്കി മാറ്റാനുള്ള മാന്ത്രികവിദ്യയൊന്നും ആരുടെയും കൈയിലില്ല. പൊലീസിലെ ആ തിന്മ പറിച്ചുകളയാനും നിയമസമാധാനത്തിന്റെയും ജനസേവനത്തിന്റെയും വഴിയിലൂടെ നയിക്കാനും  ഇച്ഛാശക്തിയോടെയുള്ള ശ്രമത്തിലൂടെയേ സാധ്യമാകൂ. അത്തരമൊരു ശ്രമമാണ് പിണറായി വിജയൻ, പൊലീസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ആരംഭിച്ചത്. അടുത്തിടെ ഉണ്ടായ കേസുകളിൽ കുറ്റവാളിസ്ഥാനത്തുള്ള പൊലീസുകാർക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന കാർക്കശ്യത്തിലൂടെ  കാണാനാകുന്നതും ആ ശ്രമത്തിന്റെ തുടർച്ചയാണ്. കോട്ടയത്തെ കെവിൻ വധക്കേസിലും മലപ്പുറം ജില്ലയിലെ തിയറ്റർ പീഡനകേസിലും കുറ്റംചെയ്യുകയോ കുറ്റകൃത്യത്തിന്‌ സഹായം നൽകുകയോ ചെയ്ത പൊലീസുകാരാകെ നിയമത്തിന്റെ മുന്നിൽ നിൽക്കുകയാണ്. തെറ്റ് ചെയ്‌താൽ ഒരിടത്തുനിന്നും സംരക്ഷണമുണ്ടാകില്ല എന്നതാണ് അവർക്ക‌് സർക്കാർ നൽകുന്ന സന്ദേശം. വാഹനത്തിൽനിന്ന് വീണ കുഞ്ഞിനെ രക്ഷിക്കുകയും റെയിൽപാളത്തിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിക്കുകയുമൊക്കെ ചെയ്യുന്ന മാനുഷിക മുഖമുള്ള പൊലീസ് ഇന്നാട്ടിലുണ്ട്. കേസന്വേഷണ മികവിൽ ആരോടും മത്സരിക്കുന്നതാണ് കേരള പൊലീസിന്റെ പാരമ്പര്യം.  ആ മികവിന്റെ ചിത്രത്തിൽ ചെളിതൂവുന്ന ക്രിമിനലുകളാണ് ഇന്ന് പൊലീസ് സേനയുടെ ദുരന്തം. അത്തരം ദുരന്തങ്ങളെവച്ച് വാഴിക്കില്ല എന്നാണ‌് കെവിൻ കേസിൽ പ്രതിസ്ഥാനത്തുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടി കൈക്കൊള്ളുന്നതിലൂടെ സർക്കാർ പ്രഖ്യാപിക്കുന്നത്. ധീരമാണ് ഈ നീക്കം. കേരള പൊലീസിനെ അച്ചടക്കവും കർമകുശലതയുമുള്ള യഥാർഥ ജനമൈത്രി പൊലീസാകാനുള്ള പിണറായി സർക്കാരിന്റെ നടപടികൾക്ക് ജനങ്ങളുടെ പിന്തുണയുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top