26 April Friday

കേരള പൊലീസിന്‌ അഭിമാന നിമിഷം

വെബ് ഡെസ്‌ക്‌Updated: Thursday Apr 6, 2023


കോഴിക്കോട്‌ എലത്തൂരിൽ ഒരു കുഞ്ഞടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കി ട്രെയിനിലുണ്ടായ തീവയ്‌പിൽ പ്രതിയെന്ന്‌ സംശയിക്കുന്ന ഉത്തർപ്രദേശുകാരൻ ഷാറൂഖ്‌ സെയ്‌ഫിയെ മൂന്നു ദിവസത്തിനകം കസ്റ്റഡിയിൽ എടുക്കാനായത്‌ കേരള പൊലീസിന്റെ തൊപ്പിയിലെ പുതിയ നക്ഷത്രമായി. ഞായർ രാത്രി ഒമ്പതരയോടെ ആലപ്പുഴ –- കണ്ണൂർ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിന്റെ റിസർവ്‌ഡ്‌ കമ്പാർട്ട്‌മെന്റിലാണ്‌ പ്രതി യാത്രക്കാരുടെമേൽ പെട്രോൾ ഒഴിച്ച്‌ തീകൊളുത്തിയത്‌. വിവരം പുറത്തുവന്നയുടൻ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) രൂപീകരിച്ച സംസ്ഥാന സർക്കാരിന്റെ മുൻകൈ എല്ലാ തുടർനടപടികളും വേഗത്തിലാക്കി. ദൃക്‌സാക്ഷികളിൽനിന്ന്‌ വിവരം ശേഖരിച്ച്‌ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നതിലും സംഭവസ്ഥലത്തിനടുത്ത്‌ ഉപക്ഷേിച്ചനിലയിൽ കണ്ട ബാഗിൽ ഉണ്ടായിരുന്ന ഫോണും നോട്ട്‌ പുസ്‌തകത്തിൽനിന്നു ലഭിച്ച വിവരങ്ങളും നിർണായകമായി. അവയെ അടിസ്ഥാനമാക്കി കേന്ദ്ര ഇന്റലിജൻസിന്റെയും മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെയും ഭീകരവിരുദ്ധ സ്‌ക്വാഡുകളുടെയും (എടിഎസ്‌) സഹകരണം ഉറപ്പാക്കി നടത്തിയ നീക്കമാണ്‌ പ്രതിയെന്ന്‌ സംശയിക്കുന്നയാളെ പിടികൂടാൻ സഹായിച്ചത്‌.

മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽനിന്ന്‌ ബുധൻ പുലർച്ചെ പിടികൂടിയ യുവാവിനെ കോഴിക്കോട്ട്‌ എത്തിച്ചശേഷമാകും വിശദമായ ചോദ്യംചെയ്യൽ. രത്നഗിരിയിലെ കോടതിയിൽനിന്ന്‌ കേരള പൊലീസ്‌ ട്രാൻസിറ്റ്‌ വാറന്റ്‌ വാങ്ങി അടുത്ത നടപടികളിലേക്ക്‌ കടന്നിട്ടുണ്ട്‌. പ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാൾ ഇതാണെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കേരള പൊലീസ്‌ സംഘം ഉത്തർപ്രദേശിൽ ഷഹീൻബാഗിലെ ഇയാളുടെ വീട്ടിലും നോയിഡയിലെ പണിസ്ഥലത്തും പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സമൂഹമാധ്യമങ്ങളും നിരീക്ഷിച്ച്‌ പഴുതടച്ച അന്വേഷണമാണ്‌ പൊലീസ്‌ നടത്തിയത്‌. ഇത്‌ പുരോഗമിക്കുന്നതിനിടെയാണ്‌ പ്രതി പിടിയിലായത്‌. രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി അവിടെനിന്ന്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്‌ മഹാരാഷ്‌ട്ര എടിഎസിന്റെ പിടിയിലായത്‌. തീവയ്‌പിനിടെയോ ട്രെയിനിൽനിന്ന്‌ ചാടിയപ്പോഴാ ആകാം ഇയാൾക്ക്‌ പരിക്കേറ്റത്‌ എന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. പ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാൾ പിടിയിലായെങ്കിലും ഇയാളെ നിഷ്‌ഠുരമായ ആക്രമണത്തിലേക്ക്‌ നയിച്ചത്‌ എന്തെന്നതടക്കം വിവരങ്ങൾ അറിയാനുണ്ട്‌. രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ വർഗീയധ്രുവീകരണം തീവ്രമാക്കി നേട്ടംകൊയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഛിദ്രശക്തികളുടെ കൈയിലെ കളിപ്പാവയാണോ ഇയാൾ എന്നതും അറിയേണ്ടതുണ്ട്‌. സ്വതന്ത്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങൾ പുറത്തുവരൂ.

കേരള പൊലീസിന്റെയും മറ്റ്‌ അന്വേഷണ ഏജൻസികളുടെയും ഏകോപിതനീക്കങ്ങളിലൂടെ പ്രതിയെ പിടിക്കാനായെങ്കിലും സംഭവത്തിൽ ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുണ്ടായ അനാസ്ഥ ഞെട്ടിക്കുന്നതാണ്‌. ആക്രമണവിവരം പുറത്തുവന്ന്‌ നാടെങ്ങും ചർച്ചയാകുകയും പ്രതിയുടെ രേഖാചിത്രമടക്കം വിവരങ്ങൾ പ്രചരിക്കുകയും ചെയ്‌തശേഷവും അയാൾ ട്രെയിനിൽ യാത്ര ചെയ്‌ത്‌ 700 കിലോമീറ്ററോളം അകലെ രത്നഗിരിവരെ എത്തിയെന്നാണ്‌ റിപ്പോർട്ടുകൾ കാണിക്കുന്നത്‌. അത്‌ ശരിയെങ്കിൽ ഇന്ത്യൻ ട്രെയിനുകളിൽ യാത്രക്കാർക്ക്‌ ഒരുസുരക്ഷയും ഉറപ്പില്ലെന്ന്‌ കരുതേണ്ടിവരും. ലോകത്തെ നാലാമത്തെ വലിയ റെയിൽ ശൃംഖലയാണ്‌ ഇന്ത്യയിലേത്‌. മികച്ച വരുമാനവും ശക്തമായ സാമ്പത്തിക അടിത്തറയുമുള്ള സ്ഥാപനമാണ്‌ ഇന്ത്യൻ റെയിൽവേ. കഴിഞ്ഞവർഷം യാത്രക്കാരിൽനിന്നുമാത്രം അരലക്ഷം കോടിയോളം രൂപയാണ്‌ റെയിൽവേക്ക്‌ വരുമാനം ലഭിച്ചത്‌. ഇതിൽ മുക്കാൽപങ്കിലധികവും ടിക്കറ്റ്‌ റിസർവ്‌ ചെയ്‌ത്‌ യാത്രചെയ്യുന്ന ജനകോടികൾ നൽകിയ പണമാണ്‌. സുരക്ഷിതവും സുഖകരവുമായ യാത്ര പ്രതീക്ഷിച്ച്‌ ടിക്കറ്റ്‌ മുൻകൂർ ഉറപ്പാക്കി യാത്ര ചെയ്യുന്നവരുടെ സുരക്ഷപോലും ഉറപ്പില്ല എന്നതാണ്‌ ഇപ്പോഴത്തെ ദയനീയ സ്ഥിതി.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേയിൽ നവഉദാര സാമ്പത്തികനയങ്ങളുടെ ഭാഗമായി തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കലടക്കം ചെയ്‌തതോടെയാണ്‌ ഈ അവസ്ഥയുണ്ടായത്‌. ദേശാഭിമാനിപോലെ ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ ഈ അപകടം നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌. എന്നാൽ, ടിടിആർമാരുടെയും റെയിൽവേ സുരക്ഷാ സേനാംഗങ്ങളുടെയും ഒഴിവുകൾ നികത്താതെ യാത്രക്കാരെ ഭാഗ്യപരീക്ഷണത്തിന്‌ വിട്ടിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ. സുരക്ഷയ്‌ക്കായി സംസ്ഥാന പൊലീസിൽനിന്ന്‌ 684 പേരെ റെയിൽവേയിലേക്ക്‌ നിയോഗിച്ചെങ്കിലും അതിൽ 200 പേരുടെ നിയമനം റെയിൽവേ അംഗീകരിച്ചിട്ടില്ല. എന്നാൽ, യാത്രക്കാരിൽനിന്ന്‌ വിവിധ ഇനങ്ങളിൽ പണം കുത്തിക്കവർന്നെടുക്കുന്നതിൽ റെയിൽവേക്ക്‌ മടിയുമില്ല. അടുത്തിടെയാണ്‌ ട്രെയിനിലെ ഭക്ഷണത്തിന്‌ വില കുത്തനെ കൂട്ടിയത്‌. വയോധികരുടെ  സബ്‌സിഡി നിർത്തലാക്കുകയും ചെയ്‌തു.  ഈ സാഹചര്യത്തിൽ യാത്രക്കാരിൽനിന്നു വാങ്ങുന്ന പണത്തിൽനിന്ന്‌ ഗണ്യമായ പങ്ക്‌ അവരുടെ യാത്ര സുഗമമാക്കാനും സുരക്ഷയ്‌ക്കും ചെലവഴിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അല്ലാതുള്ള വാചകമടികൾ ജനങ്ങളെ സഹായിക്കില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top