26 April Friday

ഉചിതം, മാതൃകാപരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


അപകീർത്തികരവും അസത്യം നിറഞ്ഞതും  അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ തടയാനായി  കേരള പൊലീസ് നിയമത്തിൽ  കൊണ്ടുവരാൻ  ഉദ്ദേശിച്ച ഭേദഗതി നടപ്പാക്കേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനം തികച്ചും  ഉചിതവും മാതൃകാപരവുമാണ്. തീർത്തും സദുദ്ദേശ്യത്തോടെ കൊണ്ടുവന്നതെങ്കിലും ആ നിയമമാറ്റം ചില ദുരുപയോഗ സാധ്യതകൾ തുറന്നിടുന്നു എന്ന വിമർശം ശക്തമായി ഉയർന്നിരുന്നു. ഈ വിമർശങ്ങൾ ഉയർന്ന്‌ ഇരുപത്തിനാല് മണിക്കൂർ തികയുംമുമ്പ് തിരുത്തൽ നടപടിക്ക് സർക്കാർ തയ്യാറായി. ഇപ്പോൾ ഓർഡിനൻസായി കൊണ്ടുവന്ന നിയമം സംബന്ധിച്ച് ഇനി വിശദമായ ചർച്ച നിയമസഭയിൽ നടക്കും. എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് മാത്രമേ ഇക്കാര്യത്തിൽ  തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജനാധിപത്യസമൂഹത്തിൽ ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാർ എങ്ങനെ പെരുമാറണം എന്നതിന്റെ മാതൃക കൂടിയായി ഈ തീരുമാനം.

സവിശേഷമായ  സാഹചര്യത്തിലാണ് ഇത്തരം ഒരു നിയമമാറ്റത്തിന്‌ സർക്കാർ മുതിർന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എല്ലാ പരിധികളും ലംഘിക്കുന്ന ദുഷ്‌പ്രചാരണങ്ങൾ അടുത്തിടെ വല്ലാതെ വർധിച്ചു. മനുഷ്യന്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വന്നു. അടിസ്ഥാനമില്ലാത്ത വ്യാജകഥകൾ കുടുംബങ്ങൾ തകർത്തു. ഇരകളിൽ ചിലർ  ആത്മഹത്യ ചെയ്തു. നിലവിലെ നിയമപ്രകാരം ഒന്നും ചെയ്യാനാകുന്നില്ലെന്ന പരാതി വ്യാപകമായി. കേന്ദ്ര നിയമം ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ കേരള പൊലീസ്‌ നിയമം ഭേദഗതി ചെയ്തായാലും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യം പല കോണുകളിൽനിന്നുയർന്നു. നിയമം അംഗീകരിക്കാത്ത ഒരു സമാന്തര സമൂഹം സാമൂഹ്യമാധ്യമങ്ങളിൽ  ഉദയം ചെയ്യുന്നുവെന്നും ഇതിനെതിരെ പൊലിസ് നടപടി ശക്തമാക്കണമെന്നും  ഹൈക്കോടതി നിർദേശിച്ചു. മാധ്യമങ്ങൾ മുഖപ്രസംഗം എഴുതി. സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗങ്ങളും ഉൾപ്പെടെ  അപവാദ പ്രചാരണത്തിലൂടെ നിർദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത് പലരും ചൂണ്ടിക്കാട്ടി. ഈ വിമർശങ്ങൾ ഉയരുന്നതിനിടെ പിന്നെയും അങ്ങേയറ്റം ഹീനമായ ചില സൈബർ ആക്രമണങ്ങൾ അരങ്ങേറി. ഇത് നേരിടാൻ ഇരകൾ നിയമം കൈയിലെടുക്കുന്ന നില വന്നു. നിയമത്തിലെ മാറ്റം അടിയന്തരമായി വേണ്ടതാണെന്ന അഭിപ്രായം വ്യാപകമായി. ഈ ഘട്ടത്തിലാണ് സർക്കാർ ഓർഡിനൻസിലൂടെ നിയമഭേദഗതിക്ക് തയ്യാറായത്.


 

എന്നാൽ, ഭേദഗതിയുടെ വിശദാംശങ്ങൾ വ്യക്തമായപ്പോൾ നേരത്തേ നിയമനിർമാണം ആവശ്യപ്പെട്ടവർ അടക്കം വിമർശങ്ങൾ ഉയർത്തി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും ന്യായമായ ആശങ്കകൾ പ്രകടിപ്പിച്ചു. ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഐ എംതന്നെ നിയമം പുനഃപരിശോധിക്കാമെന്ന്‌ വ്യക്‌തമാക്കി. ഒട്ടും വൈകാതെ ഇക്കാര്യത്തിൽ സർക്കാർ ഇടപെടുകയും ഭേദഗതി നടപ്പാക്കേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയും ചെയ്തു.

അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും നേരെ ഏതുകാലത്ത് വെല്ലുവിളി ഉയർന്നാലും അതിനെതിരെ പൊരുതിനിന്നവരാണ് കമ്യൂണിസ്റ്റുകാർ. അടിയന്തരാവസ്ഥയിൽ ഈ പോരാട്ടത്തിന്റെ ഭാഗമായി  ജയിലിൽ കഴിഞ്ഞവരാണ് അവർ. ഈ നിലപാടിൽനിന്ന് വ്യതിചലിക്കുന്നത് എന്ന് ആരോപണം ഉയരാവുന്ന ഒന്നും  പാർടി നേതൃത്വം നൽകുന്ന ഒരു സംസ്ഥാന സർക്കാർ ചെയ്തുകൂടെന്ന ജാഗ്രത പാർടിക്കും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്ര വേഗത്തിൽ നിയമം മരവിപ്പിക്കാനുള്ള തീരുമാനം വന്നത്.

എന്നാൽ, ഈ നിയമത്തിനെതിരെ രണ്ടു പകലായി ചന്ദ്രഹാസം ഇളക്കുന്നവരുടെ ഇത്തരം കാര്യങ്ങളിലുള്ള നിലപാട് എന്നും എപ്പോഴും എങ്ങനെ ആയിരുന്നു എന്നുകൂടി ഓർമിക്കപ്പെടണം. കോൺഗ്രസ് ആയിരുന്നല്ലോ പ്രതിഷേധം ഉയർത്തിയ ഒരുകൂട്ടർ. അടിയന്തരാവസ്ഥയെന്ന കൊടിയ പാതകത്തിന്റെ കറ മായാത്ത കൈയും മുഖവുമായാണ് അവർ ഈ വിലാപം നടത്തുന്നത്. അടിയന്തരാവസ്ഥയിൽ നാവടക്കാൻ പറഞ്ഞപ്പോൾ കണ്ണും കാതുംകൂടി ഇറുക്കിയടച്ച് ആ വാഴ്ചയ്ക്ക് അടിമപ്പണി ചെയ്ത ചില മാധ്യമങ്ങളും ഇപ്പോൾ മുഖപ്രസംഗത്തിലൂടെ സർക്കാരിനെ വിമർശിക്കുന്നുണ്ട്.  സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഒരു വഴികൂടി തെളിഞ്ഞു എന്ന ആഹ്ലാദമായിരുന്നു ഇക്കൂട്ടർക്കൊക്കെ. എന്നാൽ, ഭേദഗതി നടപ്പാക്കേണ്ടെന്ന സർക്കാർ തീരുമാനത്തോടെ അവരുടെ ആ മോഹം പൊലിഞ്ഞു.ഈ നിയമത്തെ വിമർശിക്കാൻ  ബിജെപിയും തെല്ലും ഉളുപ്പില്ലാതെ രംഗത്തുണ്ട്. എഴുത്തും പ്രസംഗവും മാത്രമല്ല മനോവ്യാപാരംവരെ വ്യാഖ്യാനിച്ച് ആയിരങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരു സർക്കാരിന്റെ വക്താക്കളാണ് അവർ.

2000ലെ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പ് ഇവരൊക്കെ ഒന്ന് ഓർക്കുന്നത് നന്ന്. കോൺഗ്രസ്  സർക്കാർ കൊണ്ടുവരികയും പിന്നീട് ഭരണമേറ്റ ബിജെപി ആവേശത്തോടെ നടപ്പാക്കുകയും ചെയ്ത ഈ നിയമത്തെ ചെറുത്തുതോൽപ്പിച്ചത് ഇടതുപക്ഷവും ജനാധിപത്യ വിശ്വാസികളുമാണ്. ഈ വകുപ്പ്  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത് സിപിഐ എം ആണ്. ഭരണഘടനയിൽ 19 (2)ലെ യുക്തിപരമായ നിയന്ത്രണങ്ങൾക്ക് പുറത്താണ് നിയമമെന്നും  അതുകൊണ്ട് റദ്ദാക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. പാർലമെന്റിന്റെ പൊതുവികാരം പ്രമേയത്തിന് അനുകൂലമായിട്ടും ആവശ്യം അംഗീകരിക്കാതെ ഏകാധിപത്യപരമായ സമീപനമാണ് അന്നത്തെ കോൺഗ്രസ്  സർക്കാർ സ്വീകരിച്ചത്.


 

ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ലൈക്ക് ചെയ്തു എന്ന് ആരോപിച്ചുവരെ ആ നിയമപ്രകാരം അറസ്റ്റുണ്ടായി. യുഡിഎഫ്  ഭരണത്തിൽ കേരളത്തിലും എഴുപതിലേറെ കേസുകളിൽ 66എ ചുമത്തപ്പെട്ടു.  കേരള പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പുംകൂടി കൊണ്ടുവന്നാണ് അറസ്റ്റുകൾ സാധ്യമാക്കിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്ന ആരെയും തടവിലാക്കാൻ പറ്റുംവിധമായിരുന്നു ആ വകുപ്പുകൾ. ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴും ആ നിയമത്തിന്റെ വക്താക്കളായി നിലകൊള്ളുകയായിരുന്നു ബിജെപിയും കോൺഗ്രസും. സുപ്രീംകോടതി ആ നിയമം റദ്ദാക്കുംവരെ അവരുടെ സർക്കാരുകൾ ആയിരങ്ങൾക്കെതിരെ ആ നിയമം ദുരുപയോഗിച്ചു. 66എ റദ്ദാക്കിയ കൂട്ടത്തിൽ കേരള പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പുംകൂടി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.

എന്നാൽ, ഇപ്പോൾ  കേരളത്തിലെ പൊലീസ് നിയമത്തിൽ വരുത്തിയ മാറ്റം വിമർശം ഉയർന്നപ്പോൾത്തന്നെ  പിൻവലിക്കപ്പെട്ടു. ഒരാൾക്കെതിരെയും ആ നിയമപ്രകാരം കേസെടുത്തില്ല. ജനാധിപത്യത്തോടും മാനുഷിക മൂല്യങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധത സർക്കാർ ഒരിക്കൽക്കൂടി തെളിയിച്ചു.നിയമമാറ്റവുമായി മുന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഏറെ പ്രസക്തമായ ഒരു അഭ്യർഥനകൂടി മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും അന്തസ്സത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളിൽ  ഏർപ്പെടുന്നവർ അതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇക്കാര്യത്തിൽ  ജാഗ്രത പുലർത്തണമെന്നുമുള്ള ആ അഭ്യർഥന സമൂഹമാകെ അംഗീകരിക്കുമെന്ന് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top