13 June Thursday

ജനഹിതമറിഞ്ഞ്‌ കേരളപര്യടനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2020


നവകേരളം കെട്ടിപ്പടുക്കുന്നതിന്‌ ജനങ്ങളിൽനിന്ന്‌ പുതിയ ആശയങ്ങളും നിർദേശങ്ങളും തേടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരളപര്യടനത്തിന്‌ വൻപ്രതികരണമാണ്‌ സൃഷ്ടിക്കാൻ കഴിഞ്ഞത്‌. ഇടുക്കി ഒഴിച്ചുള്ള എല്ലാ ജില്ലയിലും പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി ആയിരക്കണക്കിന്‌ ആളുകളുമായാണ്‌ നേരിട്ട്‌ സംവദിച്ചത്‌. ഡിസംബർ 22ന്‌ കൊല്ലത്തുനിന്ന്‌ ആരംഭിച്ച കേരളപര്യടനം 30ന്‌ ആലപ്പുഴയിലാണ്‌ സമാപിച്ചത്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനമനുസരിച്ചാണ്‌ മുഖ്യമന്ത്രിയുടെ ഈ കേരളപര്യടനം.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി 2016 ഫെബ്രുവരിയിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നവ കേരള മാർച്ച്‌ നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങൾ സന്ദർശിച്ച്‌ ജനങ്ങളുമായി അന്ന്‌ വിശദമായ സംവാദം നടത്തുകയുണ്ടായി. അവർ മുന്നോട്ടുവച്ച ആശയങ്ങൾ ക്രോഡീകരിച്ചാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക തയ്യാറാക്കിയത്‌. ലൈഫ്‌, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ പദ്ധതികളെല്ലാം പിണറായി വിജയൻ സർക്കാർ വിഭാവനംചെയ്‌തത്‌ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവച്ച 600 പരിപാടിയിൽ 570 ഉം നടപ്പാക്കാൻ സർക്കാരിന്‌ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അനുകൂലമായ വിധിയെഴുത്തിനുള്ള പ്രധാനകാരണവും ഇതുതന്നെയാണ്‌. ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനം പാലിക്കാൻ തയ്യാറായ സർക്കാരിനുള്ള വോട്ടായിരുന്നു അത്‌. ഒപ്പം ഉറച്ച രാഷ്ട്രീയനിലപാടിനുള്ള അംഗീകാരവും.

ഈ പശ്ചാത്തലത്തിലാണ്‌ നവകേരളം എങ്ങനെയാണ്‌ നിർമിക്കേണ്ടത്‌ എന്ന്‌ ജനങ്ങളിൽ നിന്നുതന്നെ അറിയാനായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനം നടത്തിയത്‌. കോവിഡ്‌കാലത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്‌ ഒാരോ ജില്ലയിലെയും വ്യത്യസ്‌ത മേഖലകളിൽ വ്യാപരിക്കുന്ന നൂറുകണക്കിന്‌ ആളുകളുമായി സംവദിക്കാനാണ്‌ മുഖ്യമന്ത്രി തയ്യാറായത്‌. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ രൂപീകരിക്കപ്പെട്ട ജനങ്ങളുടെ സർക്കാർ എന്ന എബ്രഹാം ലിങ്കന്റെ നിർവചനത്തെ അർഥവത്താക്കുന്ന നീക്കമാണ്‌ എൽഡിഎഫിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. സ്വാഭാവികമായും ജനങ്ങളിൽനിന്ന്‌ ഉചിതമായ പ്രതികരണംതന്നെ ഉണ്ടായി.


 

ഒന്നാം ഘട്ടത്തിൽ സമർപ്പിച്ച നിർദേശങ്ങൾ നാലരവർഷത്തെ ഭരണത്തിനിടയിൽ യാഥാർഥ്യമായതുകൊണ്ടുതന്നെ നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ രണ്ടാംഘട്ടത്തിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച്‌ നിരവധി നിർദേശങ്ങളും ശുപാർശകളും ജനങ്ങൾ മുഖ്യമന്ത്രിക്ക്‌ മുമ്പാകെ വച്ചു. ചിലർ നേരിട്ട്‌ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ മറ്റു ചിലർ അവ എഴുതി നൽകി. വ്യക്തമായ പദ്ധതികൾതന്നെ തയ്യാറാക്കി നൽകിയവരും ഇക്കൂട്ടത്തിലുണ്ട്‌. ‌കേരളത്തിന്റെ സമഗ്രവികസനത്തിന്‌ ഉതകുന്ന നിർദേശങ്ങളും ആശയങ്ങളുമാണ്‌ അവയിലധികവും. ഉദാഹരണത്തിന്‌, ഉന്നത വിദ്യാഭ്യാസരംഗത്തിന്‌ ഊന്നൽ നൽകണമെന്ന ആവശ്യം പല കോണിൽനിന്നും ഉയർന്നു. പുതിയ സാങ്കേതികവിദ്യകൾ വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ ഉപയോഗിക്കണമെന്നും ഈ മേഖലയിൽ ഗവേഷണം പ്രോൽസാഹിപ്പിക്കണമെന്നു തുടങ്ങി പല നിർദേശങ്ങളും വൈസ്‌ചാൻസലർമാർ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവയ്‌ക്കുകയുണ്ടായി. അതോടൊപ്പംതന്നെ, മതനിരപേക്ഷത വളർത്തുന്ന ആഘോഷങ്ങളും പരിപാടികളും വേണമെന്ന ക്രിയാത്മകമായ നിർദേശം ഉയർന്നുവന്നതായി മുഖ്യമന്ത്രിതന്നെ അറിയിക്കുകയും ചെയ്‌തു.

വർഗീയ ആശയങ്ങൾ പല വേദിയിലൂടെ കേരളീയ സമൂഹത്തിൽ അരിച്ചിറങ്ങുന്ന ഈ ഘട്ടത്തിൽ മതനിരപേക്ഷത എന്ന ആശയം ആഴത്തിൽ വേരോടുന്നതിന്‌ നൂതനമായ പദ്ധതികളും പരിപാടികളും നടപ്പാക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതോടൊപ്പം അന്തർദേശീയ നിലവാരത്തിൽ നൈപുണ്യവികസനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കണം. വയോജനങ്ങളുടെ ആരോഗ്യവും അവരുടെ പരിപാലനവും കൂടുതൽ ശ്രദ്ധപതിയേണ്ട മേഖലകളാണെന്ന നിർദേശവും ഉയർന്നിട്ടുണ്ട്‌. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള ശാസ്‌ത്രീയമാർഗങ്ങൾ വികസിപ്പിക്കൽ, ആദിവാസിമേഖലയുടെ സമഗ്രവികസനം തുടങ്ങി പല നിർദേശവും മുഖ്യമന്ത്രിക്കു മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. മാലിന്യമുക്തകേരളം ലക്ഷ്യമാക്കി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ആവശ്യം ഉയർന്നു. അതോടൊപ്പം ഓരോ പ്രദേശത്തെയും ബാധിക്കുന്ന പ്രത്യേക പദ്ധതികളും മുന്നോട്ടുവയ്‌ക്കപ്പെട്ടു. ഇവയെല്ലാം ഉൾപ്പെടുത്തിയായിരിക്കും എൽഡിഎഫ്‌ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയ്യാറാക്കുക. അതായത്‌, ജനങ്ങൾ തന്നെയാണ്‌ എൽഡിഎഫിന്റെ പ്രകടനപത്രികയും തയ്യാറാക്കുന്നതെന്നർഥം.

എൽഡിഎഫും ജനങ്ങളും തമ്മിലുള്ള ഈ ജൈവബന്ധം മനസ്സിലാക്കുന്നതിൽ വലതുപക്ഷവും ഭൂരിപക്ഷംമാധ്യമങ്ങളും പരാജയപ്പെട്ടുവെന്ന്‌ തദ്ദേശ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. മുഖ്യമന്ത്രിതന്നെ പറഞ്ഞതുപോലെ എൽഡിഎഫിനോട്‌ നേരത്തേ അകലം പാലിച്ചവരും എക്കാലവും യുഡിഎഫിനെ സഹായിച്ചവരും  കേരളപര്യടനത്തിന്റെ ഭാഗമായി. മാറുന്ന കേരളത്തിന്റെ മുഖമാണ്‌ ഇവിടെ ദൃശ്യമാകുന്നത്‌. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ ലക്ഷ്യം ജനങ്ങളുടെതന്നെ ലക്ഷ്യമായി മാറുകയാണെന്ന്‌ തെളിയിക്കുന്നതായി കേരളപര്യടനവും അതിന്റെ വിജയവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top