21 September Thursday

പ്രതിപക്ഷം സഭാസ്തംഭനത്തിൽനിന്ന് പിന്മാറണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018


നിയമസഭയിൽ ചോദ്യോത്തരവേളപോലും അനുവദിക്കാതെ  പ്രതിപക്ഷം സമനിലവിട്ട് ആക്രമണോത്സുകമാകുന്നത് ആവർത്തിക്കപ്പെടുന്നു. സഭാധ്യക്ഷനെതിരെ സഭയ്ക്കകത്തും പുറത്തും ആക്ഷേപം ചൊരിയാൻ യുഡിഎഫ് അംഗങ്ങൾ മത്സരബുദ്ധി കാണിക്കുന്നു. പൂർണ ബജറ്റും അടുത്തവർഷത്തേക്കുള്ള ധനാഭ്യർഥനകളും ധനവിനിയോഗബില്ലും പാസാക്കാനാണ് സഭയുടെ പത്താംസമ്മേളനം ചേരുന്നത്. 24 ദിവസത്തേക്ക് നിശ്ചയിച്ച സമ്മേളനത്തിന്റെ രണ്ടുദിവസം നഷ്ടപ്പെടുത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യോത്തരവേള തടസ്സപ്പെടുത്തി. ചൊവ്വാഴ്ച സഭ തുടങ്ങിയ ഉടനെ നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ബാനറുകളും ഫോട്ടോകളും ഉയർത്തി ബഹളം തുടങ്ങുകയായിരുന്നു. ബഹളത്തെതുടർന്ന് സഭ പിരിയാൻ നിർബന്ധിതമായി. തിങ്കളാഴ്ച അടിയന്തരപ്രമേയമായി ഷുഹൈബ് വധം ചർച്ചചെയ്യാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇത് അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും പ്ലക്കാർഡും ബാനറുമായി എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങി. അടുത്തദിവസവും അതേതരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രകടനം. സ്പീക്കർ നിരവധിതവണ ആവശ്യപ്പെട്ടിട്ടും തിരികെ മടങ്ങാതെ ബഹളം തുടരുകയായിരുന്നു. ഇതിനിടെ ചോദ്യോത്തരവേള തുടർന്നെങ്കിലും ബഹളം വർധിച്ചു. സ്പീക്കറുടെ മുഖം മറച്ചും പ്രതിഷേധം തുടർന്നു. അതോടെ ചോദ്യോത്തരവേള താൽക്കാലികമായി നിർത്തിവച്ച് സ്പീക്കർ ചേംബറിലേക്ക് മടങ്ങുകയായിരുന്നു.

നിയമസഭയിൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശമുണ്ട്. അത് നിർവഹിക്കുന്നതിൽ ആരും തടസ്സം പറയുകയുമില്ല. ഭരണപക്ഷം തെറ്റായ സമീപനങ്ങളെടുക്കുമ്പോൾ കടുത്ത പ്രതിഷേധമുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ന് കാണുന്ന രീതിയിൽ സഭയുടെ പ്രവർത്തനം പരിപൂർണമായി തടസ്സപ്പെടുത്തുന്നതരത്തിൽ, ബഹളത്തിനുവേണ്ടിയുള്ള ബഹളത്തിന് ഏറെയൊന്നും കേരള നിയമസഭ സാക്ഷിയായിട്ടില്ല. "സഭയോടോ ജനാധിപത്യത്തോടോ അൽപ്പമെങ്കിലും ആദരവുണ്ടെങ്കിൽ ഇത്തരം പ്രതിഷേധത്തിൽനിന്ന് പിന്മാറണ''മെന്ന് സ്പീക്കർ അഭ്യർഥിക്കേണ്ടിവന്ന സാഹചര്യം പ്രതിപക്ഷം സൃഷ്ടിച്ചത് ഖേദകരമാണ്. സങ്കുചിതവും ഹ്രസ്വനേട്ടങ്ങൾ ലക്ഷ്യമിട്ടുള്ളതുമായ നീക്കമാണ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിൽനിന്ന് തുടരെ ഉണ്ടാകുന്നത്. 

മട്ടന്നൂരിലെ ഷുഹൈബിന്റെ കൊലപാതകികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വെറുതെ പറയുകയായിരുന്നില്ല. അന്വേഷണം നേരായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ പലരീതിയിൽ ശ്രമിച്ചിട്ടും കേസന്വേഷണത്തെക്കുറിച്ച് കാതലായ ഒരു വിമർശവും ജനങ്ങൾക്കുമുന്നിൽ വയ്ക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടുന്നതിലും അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൊലീസിന് കഴിയുന്നുണ്ട്. ഭരണം കൈയിലുള്ളപ്പോൾ പൊലീസിനെ രാഷ്ട്രീയായുധമായി ഉപയോഗിച്ച പാരമ്പര്യമാണ് യുഡിഎഫിന്റേത്. രാഷ്ട്രീയ എതിരാളികളെ ഹീനമായി വേട്ടയാടാൻ, തുറുങ്കിലടയ്ക്കാൻ, അതിനുവേണ്ടി കൃത്രിമത്തെളിവ് ഉണ്ടാക്കാൻ പൊലീസിനെ ഉപയോഗിച്ചു. കേരള പൊലീസിന്റെ വിശ്വാസ്യതയും അന്വേഷണമികവും പരസ്യമായി തള്ളിക്കൊണ്ടാണ്, കതിരൂർ മനോജ് വധക്കേസ് പൊലീസിൽനിന്ന് പിടിച്ചുപറിച്ച് രമേശ് ചെന്നിത്തല സിബിഐക്ക് കൊണ്ടുകൊടുത്തത്. ആർഎസ്എസിന് സിപിഐ എം വേട്ട സുഗമമാക്കാനുള്ള കളമൊരുക്കിയ ആ നേതാവിന് തന്നെപ്പോലെയാണ് മറ്റുള്ളവർ എന്ന് തോന്നുന്നതിൽ അത്ഭുതമില്ല. ആ തോന്നലാണ് ജനാധിപത്യത്തെയും നിയമനിർമാണസഭയെയും നോക്കുകുത്തിയാക്കാനുള്ള പ്രചോദനം സൃഷ്ടിക്കുന്നത്.

ഇത്തരം പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ പ്രതിപക്ഷനേതാവ് നിശ്ശബ്ദനായി ഇരിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്താണ് പ്രതിപക്ഷത്തിന് വേണ്ടത്? സ്പീക്കർ ചൂണ്ടിക്കാട്ടിയതുപോലെ സാമാന്യമായ അച്ചടക്കം ലംഘിക്കപ്പെട്ടിരിക്കുന്നു. അച്ചടക്കവും മര്യാദയും ഉറപ്പാക്കാൻ നേതൃത്വം നൽകേണ്ടത് പ്രതിപക്ഷനേതാവാണ്. എന്താണ് ആവശ്യമെന്നുപോലും അറിയിക്കാതെ നടത്തുന്ന കോപ്രായങ്ങൾ പാർലമെന്ററി പ്രവർത്തനത്തെയല്ല പ്രതിഫലിപ്പിക്കുന്നത്: കെഎസ്യുവിന്റെ കോളേജ് യൂണിയൻ ഗിമ്മിക്കുകളെയാണ്.
നിയമസഭയ്ക്കകത്ത് വഴിവിട്ട പെരുമാറ്റമാണെങ്കിൽ പുറത്ത് പേക്കൂത്തിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. അപഹാസ്യ മുദ്രാവാക്യങ്ങൾ ഉയർത്തി സമരപ്രഹസനത്തിന് ഒരുമ്പെടുന്ന ആർക്കും കിട്ടാവുന്ന തിരിച്ചടിയാണ് കണ്ണൂരിലും തലസ്ഥാനത്തും കോൺഗ്രസിന് കിട്ടിയത്. ആ ജാള്യം മറയ്്ക്കാൻ അവർ കല്ലും  വടിയുമെടുത്ത് പൊലീസിനുനേരെ ചാടിവീഴുകയാണ്.  എൽഡിഎഫ് സർക്കാരിനെതിരെ നിങ്ങൾക്ക് രാഷ്ട്രീയം പറയാം; ശക്തമായ വിമർശമുന്നയിക്കാം. അതിനൊന്നും കഴിയാതെ വരുമ്പോൾ ജനങ്ങൾക്കുനേരെ അക്രമാസക്തരാകരുത്. നിയമസഭ സ്തംഭിപ്പിക്കാനും സഭാധ്യക്ഷനെ അവഹേളിക്കാനും അക്രമപ്പേക്കൂത്ത് നടത്താനുമുള്ള എന്ത് വിഷയമാണ് നിങ്ങൾക്കുള്ളത് എന്നു പറഞ്ഞേ തീരൂ. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ട വിഷയമാണെങ്കിൽ, ആ കേസിന്റെ അന്വേഷണത്തിൽ അപാകത ചൂണ്ടിക്കാട്ടണം. അതിന് നിങ്ങൾക്ക് കഴിയുന്നില്ല. സിപിഐ എമ്മിനുനേരെ നിങ്ങൾ ആരോപണമുന്നയിച്ചപ്പോൾ, കൊലപാതകത്തെ പരസ്യമായി തള്ളിപ്പറയാനും കൊലപാതകികൾക്ക് ഒരു സംരക്ഷണവും നൽകില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനുമാണ് പാർടി തയ്യാറായത്. നിങ്ങളിൽനിന്ന് ഒരിക്കലും കാണാത്ത സമീപനമാണത്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. തെറ്റായ പ്രചാരണത്തിനും പരിഭ്രാന്തി പിടിച്ച പ്രകടനങ്ങൾക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല. തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട്  ജനങ്ങളെ ശത്രുക്കളായി കാണാനും വിദ്രോഹ പ്രവർത്തനം നടത്താനുമുള്ള  ലൈസൻസ് നിങ്ങൾക്കുണ്ടെന്ന് ധരിക്കരുത്. ജനാധിപത്യം നിലനിർത്താനുള്ള ബാധ്യത പ്രതിപക്ഷത്തിനുമുണ്ട്. യുഡിഎഫ് ഭരണകാലത്ത് കൊടിയ അഴിമതിയും ധാർഷ്ട്യവും അമിതാധികാരപ്രയോഗവുംകൊണ്ട് നിങ്ങൾ ജനങ്ങളെ വെല്ലുവിളിച്ചു. അന്ന് അസാധാരണമായ പ്രതിഷേധം നാട്ടിലും നിയമസഭയിലുമുണ്ടായി. ഇന്ന് ഇല്ലാത്ത വിഷയവും വികാരവും സൃഷ്ടിച്ച് നിങ്ങൾ നാടിന്റെയും സഭയുടെയും സമാധാനം കെടുത്തുന്നു. നല്ല രാഷ്ട്രീയവിവേകമുള്ള കേരളത്തിലെ ജനങ്ങൾ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോൾ, താങ്ങാനുള്ള ശേഷികൂടി നിങ്ങൾക്കുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top