20 April Saturday

പരമ ദയനീയം പ്രതിപക്ഷപ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday May 11, 2017


നടപ്പ് നിയമസഭാ സമ്മേളനം അജന്‍ഡകള്‍ പൂര്‍ത്തിയാക്കി 25നു പിരിയാന്‍ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചിരിക്കുന്നു. 14-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം മുഖ്യമായും ബജറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ആഗസ്ത് വരെ നീണ്ട നടപടികളാണ് ഈ വര്‍ഷം മേയില്‍തന്നെ പൂര്‍ത്തിയാക്കുന്നത്. എപ്രില്‍ 25ന് ആരംഭിച്ച സമ്മേളനം ജൂണ്‍ എട്ടുവരെയാണ് നിശ്ചയിച്ചിരുന്നത്. ബജറ്റ് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് നീക്കിവച്ചത്. ബജറ്റ് വൈകി പാസാക്കുന്നത് പദ്ധതി നടത്തിപ്പിനെയും പൂര്‍ത്തീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഈ സമ്മേളനത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യം നിശ്ചിത സമയപരിധിക്കു മുമ്പുതന്നെ പൂര്‍ത്തീകരിച്ച് സമ്മേളനം നേരത്തെ പിരിയാനാകുന്നതില്‍ സഭാധ്യക്ഷനും സര്‍ക്കാരിനും അഭിമാനിക്കാം.

ബജറ്റ് നടപടികള്‍ ഈ സമ്മേളനത്തില്‍തന്നെ സമ്പൂര്‍ണമാകുമ്പോള്‍ പദ്ധതി നടത്തിപ്പ് സുഗമമാകുന്നുവെന്നത് മാത്രമല്ല നേട്ടം; അടുത്ത സമ്മേളനം നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള ഇതര കാര്യങ്ങള്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാനുമാകും. നിയമനിര്‍മാണ- ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ ജനോപകാര പ്രദമായി എങ്ങനെ സംയോജിപ്പിക്കാമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നിടുന്ന ഒരു വര്‍ഷത്തിനിടയില്‍  അഞ്ചാംതവണയാണ് നിയമസഭ ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം, ബജറ്റ് തുടങ്ങിയ ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റാന്‍വേണ്ടി മാത്രം നിയമസഭ വിളിച്ചുചേര്‍ക്കുക എന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. കഴിഞ്ഞ ജൂണ്‍ 24 മുതല്‍ 13 ദിവസവും  സെപ്തംബര്‍ 26 മുതല്‍ 29 ദിവസവും ഫെബ്രുവരി 23 മുതല്‍ 16 ദിവസവും സഭ സമ്മേളിച്ചു. ഇതിനുപുറമെ, നോട്ടു നിരോധനത്തെ തുടര്‍ന്ന് പൊതുവിലും സഹകരണമേഖലയില്‍ പ്രത്യേകിച്ചും രൂപപ്പെട്ട പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നവംബര്‍ 22ന് പ്രത്യേക സമ്മേളനവും ചേര്‍ന്നു.

ഇപ്രകാരം ഗൌരവപൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം തികച്ചും നിരുത്തരവാദപരവും നിരാശാജനകവുമായാണ് പെരുമാറുന്നതെന്ന് പറയാതിരിക്കാനാകില്ല. മുന്‍സമ്മേളനങ്ങളില്‍ സ്വീകരിച്ച ലാഘവപൂര്‍ണവും ഫലശൂന്യവുമായ പ്രതിപക്ഷ നിലപാട് കുറേക്കൂടി വഷളായിരിക്കുമെന്ന് അവരുടെ ഇടപെടലുകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ജനാധിപത്യ സംവിധാനത്തില്‍ സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നതും നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതും പുതുമയുള്ള കാര്യമല്ല. ആനുകാലിക സംഭവങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതും പ്രതിപക്ഷത്തിന്റെ ചുമതലതന്നെ. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ സ്വീകരിക്കുന്ന സമീപനം മേല്‍പറഞ്ഞ ഗണത്തിലൊന്നും വരുന്നതല്ല.

ജനകീയ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ യഥാസമയം കൈക്കൊള്ളുന്ന ഫലപ്രദമായ നടപടികളില്‍ പഴുതു കണ്ടെത്താന്‍ സാധിക്കാത്ത പ്രതിപക്ഷം നിരായുധരായാണ് സഭയില്‍ എത്തുന്നത്്. കടുത്ത വേനലില്‍ കുടിവെള്ള പ്രശ്നമോ വൈദ്യുതികട്ടോ  പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു കണ്ടിട്ടില്ല. സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട് എന്നതുതന്നെ ഈ നിശ്ശബ്ദതയ്ക്കു കാരണം. അരിവില കൂടിയപ്പോള്‍ ബംഗാളില്‍നിന്ന് അരിയെത്തിച്ചതും സ്കൂള്‍ തുറക്കുന്നതിനു മുമ്പ് പാഠപുസ്തകങ്ങള്‍ എത്തിച്ചതുമൊക്കെ ഏതൊരാളും തലകുലുക്കി സമ്മതിക്കും. ഒരുവര്‍ഷം പിന്നിടുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇവിടെയൊന്നും തീരില്ല. നീണ്ട പട്ടികയാണത്്. സമഗ്ര വികസനം ലക്ഷ്യമാക്കുന്ന നാല് നവകേരള മിഷനുകളും കിഫ്ബി പദ്ധതിയുമൊക്കെ ഒരു കുതിച്ചുചാട്ടംതന്നെ വികസന- ക്ഷേമരംഗങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു.

ഈ നേട്ടങ്ങളൊക്കെ അനുഭവസ്ഥരായ ജനങ്ങളുടെ മുന്നിലുണ്ട്. എന്നാല്‍, രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ ഒരു വിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാരിനെ കരിതേക്കാന്‍ കരുക്കള്‍ നീക്കുകയാണ്. അവര്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ഏറ്റെടുക്കുകയാണ് തങ്ങളുടെ ദൌത്യമെന്ന ചിന്തയാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഈ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ ചോദ്യോത്തരവേള  തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിച്ച  സമരത്തിന്റെ ഗതി എന്തായെന്ന് പരിശോധിക്കുന്നത് കൌതുകമായിരിക്കും. മന്ത്രി എം എം മണിയുടെ പ്രസംഗത്തില്‍ ഇല്ലാത്ത സ്ത്രീവിരുദ്ധത ആരോപിച്ച് ഏതാനും സ്തീകളെ മൂന്നാറില്‍ സമരത്തിനിറക്കിയത് ചില മാധ്യമങ്ങളാണ്. സഭയിലെ പേക്കൂത്തുകള്‍ക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും മൂന്നാറിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കുറച്ചുദിവസംകൂടി സഭയില്‍ ബഹളമുണ്ടാക്കാനുള്ള വിഷയമെന്നതിലപ്പുറം മൂന്നാറിലെ സമരത്തിന് എന്തായിരുന്നു പ്രസക്തി. പിന്നീട് കണ്ടത് ഡിജിപി സെന്‍കുമാറിന്റെ പേരിലുള്ള മുതലെടുപ്പാണ്. സുപ്രീകോടതിവിധി അന്തിമമാണെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആദ്യദിനത്തില്‍തന്നെ വ്യക്തമാക്കിയതാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സാവകാശം മാത്രമാണ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍, ഒരുവിഭാഗം മാധ്യമങ്ങളുടെ താളത്തിനൊത്ത് തുള്ളിയ പ്രതിപക്ഷം സഭാവേദിയെ അപഹാസ്യമാംവിധമാണ് ദുരുപയോഗിച്ചത്. അതുകഴിഞ്ഞപ്പോള്‍ കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ്. പിന്നീട് കിഫ്ബിക്കെതിരെ മന്ത്രി ജി സുധാകരന്‍ പ്രസംഗിച്ചുവെന്നും മഹാരാജാസ് കോളേജില്‍ മാരകായുധം പിടിച്ചുവെന്നും കള്ളക്കഥ. ഒടുവില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസും.

നിയമത്തിനും യുക്തിക്കും മുന്നില്‍ നിലനില്‍ക്കുന്ന ഒരുവിഷയം പോലും ഉയര്‍ത്താനാകാതെ വെറും വഴിമുടക്കല്‍ യജ്ഞമായി മാറുകയായിരുന്നു പ്രതിപക്ഷത്തിന്റെ സഭാപ്രകടനം. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുമാണ് സഭാ സമ്മേളനം മുന്നേറുന്നത്. ബജറ്റ് നടപടികള്‍ക്കു പുറമെ സുപ്രധാനമായ ചില ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രഥമ കേരള നിയമസഭയുടെ 60-ാം വാര്‍ഷികദിനത്തില്‍ പഴയമന്ദിരത്തില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനവും അവിടെ അവതരിപ്പിച്ച മലയാള ഭാഷാബില്ലും അവിസ്മരണീയമായ അനുഭവമായി. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനംവരെ തുടരുന്ന ഈ സമ്മേളനം ഉത്തരവാദിത്തപൂര്‍ണമായ നിയമസഭാ പ്രവര്‍ത്തനത്തിന്റെ മാതൃകകളിലൊന്നാകും. ആത്മപരിശോധനയ്ക്കു തയ്യാറായി തിരുത്തലുകള്‍ വരുത്തിയാല്‍ പ്രതിപക്ഷത്തിനും ഇതിന്റെ പങ്ക് അവകാശപ്പെടാനാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top