23 April Tuesday

വിലപ്പോകില്ല മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ അട്ടിമറിശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2017


സംസ്ഥാനത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളാകെ അണിനിരന്ന് സൃഷ്ടിക്കുന്ന അസ്വസ്ഥതയുടെ ഫലമാണ്. പതിനാലാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന്റെ പ്രാരംഭത്തില്‍ത്തന്നെ സമ്മേളനം നിര്‍ത്തിവയ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയ 'അസാധാരണ സാഹചര്യവുമായി' ബന്ധമുള്ളതല്ല അത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിഷ്പക്ഷ മുഖംമൂടിധരിച്ച മാര്‍ക്സിസ്റ്റ് വിരുദ്ധ നിരീക്ഷകരുടെയും അസാധാരണമായ ഐക്യപ്പെടലാണ് കണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗം എം എം മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ കൂട്ടായ്മ. അവിടെ ഉയര്‍ന്ന അതേ ശബ്ദമാണ് നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കണ്ഠങ്ങളില്‍നിന്ന് ഉയര്‍ന്നത്. ഇടുക്കി ജില്ലയില്‍ പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംഘപരിവാര്‍ മുഴക്കിയ മുദ്രാവാക്യമാണ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയമസഭയില്‍ ഏറ്റുപിടിച്ചത്.

ഒരു ജില്ലയെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സ്തംഭിപ്പിക്കാനും നിയമസഭയുടെ സുപ്രധാന സമ്മേളനം തുടക്കത്തില്‍ത്തന്നെ അലോങ്കോലപ്പെടുത്താനും യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു പ്രവര്‍ത്തകരെ ആക്രമോത്സുകരായി സമരത്തിനിറക്കിവിടാനും തക്കതായ എന്ത് പ്രകോപനമാണ് ഉണ്ടായതെന്ന അന്വേഷണം ഇവിടെ പ്രസക്തമാണ്.

ഇടുക്കി ജില്ലയും അവിടത്തെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറും ഏതാനും നാളുകളായി വാര്‍ത്താകേന്ദ്രങ്ങളാണ്. മൂന്നാറിലെ ഭൂമികൈയേറ്റം പൊടുന്നനെ ഉയര്‍ന്നുവന്ന വിഷയമല്ല. കൈയേറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കുമെന്നും കൈയേറ്റവും കുടിയേറ്റവും രണ്ടായിത്തന്നെ കണ്ട് മണ്ണില്‍ തലചായ്ക്കാനുള്ള പാവപ്പെട്ട ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറുകയോ നിയമവിരുദ്ധമായി ഭൂമി വെട്ടിപ്പിടിച്ച് കൈവശം വയ്ക്കുകയോ ചെയ്യുന്ന വന്‍കിടക്കാരെ ഇറക്കിവിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതോടൊപ്പം ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനും ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനും നടപടികള്‍ മുന്നേറുന്നു.

ഇത്തരം ഒരുഘട്ടത്തില്‍ സര്‍ക്കാര്‍നയം സംരക്ഷിച്ച് കൈയേറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെയും പഴുതുകളടച്ചും നടപടി സ്വീകരിക്കുക എന്നതാണ് ജില്ലാ ഭരണാധികാരികളുടെ ചുമതല. സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ഇടപെടേണ്ട വിഷയമാണിത്. മൂന്നാറില്‍ പക്ഷേ, മറ്റൊന്നാണ് സംഭവിച്ചത്. കൈയേറ്റം ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ യന്ത്രക്കൈ ആദ്യം ചെന്നത് ഒരു കുരിശിന്റെ നേരെയാണ്. ഒഴിപ്പിക്കാനും ഏറ്റെടുക്കാനും കണ്ടുകെട്ടാനും കൈയേറ്റഭൂമി യഥേഷ്ടം ഉണ്ടെന്നിരിക്കെ പാപ്പാത്തിച്ചോലയിലെ കുരിശ് ധ്വംസനം മറ്റൊരു സന്ദേശമാണ് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി മതവികാരം ഇളക്കിവിടാനുള്ള തലത്തിലോളം അത് അധഃപതിച്ചു. പൊലീസിനു പകരം ഭൂസംരക്ഷണസേനയും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രഖ്യാപനവും  നിരോധനാജ്ഞയും കൈയേറ്റം ഒഴിപ്പിക്കല്‍ എന്ന പൊതുലക്ഷ്യത്തെ സഹായിക്കുകയല്ല ചെയ്തത്. ഈ സാഹചര്യം വിവരിച്ചാണ് ഇടുക്കി ജില്ലക്കാരന്‍കൂടിയായ മന്ത്രി എം എം മണി മൂന്നാര്‍സംഭവങ്ങളെക്കുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഏതാനും മാധ്യമങ്ങളും സങ്കുചിത- നിക്ഷിപ്ത താല്‍പ്പര്യക്കാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൊള്ളരുതായ്മകളെക്കുറിച്ചാണ് ആ പ്രസംഗം. അതിനോട് രാഷ്ട്രീയമായും വസ്തുനിഷ്ഠമായും പ്രതികരിക്കാന്‍ സിപിഐ എം വിരുദ്ധ ശക്തികള്‍ക്ക് എളുപ്പത്തില്‍ സാധിക്കില്ല. ആ പരിമിതി മറികടക്കാനുള്ള കുതന്ത്രമായാണ് എം എം മണിയുടെ പ്രസംഗം പെമ്പിളൈ ഒരുമൈക്കെതിരാണ്, സ്ത്രീകള്‍ക്കെതിരാണ്, അശ്ളീലമാണ് എന്ന വ്യാഖ്യാനവുമായി ഒരു കൂട്ടര്‍ രംഗത്തിറങ്ങിയത്. മണിയുടെ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം പേര്‍ത്തും പേര്‍ത്തും പരിശോധിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്കെതിരായ നേരിയ പരാമര്‍ശംപോലും അതില്‍ കണ്ടെത്താനാകില്ല. സര്‍ക്കാരിനെതിരെ ആസൂത്രിതമായി ഗൂഢാലോചന നടത്തുന്ന ചിലരുടെ യഥാര്‍ഥ മുഖമാണ് മണി തുറന്നുകാണിച്ചത്. അത് സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി എഡിറ്റ് ചെയ്ത് ഏതാനും മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധതയും അശ്ളീലവും സ്വന്തമായി കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായത്. സമീപകാലത്ത് കേരളത്തില്‍ തലപൊക്കിയ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ- മാധ്യമ കൂട്ടുകെട്ടിന്റെ ഉല്‍പ്പന്നമാണ് ഈ വ്യാജ നിര്‍മിതിയും വിവാദവും എന്നര്‍ഥം. ദൌര്‍ഭാഗ്യവശാല്‍ യുഡിഎഫ് മുറുക്കിപ്പിടിച്ചിരിക്കുന്നത് ആ നെറികേടിലാണ്.

രാജ്യത്ത് ജനങ്ങളെ ബാധിക്കുന്ന അനേകം പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങളില്‍ പ്രതിപക്ഷത്തിന് അഭിപ്രായമില്ല. നിയമസഭ നിയമനിര്‍മാണത്തിനുള്ളതാണ്. രമേശ് ചെന്നിത്തലയ്ക്ക് അതിന് താല്‍പ്പര്യമില്ല. വ്യാജമായ ഒരു വാര്‍ത്തയുടെ ബലത്തില്‍ മന്ത്രി എം എം മണിയെയും സര്‍ക്കാരിനെയും ഇകഴ്ത്താനാണ് അവര്‍ക്കാവേശം. ജനങ്ങളെ പരിഹസിക്കലാണത്, ജനാധിപത്യത്തോടുള്ള അപമര്യാദയാണ്. ഓലപ്പാമ്പുകാട്ടി സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന ധാരണ പരണത്ത് വയ്ക്കുന്നതാകും യുഡിഎഫിന് അഭികാമ്യം. നിങ്ങള്‍ സകല നിറത്തിലുമുള്ള കൂട്ടര്‍ ഒത്തൊരുമിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധ ഗാനം പാടിയാല്‍ ഒലിച്ചുപോകുന്ന സര്‍ക്കാരല്ല കേരളത്തിലേത്. അത് ജനങ്ങളുടെ സര്‍ക്കാരാണ്. ഇന്നത്തേതുപോലുള്ള സംഘടിതമായ ആക്രമണത്തെയും അപവാദ പ്രചാരണത്തെയും പുറംകാലുകൊണ്ട് തട്ടിമാറ്റിയാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഭരണസാരഥ്യം ഏല്‍പ്പിച്ചത്. അതിനെ അട്ടിമറിച്ചുകളയാം എന്ന വ്യാമോഹവുമായി വരുമ്പോള്‍ ജനങ്ങളില്‍നിന്നുള്ള മറുപടി ഏറ്റുവാങ്ങാനുള്ള ത്രാണിയും ഉണ്ടാകണം. ഇടതുവേഷമിട്ട വലതുസഖ്യത്തിന്റെ ആക്രോശംകൊണ്ടും പൊതിച്ചോര്‍ പങ്കിടല്‍കൊണ്ടും നിയമസഭാ ബഹിഷ്കരണംകൊണ്ടും ഹര്‍ത്താലും അക്രമവുംകൊണ്ടും എം എം മണിയെ സ്ത്രീവിരുദ്ധനാക്കാന്‍ ശ്രമിച്ചതുകൊണ്ടും എന്തെങ്കിലും നേടിക്കളയാമെന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കില്‍, ഹേ നിങ്ങളുടെ വാസം വിഡ്ഢികളുടെ സ്വര്‍ഗത്തില്‍തന്നയോ എന്നേ ചോദിക്കാനുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top