02 October Monday

ഒരു നിശ്ചയവുമില്ലാതെ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


കേരള നിയമസഭയുടെ ബജറ്റ്‌ സമ്മേളനം മുൻ നിശ്ചയിച്ചപ്രകാരം നടത്താനാകാതെ  ചൊവ്വാഴ്‌ച പിരിഞ്ഞു. എല്ലാ ജനാധിപത്യമര്യാദയും സഭാ ചട്ടങ്ങളും കാറ്റിൽപ്പറത്തി പ്രതിപക്ഷം സ്വീകരിച്ച ഏറ്റുമുട്ടൽ നയമാണ്‌ ഇതിന്‌ കാരണം. എന്തിനുവേണ്ടിയാണ്‌ സഭ നടത്തുന്നതിനെതിരെ യുഡിഎഫ്‌ എംഎൽഎമാർ നിലകൊണ്ടതെന്ന്‌ ചോദിച്ചാൽ അതിന്‌ വ്യക്തമായ ഉത്തരം നൽകാൻപോലും അവർക്കാകുന്നില്ല. സഭ പിരിഞ്ഞശേഷവും മാധ്യമപ്രവർത്തകരെ കണ്ട പ്രതിപക്ഷനേതാവ്‌ പറഞ്ഞത്‌ ഭരണപക്ഷത്തിന്റെ ധിക്കാരത്തിന്‌ വഴങ്ങാൻ പ്രതിപക്ഷത്തിനാകില്ലെന്നും പ്രതിപക്ഷ അവകാശങ്ങൾ കവർന്നെടുക്കാൻ ഭരണപക്ഷത്തെ അനുവദിക്കില്ലെന്നുമാണ്‌. എന്നാൽ, ഇതിന്‌ ആധാരമായ വിഷയം ഏതെന്ന്‌ ചോദിച്ചാൽ വ്യക്തമായ ഒരുത്തരം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നുമില്ല.

അടിയന്തരപ്രമേയ നോട്ടീസ്‌ നൽകി അത്‌ സ്‌പീക്കർ അനുവദിക്കുമോ എന്ന്‌ വ്യക്തമാകുന്നതിന്‌ മുമ്പുതന്നെ സഭ സ്‌തംഭിപ്പിക്കൽ സമരപരിപാടിയുമായി ഏകപക്ഷീയമായി മുന്നേറുന്ന പ്രതിപക്ഷത്തെയാണ്‌ കേരള നിയമസഭയിൽ കണ്ടത്‌. പ്രധാനപ്പെട്ടതും കാലികവുമായ വിഷയങ്ങൾ പ്രതിപക്ഷത്തിന്‌ സഭയിൽ അവതരിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ട്‌. അടിയന്തരപ്രമേയമായോ സബ്‌മിഷനായോ അത്‌ അവതരിപ്പിക്കാം. വിഷയം സഭ നിർത്തിവച്ച്‌ ചർച്ചചെയ്യണമോ എന്ന്‌ നിശ്ചയിക്കാനുള്ള അവകാശം സ്‌പീക്കർക്കുണ്ട്‌. സ്‌പീക്കർ റൂളിങ്‌ നൽകിയാൽ അത്‌ അംഗീകരിക്കാൻ സഭാംഗങ്ങൾ ബാധ്യസ്ഥരാണ്‌. ഇതിന്‌ തയ്യാറാകാതെ സ്‌പീക്കറെ വ്യക്തിപരമായും സ്‌പീക്കറുടെ ഓഫീസിനെയും അധിക്ഷേപിക്കാനും ഇകഴ്‌ത്തിക്കാണിക്കാനുമാണ്‌ പ്രതിപക്ഷം തയ്യാറായത്‌. രണ്ടാം പിണറായി  സർക്കാർ വന്നതിനുശേഷംമാത്രം നാല്‌ അടിയന്തരപ്രമേയ നോട്ടീസുകൾ സഭ ചർച്ചചെയ്‌തിട്ടുണ്ട്‌. 2016നു ശേഷം  പത്തെണ്ണമാണ്‌  ചർച്ചയ്‌ക്കെടുത്തത്‌. അതുകൊണ്ടുതന്നെ അടിയന്തരപ്രമേയ ചർച്ചകൾ അനുവദിക്കുന്നില്ലെന്ന വാദം നിരർഥകമാണ്‌.

യുഡിഎഫിന്റെ ജനാധിപത്യധ്വംസനം സമാനതകളില്ലാത്തതാണ്‌. സ്‌പീക്കറെ വെല്ലുവിളിച്ച്‌ സഭയുടെ നടുത്തളത്തിൽ സമാന്തര സഭ ചേരാനും പ്രതിപക്ഷം തയ്യാറായി. എന്നിട്ടും കലിയടങ്ങാതെയാണ്‌ സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചത്‌. പ്രതിപക്ഷം ആക്രമണസ്വഭാവം പുറത്തെടുത്തതോടെയാണ്‌ സ്‌പീക്കർക്ക്‌ സഭയിൽ സുരക്ഷ ഏർപ്പെടുത്താൻ വാച്ച്‌ ആൻഡ്‌ വാർഡിനെ വിളിക്കേണ്ടിവന്നത്‌. എന്നാൽ, ഈ വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളെ ശാരീരികമായി ആക്രമിക്കാൻ പ്രതിപക്ഷ എംഎൽഎമാർ തയ്യാറായി. വാച്ച്‌ ആൻഡ്‌ വാർഡ്‌ സേനയിൽപ്പെട്ട ചില വനിതകൾ പരിക്കേറ്റ്‌ ഇപ്പോഴും ചികിത്സയിലാണ്‌. സ്വാഭാവികമായും ചില എംഎൽഎമാർക്കെതിരെ കേസെടുത്തു. ഭരണപക്ഷത്തിൽപ്പെട്ട ചില എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. സഭാമന്ദിരത്തിൽ ഇത്തരം സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്‌. എംഎൽഎമാർക്കെതിരെ കേസും എടുത്തിട്ടുണ്ട്‌. എന്നാൽ, ഇപ്പോൾ വനിതകളെപ്പോലും ക്രൂരമായി ആക്രമിച്ച്‌ പരിക്കേൽപ്പിച്ച എംഎൽഎമാർ പ്രതിപക്ഷ അംഗങ്ങളായതുകൊണ്ട്‌ അവർക്കെതിരെ കേസെടുക്കാൻ പാടില്ലെന്നത്‌ എന്തു ന്യായമാണ്‌?  കുറ്റകൃത്യങ്ങൾ ചെയ്‌തവർക്കെതിരെ നിയമാനുസൃതമായി നടപടിയെടുക്കുന്നത്‌ എങ്ങനെയാണ്‌ പ്രതിപക്ഷത്തിനെതിരായ പ്രതികാര നടപടിയാകുന്നത്‌?

നിയമവാഴ്‌ചയെ പരസ്യമായി വെല്ലുവിളിക്കുന്ന പ്രതിപക്ഷം സഭയ്‌ക്കു പുറത്ത്‌ വാർത്താസമ്മേളനം നടത്തി സ്‌പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കാനും അദ്ദേഹത്തിന്റെ കോലംകത്തിക്കാൻപോലും തയ്യാറായി.  ഏഴ്‌  ദിവസമാണ്‌ തുടർച്ചയായി സഭാനടപടികൾ തടസ്സപ്പെടുത്തിയത്‌. ഏറ്റവും അവസാനമായി സഭയുടെ നടുത്തളത്തിൽ ഏതാനും എംഎൽഎമാർ കുത്തിയിരിപ്പ്‌ സമരംകൂടി ആരംഭിച്ചതോടെയാണ്‌ സഭ പ്രധാന നടപടികൾ പൂർത്തിയാക്കി പിരിയാൻ നിർബന്ധിതമായത്‌.

ദിനംതോറും പ്രതിച്ഛായാ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫ്‌ പിടിച്ചുനിൽക്കാനാണ്‌ നിയമസഭയെ തെറ്റായ രീതിയിൽ ഉപയോഗിച്ചത്‌. പുനഃസംഘടനാ വിഷയത്തിൽ കോൺഗ്രസിൽ തർക്കം മുറുകുകയാണ്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷനേതാവ്‌ വിഡി സതീശന്റെയും നേതൃത്വം പ്രതീക്ഷിച്ച രീതിയിൽ ഗുണം ചെയ്യുന്നില്ലെന്ന്‌ കോൺഗ്രസിനകത്തും യുഡിഎഫിലും വികാരം ഉയർന്നപ്പോഴാണ്‌ നിയമസഭ സ്‌തംഭിപ്പിച്ച്‌ ‘കേമമായ നേതൃത്വ’മാണ്‌ തങ്ങളുടേതെന്ന്‌ കാണിക്കാൻ കോൺഗ്രസ്‌ നേതൃത്വം വൃഥാശ്രമം നടത്തിയത്‌. എന്നാൽ, അപക്വമായ രാഷ്ട്രീയ നേതൃത്വമാണ്‌ കോൺഗ്രസിന്റേതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ നിയമസഭയിലെ സംഭവവികാസങ്ങൾ. ജനകീയ വിഷയങ്ങൾ ഉയർത്താനുള്ള ഏറ്റവും ഫലപ്രദമായ വേദിയായ നിയമസഭ പൂർണമായും തടസ്സപ്പെടുത്തി ജനങ്ങളിൽനിന്നും വീണ്ടും ഒറ്റപ്പെടുകയാണ്‌ പ്രതിപക്ഷം.

ഭരണപക്ഷത്തിനെതിരായ പോരാട്ടം സഭയ്‌ക്ക്‌ പുറത്തേക്ക്‌ വ്യാപിപ്പിക്കുമെന്നാണ്‌ ഇപ്പോൾ പ്രതിപക്ഷം പറയുന്നത്‌. സാമൂഹ്യസുരക്ഷാ പെൻഷൻ ഉറപ്പുവരുത്താനായി പെട്രോളിനും ഡീസലിനും സെസ്‌ ഏർപ്പെടുത്തിയതിനെതിരെ യുഡിഎഫ്‌ പ്രഖ്യാപിച്ച സമരത്തിന്റെ ഗതിയെന്തായി എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും. മാധ്യമങ്ങൾ പിന്തുണയ്‌ക്കാത്തതാണ്‌ സമരം പരാജയപ്പെടാൻ കാരണമായതെന്ന്‌ അടുത്തിടെ വിലപിച്ചത്‌ കെപിസിസി പ്രസിഡന്റാണ്‌. ജനാധിപത്യധ്വംസകരായ പ്രതിപക്ഷത്തിന്റെ പുതിയ സമരാഹ്വാനത്തെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top