28 September Thursday

സമനില തെറ്റിയ പ്രതിപക്ഷം
 കലാപത്തിന്‌ ശ്രമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


സമനില തെറ്റിയാൽ ആളുകൾ എന്തും ചെയ്യാറുണ്ട്‌. കേരളത്തിലെ പ്രതിപക്ഷം ഇപ്പോൾ ചെയ്‌തുകൂട്ടുന്നതും ഇതുതന്നെയാണ്‌. എന്താണ്‌ ചെയ്യുന്നതെന്ന്‌ അവർക്കുതന്നെ നിശ്ചയമില്ലാത്ത സ്ഥിതിയാണ്‌. ജനങ്ങൾക്ക്‌ മുന്നിലും നിയമസഭയിലും പരാജയപ്പെട്ട്‌ നിലതെറ്റിയ പ്രതിപക്ഷം അകത്തും പുറത്തും കലാപം സൃഷ്ടിക്കാനാണ്‌ ബോധപൂർവം ശ്രമിക്കുന്നത്‌. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു. വികസന, ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ജനപിന്തുണ വർധിക്കുകയാണെന്ന്‌ യുഡിഎഫ്‌ ഓരോ ദിവസവും തിരിച്ചറിയുന്നുണ്ട്‌. ബജറ്റ്‌ നിർദേശത്തിനെതിരെ യുഡിഎഫ്‌ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തിന്‌  ജനപിന്തുണ ആർജിക്കാൻ കഴിയാത്തതിനാൽ നാണംകെട്ട്‌ പിൻവലിയേണ്ടിവന്നു.

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞും വലതുപക്ഷമാധ്യമ പിന്തുണയോടെ അക്രമസമരങ്ങൾ നടത്തിയും കലാപം സൃഷ്ടിക്കാനുള്ള ശ്രമവും വിലപ്പോയില്ല. ഇതിനു പിന്നാലെയാണ്‌ പ്രതിപക്ഷം നിയമസഭയ്‌ക്കകത്ത്‌ ആസൂത്രിതമായി സംഘർഷമുണ്ടാക്കുന്നത്‌. ചെയറിനെ മറച്ച്‌ ബാനറുകൾ ഉയർത്തിപ്പിടിക്കുക, നടുത്തളത്തിൽ സഭയെന്ന നാടകമൊരുക്കൽ, മന്ത്രിമാരെയും സ്‌പീക്കറെയും അപമാനിച്ച്‌ ഭരണപക്ഷത്തെ പ്രകോപിപ്പിക്കുക തുടങ്ങിയ കലാപരിപാടികളും പരാജയപ്പെട്ടതോടെയാണ്‌ ബുധനാഴ്‌ച സ്‌പീക്കറെ കൈയേറ്റംചെയ്‌ത്‌ കലാപമുണ്ടാക്കാൻ നീക്കം നടത്തിയത്‌.

പ്രതിഷേധമുയർത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നതുപോലെ സഭാനടപടികളിൽ കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും  അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സ്പീക്കർക്കുമുണ്ട്‌. അത്‌ അംഗീകരിച്ച്‌ സഭ സുഗമമായി നടത്താൻ സഹകരിക്കാതെ പ്രതിപക്ഷം സംഘർഷം സൃഷ്ടിക്കുന്നത്‌ അവരുടെ ജനാധിപത്യവിരുദ്ധ സമീപനമാണ്‌ വ്യക്തമാക്കുന്നത്‌. ബുധനാഴ്‌ച സഭയിൽ അസാധാരണമായ സംഭവങ്ങളാണ്‌  സൃഷ്ടിച്ചത്‌. സഭയ്‌ക്ക്‌ അകത്ത്‌  പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയശേഷം പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ ഓഫീസിൽ എംഎൽഎമാർ യോഗംചേർന്ന്‌ സ്‌പീക്കറുടെ ചേമ്പറിനകത്ത്‌ സംഘർഷമുണ്ടാക്കാൻ  തീരുമാനിക്കുകയായിരുന്നു. 

ചേമ്പറിന്‌ മുന്നിൽ എത്തിയ പ്രതിപക്ഷാംഗങ്ങൾ വാച്ച്‌ ആൻഡ്‌ വാർഡുകളെ കൈയേറ്റംചെയ്‌ത്‌ പ്രകോപനം സൃഷ്ടിച്ചു. ചേമ്പറിലേക്ക്‌ വന്ന സ്‌പീക്കറെ തടഞ്ഞ്‌ ഓഫീസിനുമുന്നിൽ തടസ്സം സൃഷ്ടിച്ചപ്പോഴാണ്‌ വാച്ച്‌ ആൻഡ്‌ വാർഡ്‌ സുരക്ഷാവലയം തീർത്തത്‌. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത നിലയിലായിരുന്നു പ്രതിപക്ഷത്തിന്റെ അക്രമം. സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷം നടത്തി, എംഎൽഎമാർ വാച്ച്‌ ആൻഡ്‌ വാർഡുമാരെ അടിച്ചുവീഴ്‌ത്തി. വി ഡി സതീശൻ തന്നെ  വാച്ച്‌ ആൻഡ്‌ വാർഡുകളെ ഭീഷണിപ്പെടുത്തി. റോജി എം ജോൺ, എം വിൻസെന്റ്‌, പി കെ ബഷീർ, ടി ജെ വിനോദ്‌, സനീഷ്‌കുമാർ ജോസഫ്‌ എന്നിവർ വനിതാ വാച്ച്‌ ആൻഡ്‌ വാർഡുകളെ കൈയേറ്റംചെയ്‌തു.  

ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കാനുള്ള സന്ദർഭങ്ങൾ ശരിയായി ഉപയോഗിക്കുന്നതിനു പകരം നിയമസഭയിൽ അരാജകത്വം സൃഷ്ടിക്കുകയാണ്‌ പ്രതിപക്ഷം. ബ്രഹ്മപുരം വിഷയത്തിൽ നാടിന്റെയാകെ വികാരം പ്രതിഫലിക്കുന്നരീതിയിൽ മുഖ്യമന്ത്രി ബുധനാഴ്‌ച പ്രസ്‌താവന നടത്തുന്നത്‌ തടയുകയായിരുന്നു ലക്ഷ്യം. ബ്രഹ്മപുരത്ത് അതീവ ജാഗ്രതയോടെയാണ് സർക്കാർ പ്രവർത്തിച്ചതും തീ അണച്ച് ജനങ്ങൾക്ക്‌ ആശ്വാസം നൽകിയതും. നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങളിൽ എത്തിക്കാതിരിക്കാൻകൂടിയാണ് സഭയിൽ സംഘർഷം സൃഷ്ടിച്ചത്. പക്വതയില്ലാത്ത പ്രവർത്തനരീതിയാണ്‌ പ്രതിപക്ഷത്തിന്റേത്‌.  കേരളത്തിൽ ഒരു പ്രതിപക്ഷനേതാവും ഒരിക്കലും പറയാത്ത കാര്യങ്ങളാണ്‌ വി ഡി സതീശൻ പറയുന്നതും പ്രവർത്തിക്കുന്നതും. നേതൃത്വത്തിനെതിരെ രൂക്ഷവിമർശമുയരുന്ന ഘട്ടത്തിൽ  കോൺഗ്രസിനകത്ത്‌  അധികാരം സ്ഥാപിക്കാൻ  സതീശൻ നിയമസഭയെ ഉപയോഗിക്കുകയാണ്‌. നേതൃത്വം പോരെന്ന്‌ കോൺഗ്രസ്‌ എംപിമാർ കൂട്ടത്തോടെ ഹൈക്കമാൻഡിൽ പരാതിപ്പെട്ടതിനു പിന്നാലെയാണ്‌  താൻ യോഗ്യനാണെന്ന്‌ കാണിക്കാൻ വി ഡി സതീശൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വ്യക്തിപരമായ ആരോപണങ്ങളും ആക്രോശങ്ങളും  നടത്തുന്നത്‌.

കോൺഗ്രസിലെ ചേരിപ്പോരിനും തമ്മിലടിക്കും മറയിട്ട്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ അക്രമം അഴിച്ചുവിടാൻ പ്രതിപക്ഷനേതാവിനെ പ്രേരിപ്പിക്കുന്നത്‌.  പ്രതികരണത്തിലും പ്രവൃത്തിയിലും നിയമസഭാ ഇടപെടലിലും പ്രതിപക്ഷത്തിൽ കുറെക്കൂടി ഉത്തരവാദിത്വബോധം ജനം പ്രതീക്ഷിക്കുന്നുണ്ട്‌. തങ്ങളുടെ മണ്ഡലത്തിലെയോ സംസ്ഥാനത്തെ മൊത്തത്തിലോ ബാധിക്കുന്ന വിഷയങ്ങളാണ്‌ ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങളും ഉപക്ഷേപങ്ങളുമായി ഉന്നയിക്കാറുള്ളത്‌.  എന്നാൽ, കുറച്ചുദിവസമായി ചോദ്യോത്തരവേളയിൽത്തന്നെ ബഹളമുണ്ടാക്കി സഭ സ്‌തംഭിപ്പിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളും നാടിന്റെ വികസനപ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിൽ പ്രതിപക്ഷത്തിന്‌ താൽപ്പര്യമില്ല. സ്‌പീക്കറുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച നടന്ന സംയുക്ത കക്ഷിയോഗത്തിനുശേഷം സഭ കൂടിയപ്പോഴും പ്രശ്നമുണ്ടാക്കാനാണ്‌ യുഡിഎഫ്‌ അംഗങ്ങൾ ശ്രമിച്ചത്‌.  നിയമസഭയുടെ അന്തസ്സ്‌ കെടുത്തുന്നതും ജനാധിപത്യസംവിധാനത്തിന്‌ കളങ്കം ചാർത്തുന്നതുമായ യുഡിഎഫിന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top