27 September Wednesday

യുക്തിഭദ്രമായ ലോകായുക്ത ബിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 1, 2022


സാമാന്യനീതിക്ക് ചേരാത്തവിധത്തിലും ഭരണഘടനാവിരുദ്ധമായും  കേരള ലോകായുക്ത നിയമത്തിൽ നിലനിന്ന വ്യവസ്ഥകളിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ബില്ലിനാണ്  നിയമസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയത്. അന്വേഷണം നടത്തുന്ന ഏജൻസിക്കുതന്നെ ശിക്ഷ വിധിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയാണ്‌ മുഖ്യമായും ഭേദഗതി ചെയ്തത്. സുപ്രീംകോടതിക്കുപോലും ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്ക് നിലവിൽ ഉണ്ടായിരുന്നത്. ആരോപണം നേരിടുന്നയാൾക്ക് അപ്പീലിനും അവസരം ഉണ്ടായിരുന്നില്ല. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുകൂടി കണ്ടെത്തി അതിലും മാറ്റങ്ങൾ വരുത്തി.

ഓർഡിനൻസായി കൊണ്ടുവന്നപ്പോൾ മുതൽ ബില്ലിനു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യം ആരോപിച്ച്‌ പുകമറയുണ്ടാക്കാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചത്. എന്നാൽ, നിയമസഭയിലെ ചർച്ചയിൽ പ്രതിപക്ഷനീക്കം പാടേ പാളി. ഭരണഘടനയും കോടതി നിഗമനങ്ങളും കോൺഗ്രസ് ഭരണകാലത്ത് കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയ മാതൃകാ ലോകായുക്ത നിയമവും ഉദ്ധരിച്ച് നിയമ മന്ത്രി പി  രാജീവ് പ്രതിപക്ഷ ആരോപണങ്ങൾ അരിഞ്ഞടുക്കി. മറ്റു ഭരണപക്ഷ അംഗങ്ങളും മന്ത്രിക്ക്‌ പിന്തുണ നൽകി.

23 വർഷംമുമ്പ് നിയമം കൊണ്ടുവരുമ്പോൾ എൽഡിഎഫ് സർക്കാർ ആയിരുന്നെന്നും ഭേദഗതി അക്കാലത്തെ നേതാക്കളുടെ "ആത്മാവിനോട്' ചെയ്യുന്ന അനീതിയാണ് എന്നുമുള്ള വൈകാരികായുധംമുതൽ മുൻജഡ്ജിമാർ നയിക്കുന്ന സംവിധാനമായതിനാൽ ലോകായുക്ത നിയമക്കോടതി ആണെന്ന വാദംവരെ പ്രതിപക്ഷം ഉയർത്തി. എന്നാൽ, 105 തവണ ഭരണഘടനാ ഭേദഗതി ചെയ്ത രാജ്യത്തുനിന്നാണ് ഈ ചർച്ചയെന്ന്‌ മന്ത്രി ഓർമിപ്പിച്ചു. 23 കൊല്ലം ഇങ്ങനെയൊരു വ്യവസ്ഥ എങ്ങനെ നിലനിന്നു എന്നാണ്‌ ചിന്തിക്കേണ്ടത്. മുൻ ജഡ്ജിമാർ ഉള്ളതിനാലും സിവിൽ കോടതിയുടെ ചില അധികാരം ഉള്ളതിനാലും ലോകായുക്തയ്ക്ക് കോടതിയെപ്പോലെ വിധി പറയാമെന്നായിരുന്നു മറ്റൊരു വാദം. എങ്കിൽ  മുൻ ജഡ്ജിമാർ അംഗങ്ങളായ അന്വേഷണ കമീഷനുകൾക്കും കടാശ്വാസ കമീഷനുകൾക്കും ഈ അധികാരം വേണ്ടേയെന്ന മന്ത്രിയുടെ മറുചോദ്യത്തിൽ ഈ ആയുധവും  തെറിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന മനുഷ്യാവകാശ കമീഷനുപോലും ശുപാർശ നൽകാനേ കഴിയൂ. ലോകായുക്ത കോടതിക്ക് തുല്യമാണെന്ന് കരുതാൻ പാടില്ലെന്ന് ഹൈക്കോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതും ഉദ്ധരിച്ചതോടെ പ്രതിപക്ഷത്തിന്റെ പ്രതിരോധം നിലംപൊത്തി.

രാഷ്ട്രീയ ആരോപണങ്ങൾക്കും മറുപടിയുണ്ടായി. ലോകായുക്തയ്ക്ക് അഡ്ജുഡിക്കേറ്ററി അധികാരം നൽകേണ്ടതില്ലെന്ന്‌ 2004ൽ എ കെ ആന്റണിയുടെ  മന്ത്രിസഭ തീരുമാനിച്ചത് മന്ത്രി പ്രതിപക്ഷ നേതാവിനെ ഓർമിപ്പിച്ചു. കോൺഗ്രസ്‌ സർക്കാരുകൾ ഭരിച്ച മഹാരാഷ്‌ട്രയിലും ആന്ധ്രയിലും ഗുജറാത്തിലും രാജസ്ഥാനിലും ഉൾപ്പെടെ മുഖ്യമന്ത്രി ലോകായുക്ത നിയമത്തിന്റെ പരിധിയിലില്ല.  മാതൃകാ ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ 17 സംസ്ഥാനം നിയമനിർമാണം നടത്തി. ഇതിലെല്ലാം ബന്ധപ്പെട്ട അധികാരിക്ക്‌ ലോകായുക്ത റിപ്പോർട്ട്‌ നിരാകരിക്കാനുള്ള അധികാരമുണ്ട്. കേരളം  ആ പൊതുനിയമ രൂപത്തിലേക്ക്‌ നമ്മുടെ  നിയമവും മാറ്റുകയാണ് ചെയ്യുന്നത്. മന്ത്രിയുടെ വിശദീകരണം യുക്തിഭദ്രവും വസ്തുതകൾ അടിത്തറയാക്കിയും ആയതോടെ ബഹളത്തിലേക്കും ബിൽ കീറലിലേക്കും തിരിയാനേ പ്രതിപക്ഷത്തിന് മാർഗമുണ്ടായിരുന്നുള്ളൂ.

ഒരു മർമരംപോലെ ഉയർന്ന ആരോപണത്തിന്റെ പേരിൽ, ഒരു കോടതിവിധിയും കാത്തുനിൽക്കാതെ മന്ത്രി രാജിവച്ച അനുഭവം ചൂണ്ടിക്കാട്ടി അഴിമതിയോടുള്ള എൽഡിഎഫിന്റെ വ്യത്യസ്ത സമീപനംകൂടി രാജീവ് ഓർമിപ്പിച്ചതോടെ നിയമ ഭേദഗതിയെ മറയാക്കി ഉയർത്തിയ പ്രചാരണങ്ങളെല്ലാം പുകയായി.

നീതിക്ക് നിരക്കുന്നതും ഭരണഘടനാനുസൃതവുമായ ഒരു ലോകായുക്ത നിയമം ഈ ഭേദഗതിയിലൂടെ നിലവിൽവന്നിരിക്കുകയാണ്. കുറ്റമറ്റ അന്വേഷണസംവിധാനമായി അതിനു പ്രവർത്തിക്കാനാകും. എംഎൽഎയ്ക്കെതിരെ  വിധി വന്നാൽ സ്പീക്കറും മന്ത്രിക്കെതിരെ വന്നാൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരെ വന്നാൽ നിയമസഭയും വിഷയം പരിശോധിക്കുമെന്ന വ്യവസ്ഥയും നിയമത്തിന്റെ ഭാഗമായി.  അങ്ങനെ അപ്പീൽ വ്യവസ്ഥയോടെ നിയമത്തിനു പൂർണതയായി.

ബിൽ നിയമസഭ പാസാക്കിയതോടെ ഗവർണറെ കരുവാക്കിയുള്ള പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഓർഡിനൻസായി നേരത്തെ  ഗവർണർ അംഗീകരിച്ച ഭേദഗതിയെ ഈ ഘട്ടത്തിൽ തടഞ്ഞുവയ്‌ക്കാൻ ഗവർണർക്ക്‌ ന്യായങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ അത്തരത്തിലൊരു സമീപനം ഗവർണറിൽനിന്ന് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top