21 June Friday

സർവകലാശാല ബില്ലും പ്രതിപക്ഷവും

വെബ് ഡെസ്‌ക്‌Updated: Thursday Dec 15, 2022


കേരള നിയമസഭ വീണ്ടും ചരിത്രം കുറിക്കുന്നു. ഭരണഘടനാപരമായും രാഷ്‌ട്രീയമായും വിദ്യാഭ്യാസപരമായും ഏറെ മാനങ്ങളുള്ള ഒരു ചുവടുകൂടി സഭ ചൊവ്വാഴ്‌ച മുന്നോട്ടുവച്ചു. സംസ്ഥാനത്തെ 14 സർവകലാശാലയിലും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ചാൻസലർമാരായി നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ഏറെ തർക്കങ്ങളില്ലാതെ സഭ പാസാക്കി.  ഈ ചരിത്രസന്ദർഭത്തിൽ പങ്കുചേരാതെ വാക്കൗട്ട്‌ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്‌ സങ്കുചിത രാഷ്‌ട്രീയവൃത്തത്തിന്‌ പുറത്തുകടക്കാനുള്ള കഴിവുകേട്‌ ഒരിക്കൽക്കൂടി തെളിയിക്കുകയും ചെയ്‌തു.

കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ഉപകരണം മാത്രമായ ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ ഒഴിവാക്കി എന്നുമാത്രമല്ല ബില്ലിന്റെ പ്രാധാന്യം. തികച്ചും കഴിവുറ്റവരെ പകരം നിയമിക്കാൻ വ്യവസ്ഥകൂടി ഉണ്ടെന്നതാണ്‌ ബില്ലിനെ ചരിത്രരേഖയാക്കുന്നത്‌. ഗവർണറെ നീക്കുന്നതിൽ സഭയിലുണ്ടായ ഏകാഭിപ്രായം സർക്കാരിന്റെയും എൽഡിഎഫിന്റെയും രാഷ്‌ട്രീയവിജയം കൂടിയാണ്‌. സഭയ്‌ക്കകത്തും പുറത്തും ഗവർണറെ പിൻപറ്റി വാദങ്ങൾ ഉന്നയിക്കാനും സർവകലാശാലകളെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിക്കാനും മുതിർന്ന കോൺഗ്രസ്‌ ഇപ്പോൾ അത്തരം വാദങ്ങൾ ഉപേക്ഷിച്ചു. ഗവർണറുടെ നീക്കങ്ങളുടെ രാഷ്‌ട്രീയ ആപത്ത്‌ കണ്ടറിഞ്ഞ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടകകക്ഷികളുടെ സമ്മർദം ഇതിനു കാരണമായി. ഒപ്പം ദേശീയ നേതൃത്വംപോലും കൂടെയല്ലെന്ന തിരിച്ചറിവും തെറ്റുതിരുത്താൻ കോൺഗ്രസിനു പ്രേരണയായിരിക്കാം. അത്രയും നന്ന്‌.
എന്നാൽ, ഗവർണറെ മാറ്റി പകരം എന്തെന്ന കാര്യത്തിൽ കോൺഗ്രസിന്റെ ദേശീയ നിലപാടല്ല എൽഡിഎഫിനെന്നും വ്യക്തമാക്കപ്പെട്ടു. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ ഗവർണർക്ക്‌ പകരം മുഖ്യമന്ത്രിയെ ചാൻസലറാക്കാനാണ്‌ തീരുമാനിച്ചത്‌.  പകരം കേരളം കഴിവ്‌ തെളിയിച്ച പ്രമുഖരെ നിയമിക്കുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്‌ ഈ നിർദേശം മുന്നോട്ടുവച്ചതെന്ന്‌ ബിൽ അവതരിപ്പിച്ച നിയമമന്ത്രി പി രാജീവ്‌ വ്യക്തമാക്കുകയും ചെയ്‌തു.

എന്നാൽ, തങ്ങളുടെ ദേശീയ നിലപാട്‌ മറച്ചുവച്ച്‌ റിട്ടയർ ചെയ്‌ത സുപ്രീംകോടതി ജഡ്‌ജിയെയോ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനെയോ ചാൻസലറാക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ്‌ ഉന്നയിച്ചു. നിയമന സാധ്യത പരിമിതപ്പെടുത്തുന്നതിലെ അനൗചിത്യം മന്ത്രി കൃത്യമായി തുറന്നുകാട്ടിയിട്ടും എതിർപ്പ്‌ തുടർന്നു. ഇത്തരത്തിൽ അധികാരം ലഭിച്ചാൽ ഭാഷാ സർവകലാശാലയിൽ ശാസ്‌ത്രജ്ഞനെ നിയമിച്ചാലോയെന്ന വാദമായിരുന്നു പ്രതിപക്ഷ നേതാവിന്‌. മുമ്പ്‌ സ്‌കൂൾ അധ്യാപകനെയും ഡിസിസി പ്രസിഡന്റിനെയും വിസിമാരാക്കാൻ പുറപ്പെട്ട മുന്നണിയുടെ പ്രതിനിധി എന്നനിലയിൽ ആശങ്ക ന്യായം. എന്നാൽ, ഈ വാദത്തിന്റെ മുനയൊടിക്കാൻ കലാമണ്ഡലത്തിൽ മല്ലിക സാരാഭായിയെ നിയമിച്ച ഒറ്റ ഉദാഹരണം മതിയായിരുന്നു മന്ത്രി രാജീവിന്‌. അവർക്കു പകരം ഒരു പേര്‌ നിർദേശിക്കാമോയെന്ന മന്ത്രിയുടെ വെല്ലുവിളിക്ക്‌  മറുപടി ഉണ്ടായതുമില്ല.

ഗവർണർ എന്ന ഭരണഘടനാപദവി ബിജെപി ഭരണത്തിൽ ഒരു കെടുതിയാണ്‌. ചാൻസലർ എന്ന പേരിൽ സർവകലാശാലകളിലും സംഘി അജൻഡയും തന്നിഷ്‌ടവും നടപ്പാക്കുന്ന തിരക്കിലാണ്‌ അവർ. ഭരണഘടന നിർദേശിക്കാത്ത ചാൻസലർ പദവിപോലുള്ള അധികാരങ്ങൾ ഗവർണർമാർക്ക് നിയമസഭകൾ നൽകരുതെന്ന് സർക്കാരിയ കമീഷൻ എൺപതുകളിൽത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.  സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായ നാലംഗ കമീഷനും ഇതുതന്നെ പറഞ്ഞു. പക്ഷേ, നിയമമാറ്റം വൈകി. പല സംസ്ഥാനങ്ങളിലും ചാൻസലർ പദവിയിൽനിന്ന്‌ ഇപ്പോൾ അവരെ മാറ്റി. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറച്ചു. പക്ഷേ, കേരളം പകരം സംവിധാനം ജനാധിപത്യപരമാക്കി. ഏറ്റവും വിദഗ്‌ധരായവർ പദവിയിലെത്തുമെന്നും ഉറപ്പാക്കി.

ഈ  നിയമനിർമാണത്തിലുടനീളം സർക്കാരിനൊപ്പം നിൽക്കാനുള്ള രാഷ്‌ട്രീയ ജാഗ്രത കോൺഗ്രസിന്‌ ഉണ്ടായില്ല. ചാൻസലറെ നിയമിക്കാനുള്ള അധികാരം മന്ത്രിസഭയിൽനിന്ന്‌ മാറ്റി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും അടങ്ങുന്ന സമിതിയാക്കി ഭേദഗതി ചെയ്തത്‌ പ്രതിപക്ഷത്തിന്‌ ഒരവസരം നൽകിയതാണ്‌. അവരുടെ വാദങ്ങൾക്കുകൂടിയുള്ള അംഗീകാരമായിക്കണ്ട്‌ ബില്ലിനെ പൂർണമായി പിന്തുണയ്‌ക്കാമായിരുന്നു. എന്നാൽ, രാജ്യത്താകെ സംഘപരിവാർനീക്കങ്ങളെ ചെറുക്കാൻ മടിച്ചുനിൽക്കുന്ന കോൺഗ്രസ്‌ ഇവിടെയും ആ വഴി നീങ്ങി. ചരിത്രപരമായ  ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പതിവുപോലെ പരാജയപ്പെട്ടു. ഇങ്ങനെ എപ്പോഴും തോറ്റുപിന്മാറുന്ന ഈ കോൺഗ്രസിനൊപ്പം പെട്ടിതൂക്കി നടക്കാൻ ലീഗടക്കമുള്ള ഘടകകക്ഷികൾ എത്രകാലം ഉണ്ടാകുമെന്ന സംശയംകൂടി ഉയർത്തിയാണ്‌ ബില്ലിന്റെ ചർച്ച അവസാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top