20 April Saturday

തിളങ്ങട്ടെ കേരളമാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കേരളത്തിലെ  ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ കേരളം എന്ത് നേടി എന്ന ചോദ്യം അനിവാര്യമായും ജനങ്ങളുടെ മനസ്സിൽ ഉയരുന്നുണ്ട്.  ഒട്ടേറെ പ്രതീക്ഷകൾ പകർന്നുകൊണ്ടാണ് 2016 മെയ്  25ന‌് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നിലവിൽവന്നത്. അഞ്ചുവർഷത്തെ ഉമ്മൻചാണ്ടി ഭരണം തകർത്തുകളഞ്ഞ കേരളത്തെ പുനർനിർമിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കുമ്പോൾ "എല്ലാം ശരിയാകും’ എന്ന പ്രതീക്ഷയും എല്ലാം ശരിയാക്കാനുള്ള ഉറച്ച മനസ്സും ശരിയിലേക്കുമാത്രം ചരിക്കുന്ന ആശയ ദാർഢ്യവുമാണ് സർക്കാരിന് കൈമുതലായുണ്ടായത്. പ്രതിബന്ധങ്ങൾ തുടരെത്തുടരെ വന്നു. ഓഖിയും നിപായും നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും കേരളത്തെ കടന്നാക്രമിച്ചപ്പോൾ പതറിപ്പോകാതെ കരളുറപ്പോടെ അതിജീവനത്തിന് പുതിയ അധ്യായങ്ങൾ രചിക്കുകയായിരുന്നു പിണറായി സർക്കാർ.

ഇവിടെ ഒന്നും നടക്കില്ല എന്ന അവസ്ഥയിൽനിന്ന് എന്തെങ്കിലുമെല്ലാം നടക്കും എന്നതിലേക്ക് ആയിരം ദിവസംകൊണ്ട് നാടിനെ ഉയർത്താനായി എന്നാണ് മുഖ്യമന്ത്രി  കഴിഞ്ഞ ദിവസം പറഞ്ഞത്.  സർക്കാരിന്റെ  നായകനെന്ന നിലയിൽ  ലാളിത്യത്തോടെയുള്ള ഒരു വിശദീകരണമാണ് അത്. എന്തെങ്കിലുമെല്ലാം  നടക്കും എന്നല്ല,  തീരുമാനിച്ച കാര്യങ്ങൾ യഥാവിധി നടക്കും; അത് യാഥാർഥ്യമാക്കാൻ ശേഷിയുള്ള; പ്രതിബന്ധങ്ങൾ തട്ടിമാറ്റാൻ ആർജ്ജവമുള്ള  സർക്കാർ ഇവിടെയുണ്ട് എന്നാണ് 1000 ദിവസംകൊണ്ട്  തെളിയിക്കപ്പെട്ടത്.
സർക്കാരിന്റെ പരിസരങ്ങളിൽനിന്ന് അഴിമതിയും വിവാദങ്ങളും ഒഴിഞ്ഞുനിൽക്കുന്ന കാലമാണിത്.  ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടാക്കിയ പുരോഗതിയും അടിസ്ഥാന സൗകര്യവികസനത്തിലെ  മുന്നേറ്റവും നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് ഉയർന്ന പൊതുമേഖലാ സ്ഥാപനങ്ങളും കേരളത്തിന്റെ മാതൃകാപരമായ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്.  നിപാ പ്രതിരോധത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട്, എട്ടുമാസംകൊണ്ട് ദക്ഷിണേന്ത്യയിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യം ആക്കിയതിലൂടെ പറഞ്ഞകാര്യങ്ങൾ, പറയുന്നതിലും വേഗത്തിൽ ചെയ്‌തുകാണിക്കും എന്നാണ‌് സർക്കാർ തെളിയിച്ചത്.

സമൂഹത്തിന്റെ  ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന  അഗതികൾക്കും അശരണർക്കും അടക്കം ക്ഷേമപെൻഷനുകൾ വർധിപ്പിച്ചുനൽകിയതും ആരോഗ്യ ഇൻഷുറൻസ് പദ്ധതി സമഗ്രമായി നടപ്പാക്കിയതും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക്  ഇരിപ്പിടം അവകാശം ആക്കിയതും സ്ത്രീകളുടെ അനേകമനേകം പ്രശ്നങ്ങളിൽ ശക്തമായ നിലപാട് എടുക്കുന്നതും സർക്കാരിന്റെ തിളങ്ങുന്ന നേട്ടങ്ങളാണ്‌. കർഷകർക്കും തൊഴിലാളികൾക്കും അധ്വാനിക്കുന്ന എല്ലാവർക്കും സർക്കാർ ഇടപെടലിന്റെ ഫലം അനുഭവിക്കാനാകുന്നുണ്ട്.

|വെറുതെ ചെയ്‌തു പോവുകയല്ല,  ചെയ്ത കാര്യങ്ങൾ എന്തെല്ലാമെന്ന് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇത്രയേറെ മുന്നേറ്റം ഉണ്ടായ ഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല.  മികച്ച റോഡുകളും പാലങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  തയ്യാറാകുകയാണ്. വിലക്കയറ്റത്തെക്കുറിച്ച് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പരാതികൾ ഇന്ന് കേൾക്കാനില്ല.  പ്രള യത്തോടെ തകർന്ന കേരളത്തെ എങ്ങനെ പുനർനിർമിക്കാം എന്ന ചർച്ചയാണ് എല്ലാമേഖലകളിലും ഉണ്ടായത്.  എന്നാൽ, കേരളത്തെ പഴയ രീതിയിൽ പുനഃസ്ഥാപിക്കുകയല്ല, പകരം പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി  പ്രഖ്യാപിച്ചു. അതിനായുള്ള ഇടപെടലുകൾ  അതിവേഗം നടക്കുന്നു.

കേരളത്തോട്‌ കേന്ദ്രസർക്കാർ ശത്രുതാപരമായ നിലപാട് തുടർച്ചയായി സ്വീകരിക്കുമ്പോഴാണ് ഈ കൊച്ചു സംസ്ഥാനത്തിന് ഇത്രയേറെ മുന്നോട്ടുപോകാൻ ആകുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.  ആക്രമണോത്സുകമായ വർഗീയ അജൻഡ  രാജ്യത്താകെ ശക്തിപ്പെടുത്താൻ സംഘപരിവാർ ശ്രമിക്കുകയും നവലിബറൽനയങ്ങൾ തീവ്രമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന പരിതസ്ഥിതിയിൽ, സംസ്ഥാനം എന്തുചെയ്യാൻ എന്ന് ചോദിച്ച എല്ലാവർക്കുമുള്ള ഉത്തരമാണ്  ആയിരം ദിവസത്തെ നേട്ടങ്ങൾ. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം എന്നതാണ് ഈ സംസ്ഥാന സർക്കാർ അധികാരത്തിലേറുമ്പോൾ ജനങ്ങൾക്ക് മുന്നിൽവച്ച മുദ്രാവാക്യം. ആ മുദ്രാവാക്യങ്ങളുടെ സാക്ഷാൽക്കാരത്തിനാണ് കഴിഞ്ഞ ആയിരം നാളുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴും ഉണ്ടാകുന്നത്.

ഇതര സംസ്ഥാനങ്ങളിൽനിന്ന‌് കേരളത്തെ വ്യത്യസ്‌തമാക്കുന്ന സവിശേഷതകൾക്ക്‌ എല്ലാ അർഥത്തിലും തിളക്കം വർധിപ്പിക്കുകയെന്ന കടമയാണ്  സർക്കാർ നിർവഹിക്കുന്നത്. അത് സാധ്യമാകുന്നത്  കൃത്യമായ രാഷ്ട്രീയസമീപനം കൊണ്ടുതന്നെയാണ്.  ഭൂപരിഷ്കരണം നടന്ന നാടാണിത്. സാമൂഹ്യസുരക്ഷയ്ക്ക്  പരമപ്രാധാന്യം നൽകുന്ന മറ്റൊരു സർക്കാർ ഇന്ന് രാജ്യത്തില്ല. മാതൃ-‐ശിശു മരണനിരക്ക് ഏറ്റവും കുറവും  ആയുർദൈർഘ്യം ഏറ്റവും കൂടുതലുമുള്ള സംസ്ഥാനമാണിത്.  ലോകത്തിലെ മറ്റു രാഷ്ട്രങ്ങൾക്ക് മാതൃകയായ ഈ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കുക; പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുക  എന്ന കൃത്യമായ അജൻഡയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അഞ്ചുവർഷം തികയുമ്പോൾ എണ്ണിപ്പറയാൻ ഒന്നുമില്ലാതെ വർഗീയതയുടെയും കോർപറേറ്റ് പ്രണയത്തിന്റെയും ചൂരാണ് ഇന്ത്യാ പാളയത്തിൽനിന്ന് ബഹിർഗമിക്കുന്നത്. അതിന‌് നേർ വിപരീതാനുഭവത്തിലൂടെയാണ് കേരളം മുന്നോട്ടുപോകുന്നത്.  അതുകൊണ്ടാണ്, കേരളത്തിന്റെ ബദൽ കൂടുതൽ പ്രസക്തമാകുന്നത്; അഖിലേന്ത്യാ തലത്തിൽ മാതൃകയായി തിളങ്ങുന്നത്.  

കേരള സർക്കാരിനെ അട്ടിമറിക്കാൻ വലതുപക്ഷങ്ങൾക്കിടയിൽ പ്രകടമായ യോജിപ്പുണ്ടാകുന്നതും അട്ടിമറി ഭീഷണിയുമായി കേന്ദ്ര ഭരണനേതൃത്വം  മുന്നിട്ടിറങ്ങുന്നതും മറ്റൊരു കാരണം കൊണ്ടല്ല. അതുകൊണ്ടുതന്നെ,  ആയിരം നാളിന്റെ നേട്ടങ്ങൾ വിളിച്ചുപറയുന്നതും സർക്കാരിനെ പിന്തുണയ്ക്കാനുള്ള  പരമാവധി സന്ദേശം  ജനങ്ങളിലേക്കെത്തിക്കുന്നതും  ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ് എന്ന് ഞങ്ങൾ കരുതുന്നു. എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തുപകർന്നുകൊണ്ടേ വർഗീയ-ജനവിരുദ്ധ ശക്തികൾക്കെതിരായ കേരളത്തിന്റെ നിലപാട് കൂടുതൽ ഉയരങ്ങളിലെത്തിക്കാനാകൂ. കൊച്ചു കേരളം രാജ്യത്തിന്റെയാകെ മാതൃകയായി എക്കാലത്തും തുടരേണ്ടതുണ്ട്.- ആയിരം ദിവസംകൊണ്ട് സൃഷ്ടിക്കാനായ  മുന്നേറ്റത്തെ കലവറയില്ലാതെ അഭിനന്ദിക്കുന്നതിനൊപ്പം നവകേരള സൃഷ്ടിക്കായി സർക്കാർ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കുമുള്ള അകമഴിഞ്ഞ പിന്തുണകൂടി ഇവിടെ രേഖപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top