20 April Saturday

അതെ, ഇതാണ് ബദൽ ; കേരളം വീണ്ടും മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


1957ലാണ്‌  ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. ഐക്യകേരളത്തിലെ ആദ്യ സർക്കാർ. അതേവരെ തിരു കൊച്ചിയിലും മദിരാശിയിലും ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാരുകളിൽനിന്ന് വ്യത്യസ്തമായ ഒരു വികസന-ക്ഷേമ സമീപനം ആ സർക്കാർ മുന്നോട്ടുവച്ചു. 1957ൽ ഇ എം എസ് സർക്കാർ നിലവിൽ വരുന്നതിനു മുന്നേതന്നെ, അന്ന് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന നെഹ്റു സർക്കാരിന്റെ നയങ്ങളോട് യോജിപ്പും വിയോജിപ്പും പ്രകടിപ്പിച്ച് കമ്യൂണിസ്റ്റ് പാർടി ഒരു നിലപാട് പ്രഖ്യാപിച്ചു. ഈ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു, 28 മാസംമാത്രം അധികാരത്തിലിരുന്ന ഇ എം എസ് സർക്കാരിന്റെ ഓരോ നടപടിയും. ഫെഡറൽ തത്വങ്ങളിലൂന്നി കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ബദൽനയങ്ങളുടെ അടിത്തറ ഇവിടെ തുടങ്ങുന്നു. അശരണരോടുള്ള അനുകമ്പ ഈ നയത്തിന്റെ കാതൽ. വികസനം, വികേന്ദ്രീകരണം, ജനാധിപത്യം എന്നിവയെ മുൻനിർത്തി കൊച്ചു കേരളം  കൈവരിച്ച എല്ലാ മാനവീയ നേട്ടങ്ങളുടെയും പിൻബലം ഈ നയമാണ്.

ഇപ്പോൾ, ഏഴുവർഷമായി എൽഡിഎഫ് ഭരണം തുടരുന്ന നമ്മുടെ നാട് ഏറ്റവും ഉജ്വലമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇടതുപക്ഷ രാഷ്ട്രീയമുയർത്തുന്ന നവാഹ്ലാദത്തിന്റെയും നാട് ഏറ്റുവാങ്ങുന്ന സമാനതകളില്ലാത്ത മാറ്റങ്ങളുടെയും കാലം. കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ മൗലികമായ പരിവർത്തനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. തൊഴിലാളികളും കൃഷിക്കാരുമടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും തനതായ ആവശ്യങ്ങൾ ഉൾക്കൊണ്ട് സർവതലസ്പർശിയായ സമഗ്ര വികസനത്തിലേക്കാണ് കേരളം മുന്നേറുന്നത്. എല്ലാവരുടെയും സാമൂഹ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി നവകേരളത്തിലേക്കുള്ള പ്രയാണം. അതുകൊണ്ടുതന്നെ ഇന്ത്യയിലാകെയും ലോകത്തും കേരളം ചർച്ചയാകുന്നു, മാതൃകയാകുന്നു. എവിടെയും മുൻ നിരയിലെത്തുന്നു.

ഈ ദിശയിൽ ഇന്ത്യക്കാകെ മാതൃകയായ ഒരു ചുവടുവയ്പാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ട് ഉദ്ഘാടനംചെയ്ത തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു ആലോചനപോലുമില്ലാത്തപ്പോഴാണ് കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമായത്.  വിഹിതവും തൊഴിൽദിനങ്ങളും വെട്ടിച്ചുരുക്കി കേന്ദ്രസർക്കാർ പദ്ധതിതന്നെ തകർക്കാൻ ശ്രമിക്കുമ്പോൾ കേരളം ഈ തൊഴിലാളികളെ ചേർത്തുപിടിച്ച് കൈത്താങ്ങേകുകയാണ്.
പെൻഷൻ, വിവാഹധനസഹായം, പഠനസഹായം, ചികിത്സാ സഹായം എന്നിവയടക്കം തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം പദ്ധതി ഉറപ്പുവരുത്തുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായ സംസ്ഥാനത്തെ 15 ലക്ഷത്തോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

സ്വന്തം ഭൂമിയുടെ അവകാശരേഖയ്ക്കായി, പതിറ്റാണ്ടുകളായി കാത്തിരുന്ന 67,069 കുടുംബത്തിന്‌ കഴിഞ്ഞ ദിവസം പട്ടയം നൽകിയത് മറ്റൊരു ചരിത്രമുഹൂർത്തമായി. ഞായറാഴ്ച തൃശൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ കൈയിൽനിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ എളനാട്ടെ ഐസു ഉമ്മയുടെ മുഖത്തു വിടർന്ന ചിരി ഒരു സ്വപ്നത്തിന്റെ സഫലനിമിഷമായിരുന്നു. 42 വർഷമായി ആ ഉമ്മ സ്വന്തം മണ്ണിന്റെ അവകാശരേഖയ്ക്കായി അലയുകയായിരുന്നു. അങ്ങനെ എത്രയോ പേർ. ഈവർഷം 40,000 പട്ടയമാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 67,069 എണ്ണം ഇതിനകം വിതരണംചെയ്തു. ഏഴുവർഷത്തിനകം പിണറായി സർക്കാർ 2,98,615 കുടുംബത്തിന്‌ പട്ടയം നൽകി.

നമ്മുടെ റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന, പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്ന കെ സ്റ്റോർ (കേരള സ്റ്റോർ) പദ്ധതിയെക്കുറിച്ചും ഈ സന്ദർഭത്തിൽ എടുത്തു പറയേണ്ടതുണ്ട്. റേഷൻ കടകളുടെ വൈവിധ്യവൽക്കരണമാണ് കെ സ്റ്റോർ പദ്ധതി. ആദ്യ ഘട്ടത്തിൽ 108 കെ സ്റ്റോർ നിലവിൽ വരികയാണ്. സപ്ലൈകോ, ശബരി ഉൽപ്പന്നങ്ങളുടെ വിൽപ്പന, പതിനായിരം രൂപവരെ പണമിടപാടുകൾക്ക് സൗകര്യം, പൊതുജന സേവന കേന്ദ്രങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, മിനി എൽപിജി സിലിണ്ടറുകൾ എന്നിവ കെ സ്റ്റോറിലുണ്ടാകും. അതെ, എല്ലാ രംഗത്തും രാജ്യത്തിനാകെ പ്രതീക്ഷയും പ്രകാശവുമായി കേരളം മാറുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top