25 April Thursday

ഇന്ത്യക്ക് മാതൃകയായി വീണ്ടും കേരളം

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023


ഇന്ത്യയുടെ തെക്കേ അറ്റത്തുകിടക്കുന്ന കൊച്ചുകേരളം വീണ്ടും രാജ്യത്തിനാകെ പ്രതീക്ഷയും പ്രകാശവും മാതൃകയുമായി മാറുന്നു. മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകൾ ലോകമാകെ ശ്രദ്ധിക്കുന്നവയാണ്. മനുഷ്യജീവിതത്തിൽ വേരുകളാഴ്ത്തി വിശ്വമാകെ പടർന്നുനിൽക്കുന്ന ഒരിടമായി കേരളം മാറിക്കഴിഞ്ഞു.

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങളെ പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കുമെന്ന തീരുമാനമാണ് കേരളത്തെ വീണ്ടും മാതൃകാ നാടാക്കി മാറ്റിയത്. ഇത്രയും കുടുംബങ്ങളെ സർക്കാർ ദത്തെടുക്കുകയാണ്. 35 കോടി ദരിദ്രരും 15 കോടിയോളം പരമ ദരിദ്രരുമുള്ള ഇന്ത്യയിൽ, ഇങ്ങനെയൊരു തീരുമാനം ആദ്യമായി എടുക്കുന്നത് കേരളത്തിലെ പിണറായി സർക്കാരാണ്.സാമ്പത്തിക വളർച്ചയ്‌ക്കും സാമൂഹ്യ നീതിക്കും വേണ്ടി ഒരേ സമയം നിലകൊള്ളുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നതാണ്  വികേന്ദ്രീകൃതാസൂത്രണ കോ-ഓർഡിനേഷൻ സമിതി കൈക്കൊണ്ട ഈ തീരുമാനം. സർക്കാർ ഏറ്റെടുക്കുന്ന കുടുംബങ്ങൾക്ക് ക്ഷേമ, പരിരക്ഷാ പദ്ധതികൾ പൂർണമായും സൗജന്യമാണ്.  ഭക്ഷണവും മരുന്നും അഭയസ്ഥലവും ഉറപ്പാക്കും.  ജീവിക്കാൻ ഒരു വഴിയുമില്ലാത്തവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി സംരക്ഷിക്കും.

അഞ്ചുകൊല്ലംകൊണ്ട് അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വാഗ്ദാനം യാഥാർഥ്യമാക്കാൻ രണ്ടാം പിണറായി സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നു.  സർവേയിലൂടെ സർക്കാർ കണ്ടെത്തിയ അതിദരിദ്രരായ കുടുംബങ്ങളെ ആ അവസ്ഥയിൽനിന്ന് മോചിപ്പിക്കാൻ  സൂഷ്മതല സ്പർശിയായ മൈക്രോ പ്ലാൻ തയ്യാറാക്കലായിരുന്നു ആദ്യപടി. ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങൾ എന്തെന്ന് പഠിച്ച് സമഗ്രമായ പരിഹാര മാർഗം തയ്യാറാക്കലാണ് ഇതിന്റെ ഭാഗമായി ചെയ്തത്.  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ . അതിദരിദ്രരുടെ സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികൾ നടപ്പാക്കണമെന്ന് ഓരോ തദ്ദേശസ്ഥാപനവും മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യം ഈ പ്രക്രിയ പൂർത്തിയാക്കിയത് തൃശൂരിലെ വടക്കാഞ്ചേരി നഗരസഭയാണ്. അതിദരിദ്രരായ 91 കുടുംബങ്ങളെ നഗരസഭാ പരിധിയിൽ കണ്ടെത്തി.  ഇവർക്കായി ഒന്നരക്കോടി രൂപയുടെ പദ്ധതി കൗൺസിൽ അംഗീകരിച്ച് നടപ്പാക്കുന്നു. ഇതു വഴി എല്ലാവർക്കും ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസ സൗകര്യം എന്നിവ യാഥാർഥ്യമാകുന്നു. 

ജനങ്ങൾക്കെല്ലാം അവരുടേതായ സാമ്പത്തികവും സാമൂഹ്യവും വൈജ്ഞാനികവുമായ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കി സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുക എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ചിട്ടുള്ളത്. മാനവ വികസനം, സ്ത്രീ പുരുഷ സമത്വം, ദാരിദ്ര്യ നിർമാർജനം എന്നിവയിലൂന്നിയുള്ള സാമൂഹ്യ- സാമ്പത്തിക വികസനം ഇതുവഴി സാധ്യമാക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തരോൽപ്പാദനത്തിലും വ്യവസായ രംഗത്തുമുണ്ടായിട്ടുള്ള വളർച്ച ഈ കാഴ്ചപ്പാടിന്റെ വിജയകരമായ മുന്നേറ്റമാണ്. സംസ്ഥാനത്തെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ഇതൊന്നും കാണുന്നില്ലെന്ന് മാത്രം. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. പക്ഷേ, ജനങ്ങൾ അവരുടെ അനുഭവങ്ങളിലൂടെ വസ്തുതകൾ തിരിച്ചറിയുന്നുണ്ട്.
എല്ലാം കമ്പോളത്തിനും ധനമൂലധനത്തിനും വിട്ടുകൊടുത്ത് ദരിദ്രരുടെ ഉപജീവന മാർഗങ്ങളെല്ലാം ഇല്ലാതാക്കുന്ന  സമീപനമാണ് മോദിഭരണം തീവ്രമായി നടപ്പാക്കുന്ന നവലിബറൽ നയത്തിന്റെ കാതൽ. അതിസമ്പന്നരുടെ സാമ്പത്തിക വളർച്ച മാത്രമാണ് ഈ നയത്തിന്റെ ലക്ഷ്യം.  ഇത്തരമൊരു സാമ്പത്തിക വളർച്ചയിലൂടെ സംഭവിക്കുന്നത്, ദരിദ്രർ തിങ്ങിപ്പാർക്കുന്ന അതിസമ്പന്നരുടെ രാജ്യമായി ഇന്ത്യ മാറുന്നു എന്നതാണ്. ഇതിന് നേർവിപരീതമാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ജനക്ഷേമത്തിലും സാമൂഹ്യ നീതിയിലും ഊന്നിയുള്ള സാമ്പത്തിക  വളർച്ചയെന്ന ബദൽ നയം. ആ നയത്തിന്റെ തെളിമയും മാറ്റും കൂട്ടുന്നതാണ്  അതിദരിദ്രരെ ദത്തെടുക്കാനുള്ള തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top