26 April Friday

ശോഭനമായ ഭാവിക്ക് പുതിയ ചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


നവോത്ഥാന സന്ദേശങ്ങൾ മാറ്റൊലിയായി മുഴങ്ങുന്ന കേരളത്തിൽ സർവതലസ്പർശിയായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ “നവകേരളം, യുവകേരളം’ പര്യടനവും “ഭാവി വീക്ഷണത്തോടെ കേരളം’ ത്രിദിന സംവാദവും പുതിയ കാലത്തെ പുതിയ കേരളത്തിലേക്കുള്ള നിർണായക കാൽവയ്പുകളായി നാട് തിരിച്ചറിയുന്നു. ആരോഗ്യകരവും അർഥപൂർണവുമായ ജനാധിപത്യത്തിന്റെ പ്രാരംഭബിന്ദു ചർച്ചകളും അഭിപ്രായരൂപീകരണവുമാണ്. ഓരോരുത്തർക്കും ഒരുപാട് അനുഭവങ്ങൾ, ആശയങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. ആ പങ്കുവയ്ക്കൽ നമ്മുടെ സമൂഹത്തെ കൂടുതൽ കരുത്തുറ്റതാക്കും. ഈ വഴിയിൽ നവകേരളത്തിലേക്കുള്ള ദൃഢമായ പാത വെട്ടിത്തുറക്കുകയാണ് എൽഡിഎഫ് സർക്കാർ. അതുകൊണ്ടുതന്നെ നവകേരളം യുവകേരളം പര്യടനവും ത്രിദിന സംവാദവും സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ലോകം അത്യസാധാരണമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു കാലമാണിത്. മാറ്റങ്ങളുടെ മഹാപ്രവാഹമാണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തകർ, സാമ്പത്തിക വിദഗ്ധർ, സാമൂഹ്യശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഒരേ സ്വരത്തിൽ പറയുന്നു. മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, നവലിബറൽ സാമ്പത്തികനയങ്ങൾ ലോക രാജ്യങ്ങളിലുണ്ടാക്കിയ വൻതകർച്ച എന്നിവയുടെയെല്ലാം പശ്ചാത്തലത്തിൽ എവിടെയും മാറ്റം അനിവാര്യം.


 

ഈ പ്രത്യേക സന്ദർഭത്തിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന മാതൃകാപരമായ മുൻകൈകൾ ലോകത്തിന്റെതന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഭാവി കേരളത്തിന്റെ വ്യക്തമായ ദിശാസൂചികയായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള ചർച്ചകളിൽ ലോകത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം സ്വീകരിക്കേണ്ട വികസനതന്ത്രം ബജറ്റ് ആവിഷ്കരിക്കുന്നുണ്ടെന്ന് പ്രമുഖർ അടിവരയിട്ട് പറയുന്നു.  ഇപ്പോൾ, ക്യാമ്പസുകൾ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി നടത്തുന്ന പര്യടനവും ത്രിദിന സംവാദവും കേരളത്തിന്റെ ജനപക്ഷ വികസനത്തെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങളാണ്. 

മുഖ്യമന്ത്രി പറഞ്ഞപോലെ പുതിയ കാലത്തിലേക്ക് നാട്‌ മുന്നേറുമ്പോൾ മുന്നിൽ നിൽക്കേണ്ടത് പുതിയ തലമുറതന്നെ. അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വളരെ പ്രധാനം. തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് മുഖ്യമന്ത്രി ആരംഭിച്ച “നവകേരളം യുവകേരളം’ ഈ ലക്ഷ്യത്തെ മുൻ നിർത്തിയുള്ളതാണ്. ഉന്നത വിദ്യാഭ്യാസവും ഭാവികേരളവും എങ്ങനെയായിരിക്കണമെന്ന് കുട്ടികൾ അഭിപ്രായം പറയണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ വിദ്യാർഥികൾ സഹർഷം സ്വീകരിച്ചു. അവർ മുന്നോട്ടുവച്ച നിർദേശങ്ങൾ സശ്രദ്ധം കേട്ട് കുറിച്ചെടുത്ത മുഖ്യമന്ത്രി ഒാരോന്നിനും യുക്തിസഹമായ മറുപടിയും നൽകി.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ കേരളം നേരിടുന്ന മുഖ്യവെല്ലുവിളികളിലൊന്നായി തോമസ് ഐസക്കിന്റെ ബജറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിൽമേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തവും തീരെ കുറവാണ്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട തൊഴിൽ നാട്ടിൽ ലഭിക്കുന്നില്ലെന്നത് ഈ പ്രശ്നത്തിന്റെ  അടിസ്ഥാന കാരണം. ഇതു പരിഹരിക്കുന്നതിന് പ്രായോഗിക കർമപരിപാടികളുടെ വിവിധ നിർദേശങ്ങൾ ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇപ്പോൾ, മുഖ്യമന്ത്രി വിദ്യാർഥികളുമായി നടത്തുന്ന ചർച്ചയിൽ ഈ തൊഴിലില്ലായ്മ പരിഹരിക്കാൻ പല വഴികളും തുറന്നുവരുന്നു.


 

ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചും വിലപ്പെട്ട അഭിപ്രായങ്ങളുയരുന്നുണ്ട്. ഓഖി, നിപാ, പ്രളയംപോലുള്ള ദുരന്തങ്ങളെ നേരിടാൻ യുവജനങ്ങളെ സജ്ജരാക്കുന്ന കോഴ്സ്‌ വേണമെന്ന കുസാറ്റ് വിദ്യാർഥിനി ബിസ്ന ചന്ദ്രന്റെ നിർദേശം ശ്രദ്ധേയമാണ്. സർവകലാശാലകളുടെ ആഴവും ശേഷിയും വർധിപ്പിക്കാൻ ഉതകുന്നതാകും ക്യാമ്പസ് പര്യടനം. ഓരോരുത്തർക്കും വിലപ്പെട്ടതെന്ന് തോന്നുന്ന മൂല്യങ്ങൾ നേടാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും വികസനമെന്ന് ഇന്ത്യയുടെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ പറഞ്ഞത് ഇതോടൊപ്പം കൂട്ടിവായിക്കാം.   

നൊബേൽ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ എന്നിവരടക്കം പങ്കെടുക്കുന്ന “ഭാവി വീക്ഷണത്തോടെ കേരളം’ സംവാദ പരിപാടിയും കേരളത്തിന്റെ സമഗ്രവികസനത്തിന് പദ്ധതികൾ രൂപപ്പെടുത്തും.  സുപ്രധാന വിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയുന്ന വിദഗ്ധരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. വികസനത്തെയും വികേന്ദ്രീകരണത്തെയും ജനാധിപത്യത്തെയും അടിസ്ഥാനമാക്കി രൂപപ്പെടുന്ന കാഴ്ചപ്പാടുകൾ തീർച്ചയായും കേരളത്തിന്റെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കും. ജനങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കി, അറിവും പ്രതിഭയും സർഗശേഷിയും മനുഷ്യസ്നേഹവും സമന്വയിപ്പിച്ചുള്ള കേരളത്തിന്റെ മുന്നേറ്റമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top