25 April Thursday

ജനവിരുദ്ധതയ്‌ക്കെതിരെ ഒറ്റക്കെട്ടായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസരം  വ്യാഴാഴ്‌ച അവസാനിച്ചതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയുടെ ഏകദേശ രൂപം തെളിഞ്ഞിരിക്കുന്നു. 23ന്‌ പത്രിക പിൻവലിക്കുന്നതോടെ ചിത്രം പൂർണമാകും. പലയിടത്തും എൽഡിഎഫിനെതിരെ സ്ഥാനാർഥികളെ  കണ്ടെത്താനാകാതെ ഉഴറുകയായിരുന്നു യുഡിഎഫ്‌.  സംസ്ഥാനത്ത്‌  20 വാർഡിൽ പ്രദർശനമത്സരം കാഴ്‌ചവയ്‌ക്കാൻപോലുമാകാതെ വലതുമുന്നണി പിൻവാങ്ങി.  കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ ആറിടത്തും തളിപ്പറമ്പ് നഗരസഭയിലെ ഒരു  വാർഡിലും മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും  കാങ്കോൽ–- ആലപ്പടമ്പിൽ രണ്ടിടത്തും  കോട്ടയം പഞ്ചായത്തിലെ മൂന്നാം വാർഡിലും  കാസർകോട്ട്‌ മടിക്കൈ പഞ്ചായത്തിൽ മൂന്നിടത്തും  കയ്യൂർ–- ചീമേനിയിലെ ഏഴാം വാർഡിലും ‌ഇടുക്കിയിൽ വട്ടവടയിലെ മൂന്നാം വാർഡിലും  എൽഡിഎഫ്‌ പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌. സ്ഥാനാർഥികളെ നിർത്താൻപോലും ത്രാണിയില്ലെന്ന്‌ സമ്മതിക്കുന്നതിനു പകരം തങ്ങളുടെ സഖ്യകക്ഷിയായ ചില പത്രങ്ങളെയും ചാനലുകളെയും ‘നിഷ്‌പക്ഷ’ നിരീക്ഷകരെയും  കൂട്ടുപിടിച്ച്‌ തുരുമ്പെടുത്ത പഴയ കഥകൾ ആവർത്തിക്കുകയാണ്‌ യുഡിഎഫ്‌ നേതൃത്വം.    

കൂട്ടക്കുഴപ്പത്തിലും പടലപ്പിണക്കത്തിലും കൊടിയ അഴിമതി പരമ്പരകളിലും അകപ്പെട്ട്‌ ദുർഗന്ധം വമിപ്പിക്കുന്ന  യുഡിഎഫ്‌, പ്രതിസന്ധി മറികടക്കാനുള്ള അവസാനത്തെ  അഭയമെന്ന നിലയിൽ തീവ്ര  ഹിന്ദു‐ മുസ്ലിം വർഗീയസംഘടനകളുമായി തരാതരംപോലെ ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ  വെൽഫെയർ പാർടി സ്ഥാനാർഥികൾ പലയിടത്തും  സ്വന്തം ചിഹ്നത്തിലാണ്‌ ‌ യുഡിഎഫ്‌ പാനലിൽ മത്സര രംഗത്തിറങ്ങിയിരിക്കുന്നതെന്നതും പ്രധാനം. നേതൃത്വം എത്ര നിഷേധിച്ചാലും വോട്ടഭ്യർഥിച്ചുള്ള പോസ്‌റ്ററുകളും  തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകളുടെ ബോർഡുകളും  ഒന്നിച്ചുള്ള പ്രചാരണവും പ്രാദേശികനേതാക്കളുടെ പ്രതികരണങ്ങളും ആ കൂട്ടുകെട്ടിന്റെ സാക്ഷ്യങ്ങളാണ്‌. മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളാണ്‌ അവിശുദ്ധ ബാന്ധവത്തിന്റെ  പ്രധാന പരീക്ഷണശാല. കണ്ണൂരിൽ യുഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ സീറ്റുതന്നെ കാണിക്ക നൽകി. സീറ്റു വിഭജനത്തിൽ കോൺഗ്രസിന്‌ അനുവദിച്ച  പന്ന്യന്നൂർ ഡിവിഷൻ  വെൽഫെയർ പാർടി ജില്ലാ സെക്രട്ടറിക്ക്‌  വിട്ടുകൊടുക്കുകയായിരുന്നു. 


 

ഏതു സാഹചര്യത്തിലായാലും  വെൽഫെയർ പാർടിയുമായി  ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ്‌ താരിഖ്‌ അൻവറിന്‌  ശക്തമായ മുന്നറിയിപ്പു നൽകേണ്ടിവന്നു.  സംസ്ഥാന നേതൃത്വം പരിധി വിട്ടുപോകരുതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ഡൽഹിയിൽ ഒരു ചാനൽ അഭിമുഖത്തിൽ  പ്രതികരിക്കുകയുണ്ടായി. അധികാരക്കൊതി സമനില തെറ്റിച്ച ഇവിടത്തെ നേതാക്കൾക്ക്‌ അതൊന്നും സ്വീകാര്യമാകില്ലെന്ന്‌ ഉറപ്പ്‌. സിബിഐയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ അട്ടിമറിക്ക്‌ ചട്ടുകമാക്കുന്ന മോഡി ഭരണത്തിനെതിരായ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്‌താവന മുഖവിലയ്‌ക്കെടുക്കാഞ്ഞതും കോവിഡ്‌ പ്രതിരോധത്തിൽ പിണറായി സർക്കാർ കൈക്കൊണ്ട  വിവിധ നടപടികളെ പ്രശംസിച്ച രാഹുൽ ഗാന്ധിയെ വകവയ്‌ക്കാത്തതും അതിന്റെ തെളിവാണ്‌. കാലിനടിയിലെ മണ്ണ്‌ അതിവേഗം ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന മുസ്ലിംലീഗ്‌ നേതൃത്വവും മതതീവ്രവാദ ശക്തികൾക്ക്‌ എല്ലാ പിന്തുണയും നൽകുകയാണ്‌. സ്വതന്ത്രസ്ഥാനാർഥികൾ പല ചിഹ്നത്തിലും മത്സരിക്കുമെന്ന ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ആ അർഥത്തിൽ  തെറ്റായ  സന്ദേശമാണ്‌ നൽകുന്നതും. ജനാധിപത്യ‐ മതനിരപേക്ഷവാദികളും ചില സാമൂഹ്യപ്രസ്ഥാനങ്ങളും  തള്ളിക്കളഞ്ഞ കൂട്ടുകെട്ടിനെ  നിസാരവൽക്കരിക്കുകയാണ്‌ അദ്ദേഹം. മുൻകാലങ്ങളിലെന്നപോലെ ഉത്തരേന്ത്യക്ക്‌ സമാനമായി കൈപ്പത്തി ഞൊടിയിടകൊണ്ട്‌ താമരയാകുന്നതും തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ടു. കൊല്ലം കോർപറേഷനിലെ താമരക്കുളം ഡിവിഷനും ആലപ്പുഴ തൈക്കാട്ടുശേരിയും മറ്റും അതിന്റെ മികച്ച തെളിവുകൾ.

‘അഴിമതിക്കെതിരെ ഒരു വോട്ട്‌’എന്ന യുഡിഎഫ്‌ പ്രചാരണ മുദ്രാവാക്യം ചിരിക്ക്‌ വകനൽകുന്നതാണ്‌. അത്‌ തയ്യാറാക്കിയവരുടെ ബുദ്ധി അപാരവും ഏൽപ്പിച്ചവരുടെ തൊലിക്കട്ടി കണ്ടാമൃഗത്തെ വെല്ലുന്നതുമായി.  കുംഭകോണങ്ങളുടെയും അഴിമതിയുടെയും ഖജനാവ്‌ കുത്തിച്ചോർത്തലിന്റെയും സ്വജനപക്ഷപാതത്തിന്റെയും കേസുകളിൽപ്പെട്ട്‌ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള സമുന്നത യുഡിഎഫ്‌ നേതാക്കൾ ജയിലിലേക്ക്‌ പോകാൻ വരിവരിയായി കാത്തുനിൽക്കുകയാണ്‌. പാലാരിവട്ടം പാലം, അഴിമതിയുടെയും രാഷ്ട്രീയ നിരുത്തരവാദത്തിന്റെയും നിത്യസ്‌മാരകങ്ങളിലൊന്നായി ജനങ്ങൾക്കു മുന്നിലുണ്ട്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ്‌ എൽഡിഎഫ്‌ ഗവൺമെന്റ്‌. അത്‌ അട്ടിമറിക്കാൻ ബിജെപി പിന്തുണയോടെ ഗൂഢപ്രവർത്തനങ്ങൾക്ക്‌ മുന്നിട്ടിറങ്ങുകയാണ്‌ യുഡിഎഫ്‌. ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുകയാണ്‌ വോട്ടർമാരുടെ അടിയന്തര കടമ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top