29 March Friday

വോട്ട്‌ വികസനത്തിനും സമാധാനത്തിനും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020


സുപ്രധാനമായ ഒരു വിധിയെഴുത്തിന്റെ പടിവാതിലിലാണ്‌ കേരളം. ഇന്ന്‌ രാവിലെ ഏഴുമുതൽ‌ തെക്കൻ കേരളത്തിലെ അഞ്ച്‌ ജില്ല ബൂത്തിലേക്ക്‌ നീങ്ങും. 10നും 14നും ജനവിധി കുറിക്കുന്ന മധ്യ, വടക്കൻ ജില്ലകളിൽ പ്രചാരണം ഉച്ചസ്ഥായിയിലാണ്‌. കോവിഡ്‌ മുൻകരുതലുകളുടെ ഭാഗമായി വിവിധക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ്‌ വോട്ടെടുപ്പ്‌ ആരംഭിക്കുന്നത്‌. രോഗപ്പകർച്ച തടയാൻ  എല്ലാ സംവിധാനവും കുറ്റമറ്റതാക്കാനുള്ള പരിശോധന പൂർത്തിയായി. പ്രാദേശിക സർക്കാരുകളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണെങ്കിലും പൊതുരാഷ്‌ട്രീയമാണ്‌ പ്രചാരണത്തിന്റെ കാതൽ. കോവിഡ്‌ വാക്‌സിനും പെട്രോളിയം വിലവർധനയുംമുതൽ ക്രിസ്‌മസ്‌‌ കിറ്റുവരെ ചർച്ചയിലുണ്ട്‌. എല്ലാം ജനജീവിതവുമായി നേരിട്ട്‌ ബന്ധമുള്ള കാര്യങ്ങൾ. കേന്ദ്ര –സംസ്ഥാന –- പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങളും ഇഴ കീറി പരിശോധിക്കപ്പെടുന്നു. മത വർഗീയതയ്‌ക്ക്‌ രാഷ്‌ട്രീയമാന്യത നൽകാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്‌.

കോവിഡ്‌ ഭീതിയുടെ പിടിയിൽ കഴിയുന്ന ജനങ്ങൾക്ക്‌ ആശ്വാസം പകരുന്ന വാർത്തയാണ്‌ വാക്‌സിന്റെ കണ്ടുപിടിത്തം. ഈ ശാസ്‌ത്രനേട്ടം അന്താരാഷ്‌ട്ര മരുന്നുലോബികൾ ലാഭക്കൊയ്‌ത്തിന്‌ ഉപയോഗിക്കുമെന്നതാണ്‌ പുതിയ ആശങ്ക. സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന ഇടതുപക്ഷ പാർടികളുടെ ആവശ്യത്തോട്‌ മുഖം തിരിക്കുകയാണ്‌ കേന്ദ്രസർക്കാർ. ലോക്‌ഡൗൺ കാലത്തും തുടർന്നും ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൃഷിയെ കോർപറേറ്റുകൾക്ക്‌ അടിയറവച്ച മോഡിസർക്കാരിനെതിരായി രാജ്യം ഇതുവരെ  ദർശിക്കാത്ത പ്രക്ഷോഭക്കൊടുങ്കാറ്റാണ്‌ ഉയരുന്നത്‌. ചൊവ്വാഴ്‌ചത്തെ ദേശീയഹർത്താലോടെ സമരം പുതിയൊരു ഘട്ടത്തിലേക്ക്‌ കടക്കും. പെട്രോൾ വില നൂറിലെത്താൻ അധികം നാൾ വേണ്ട.  ജനങ്ങളെ എരിതീയിൽനിന്ന്‌ വറചട്ടിയിലേക്ക്‌ എടുത്തെറിയുകയാണ്‌ കേന്ദ്രസർക്കാർ. ഇതിനിടയിലും ഹിന്ദുത്വ വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക്‌ ഒരു കുറവുമില്ല. പൗരത്വ നിയമവും കശ്‌മീരും അയോധ്യയുമൊക്കെ മതന്യൂനപക്ഷങ്ങൾക്കുനേരെ ബിജെപി തുടരുന്ന നിരന്തര ആക്രമണങ്ങളുടെ  ഉദാഹരണങ്ങളാണ്‌.

രാഷ്‌ട്രീയമായ ബലക്ഷയത്തേക്കാളുപരി യുഡിഎഫിനെ ഭയപ്പെടുത്തുന്നത്‌ എൽഡിഎഫ്‌ ഭരണവും മുൻകാലവുമായുള്ള താരതമ്യമാണ്‌.

ബിജെപി  ഭരണം നടപ്പാക്കുന്ന സാമ്പത്തിക, വർഗീയ  നിലപാടുകളെ എതിർക്കാനോ തുറന്നുകാട്ടാനോ കേരളത്തിലെ പ്രതിപക്ഷ മുന്നണി തയ്യാറല്ല. ദേശീയ നേതൃത്വത്തെപ്പോലും തള്ളിപ്പറഞ്ഞ്‌ ബിജെപിയുമായി രഹസ്യബന്ധം തുടരുകയാണ്‌ യുഡിഎഫ്‌‌. മൂവായിരത്തിലേറെ സീറ്റിൽ കേന്ദ്ര ഭരണകക്ഷിക്ക്‌ സ്ഥാനാർഥികളില്ലാത്തത്‌ യാദൃച്ഛികമല്ല. ഇതിനുപുറമെയാണ്‌ മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയകക്ഷി വെൽഫെയർ പാർടിയുമായുള്ള സഖ്യം. ലോക്‌താന്ത്രിക്‌ ജനതാദൾ, കേരള കോൺഗ്രസ്‌ എം കക്ഷികൾ എൽഡിഎഫിലേക്ക്‌ വന്നതോടെയാണ്‌ മറയില്ലാതെ  വർഗീയസഖ്യത്തിന്‌ യുഡിഎഫ്‌ തയ്യാറായത്‌. രാഷ്‌ട്രീയമായ ബലക്ഷയത്തേക്കാളുപരി യുഡിഎഫിനെ ഭയപ്പെടുത്തുന്നത്‌ എൽഡിഎഫ്‌ ഭരണവും മുൻകാലവുമായുള്ള താരതമ്യമാണ്‌.

അഴിമതിയും അപഥസഞ്ചാരങ്ങളും തകർത്താടിയതാണ്‌ യുഡിഎഫിന്റെ ഭരണകാലം.ഉമ്മൻചാണ്ടിയടക്കം സകലമന്ത്രിമാരും ഇതരനേതാക്കളും അന്വേഷണം നേരിടുകയാണ്‌. രണ്ട്‌ ലീഗ്‌ എംഎൽഎമാർ ജയിലിലുമാണ്‌. എന്നാൽ, നാലരവർഷം പിന്നിട്ട പിണറായി സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങളുമായി ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി. ഒപ്പം ഭൂരിപക്ഷം വരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളും എൽഡിഎഫ്‌ നേതൃത്വത്തിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചു.  സംസ്ഥാന –- പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങൾമാത്രം എണ്ണിപ്പറഞ്ഞ്‌ അനായാസവിജയം നേടാനാകുമെന്ന ആത്മവിശ്വാസമാണ്‌ എൽഡിഎഫ്‌ പ്രവർത്തകരെ നയിക്കുന്നത്‌. സുപ്രധാനമായ ആറുവരി ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, തീരദേശ –- മലയോര പാതകൾ, ദേശീയ ജലപാത, സെമി സ്‌പീഡ്‌ റെയിൽ തുടങ്ങിയവ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ നിത്യസ്‌മാരകങ്ങളായി മാറും. മിക്കവയും ഒരിക്കലും നടപ്പാകില്ലെന്ന്‌ പ്രഖ്യാപിച്ച്‌ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ചവയാണ്‌. ഇഴഞ്ഞുനീങ്ങുകയായിരുന്ന കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും അതിവേഗമാണ്‌ ‌ ഈ സർക്കാർ പൂർത്തിയാക്കിയത്‌. വിഴിഞ്ഞം പദ്ധതിയും ത്വരിതപ്പെടുത്തി.

ക്ഷേമപെൻഷൻ 18 മാസം കുടിശ്ശികയാക്കിയാണ്‌ ഉമ്മൻചാണ്ടി അധികാരമൊഴിഞ്ഞത്‌. പിണറായി ചുമതലയേറ്റ ഉടനെ മുഴുവൻ കൊടുത്തുതീർത്തു

കിഫ്‌ബിവഴി ബദൽ വിഭവസമാഹരണം നടത്തി നാനാമേഖലയിലും നിർമാണപ്രവർത്തനങ്ങൾ നടത്തി. 62000 കോടിയുടെ വികസന പദ്ധതികളാണ്‌ നടപ്പാക്കിയത്‌. ലൈഫ്‌ മിഷൻവഴി രണ്ടര ലക്ഷത്തോളം കുടുംബത്തിന്‌ വീട്‌ നൽകി. സ്‌കൂൾ, ആശുപത്രി കെട്ടിടങ്ങളും മറ്റ്‌ സൗകര്യങ്ങളും അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാക്കി. വൈദ്യുതി, ജലവിതരണം, റോഡ്‌ വികസനം എന്നിവയിൽ സർവകാല റെക്കോഡാണ്‌ സർക്കാരിന്റേത്‌. ക്ഷേമപെൻഷൻ 18 മാസം കുടിശ്ശികയാക്കിയാണ്‌ ഉമ്മൻചാണ്ടി അധികാരമൊഴിഞ്ഞത്‌. പിണറായി ചുമതലയേറ്റ ഉടനെ മുഴുവൻ കൊടുത്തുതീർത്തു. പിന്നീട്‌ ഘട്ടംഘട്ടമായി വർധിപ്പിച്ച്‌ ഉത്സവകാലത്ത്‌ കൃത്യമായി നൽകി. 525 രൂപയിൽനിന്നാണ്‌‌ അഞ്ചുവർഷത്തിനകം 1500 രൂപയായി പെൻഷൻ വർധിപ്പിച്ചത്‌. കോവിഡ്‌കാലത്ത്‌ ജീവിതം വഴിമുട്ടിയെങ്കിലും ഒരു കുടുംബവും പട്ടിണിയാകാതെ സൗജന്യറേഷനും ഭക്ഷ്യ കിറ്റും നൽകി‌.  കേരളബാങ്കും‌ ശ്രീനാരായണ ഓപ്പൺ സർവകലാശാലയും എടുത്തുപറയേണ്ടവയാണ്‌. തദ്ദേശ സ്ഥാപനങ്ങൾക്കായി വ്യക്തമായ കർമപദ്ധതിയും  എൽഡിഎഫ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌.

മറുപക്ഷത്ത്‌ യുഡിഎഫും ബിജെപിയും ‌കേന്ദ്ര അന്വേഷണ ഏജൻസികളും ഒരു വിഭാഗം മാധ്യമങ്ങളും പടച്ചുവിടുന്ന വിവാദങ്ങളെയാണ് ആശ്രയിക്കുന്നത്‌. ജനങ്ങളോട്‌ പ്രതിബദ്ധത പുലർത്തുന്ന എൽഡിഎഫ്‌ സർക്കാരിനും മുന്നണിക്കും ചരിത്രം തിരുത്തുന്ന വിജയം സമ്മാനിക്കാനാണ്‌ കേരളം ഒരുങ്ങിക്കഴിഞ്ഞത്‌. അതിനിടയിലാണ്‌ പതിവുതെറ്റിക്കാതെ, കൊലപാതകം നടത്തി‌ ചർച്ച വഴിതിരിച്ചുവിടാൻ‌ ആർഎസ്‌എസ്‌ തയ്യാറായത്‌. കൊല്ലം മൺറോ തുരുത്തിൽ സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ ആസൂത്രിത കൊലപാതകം ഞെട്ടിക്കുന്നതാണ്‌. ഒരു സംഘർഷവും ഇല്ലാത്ത സ്ഥലത്ത്‌ പാർടി ഓഫീസിന്‌ മുന്നിൽവച്ചാണ്‌ മണിലാലിനെ നെഞ്ചിൽ കഠാര കുത്തിയിറക്കി കൊന്നത്‌. പ്രകോപനവും തിരിച്ചടിയും വിളിച്ചുവരുത്തി മുതലെടുക്കുകയായിരുന്നു ലക്ഷ്യം. ഇത്‌ തിരിച്ചറിഞ്ഞ്‌, എന്തുവിലകൊടുത്തും സമാധാനം നിലനിർത്താൻ ‌ എൽഡിഎഫ്‌ നേതാക്കൾ പ്രവർത്തകരോട്‌ അഭ്യർഥിച്ചിട്ടുണ്ട്‌. അഞ്ചുമാസത്തിനുള്ളിൽ അഞ്ച്‌ സിപിഐ എം പ്രവർത്തകരെയാണ്‌ ആർഎസ്‌എസും കോൺഗ്രസും ‌കൊലപ്പെടുത്തിയത്‌.  കൊലപാതകത്തെ നിസ്സാരവൽക്കരിച്ചും അരാഷ്‌ട്രീയവൽക്കരിച്ചും ന്യായീകരിച്ചും വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌.

ആർഎസ്‌എസ്‌ അരുംകൊലയെ  പേരിനെങ്കിലും അപലപിക്കാനുള്ള മര്യാദപോലും യുഡിഎഫ്‌ നേതാക്കൾക്കുണ്ടായില്ല.‌ ‌മാത്രമല്ല, ഈ ഘട്ടത്തിലും സിപിഐ എമ്മിനെതിരെ ബിജെപി ബന്ധം ആരോപിക്കാനാണ്‌ പ്രതിപക്ഷ നേതാവ്‌ തയ്യാറായത്‌. സ. മണിലാലിന്‌ കണ്ണീരിൽ കുതിർന്ന അന്ത്യാഭിവാദ്യം അർപ്പിക്കുന്നതോടൊപ്പം ചൊവ്വാഴ്‌ചത്തെ വോട്ടെടുപ്പിൽ എൽഡിഎഫ്‌ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങളിൽ മുഴുകാൻ എല്ലാ പ്രവർത്തകരും മുന്നോട്ടുവരണം. വികസനത്തിനും ജനക്ഷേമത്തിനുമുള്ള ഈ വോട്ട്‌ നാടിന്റെ സമാധാനത്തിനുകൂടിയുള്ളതാണെന്ന്‌ സ. മണിലാലിന്റെ രക്തസാക്ഷിത്വം അടിവരയിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top