26 April Friday

നവീനാശയങ്ങൾ നാട്‌ ഭരിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2020


തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണസമിതികൾ ചുമതല ഏൽക്കുകയാണ്‌. തിങ്കളാഴ്‌ച കോർപറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ  തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കഴിഞ്ഞു. ബുധനാഴ്‌ച ത്രിതല പഞ്ചായത്ത്‌ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുകൂടി നടക്കുന്നതോടെ നിർണായകഘട്ടം പിന്നിടും. സ്ഥിരംസമിതികളുടെയും അധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ്‌ നടത്തി എത്രയുംപെട്ടെന്ന്‌ തദ്ദേശഭരണം പ്രവർത്തനനിരതമാകും. കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥഭരണം ഒന്നരമാസം മാത്രമായി പരിമിതപ്പെടുത്താൻ സാധിച്ചത്‌  അഭിമാനാർഹമായ കാര്യമാണ്‌. ജനപ്രതിനിധികൾക്ക്‌ ഇനിയുള്ള നാളുകൾ തിരക്കിട്ടതാണ്‌. നടപ്പുവർഷത്തെ പദ്ധതി പ്രവർത്തനങ്ങളിൽ അവശേഷിക്കുന്നവ പൂർത്തിയാക്കണം. അടുത്ത ബജറ്റിനുള്ള നടപടികൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ്‌ പദ്ധതിയാസൂത്രണം നടത്തി ബജറ്റ്‌ പാസാക്കണം. അതിന്‌ മുന്നോടിയായി ഗ്രാമസഭ, വികസന സെമിനാർ തുടങ്ങിയ ജനകീയ പ്രവർത്തനങ്ങൾ. ഒഴിഞ്ഞുപോകാത്ത കോവിഡ്‌ ഭീഷണി അനിവാര്യമാക്കുന്ന മറ്റ്‌ ചുമതലകൾ. എല്ലാം ചേരുമ്പോൾ  പിടിപ്പതു പണിയുണ്ട്‌ ഓരോ ജനപ്രതിനിധിക്കും. മുതിർന്നവരുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ ഊർജസ്വലതയും ഒത്തുചേരുമ്പോൾ എല്ലാം അനായാസമാകുമെന്ന പ്രതീക്ഷയാണ്‌ എല്ലാവരിലും.

ഒട്ടേറെ പ്രത്യേകതകളുമായാണ്‌ ഈ തദ്ദേശ തെരഞ്ഞെടുപ്പിന്‌ തിരശ്ശീല വീഴുന്നത്‌. സമൂഹത്തിന്റെ പരിച്ഛേദമാകണം തദ്ദേശ ഭരണസമിതികളിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവർ എന്ന വിശാല കാഴ്‌ചപ്പാടോടെയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിനിർണയം ഉൾപ്പെടെ നിർവഹിച്ചത്‌. എന്നാൽ, മറുപക്ഷത്തുനിന്ന്‌ ഉയർന്നുകേട്ട ഒരു പ്രതികരണം ലജ്ജാകരമായിരുന്നു. ജനറൽ സീറ്റിൽ ഒറ്റ വനിതയെപ്പോലും മത്സരിപ്പിക്കരുതെന്നാണ്‌ ഒരു ഉന്നത കോൺഗ്രസ്‌ നേതാവിന്റെ തീട്ടൂരം. ഒടുവിൽ അധ്യക്ഷസ്ഥാനത്തേക്ക്‌ മത്സരിക്കേണ്ടവരെ വോട്ടിനിട്ട്‌ തീരുമാനിക്കുന്നതുവരെയെത്തി യുഡിഎഫിലെ അധികാരത്തർക്കം. എൽഡിഎഫ്‌ ആകട്ടെ ജനറൽ സീറ്റിൽ നിരവധി സ്‌ത്രീകളെ മത്സരിപ്പിച്ചു. പട്ടികവിഭാഗ സംവരണം ഒരു ചടങ്ങാക്കി മാറ്റരുതെന്ന കർശന നിലപാട്‌ സ്വീകരിച്ചു. അധ്യക്ഷപദവി പട്ടികവിഭാഗങ്ങൾക്ക്‌ സംവരണംചെയ്‌ത ഇടങ്ങളിൽ, ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയുടെ സ്ഥാനാർഥി പരാജയപ്പെട്ടാൽ ന്യൂനപക്ഷത്തിനാകും അധ്യക്ഷസ്ഥാനം. ഇത്‌ ഒഴിവാക്കാൻ സംവരണ വിഭാഗത്തിൽപ്പെട്ടവരെ എൽഡിഎഫ്‌ ജനറൽ സീറ്റിൽനിർത്തി മത്സരിപ്പിച്ച അനുഭവം പലയിടത്തും ഉണ്ടായി. അർഹമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും നൽകുക എന്ന ഉദാത്ത മാതൃകയാണ്‌ പ്രാവർത്തികമാക്കിയത്‌.


 

ഇതിൽ  എടുത്തുപറയേണ്ടത്‌ യുവജനങ്ങൾക്കു ലഭിച്ച പ്രാതിനിധ്യംതന്നെയാണ്‌. നവീന ആശയങ്ങൾ മുളപൊട്ടേണ്ട തദ്ദേശ ഭരണരംഗത്ത്‌ പുതുതലമുറയെ കൂടുതലായി കൊണ്ടുവരികയെന്നത്‌ കേവലമൊരു പ്രാതിനിധ്യ പ്രശ്‌നമല്ലെന്നും മറിച്ച്‌ കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്നും എൽഡിഎഫ്‌ തിരിച്ചറിഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ അവലംബിച്ച‌ ഈ കാഴ്‌ചപ്പാട് സ്വാഭാവികമായും അധ്യക്ഷസ്ഥാനത്തും പ്രതിഫലിക്കാതിരിക്കില്ല. എന്നാൽ, മൂക്കിനപ്പുറം കാണാൻ കഴിയാത്ത യുഡിഎഫും ബിജെപിയും, അധ്യക്ഷസ്ഥാനത്ത്‌ വന്നേക്കുമെന്ന്‌ അവർ കണക്കുകൂട്ടിയവരെ തോൽപ്പിക്കാൻ വോട്ടുകച്ചവടം നടത്തി. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തവണയും ഇക്കുറിയും ഈ അന്തർനാടകം അരങ്ങേറി. പൊട്ടക്കിണറ്റിലെ തവളകളായി മാറിയ ഈ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക്‌ അർഹിക്കുന്ന മറുപടിതന്നെയാണ്‌ ജനങ്ങൾ തെരഞ്ഞെടുപ്പിൽ നൽകിയത്‌. വിജയിച്ച സ്ഥലങ്ങളിൽ അധ്യക്ഷനെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന പേക്കൂത്തുകൾ അവർക്ക്‌‌ വോട്ടു ചെയ്‌തവരിൽത്തന്നെ അവജ്ഞയുണ്ടാക്കുന്നുണ്ട്‌. യുഡിഎഫ്‌ നെറികേടുകൾക്കെതിരെ വിമതരായി മത്സരിച്ചവരും സ്വതന്ത്രരും അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഒപ്പംനിന്നത്‌ കൂടുതൽ നഗരസഭകളുടെ ഭരണം എൽഡിഎഫിന്‌ ലഭിക്കാൻ സഹായിച്ചിട്ടുണ്ട്‌. ത്രിതല പഞ്ചായത്തിലും ഇതുതന്നെ ആവർത്തിക്കും.

അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രായംകുറഞ്ഞവരുടെ പൊതുപ്രവർത്തന പരിചയം ആവേശംകൊള്ളിക്കുന്നതാണ്‌. ബാലസംഘത്തിലും വിദ്യാർഥി സംഘടനാരംഗത്തും സന്നദ്ധ സേവനമേഖലയിലുമെല്ലാം വർഷങ്ങളായി പ്രവർത്തിക്കുന്നവർ. കൂട്ടായ  പ്രവർത്തനമേഖലയെന്ന നിലയിൽ തദ്ദേശഭരണരംഗം ഈ പുതുക്കക്കാർക്ക്‌ അവസരങ്ങളുടെ അക്ഷയഖനിയായിരിക്കും. അവരുടെ ആത്മസമർപ്പണം ഈ നാടിന്‌ സമ്മാനിക്കുന്നത്‌ വികസന ക്ഷേമപ്രവർത്തനങ്ങളുടെ വസന്തകാലവും. സമാധാനവും സഹവർത്തിത്വവുമാണ്‌  പ്രാദേശിക വികസനത്തിന്റെ അടിസ്ഥാനതത്വം.  ഇതുമറന്ന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗുകാർ ചോരവീഴ്‌ത്തിയ കാഞ്ഞങ്ങാടു നഗരസഭയിൽനിന്ന്‌ കേട്ടത്‌ തിരിച്ചറിവിന്റെ ശബ്ദമാണെങ്കിൽ ആശ്വാസകരമാണ്‌. ഔഫ്‌ അബ്ദുറഹ്‌മാൻ എന്ന ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ  കൊലപാതകത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമാണ്‌ ഉയർന്നത്‌. ഇവിടെ രണ്ട്‌ ലീഗ്‌ കൗൺസിലർമാർ എൽഡിഎഫിന്‌ വോട്ടുരേഖപ്പെടുത്തിയതും ഒരാൾ വിട്ടുനിന്നതും ഇതുമായി ചേർത്തു‌ വായിക്കാവുന്നതാണ്‌.

സ്‌ത്രീകൾക്ക്‌ അമ്പതുശതമാനം സംവരണം ഭരണഘടനാപരമാണെങ്കിലും അതിലേറെപേർ പ്രതിനിധികളായത്‌‌ അഭിമാനാർഹമാണ്‌. കുടുംബശ്രീ അംഗങ്ങളായ ഏഴായിരത്തിൽപ്പരം പേരാണ്‌ തദ്ദേശഭരണരംഗത്ത്‌ എത്തുന്നത്‌. ആശാ വർക്കർമാർ, അങ്കണവാടി, സാന്ത്വന പരിചരണ പ്രവർത്തകർ, ദുരന്തരക്ഷാ വളന്റിയർമാർ തുടങ്ങി അനുഭവസമ്പത്തുള്ള ഒട്ടേറെ പേർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

അധ്യക്ഷസ്ഥാനത്തും പകുതിയിലേറെ വനിതകളുണ്ടാകും. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർ പൊതുവിഭാഗത്തിൽ അധ്യക്ഷന്മാരായ അനുഭവങ്ങളുമുണ്ട്‌. ഈ വിധം തദ്ദേശഭരണം കൂടുതൽ അർഥപൂർണമാക്കാൻ എൽഡിഎഫ്‌ ശ്രമിക്കുമ്പോൾ, മൂന്നിലൊന്നിനടുത്ത്‌ സ്ഥാപനങ്ങൾ ഭരിക്കുന്ന യുഡിഎഫും  ബിജെപിയും അതേപാത പിന്തുടരാൻ നിർബന്ധിതരാകുമെന്ന്‌ പ്രതീക്ഷിക്കാം. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം ഏകരൂപമാക്കാൻ അത്‌ സഹായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top