26 April Friday

ഇത്‌ ജനങ്ങൾ നൽകിയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020


ത്രിതല തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ മേഖലയിലും ആധിപത്യം ഉറപ്പിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രവിജയം നേടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ഐതിഹാസിക വിജയം തന്നെയാണ്‌ എൽഡിഎഫ്‌ നേടിയത്‌. മുഖ്യപ്രതിപക്ഷമായ യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്ര സർക്കാർ ഏജൻസികളും എല്ലാവരും ചേർന്ന്‌ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആരോപണങ്ങളും അപവാദപ്രചാരണങ്ങളും അഴിച്ചുവിടുകയായിരുന്നു.

എൽഡിഎഫ്‌ ഇതുവരെ നേരിടാത്ത, വിമോചനസമരകാലത്ത്‌ കമ്യൂണിസ്റ്റ്‌ സർക്കാർ നേരിട്ടതിനു സമാനമായ കടന്നാക്രമണങ്ങളെ അതിജീവിച്ചു നേടിയ വിജയമായതുകൊണ്ടുതന്നെ ഇത്‌ ഐതിഹാസികമെന്ന വിശേഷണം അർഹിക്കുന്നു. രാഷ്ട്രീയമായ പോരാട്ടത്തിനു തയ്യാറാകാതെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ‌രാഷ്ട്രീയപിന്തുണ നേടാനുള്ള ബിജെപിയുടെയും അതിനെ പിന്തുണച്ച യുഡിഎഫിന്റെയും മുഖമടച്ചുള്ള അടിയാണ്‌ ജനവിധി. ജനങ്ങൾ ഇത്തരം അപവാദപ്രചാരകർക്കൊപ്പമല്ല, മറിച്ച്‌ എല്ലാ പ്രതിസന്ധിയിലും വെല്ലുവിളികളിലും അവർക്കൊപ്പം നിന്ന എൽഡിഎഫിനും പിണറായി വിജയൻ സർക്കാരിനൊപ്പമാണെന്ന്‌‌ ഈ വിജയം വ്യക്തമാക്കുന്നു.

ഓഖിമുതൽ പ്രളയംവരെയും നിപാ മുതൽ കോവിഡ്‌ വരെയും ജനങ്ങൾക്കൊപ്പം നിന്ന സർക്കാരിനുള്ള അവരുടെ ബിഗ്‌ സല്യൂട്ടാണ്‌ ഈ ജനവിധി. ഭരണവിരുദ്ധവികാരം ദൃശ്യമാകാത്ത തെരഞ്ഞെടുപ്പാണ്‌ ഇത്‌. അഞ്ചു‌ വർഷമായി തദ്ദേശസമിതികളിൽ ഭൂരിപക്ഷവും എൽഡിഎഫ്‌ ഭരണത്തിലായിരുന്നു. നാലരവർഷമായി സംസ്ഥാനം ഭരിക്കുന്നതും എൽഡിഎഫാണ്‌. എന്നിട്ടും ഭരണവിരുദ്ധവികാരത്തെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ ഭരണത്തിന്റെ മികവ്‌ തന്നെയാണ്‌. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനും വർഗീയതയോട്‌ സന്ധിയില്ലാതെ പൊരുതാനും എൽഡിഎഫിന്‌ മാത്രമേ കഴിയൂവെന്നും ജനങ്ങൾ വിലയിരുത്തിയതായി ജനവിധി വ്യക്തമാക്കുന്നു.



 

യുഡിഎഫ്‌ തകർന്നടിയുന്ന കാഴ്‌ചയാണ്‌ കാണാനായത്‌. വസ്‌തുതകളില്ലാത്ത ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചുകൊണ്ട്‌ ജനകീയഭരണത്തെ തകർക്കാമെന്ന യുഡിഎഫിന്റെ വ്യാമോഹമാണ്‌ പൊളിഞ്ഞുവീണത്‌. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ഹിന്ദുത്വ വർഗീയതയെയും മുസ്ലിം വർഗീയതയെയും ഒരേസമയം കൂട്ടുപിടിച്ച യുഡിഎഫിന്റെ അടിത്തറ തന്നെ ഇളകി.

എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ താങ്ങിനിർത്തിയ കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ തെക്കൻ ജില്ലകളിൽ പോലും കോൺഗ്രസിന്‌ കനത്ത തിരിച്ചടിയാണ്‌ ഉണ്ടായിട്ടുള്ളത്‌. അരനൂറ്റാണ്ടായി ഉമ്മൻചാണ്ടിയെ തെരഞ്ഞെടുക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തിലും എൽഡിഎഫ്‌ മുന്നേറ്റം നടത്തിയത്‌ ഒരു സൂചനയാണ്‌. പാലാ പോലുള്ള നഗരസഭയും യുഡിഎഫിനെ‌ കൈവിട്ടു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർടിയുമായി ചേർന്ന്‌ മലബാർ മേഖലയിൽ വൻമുന്നേറ്റം ഉണ്ടാക്കാമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടലും അസ്ഥാനത്തായി. മുക്കം പഞ്ചായത്തിന്റെ ഫലംതന്നെ ഈ രാഷ്ട്രീയ പരീക്ഷണത്തിന്റെ പരാജയത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കേരള കോൺഗ്രസ്‌ എം, എൽജെഡി എന്നീ കക്ഷികൾ യുഡിഎഫ്‌ വിട്ട്‌ എൽഡിഎഫിൽ എത്തിയത്‌ ഭരണസഖ്യത്തിന്റെ അടിത്തറ വിപുലീകരിക്കാൻ സഹായിച്ചെന്നും ഈ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.

കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയെന്ന ആനുകൂല്യം ഉപയോഗിച്ച്‌ സംസ്ഥാനത്ത്‌ വളരാനുള്ള ബിജെപിയുടെ നീക്കവും വിജയിച്ചില്ല. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറുമെന്ന ബിജെപിയുടെ അവകാശവാദവും പാളി. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പിടിച്ചടക്കുമെന്ന ബിജെപിയുടെ വീരവാദവും ജനവിധിയിൽ തകർന്നടിഞ്ഞു. ചില പോക്കറ്റുകളിൽ മാത്രമായി അവരുടെ സ്വാധീനം ഒതുങ്ങി. കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾക്കെതിരെ മുഖംതിരിഞ്ഞു നിന്ന ബിജെപിയെ ജനങ്ങൾ അവജ്ഞയോടെ തള്ളി. ഒരു രാഷ്ട്രീയ സഖ്യമെന്ന നിലയിൽ എൽഡിഎഫ്‌ നടത്തിയ കൂട്ടായ പ്രവർത്തനവും മുന്നണിയുടെ വിജയത്തെ സഹായിച്ചു.

മോഡി സർക്കാരിനെതിരെ ബദൽ നയങ്ങളും ബദൽ പരിപാടികളുമായി മുന്നോട്ടു വന്ന എൽഡിഎഫ്‌ സർക്കാരിനുള്ള അംഗീകാരം കൂടിയാണ്‌ ഈ വിജയം. കോർപറേറ്റുകൾക്കും വൻകിടക്കാർക്കുംവേണ്ടി ഭരണം നടത്തുന്ന നരേന്ദ്ര മോഡി സർക്കാരിനു ബദലായി ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന മാതൃകയാണ്‌ എൽഡിഎഫ്‌ ഉയർത്തിക്കാട്ടിയത്‌. കോവിഡ്‌ ചികിത്സ സൗജന്യമാക്കിയതും ഭവനരഹിതർക്ക്‌ വീടു നൽകുന്ന ലൈഫ്‌ പദ്ധതിയും ക്ഷേമ പെൻഷൻ വർധിപ്പിച്ച്‌ മാസാമാസം വീട്ടിലെത്തിച്ചു നൽകിയതും മറ്റും ഈ ജനപക്ഷ ബദൽ നയത്തിന്റെ ദൃഷ്ടാന്തങ്ങളാണ്‌. അതോടൊപ്പം ഗെയിൽ പൈപ്പ്‌ലൈൻ പോലുള്ള വൻകിട വികസനപദ്ധതികളും എൽഡിഎഫ്‌ യാഥാർഥ്യമാക്കി. ഈ ജനപക്ഷനയങ്ങൾക്കും വികസന കാഴ്‌ചപ്പാടിനുമുള്ള അംഗീകാരംകൂടിയാണ്‌ തെരഞ്ഞെടുപ്പുഫലം. എൽഡിഎഫ്‌ ഉയർത്തിപ്പിടിച്ച അഴിമതിരഹിത, മതനിരപേക്ഷ വികസിത കേരളത്തിന്‌ അനുകൂലമായി ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്‌ത എല്ലാവരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top