05 December Tuesday

തദ്ദേശജനാധിപത്യം അർഥപൂർണമാക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020


മഹാമാരിക്കാലത്തെയും അതിജീവിച്ച്  ജനാധികാരത്തിന്റെ സാക്ഷാൽക്കാരം. ഡിസംബർ എട്ടിന് ആരംഭിച്ച വോട്ടെടുപ്പിന്റെ അവസാന ഘട്ടം തിങ്കളാഴ്ച നടന്നതോടെ തദ്ദേശ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കേരളം വിജയകരമായ ഒരേടുകൂടി എഴുതിച്ചേർത്തു. വോട്ടെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള അതീവ ജാഗ്രതയും താൽപ്പര്യവും വെളിപ്പെടുത്തുന്നതായി ഉയർന്ന പോളിങ് ശതമാനം. ഒടുവിൽ ലഭിച്ച കണക്കുപ്രകാരം മൂന്നു ഘട്ടത്തിലുംകൂടി ആകെ 76 ശതമാനത്തിലധികം വോട്ടു രേഖപ്പെടുത്തിയതായാണ്‌ പ്രാഥമികകണക്ക്‌. ചൊവാഴ്‌ച ഉച്ചയോടെ മാത്രമേ അന്തിമരൂപമാവുകയുള്ളൂ.കോവിഡ് കാലത്തിന്റെ പ്രയാസങ്ങൾകൂടി കണക്കിലെടുക്കുമ്പോൾ ഇത് വലിയ മുന്നേറ്റമാണ്.  കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് വോട്ടെടുപ്പ് നടത്താൻ കഴിഞ്ഞതും എടുത്തു പറയണം. എങ്കിലും, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ, കൃത്യവും വ്യക്തവുമായ കർമപരിപാടികൾ മുന്നോട്ടുവച്ചാണ്  ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ട്‌ ചോദിച്ചത്. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന എൽഡിഎഫ് പ്രകടനപത്രികയ്‌ക്ക് വലിയ സ്വീകാര്യത ലഭിച്ചുവെന്ന് വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമാണ്. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നതായിരുന്നു എൽഡിഎഫ് ഉയർത്തിയ മുദ്രാവാക്യം. എവിടെയും ജനങ്ങൾ അത് ഏറ്റെടുത്തു. ഒപ്പം, സംസ്ഥാന സർക്കാർ നാലര വർഷത്തിനകം നടപ്പാക്കിയ വികസന- ക്ഷേമപരിപാടികൾ ജനങ്ങളുടെ അനുഭവമായിരുന്നു.  പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഹരിക്കാൻ കഴിയുന്ന പരിപാടികളാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമായിരിക്കും അന്തിമഫലമെന്ന് പ്രതീക്ഷിക്കാം.

ഇങ്ങനെ കൃത്യമായ നിലപാടുകളോടെയും കർമപരിപാടികളോടെയും എൽഡിഎഫ് ജനങ്ങളെ സമീപിച്ചപ്പോൾ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് വിവാദങ്ങളുണ്ടാക്കാൻ മാത്രമാണ് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിച്ചത്.  സർക്കാരിന്റെ ജനക്ഷേമ -വികസന പരിപാടികൾക്കെതിരെ ഒന്നും പറയാനില്ലാതെ, ആരോപണങ്ങൾ കെട്ടഴിച്ചുവിടുകയായിരുന്നു രണ്ടു കൂട്ടരും. സമീപകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കളികൾക്കാണ് ഈ തെരഞ്ഞെടുപ്പ്കാലത്ത് കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയത്.  വികസനപദ്ധതികളുടെ ഉദ്ദേശ്യശുദ്ധിയെയും ധാർമികതയെയും ചോദ്യം ചെയ്യാൻ അവർക്ക് ഒരുളുപ്പുമുണ്ടായില്ല. അധാർമികമായ സ്വഭാവഹത്യകളുടെ പരമ്പരകൾതന്നെ അരങ്ങേറി. സർക്കാരിനെതിരെയും ഭരണനേതൃത്വത്തിനെതിരെയും ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ, സംഘടിതവും ആസൂത്രിതവുമായ ദുരാരോപണങ്ങൾ   ദിനേനയെന്നോണം ഉന്നയിച്ചു. കേരളത്തിൽ കറങ്ങുന്ന കേന്ദ്ര അന്വേഷണ ഏജൻസികളും ഇതിന് ചൂട്ടുപിടിച്ചു.


 

ഏറ്റവുമൊടുവിൽ, കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമോ എന്ന് പത്രസമ്മേളനത്തിലുയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടിപോലും വിവാദമാക്കി. മുഖ്യമന്ത്രി പറഞ്ഞതാകട്ടെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ള കാര്യവും. ചുരുക്കിപ്പറഞ്ഞാൽ,  തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും ഒരു രാഷ്ട്രീയവും പറയാനുണ്ടായിരുന്നില്ല. ഒരു ജനപക്ഷ പരിപാടിയും രണ്ടു കൂട്ടർക്കുമുണ്ടായില്ല.   കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഈ ദൗർബല്യം വെളിപ്പെടുത്തുന്നതാണ് വർഗീയശക്തികളുമായി പ്രത്യക്ഷമായും പരോക്ഷമായും അവരുണ്ടാക്കിയ സഖ്യം. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായും ബിജെപിയുമായും യുഡിഎഫ് തരാതരംപോലെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനൊക്കെ ജനങ്ങൾ മറുപടി പറയുമെന്നുറപ്പിക്കാം.

ഇനിയിപ്പോൾ, ബുധനാഴ്ച ഫലം അറിഞ്ഞുകഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കകം പുതിയ ജനപ്രതിനിധികൾ അധികാരത്തിൽ വരികയായി. ചില കാര്യങ്ങൾ അവരെല്ലാം അറിയുന്നതും പഠിക്കുന്നതും നന്നാകും.  ഇന്ത്യയിലെവിടെയും ഗ്രാമ പഞ്ചായത്തുകളും പലേടത്തും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുമൊക്കെ കണ്ടേക്കാം. എന്നാൽ, അവിടങ്ങളിലൊന്നും കേരളത്തിലേതുപോലെ ശോഭനമല്ല ഈ സ്ഥാപനങ്ങളുടെ അവസ്ഥ. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ അധികാരങ്ങൾ, അവകാശങ്ങൾ, വിഭവങ്ങളിലുള്ള നിയന്ത്രണം എന്നീ കാര്യങ്ങളെല്ലാം ഫലപ്രദമായി നടപ്പാകുന്നത് കേരളത്തിൽമാത്രം. എന്തുകൊണ്ട് കേരളത്തിൽ ഈ വ്യത്യാസമെന്ന് ചോദിച്ചാൽ, കേരളത്തിലെ പുരോഗമന - ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്താണ് അതെന്ന് നിസ്സംശയം പറയാം. അധികാര വികേന്ദ്രീകരണത്തെ ലക്ഷ്യമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി നടപ്പാക്കിയ ജനകീയാസൂത്രണമടക്കം ഒട്ടേറെ പരിപാടികൾ പഞ്ചായത്ത് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.  അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അതിൽ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും  ഒരു പൊതു വ്യവസ്ഥ രൂപപ്പെടുത്തുന്നതിനും ജനങ്ങളിൽ ധാരണയുണ്ടാക്കുന്നതിനും കേരളത്തിലെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

പുതിയ ഭരണസമിതികൾ നിലവിൽ വരുമ്പോൾ ഇ എം എസ് പറഞ്ഞ ഒരു കാര്യംകൂടി എല്ലാവർക്കും ഓർക്കാവുന്നതും മാർഗദർശനമായി സ്വീകരിക്കാവുന്നതുമാണ്. ജനകീയാസൂത്രണത്തിനുമുന്നേ,1995ൽ ചിന്ത പ്രസിദ്ധീകരിച്ച പഞ്ചായത്തീരാജ് പതിപ്പിൽ ഇ എം എസ് എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു: ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തിയിൽ ആവിഷ്കരിക്കുന്ന വികസന പരിപാടിക്ക് ഓരോ ജനപ്രതിനിധിയും സ്ഥാപനത്തിലുമുള്ള ഭരണക്കാരും പ്രതിപക്ഷക്കാരും സഹകരിക്കണം.  ആ അടിസ്ഥാനത്തിൽ, തെരഞ്ഞെടുപ്പിൽ ജയിക്കുന്നവർ തോൽക്കുന്നവർക്കും തോൽക്കുന്നവർ ജയിക്കുന്നവർക്കും സഹകരണം നൽകിയുള്ള ഒരു വികസന സംസ്കാരം രൂപപ്പെടുത്തണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു വികസന സംസ്കാരം. അതാണ് ഇ എം എസ്  ഉദ്ദേശിച്ചത്. തദ്ദേശജനാധിപത്യം അർഥപൂർണമാകുന്നത് അങ്ങനെയാണ്. ഇ എം എസിന്റെ  ഈ വാക്കുകൾ ഇപ്പോഴും എപ്പോഴും പ്രസക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top