19 April Friday

കൂടുതൽ വിനയാന്വിതരായി ജനങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020


കേരളത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന ജനങ്ങളുടെ അസന്ദിഗ്‌ധമായ പ്രഖ്യാപനമാണ്‌ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ഐതിഹാസിക വിജയം‌. സുദീർഘമായ പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്ത ഈ നാടിനെ വർഗീയവാദികൾക്കും പ്രതിലോമ ശക്തികൾക്കും വിട്ടുകൊടുക്കില്ലെന്ന്‌ അവർ ഉറപ്പിച്ചു പറഞ്ഞു. വലതുപക്ഷ പാർടികളും മാധ്യമങ്ങളും സൃഷ്‌ടിച്ച  ഇടതുപക്ഷ വിരുദ്ധത എന്ന ഒറ്റ അജൻഡയിലൂന്നിയ രാഷ്‌ട്രീയം ഈ വിധിയെഴുത്തിലൂടെ ജനങ്ങൾ എന്നെന്നേക്കുമായി തിരസ്‌കരിച്ചു കഴിഞ്ഞു. മതനിരപേക്ഷതയുടെയും ജനപക്ഷ വികസനത്തിന്റെയും ബദൽ രാഷ്‌ട്രീയമാണ്‌ കേരളത്തിന്റെ വഴിയെന്ന്‌ കൂടുതലാളുകൾ തിരിച്ചറിയുന്നുവെന്നാണ്‌ ഈ ജനവിധിയുടെ യഥാർഥ അർഥം.

എൽഡിഎഫ്‌ സർക്കാരിനെതിരെ പ്രചണ്ഡമായ വ്യാജപ്രചാരണങ്ങളാണ്‌ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും മാസങ്ങളായി നടത്തുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ ആരോപണങ്ങളുടെ പുകമറയിൽ നിർത്താൻ ധാർമികതയുടെ കണികയില്ലാത്ത അവർ ശത്രുതാപ്രചാരണം‌ അഴിച്ചുവിട്ടു‌. ഈ സർക്കാരിനെയും ഇടതുപക്ഷത്തെയും ഏതുവിധേനയും നശിപ്പിക്കും എന്ന ദുർവാശിയിൽ ബോധം നശിച്ചപോലെയാണ്‌ ചില അച്ചടി–-ദൃശ്യമാധ്യമങ്ങൾ പെരുമാറിയത്‌. ചില അവതാരകരാകട്ടെ സംഘപരിവാർ നേതാക്കളെ നാണിപ്പിക്കുന്നവിധം തരംതാണു. സെക്രട്ടറിയറ്റിലെ ഷോർട്ട്‌ സർക്യൂട്ടും തീപിടിത്തവും ഇടിമിന്നലുമടക്കം കിട്ടിയെതെല്ലാം എടുത്ത്‌ അവർ സർക്കാരിനെയും സിപിഐ എമ്മിനെയും ഭ്രാന്തമായി പ്രഹരിച്ചു. പ്രതിപക്ഷവുമായി ചേർന്ന്‌ സൃഷ്‌ടിച്ച ഈ ദുഷ്‌പ്രചാരണത്തിന്റെ പുക നിരന്തരം ശ്വസിച്ച്‌ ബുദ്ധിയും കാഴ്‌ചയും മങ്ങിയ മാധ്യമ അവതാരകരും റിപ്പോർട്ടർമാരും പ്രതികളെ ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന പണിപോലും ഏറ്റെടുത്തു. പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന പ്രസിഡന്റും നടത്തുന്ന അധിക്ഷേപങ്ങൾ ബ്രേക്കിങ്‌ ന്യൂസാക്കിയും ചർവിതചർവണം ചെയ്‌തും കള്ളവാർത്തകളുടെ പെരുമഴയിൽ ആറാടി. കേന്ദ്ര അന്വേഷണ ഏജൻസികൾ കൊണ്ടുവന്ന കുരുക്ക്‌ ഇതാ മുറുകിയെന്ന്‌ നിരന്തരം വിളിച്ചുകൂവി. ചുഴലിക്കാറ്റ്‌ മുന്നറിയിപ്പ് ‌ വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽപ്പോലും പഴകിത്തേഞ്ഞ ആരോപണങ്ങളെക്കുറിച്ച്‌ ഔചിത്യമില്ലാതെ ചോദിച്ച ലേഖകരുണ്ട്‌. വിമോചനസമരകാലത്ത്‌ തുടങ്ങിയ ഇടതുപക്ഷവിരുദ്ധ പ്രചാരണത്തിന്റെ ഏറ്റവും സംഘടിതരൂപമാണ്‌ ഇവിടെ അരങ്ങേറുന്നത്‌.


 

കോൺഗ്രസിനെ തകർക്കാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ‌ ഉപയോഗിക്കുന്നു എന്ന്‌ പരാതിയുണ്ടെങ്കിലും കേരളത്തിൽ അവർക്ക്‌ പരവതാനി വിരിക്കുകയാണ്‌‌ യുഡിഎഫ്‌. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽപ്പോലും കേന്ദ്ര ഏജൻസികൾ ഇടപെടുമ്പോൾ ചൂട്ടുപിടിച്ച്‌ പ്രതിപക്ഷവും മാധ്യമങ്ങളും കേരളത്തെ തകർക്കാൻ കൂട്ടുനിൽക്കുന്നു. ചർച്ചകളിൽ ഇടതുപക്ഷത്തിനെതിരായ ആക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കുകയും സംഘപരിവാറിന്റെ കൊള്ളരുതായ്‌മകൾക്കെതിരെ നിശ്ശബ്‌ദരാകുകയും ചെയ്യുന്ന അവതാരകർ സമീപകാലത്തെ ഏറ്റവും അപകടകരമായ ടെലിവിഷൻ ദൃശ്യമാണ്.‌ സിപിഐ എമ്മും ഇടതുപക്ഷവും കൊള്ളരുതാത്തവരാണെന്ന്‌ വരുത്തിത്തീർക്കുക എന്ന ഒറ്റ ലക്ഷ്യമാണ്‌ ഇതിന്റെയെല്ലാം പിന്നിൽ. ഇത്തരക്കാർക്കെല്ലാമുള്ള മറുപടിയാണ്‌ ഈ ജനവിധി. ഇടതുപക്ഷവിരുദ്ധ പ്രചാരണം തള്ളി ജനപക്ഷബദൽ സംരക്ഷിക്കുമെന്ന വോട്ടർമാരുടെ നിശ്‌ചയദാർഢ്യം‌ വ്യക്തമാക്കുന്ന വിധിയെഴുത്ത്‌.

അതേസമയം, പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെ പുകമറയിൽ കുലുങ്ങാതെ സംസ്ഥാന സർക്കാർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത്‌, അന്തിയുറങ്ങാൻ വീടുകൾ പണിതു നൽകി, ക്ഷേമപെൻഷൻ എത്തിച്ച്‌,  എല്ലാവരുടെയും പട്ടിണിയകറ്റി. ജനങ്ങളുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ടു. സ്വന്തം ജീവിതത്തെ സർക്കാർസേവനങ്ങൾ വന്നുതൊടുമ്പോൾ വികാരാധീനരാകുന്ന മനുഷ്യരുടെ മനസ്സ്‌ ഭരണനേതൃത്വം മനസ്സിലാക്കുന്നുണ്ടായിരുന്നു. ആ ഉൾച്ചൂട്‌ അറിയാവുന്നതുകൊണ്ടാണ്‌ ജനങ്ങൾ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെടുക്കുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്‌. നിങ്ങൾക്ക്‌ ബോധ്യമുള്ള കാര്യങ്ങൾമാത്രം വാർത്തയാക്കൂ എന്ന മുഖ്യമന്ത്രിയുടെ സ്‌നേഹപൂർണമായ അഭ്യർഥന മാധ്യമപ്രവർത്തകർക്ക്‌ എന്നെന്നേക്കുമുള്ള പാഠമാകുന്നത്‌ അതുകൊണ്ടുകൂടിയാണ്‌.

ജനവിധിക്ക്‌ മുന്നിൽ വിനയാന്വിതരാകുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ജനപക്ഷത്തുനിൽക്കുന്ന എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുക്കേണ്ടതുണ്ട്‌. ഞങ്ങളെ പിന്തുണച്ചത്‌ അബദ്ധമായെന്ന്‌ തോന്നാൻ ഇടയാക്കുന്ന ഒരു പ്രവർത്തനവും ഒരിക്കലും ഉണ്ടാകില്ലെന്ന് അദ്ദേഹം നൽകിയ ഉറപ്പ്‌ ഓരോ ഇടതുപക്ഷ പ്രവർത്തകന്റെയും ഉറപ്പാണ്‌. മനുഷ്യരുടെ ജീവിതത്തിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കും തികഞ്ഞ ആത്മാർഥതയോടെയും കരുതലോടെയും കടന്നുചെല്ലാൻ ഇടതുപക്ഷത്തിന്‌ കഴിയണം. വിജയത്തിന്റെ ആവേശവും ഊർജവും കരുതലിന്റെയും വികസനത്തിന്റെയും ബദൽ രാഷ്‌ട്രീയത്തിലേക്ക്‌ ചേർത്തുവയ്‌ക്കുമ്പോൾ വിജയത്തുടർച്ച അകലെയല്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top