20 April Saturday

കേരളം ഇന്ത്യക്ക്‌ വഴികാട്ടി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

അന്ധമായ രാഷ്ട്രീയ വിരോധംവച്ച്‌ കേന്ദ്ര ഭരണക്കാരും വലതുപക്ഷ പാർടിക്കാരും ഏതാനും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കേരളവിരുദ്ധ പ്രചാരവേലയ്‌ക്കുള്ള കൃത്യമായ മറുപടിയാണ്‌ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമു കഴിഞ്ഞദിവസം ജനങ്ങളോട്‌ വിളിച്ചുപറഞ്ഞത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും കുപ്രചാരണങ്ങളിലൂടെയും വലതുപക്ഷ മാധ്യമങ്ങളുടെ തമസ്‌കരണത്തിലൂടെയും സത്യം മറച്ചുവയ്‌ക്കാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. കേരളത്തിന്റെ നേട്ടങ്ങൾ ആർക്കും നിഷേധിക്കാനാകാത്ത ആധികാരിക രേഖയാണ്‌. അതുകൊണ്ടാണ്‌ കേരളം ഇന്ത്യക്ക്‌ വഴികാട്ടിയാണെന്ന്‌ രാഷ്‌ട്രപതിക്ക്‌ പറയേണ്ടിവന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും പറയുന്നതല്ല കേരളമെന്ന്‌ രാഷ്‌ട്രപതിയുടെ വാക്കുകളിൽനിന്ന്‌ വ്യക്തമാണ്‌. ഇന്ത്യക്ക്‌ മാതൃകയാണ്‌ കേരളം എന്നത്‌ ഓരോ മലയാളിക്കും അഭിമാനമാണ്‌.

സദാസമയവും കേരളത്തെ ഇകഴ്‌ത്തിക്കാണിക്കാൻ മത്സരിക്കുന്ന ബിജെപിയും യുഡിഎഫും അവർക്ക്‌ എല്ലാവിധ പ്രോത്സാഹനവും നൽകുന്ന മാധ്യമങ്ങളും രാഷ്‌ട്രപതി പറഞ്ഞതിന്റെ അന്തഃസത്ത എന്താണെന്ന്‌ മനസ്സിലാക്കണം. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രിക്കുള്ള മറുപടിയാണ്‌ രാഷ്ട്രപതി നൽകിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായംതന്നെയാണ്‌ ശരി. കമ്യൂണിസ്റ്റുകാർ പാവപ്പെട്ടവരെക്കുറിച്ച്‌ സംസാരിക്കുന്നതല്ലാതെ അവർക്കുവേണ്ടി ഒന്നുംചെയ്യുന്നില്ലെന്ന അമിത്‌ ഷായുടെ വിടുവായത്തത്തിനുള്ള മറുപടിയാണ്‌ ദ്രൗപദി മുർമു നൽകിയത്‌. ഒട്ടേറെ മാനവ വികസന സൂചികകളിൽ കേരളം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്‌ എന്തുകൊണ്ടാണെന്നുള്ള തിരിച്ചറിവ്‌ കേരളത്തെ ഇകഴ്‌ത്തുന്നവർക്കുണ്ടാകണം. വിവിധ മേഖലയിൽ കേരളം ഒന്നാമതാണെന്ന്‌ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നിതി ആയോഗിന്‌ തന്നെ അംഗീകരിക്കേണ്ടിവന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ രാഷ്‌ട്രപതിയുടെ അഭിപ്രായപ്രകടനങ്ങൾ.

കേരളത്തിലെ സ്‌ത്രീകൾ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്‌. കേരളത്തിന്റെ മികവിന്‌ ഇത്‌ വലിയ സഹായകമായിട്ടുണ്ട്‌. കുടുംബശ്രീ ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വയംസഹായ ശൃംഖലകളിൽ ഒന്നാണ്‌. ആദ്യമായി കേരളത്തിൽ എത്തിയ രാഷ്‌ട്രപതി ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്‌ വെറുതയല്ല. കേരളത്തെക്കുറിച്ച്‌ ലോകത്താകെ നടക്കുന്ന ചർച്ചയുടെ ഫലമാണ്‌. ലോകത്തിന്‌ മാതൃകയായ വികസനപ്രവർത്തനങ്ങളാണ്‌ കേരളം ഏറ്റെടുക്കുന്നത്‌. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊന്നും സ്വപ്‌നം കാണാനാകാത്ത നേട്ടങ്ങളാണ്‌ കൊച്ചുകേരളം നേടിയെടുക്കുന്നത്‌. ഇ എം എസ്‌ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കൾ നവകേരള സൃഷ്ടിക്കായി ദീർഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച  പദ്ധതികളാണ്‌ കേരളത്തിന്റെ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനമെന്ന്‌ നാം ഒരിക്കലും മറക്കാൻ പാടില്ല.
ഇടതുപക്ഷം ഭരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി പ്രതിസന്ധിയിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിക്കാനുള്ള വഴികളാണ്‌ ജനങ്ങളുടെ പിന്തുണയോടെ കേരളം തേടുന്നത്‌. ദൗർഭാഗ്യമെന്ന്‌ പറയട്ടെ ബിജെപിയുടെ ഈ നീക്കത്തിന്‌ എല്ലാവിധ ഒത്താശയും നൽകാൻ കേരളത്തിന്റെ പ്രതിപക്ഷവും അവരുടെ മാധ്യമങ്ങളും മത്സരിക്കുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌.

അരികുവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയാണ്‌ കേരളം നിലകൊള്ളുന്നത്‌. ഭൂപരിഷ്‌കരണംമുതൽ ക്ഷേമപെൻഷൻവരെ നടപ്പാക്കിയത്‌ ഇതിന്റെ ഭാഗമാണ്‌. പട്ടികവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്താൻ കേരളത്തിലേതുപോലെ മറ്റെവിടെയാണ്‌ ശ്രമിക്കുന്നത്‌. ജനസംഖ്യാനുപാതത്തിലും ഉയർന്ന ബജറ്റ്‌ വിഹിതമാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. അതുകൊണ്ടാണ്‌ പട്ടിക വിഭാഗക്കാരികൂടിയായ രാഷ്‌ട്രപതി ഇക്കാര്യത്തിൽ കേരളത്തിലുണ്ടായ അഭിവൃദ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന്‌ പറഞ്ഞത്‌. ഇന്ത്യയിലെ മറ്റേത്‌ സംസ്ഥാനത്താണ്‌ പട്ടികവിഭാഗക്കാർ ഇത്ര അന്തസ്സോടെ  ജീവിക്കുന്നത്‌. ക്ഷേത്ര പരിസരത്തുകൂടി കീഴ്‌ജാതിക്കാരന്‌ സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നവേളയിൽ ഉത്തരേന്ത്യയിലും നമ്മുടെ അയൽ സംസ്ഥാനങ്ങളിൽപ്പോലും ക്ഷേത്രത്തിൽ കയറുന്ന ദളിതരെ തല്ലിയോടിക്കുന്ന സ്ഥിതിയാണെന്ന്‌ നാം മറന്നുകൂടാ.

എല്ലാ മതവിഭാഗക്കാരും സഹോദരതുല്യമായി ജീവിക്കുന്ന സ്ഥലം കേരളം അല്ലാതെ ഇന്ത്യയിൽ എവിടെയുണ്ട്‌. ഈ സമാധാനത്തെ കലുഷിതമാക്കാനുള്ള തീവ്രശ്രമമാണ്‌ സംഘപരിവാർ നേതൃത്വത്തിൽ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌. മത–-ജാതി ഭേദമില്ലാതെ എല്ലാവരും സ്‌നേഹത്തോടെ ജീവിക്കുന്ന അവസ്ഥയില്ലാതാക്കി വെറുപ്പിന്റെ രാഷ്‌ട്രീയം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കേരളം പ്രതിരോധിക്കുമെന്നതിൽ സംശയമില്ല. അതിന്റെ തെളിവാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധജാഥയിലേക്ക്‌ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top