29 March Friday

തെരഞ്ഞെടുപ്പിൽ മതം കലർത്തരുത‌്

വെബ് ഡെസ്‌ക്‌Updated: Saturday Nov 10, 2018

1951 ലെ   ഇന്ത്യൻ ജനപ്രാതിനിധ്യനിയമത്തിലെ  വകുപ്പ് 123  തെരഞ്ഞെടുപ്പ്  അഴിമതികൾ നിർവചിച്ചിട്ടുണ്ട്.  അതുപ്രകാരം  ജാതി-മത-ഭാഷ-വംശ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്  പ്രചാരണം നടത്തുന്നതും വോട്ട്  തേടുന്നതും അയോഗ്യതയ്ക്ക് കാരണമാകും.  രാഷ്ട്രീയപാർടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് 2017 ലെ ഏഴംഗ  ഭരണഘടനാ ബെഞ്ചിന്റെ വിധി അസന്ദിഗ് ധമായി വ്യക്തമാക്കുന്നുണ്ട്. 

അഴീക്കോട് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി  കേവലം ഒരു നിയോജകമണ്ഡലത്തെയോ ആ മണ്ഡലത്തിന്റെ നിയമസഭാ പ്രാതിനിധ്യത്തെയോമാത്രം ബാധിക്കുന്ന ഒന്നല്ല. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ
അതീവപ്രാധാന്യവും പ്രസക്തിയും ആ വിധിക്കുണ്ട്. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിയമത്തിനു നിരക്കുന്നതല്ല എന്നാണ‌് ഈ  വിധി ആവർത്തിച്ചുറപ്പിക്കുന്നത്. ‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവർ ചെകുത്താന്റെകൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മൾക്കുവേണ്ടി കാവൽ തേടുന്ന മുഹ് മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാൻ എല്ലാ മുഹ് മിനിങ്ങളും അല്ലാഹുവിനോട് പ്രാർഥിക്കുക. കെ എം ഷാജിയെ ഏണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക’- എന്നാഹ്വാനംചെയ്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിനിധിയും യുഡിഎഫ് സ്ഥാനാർഥിയുമായ കെ എം ഷാജി മത്സരിച്ചത്. അത് കോടതിക്കുമുന്നിൽ തെളിയിക്കപ്പെട്ടു. അതോടെ കെ എം ഷാജി എംഎൽഎ സ്ഥാനത്തിരിക്കാനോ വരുന്ന ആറുവർഷത്തേക്ക‌് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ യോഗ്യതയില്ലാത്ത ആളായി മാറി എന്നാണ‌് കോടതി വിധിച്ചത്.

1951 ലെ   ഇന്ത്യൻ ജനപ്രാതിനിധ്യനിയമത്തിലെ  വകുപ്പ് 123  തെരഞ്ഞെടുപ്പ്  അഴിമതികൾ നിർവചിച്ചിട്ടുണ്ട്.  അതുപ്രകാരം  ജാതി-മത-ഭാഷ-വംശ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്  പ്രചാരണം നടത്തുന്നതും വോട്ട്  തേടുന്നതും അയോഗ്യതയ്ക്ക് കാരണമാകും.  രാഷ്ട്രീയപാർടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് 2017 ലെ ഏഴംഗ  ഭരണഘടനാ ബെഞ്ചിന്റെ വിധി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.  ഭരണഘടനയ്ക്ക് വിധേയമായാണ് രാഷ്ട്രീയപാർടികൾ പ്രവർത്തിക്കേണ്ടതെന്ന‌് അന്നത്തെ   ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ നേതൃത്വം നൽകിയ ബെഞ്ച്  വ്യക്തമാക്കിയിട്ടുണ്ട്.  തെരഞ്ഞെടുപ്പിലെ മത-ജാതി പ്രയോഗം  അഴിമതിയായും ഭരണഘടനാലംഘനമായും കണക്കാക്കുന്നതിനുപുറമെ   ജനപ്രാതിനിധ്യനിയമം 123ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും അതനുസരിച്ച‌് തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനൽ കേസ് ചുമത്താനും സാധിക്കുമെന്നും ആ വിധിയിലുണ്ട്.

അന്ന് കോടതി പറഞ്ഞ ഓരോ കാര്യങ്ങളും ഷാജിയെ അയോഗ്യനാക്കിയ വിധിയുടെയും സമകാലീന രാഷ്ട്രീയസാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ പ്രസക്തമാണ്. നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്നത‌് മതനിരപേക്ഷതയാണ‌്; അതിൽ രാഷ്ട്രീയവും മതവും കലർത്തരുത്; രാജ്യത്ത് നടത്തുന്ന ഓരോ തെരഞ്ഞെടുപ്പും മതേതരനടപടിയാണ്; അതിനാൽത്തന്നെ  ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും മതേതരമായിരിക്കണം എന്നാണ‌് സുപ്രീംകോടതി പറഞ്ഞത്. 

ഇവിടെ, അടുത്തവർഷം വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യ അജൻഡ പൊടിതട്ടിയെടുക്കുകയാണ് ആർഎസ്എസ്. രാമക്ഷേത്ര നിർമാണവും രാമപ്രതിമാ നിർമാണവും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. വർഗീയവിദ്വേഷം ചുരത്തുന്ന പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും അന്തരീക്ഷത്തിൽ ഉയർന്നുതുടങ്ങി. കേരളത്തിലാകട്ടെ, ശബരിമലയിൽ സ്ത്രീപ്രവേശം   അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനെതിരെ കലാപം അഴിച്ചുവിട്ട‌് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പദ്ധതിയാണ് സംഘപരിവാർ നടപ്പാക്കുന്നത്. രാഷ്ട്രീയ മുദ്രാവാക്യങ്ങളോ പ്രവർത്തനമികവോ  സ്വീകാര്യമായ നയങ്ങളോ സ്വീകാര്യതയോ ജനങ്ങൾക്കുമുന്നിൽ വയ‌്ക്കാൻകഴിയാതെ വർഗീയവികാരോത്തേജനം അതിജീവനരാഷ്ട്രീയമാക്കുന്ന ബിജെപിയുടെ പിന്നാലെ കോൺഗ്രസ‌് പോകുകയും അതിനെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗടക്കമുള്ള കക്ഷികൾ പിന്തുടരുകയും ചെയ്യുന്നു. ശബരിമലവിഷയം ഉയർത്തി ഒരേസമയം  ബിജെപിയും കോൺഗ്രസും രഥയാത്ര നടത്തുന്നു.

ബിജെപിയുടെ ബി ടീമായി കോൺഗ്രസ‌് രംഗത്തുവന്നപ്പോൾ, ആ പാർടിയുടെ സുപ്രധാന നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന അനുഭവവും ഉണ്ടായി, മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി കാണാത്ത, കണ്മുന്നിലെത്തിനിൽക്കുന്ന വിപത്തിലേക്ക് നോക്കാതെ കേവലം നാല് വോട്ടുകിട്ടുമെന്ന പ്രതീക്ഷയിൽ സ്വന്തം നിലപാടുകളെയും പാരമ്പര്യത്തെയും തള്ളിക്കളഞ്ഞ കോൺഗ്രസ‌് ചിത്രത്തിൽനിന്ന് അസ്തമിക്കുന്നു. അത്തരം ഘട്ടത്തിലാണ്, രണ്ടരക്കൊല്ലം മുമ്പ‌് അതേ കോൺഗ്രസും ലീഗും നടത്തിയ അപകടകരമായ കളിക്ക് കേരള ഹൈക്കോടതിയുടെ പ്രഹരമുണ്ടാകുന്നത്. 

കെ എം ഷാജിക്കുവേണ്ടിയുള്ള വർഗീയപ്രചാരണത്തിനായി തയ്യാറാക്കി വിതരണംചെയ്ത ലഘുലേഖ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും  കോൺഗ്രസ് നേതാവുമായിരുന്ന മനോരമയുടെ വീട്ടിൽനിന്നാണ് തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പിടിച്ചെടുത്തത് എന്നോർക്കണം.  യുഡിഎഫ് ഭരണത്തിലിരിക്കെയാണ് പൊലീസും  ഉദ്യോഗസ്ഥരും ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ഇവ പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ കോടതിവിധി യുഡിഎഫിന്റെ വർഗീയപ്രീണന നയത്തിനേറ്റ ആഘാതമാണ്. അതേ തന്ത്രം പരസ്യമായി ഉപയോഗിക്കുന്ന സംഘപരിവാറിനുള്ള താക്കീതുമാണ്. മതനിരപേക്ഷതയും അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഉണ്ടാകണം എന്നാണ‌് ഹൈക്കോടതി സുദൃഢമായ ഭാഷയിൽ പറയുന്നത്. അല്ലാതുള്ള രാഷ്ട്രീയ ഇടപെടലുകൾ ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമല്ല.

സാങ്കേതിക ന്യായങ്ങൾ പറഞ്ഞ‌് അപ്പീൽ നൽകുകയല്ല, ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തുകയാണ് യുഡിഎഫ് നേതൃത്വത്തിന് മുന്നിലുള്ള കരണീയമായ വഴി. എം വി നികേഷ് കുമാറിന് കോടതിച്ചെലവ് നൽകുന്നതിനോ ആറുവർഷത്തേക്ക‌് മത്സരത്തിൽനിന്ന് മാറിനിൽക്കുന്നതിലോ ഷാജി മടികാണിക്കേണ്ടതില്ല. അത് കുറഞ്ഞ ശിക്ഷയാണ്. കെ എം ഷാജി എന്ന വ്യക്തിക്കെതിരെയുള്ള വിധിയല്ല, യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയത്തിനെതിരായുള്ള വിധിയാണിത്. സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന അപകടകരമായ വർഗീയരാഷ്ട്രീയത്തെ എത്രമാത്രം ശക്തിയോടെ എതിർത്തു പരാജയപ്പെടുത്തണം എന്ന സന്ദേശവും ഈ വിധിയിലുണ്ട്. അത് യുഡിഎഫ് നേതൃത്വം മനസ്സിലാക്കിയില്ലെങ്കിലും അണികൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top