02 October Monday

ജനാധിപത്യവും ഭരണഘടനയും കാത്ത ഹൈക്കോടതി വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021


ഏതു തലത്തിലുള്ളതായാലും തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ജനാധിപത്യത്തിന്റെ പ്രതീകമാണ് തെരഞ്ഞെടുപ്പുകൾ. അത് യഥാസമയം നടത്തേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവവുമായി നടത്താനും കമീഷന് കഴിയണം.

തെരഞ്ഞെടുപ്പ് യഥാസമയം നടത്താതിരിക്കുകയെന്നാൽ ജനാധിപത്യംതന്നെ അട്ടിമറിക്കലാണ്. അതുകൊണ്ടുതന്നെ, രാജ്യസഭയിലേക്ക് കേരളത്തിൽനിന്ന് ഒഴിവ്‌ വരുന്ന മൂന്ന് സീറ്റിലേക്ക് മെയ് രണ്ടിനുമുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രധാനമാണ്. ഹൈക്കോടതിയുടെ ഉത്തരവ്, കമീഷന്റെ സ്വതന്ത്രാധികാരത്തിൽ ഇടപെട്ട കേന്ദ്ര ബിജെപി സർക്കാരിനും കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിച്ച കമീഷനും താക്കീതുമായി. ഈ വിധി ഭരണഘടനാമൂല്യങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നു. കോടതി ഉത്തരവിനെത്തുടർന്ന് ഏപ്രിൽ 30ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ ജനാധിപത്യത്തിൽ പാർലമെന്റിന് പരമപ്രാധാന്യമുണ്ട്. ആ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ കൃത്യമായി പറഞ്ഞാൽ സംസ്ഥാനങ്ങളുടെ കൗൺസിലാണ്. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളാണ് രാജ്യസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. അത് സംസ്ഥാനങ്ങളുടെ അവകാശവും അധികാരവുമാണ്. നിലവിലുള്ള കേരള നിയമസഭയിലെ അംഗങ്ങളുടെ ഈ അധികാരവും അവകാശവുമാണ്, മതിയായ ഒരു കാരണവുമില്ലാതെ കമീഷൻ മരവിപ്പിച്ചത്. തുടങ്ങിക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച് വോട്ടെടുപ്പ് നീട്ടിയതിന്റെ അടിയന്തര സാഹചര്യമൊന്നും വിശദീകരിക്കാനായില്ലെങ്കിലും നിയമമന്ത്രാലയത്തിന്റെ കത്താണ് കാരണമെന്ന് കമീഷൻതന്നെ വെളിപ്പെടുത്തി. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിന്റെ നഗ്നമായ ഇടപെടലാണുണ്ടായത്. കേന്ദ്രത്തിന് വഴങ്ങിയതോടെ കമീഷൻ അതിന്റെ അധികാരവും വിശ്വാസ്യതയും കളഞ്ഞുകുളിക്കുകയും ചെയ്തു. 


 

ഏപ്രിൽ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് നീട്ടിയതോടെ, പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഇപ്പോഴത്തെ സഭയിലെ അംഗങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിയമസഭാ സെക്രട്ടറിയും വോട്ടറായ എസ് ശർമ എംഎൽഎയും ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം, തെരത്തെടുപ്പ് ഉടൻ നടത്താമെന്ന് കോടതിയിൽ പറഞ്ഞ കമീഷൻ പിന്നീട് വാക്ക് മാറ്റുകയായിരുന്നു. നിലവിലുള്ള അംഗസംഖ്യ അനുസരിച്ച് എൽഡിഎഫിന് രണ്ടംഗങ്ങളെയും യുഡിഎഫിന് ഒരംഗത്തെയും തെരഞ്ഞെടുക്കാനാകും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടെടുപ്പ് പിന്നെയും നീട്ടാമെന്ന ധാരണയിലാകാം കേന്ദ്രം ഇടപെട്ടതും കമീഷൻ വഴങ്ങിയതും. എന്തായാലും ഹൈക്കോടതി ഉത്തരവോടെ എല്ലാം അവസാനിച്ചു. വോട്ടെടുപ്പ് നീട്ടിയത്‌ എന്തിനെന്ന് യുക്തിസഹമായി വിശദീകരിക്കാൻപോലും കമീഷന് കഴിഞ്ഞിട്ടില്ല. കമീഷന്റെ നടപടി ഒട്ടും സുതാര്യമായിരുന്നില്ല. ഫലത്തിൽ, കമീഷൻ തീരുമാനത്തിന്റെ നിയമ സാധുതയും ധാർമികതയുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു.

ഭരണഘടനയുടെ 324–--ാം വകുപ്പു പ്രകാരം തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമായ സ്വതന്ത്രമായ അധികാരം വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് ഇവിടെ വെളിപ്പെടുന്നത്. ജനപ്രാതിനിധ്യ നിയമവും ലംഘിക്കപ്പെട്ടു. മോഡിയുടെ ഭരണത്തിൽ ഇത് ആദ്യത്തെയോ അവസാനത്തെയോ നീക്കമല്ലെന്നും കാണണം. മോഡി സർക്കാരിന്റെ അമിതാധികാര പ്രവണതയുടെ എത്രയോ നടപടി ഇതിനകമുണ്ടായി. ജനാധിപത്യവും ഫെഡറലിസവും ഭരണഘടനയുമെല്ലാം തകർക്കാൻ എത്രയെത്ര നീക്കങ്ങൾ. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. കോടതികളെപ്പോലും സ്വാധീനിക്കാൻ വലിയ ശ്രമം നടക്കുന്നു. റിസർവ് ബാങ്കിന്റെ സ്വയംഭരണം നിരന്തരം അട്ടിമറിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെ വിഭജിച്ചു. ഡൽഹി സർക്കാരിന്റെ അധികാരം പൂർണമായും അവിടത്തെ ലഫ്. ഗവർണറിലേക്ക് മാറ്റിയത് അടുത്തിടെയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഒന്നൊന്നായി നിഷേധിക്കുന്നു.

തെരഞ്ഞെടുപ്പ് കമീഷൻ അതിന്റെ സ്വതന്ത്ര ചുമതല നിർവഹിക്കുന്നത് തടസ്സപ്പെടുത്തുന്നതും ഇത് ആദ്യമല്ല. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുതന്നെ കേന്ദ്രത്തിന്റെ താല്പര്യമനുസരിച്ചാണെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പണമൊഴുക്കൽ, പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കളുടെ വർഗീയ പ്രചാരണം എന്നിവയിലെല്ലാം കമീഷൻ കേന്ദ്രഭരണ കക്ഷിക്ക് അരു നിൽക്കുന്നതായി ആക്ഷേപമുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ സായുധ സേനയുടെ പേരിലും വോട്ട്‌ പിടിക്കാൻ ശ്രമം നടത്തി. പുൽവാമയും ബാലാക്കോട്ടുമൊക്കെ വലിച്ചിഴച്ചായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ഇതെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടും കമീഷൻ അത് ചട്ടലംഘനമായി കണ്ടില്ല. കമീഷന്റെ സ്വതന്ത്രാധികാരം ചോദ്യംചെയ്യപ്പെട്ട സന്ദർഭങ്ങളായിരുന്നു ഇതൊക്കെ. കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ നടന്ന നീക്കം ഒറ്റപ്പെട്ടതല്ലെന്ന് ചുരുക്കം. ഹൈക്കോടതി ഇടപെടലോടെ ആ നീക്കം പൊളിഞ്ഞതിൽ എല്ലാ ജനാധിപത്യവാദികൾക്കും ആശ്വസിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top