04 June Sunday

ജീവിതം തകർക്കുന്ന ആകാശക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


പ്രവാസിയുടെ ജീവരേഖയാണ് യാത്ര. അത് ലോകത്തിലെ മനോഹരമായ ദൃശ്യങ്ങൾ കാണാനുള്ള വിനോദയാത്രയല്ല. അങ്ങനെയുള്ളവർ കണ്ടേക്കാം. എന്നാൽ, ബഹുഭൂരിപക്ഷം പ്രവാസികൾക്കും  വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വിമാനത്തിൽ നാട്ടിലേക്ക് വരുന്നതും തിരിച്ചുപോകുന്നതും ഉള്ളുതൊടുന്ന ജീവിതയാത്രയാണ്.  ഗൾഫിൽ എവിടെയെങ്കിലും എന്തെങ്കിലും പണിയെടുത്ത് ഉത്സവനാളുകളിൽ ഭാര്യയെയും മക്കളെയുമൊക്കെ  കാണാൻ നാട്ടിലേക്ക് വരുന്നവർ. ഗൾഫ് യാത്രക്കാരിൽ ഭൂരിപക്ഷവും ഇവരാണ്. അതിസമ്പന്നരല്ലാത്തവർ. എല്ലുമുറിയെ പണിയെടുത്തിട്ടും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാത്തവർ.  ഈ മനുഷ്യരെ കൊള്ളയടിക്കുന്നത് നമ്മുടെ വിമാനക്കമ്പനികൾ പതിവാക്കി മാറ്റിയിരിക്കുന്നു. വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും മുൻനിർത്തി ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്ന സമയമാണിത്. ഇതുതന്നെ അവസരമെന്നുകണ്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് നാലിരട്ടി വർധിപ്പിച്ചിരിക്കുകയാണ്.

നിരക്ക് വർധന കേരളത്തിൽനിന്ന് ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് മാത്രമാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
എല്ലാത്തവണയുമെന്നപോലെ എയർ ഇന്ത്യയാണ് ഇക്കുറിയും ആദ്യം യാത്രക്കൂലി വർധിപ്പിച്ചത്. അത് ഇക്കഴിഞ്ഞ ഞായറാഴ്ചതന്നെ നിലവിൽ വന്നു. തൊട്ടുപിന്നാലെ മറ്റു കമ്പനികളും കൂട്ടിക്കൊണ്ടിരിക്കുന്നു. മറ്റു കമ്പനികൾ പലതും കൂട്ടിയ നിരക്കുകൾ  എത്രയെന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവനയോ അറിയിപ്പോ ഒന്നും നൽകാറില്ലെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. കോവിഡിനുശേഷം ഗൾഫ് യാത്രക്കൂലിയിൽ വലിയ വർധന വരുത്തിയിട്ടുണ്ട്. ആഭ്യന്തര നിരക്കുകളും പലവട്ടം വർധിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, എയർ ഇന്ത്യ യുഎഇ മേഖലയിൽനിന്ന് കേരളത്തിലേക്കുള്ള 14 സർവീസുകളും നിർത്തി. എയർ ഇന്ത്യ ടാറ്റയ്‌ക്ക് വിറ്റതിന്റെ ദുരന്തഫലമാണിത്. എയർ ഇന്ത്യ സർവീസ് കുറയ്ക്കുന്നതോടെ തിരക്കുകാലത്ത് തോന്നുംപോലെ ചാർജ് ഈടാക്കാൻ മറ്റു കമ്പനികൾക്ക് അവസരമായി.  ഇപ്പോഴത്തെ വർധനയിൽ കേരളത്തിൽനിന്ന് ഖത്തറിലേക്കാണ് ഏറ്റവും കൂടുതൽ നിരക്ക്. 10,000 രൂപമുതൽ 15,000 വരെയായിരുന്ന ചാർജ് 40,000 വരെയായി.  നെടുമ്പാശേരി–- - ദുബായ് നിരക്ക് 30,000 രൂപയായും കരിപ്പൂർ–-- ദുബായ് നിരക്ക് 31,000 രൂപയായും കൂട്ടി. രാജ്യാന്തര വിപണിയിൽ ജെറ്റ് ഇന്ധനത്തിന്റെയടക്കം ഇന്ധനവില കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് യാത്രക്കൂലി കൂട്ടിയത്.


 

നമ്മുടെ രാജ്യത്തിന്റെ ശക്തിസ്രോതസ്സുകളിലൊന്നാണ് പ്രവാസികൾ . 124 രാജ്യങ്ങളിൽ ഇന്ത്യൻ കുടിയേറ്റത്തൊഴിലാളികളുണ്ടെന്ന് കണക്കാക്കുന്നു. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ. ഗൾഫിൽമാത്രം 30 ലക്ഷം മലയാളികളുണ്ടെന്ന് കേരള പ്രവാസി സംഘം പറയുന്നു. മലയാളികളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഗൾഫിൽ ധാരാളമുണ്ട്. ബാങ്കുകൾവഴി ഇവരിൽനിന്ന് ഓരോ വർഷവും രാജ്യത്തെത്തുന്നത് ലക്ഷക്കണക്കിനു കോടി രൂപയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു കണക്ക് പ്രകാരം മൂന്നുവർഷത്തിനിടെ പ്രവാസികൾവഴി ഇന്ത്യയിലെത്തിയത് 25,000 കോടി യുഎസ് ഡോളർ. ഇത് നമ്മുടെ വിദേശനാണ്യശേഖരത്തിന് കരുത്തുപകരുന്നൊരു തുകയാണ്. എന്നാൽ, കേന്ദ്ര സർക്കാർ ഇതൊക്കെ പുല്ലുപോലെ അവഗണിക്കുന്നു. കോവിഡ് പാക്കേജിലും ബജറ്റിലുമെല്ലാം പ്രവാസികളെ പാടേ മറന്ന കേന്ദ്രം വിമാന യാത്രക്കൂലി തുടർച്ചയായി കൂട്ടാനും അരുനിൽക്കുന്നു. ഇന്ത്യയുടെ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസികളോട് ഏതുകാര്യത്തിലും വലിയ ക്രൂരതയാണ് കേന്ദ്രം കാണിക്കുന്നത്. പ്രവാസിവകുപ്പ് പുനഃസ്ഥാപിക്കാൻപോലും കേന്ദ്രം തയ്യാറല്ല. കേരളത്തിൽ മാത്രമാണ് അങ്ങനെയൊരു വകുപ്പുള്ളതും പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതും.

കാരുണ്യമോ സഹാനുഭൂതിയോ മനുഷ്യസ്നേഹമോ ഇല്ലാത്ത മോദി ഭരണം പ്രവാസികളുടെ യാത്രാപ്രശ്നം ഗൗരവമായി എടുക്കാത്തത് അത്ര അത്ഭുതമുള്ള കാര്യമൊന്നുമല്ല. അദാനിമാരെയും കോർപറേറ്റ് മുതലാളിമാരെയും എങ്ങനെയും സഹായിക്കലും പൊതുപണം (ബാങ്ക് നിക്ഷേപം, പിഎഫ് നിക്ഷേപം) അവർക്ക് കൈമാറലുമാണ് മോദി ഭരണത്തിൽ നടക്കുന്നത്.  സാധാരണ ജനങ്ങളുടെ യഥാർഥ ജീവിതം അവർ കാണുന്നില്ലെന്നുമാത്രമല്ല, കടുത്ത പക തീർക്കാനെന്നപോലെ ജനങ്ങളുടെ ജീവിതം വെട്ടിമാറ്റാനും വർഗീയമായി ചേരിതിരിക്കാനും മാത്രമാണ് കേന്ദ്ര ബിജെപി സർക്കാരിന് താൽപ്പര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top