09 December Saturday

ബില്ലുകൾ ഒപ്പിടാത്തത്‌ ഭരണഘടനാവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


ഭരണഘടന പ്രകാരം കക്ഷിരാഷ്ട്രീയ ഇടപെടലുകളിൽനിന്ന്‌ മാറിനിന്ന്‌, സംസ്ഥാനങ്ങളുടെ ഭരണനിർവഹണത്തെ ഭരണഘടനാപരമായി സഹായിക്കുകയെന്ന ചുമതലയാണ്‌ ഗവർണർമാർക്കുള്ളത്‌. ഭരണനിർവഹണം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. നിയമനിർമാണത്തിനും നിയമനങ്ങൾ നടത്താനുമുള്ള അധികാരം ജനാധിപത്യ സർക്കാരിന്റെ അവകാശമാണ്‌. പൊതുജനതാൽപ്പര്യം കണക്കിലെടുത്ത്‌ നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക്‌ അംഗീകാരം നൽകുക, മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക എന്നത് ഗവർണറുടെ ഭരണഘടനാ ബാധ്യതയാണ്. എന്നാൽ, അതിൽനിന്ന് തികച്ചും വിപരീതമാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ. ബിജെപി ഇതര രാഷ്ട്രീയകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണസ്‌തംഭനം ഉണ്ടാക്കാനുള്ള ഉപകരണങ്ങളായി ഗവർണർമാരെ മാറ്റിയെടുത്തിരിക്കുകയാണ്‌ മോദി സർക്കാർ. ഭരണഘടന നൽകിയ വിവേചനാധികാരത്തെ പരമാധികാരമായി വ്യാഖ്യാനിച്ച് കേന്ദ്രം വാഴുന്ന പാർടിയുടെ റബർ സ്റ്റാമ്പായി അധഃപതിച്ചിരിക്കുകയാണ്‌  ഗവർണർമാർ. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ബംഗാളിലും തെലങ്കാനയിലും ഡൽഹിയിലും പഞ്ചാബിലും ഗവർണർമാരുടെ ഇടപെടലുകൾ അതിരുവിട്ടിരിക്കുകയാണ്‌.

ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തിന്‌ ഉന്നതകോടതികളിൽനിന്ന്‌ പലതവണ പ്രഹരങ്ങളേൽക്കുകയും ഭരണഘടനപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്നും ഓർമപ്പെടുത്തിയിട്ടും അവർ അതിന്‌ തയ്യാറാകുന്നില്ല. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ കഴിയുംവേഗം തീരുമാനമെടുക്കുന്നതിനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് തെലങ്കാന ഗവർണറെ സുപ്രീംകോടതി ഓർമിപ്പിച്ചത് മൂന്നു മാസം മുമ്പാണ്‌.  എട്ട്‌ ബിൽ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനുംകൂടിയായിരുന്നു ആ ഓർമപ്പെടുത്തൽ. നയപ്രഖ്യാപന പ്രസംഗപ്രകാരമുള്ള തീരുമാനങ്ങൾ സർക്കാർ എടുക്കുമ്പോൾ അത്‌ നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥനാണ്‌. എന്നാൽ, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ നിയമസഭ വിശദമായ ചർച്ചകൾക്കുശേഷം പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നത്‌ കേരള ഗവർണർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്‌. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ഇനി ചെയ്യാനില്ല. ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകരുടെ അഭിപ്രായം തേടിയശേഷമാണ്‌ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്‌. ഭരണഘടനാപരമായി ഗവർണർക്ക് സവിശേഷമായ ഒരു അധികാരവുമില്ല എന്നതാണ് യാഥാർഥ്യം. സംസ്ഥാന ഭരണത്തിൽ ഗവർണറുടെ സ്ഥാനത്തെയും പദവിയെയും കുറിച്ച് ഭരണഘടനാ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് ഇപ്രകാരമാണ്. ‘‘ഗവർണർ എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കണമെന്നതാണ് ഭരണഘടനാ തത്വം. തന്റെ സ്വന്തം വിവേചനാധികാരത്താലോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാലോ നിർവഹിക്കേണ്ടതായ ഒരു ചുമതലയും സംസ്ഥാന ഭരണത്തിൽ ഗവർണർക്കില്ല’’ അധികാരങ്ങളെല്ലാം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളിലാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ളത് സർക്കാരിനാണ്, ഗവർണർക്കല്ല.

നിയമനിർമാണം എന്നത് നിയമനിർമാണസഭകളുടെ അധികാരവും അവകാശവുമാണ്‌. സമൂഹത്തെയും ജനജീവിതത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ നിയമം നിർമിക്കുന്നത്‌. നിയമസഭ പാസാക്കിയ ബില്ലുകൾക്ക്‌ ഗവർണർ അംഗീകാരം നൽകുന്നില്ല എന്നത്‌ ഗൗരവമായി ഉയരേണ്ട നിയമപ്രശ്‌നമായി മാറി. ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ ഇല്ലെങ്കിൽ എത്രയും പെട്ടെന്ന്‌ ബില്ലുകളിൽ ഒപ്പിടുക, അല്ലെങ്കിൽ മാറ്റങ്ങൾ നിർദേശിച്ച്‌ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക്‌ അയക്കുകയോ ആണ്‌ വേണ്ടത്‌. ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നേരിട്ട്‌ നൽകിയിട്ടും എട്ട്‌ ബിൽ പിടിച്ചുവച്ചിരിക്കുകയാണ്‌. 22 മാസംമുമ്പ്‌ നൽകിയ ബില്ലുകളിൽപ്പോലും ഒപ്പിട്ടില്ല. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലും നിപാ ഉൾപ്പെടെയുള്ള മാരക വൈറസ്‌ രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കേരള പൊതുജനാരോഗ്യ ബില്ലും ഇക്കൂട്ടത്തിലുണ്ട്‌. ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ ഗവർണർ ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുകയാണ്‌. ഭരണഘടന അനുച്ഛേദം 200 വകുപ്പ്‌ പ്രകാരം കഴിയുന്നത്ര വേഗം ഗവർണർമാർ തീരുമാനമെടുക്കണമെന്നും ഭരണഘടനാ പദവി വഹിക്കുന്നവർ ഇക്കാര്യം മനസ്സിലാക്കണമെന്നും ബില്ലുകളിൻമേൽ അടയിരിക്കരുതെന്നും തെലങ്കാന കേസിൽ മൂന്നു മാസം മുമ്പ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഗവർണർ എന്നാൽ ഭരണഘടനയെന്നല്ല അർഥം. ഒരു ഭരണഘടനാ പദവി മാത്രമാണ് ഗവർണർ പദവി എന്ന കാര്യം ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഓർമിക്കേണ്ടതാണ്‌. ഇത്‌ ഓർമിപ്പിക്കാൻക്കൂടിയാണ്‌ സർക്കാർ ഉന്നത നീതിപീഠത്തെ സമീപിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top