29 March Wednesday

ചെറുക്കണം ഗവർണറുടെ ഏകാധിപത്യനീക്കം

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2022

കേരളത്തിലെ ഒമ്പത്‌  വൈസ്‌ ചാൻസലർമാരോട്‌ രാജിവയ്‌ക്കാൻ ചാൻസലർകൂടിയായ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്‌. തീർത്തും അസാധാരണവും  ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനവുമാണ്‌ ഈ നടപടി. ഇല്ലാത്ത അധികാരം ഉണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഗവർണർ നടത്തുന്ന ഈ നടപടി നിഴലിനോട്‌ യുദ്ധം ചെയ്യുന്നതിന്‌ സമാനമാണ്‌. കേരളത്തെ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങളെ അവഹേളിക്കാനും കരിതേച്ചുകാണിക്കാനുമുള്ള ആർഎസ്‌എസ്‌ അജൻഡയാണ്‌ ഗവർണർ നടപ്പാക്കുന്നത്‌.  
വൈസ്‌ ചാൻസലർമാരെ നിയമിക്കുന്നത്‌ ഗവർണറാണ്‌. എന്നാൽ, സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിയമനം. ഇതനുസരിച്ച്‌ വിസിമാരെ പുറത്താക്കണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്‌. പെരുമാറ്റദൂഷ്യം, സാമ്പത്തിക ക്രമക്കേട്‌ എന്നിവ ആരോപിക്കപ്പെട്ടാൽ ഷോ കോസ് നോട്ടീസ്‌ നൽകണം. പ്രത്യേക അന്വേഷണ കമീഷനെ നിയമിക്കണം. അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ വൈസ്‌ ചാൻസലർക്കെതിരെ നടപടി കൈക്കൊള്ളാനാകൂ. നിയമനത്തെക്കുറിച്ച്‌ യുജിസി ചട്ടം പാലിക്കേണ്ടതുണ്ടെങ്കിലും വിസിമാരെ നീക്കുന്നതിനെക്കുറിച്ച്‌ ചട്ടത്തിൽ പരാമർശമില്ല. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലെ നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ വിസിമാർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയൂ. അതൊന്നും പാലിക്കാതെയാണ്‌ ഗവർണറുടെ നീക്കം. ചില വിസിമാരെ നേരിട്ടു വിളിച്ച്‌ രാജിവയ്‌ക്കണമെന്നുവരെ ഗവർണർ ആവശ്യപ്പെടുമ്പോൾ ആ പദവിക്ക്‌ എത്രമാത്രം കളങ്കമാണ്‌ ഡോ. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ വരുത്തിയിട്ടുള്ളതെന്ന്‌ വ്യക്തമാകും.

വിസിമാരെ നിയമിക്കുന്നതിൽ നടപടിക്രമം പാലിച്ചില്ലെന്നു പറയുന്ന ഗവർണർ തന്നെയാണ്‌ എല്ലാ നടപടിക്രമവും ചട്ടങ്ങളും ലംഘിച്ച്‌ വിസിമാരോട്‌ രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടത്‌. ദീപാവലി അവധിദിനമായ തിങ്കളാഴ്‌ച പകൽ 11.30 നകം രാജിവയ്‌ക്കാനാണ്‌ തീട്ടൂരം. വിസിമാർ കോടതിയെ സമീപിക്കാതിരിക്കാനാകും ഗവർണർ ഈ കുബുദ്ധി ഉപയോഗിച്ചിട്ടുണ്ടാകുക. ഏതായാലും ഗവർണറുടെ നിയമവിരുദ്ധ നടപടിക്ക്‌ വഴങ്ങില്ലെന്ന്‌ കണ്ണൂർ സർവകലാശാല വിസി പറഞ്ഞുകഴിഞ്ഞു.
എന്താണ്‌ ഗവർണറുടെ ഈ ഹിറ്റ്‌ലേറിയൻ നടപടിക്ക്‌ കാരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ സെക്കൻഡറിതലം വരെയുള്ള വിദ്യാഭ്യാസത്തിനായിരുന്നു ഊന്നൽ. രണ്ടാം പിണറായി സർക്കാർ പ്രത്യേകമായി ശ്രദ്ധിക്കുന്നത്‌ ഉന്നതവിദ്യാഭ്യാസരംഗം ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്താനാണ്‌. ഇതിന്റെ ഫലമായി സർവകലാശാലാ റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകൾ ഡബിൾ എ പ്ലസ്‌, എ പ്ലസ്‌ റാങ്കുകൾ കരസ്ഥമാക്കുകയും ചെയ്‌തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ മുന്നേറ്റം തടയുകയെന്നത്‌ സംഘപരിവാർ അജൻഡയാണ്‌.

 അതോടൊപ്പം മതനിരപേക്ഷ അടിത്തറയിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസം പുരോഗമിക്കുന്നത്‌. ഈ സിലബസ്‌ കാവിവൽക്കരിക്കുകയാണ്‌ മറ്റൊരു അജൻഡ. അതിന്റെ ഭാഗമായാണ്‌ നിലവിലുള്ള വിസിമാരെ നീക്കി സംഘപരിവാറുകാരായ വിസിമാരെ നിയമിക്കാനുള്ള ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നീക്കം. ആർഎസ്‌എസ്‌ അജൻഡ കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള ക്വട്ടേഷനാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഏറ്റെടുത്തിട്ടുള്ളത്‌. ആർഎസ്‌എസിനുവേണ്ടി കുഴലൂത്തുനടത്തുകയാണ്‌ ഗവർണർ. ആർഎസ്‌എസ്‌ മേധാവിയെ അദ്ദേഹം താമസിക്കുന്നിടത്തുപോയി കണ്ട്‌ മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവർണറിൽനിന്ന്‌ ഈ നീക്കം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി  സംഘപരിവാറിന്റെ കണ്ണിലെ കരടാണ്‌. മോദി സർക്കാരിന്റെ ജനവിരുദ്ധ കോർപറേറ്റ്‌ അനുകൂല വർഗീയ ഭരണത്തിനെതിരെ  ബദൽ മുന്നോട്ടുവയ്‌ക്കുന്നത്‌ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്‌. അതിനെ ദുർബലപ്പെടുത്തുക എന്നതും സംഘപരിവാർ അജൻഡയാണ്‌. അതിനായുള്ള ചാട്ടുളിയാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. രാജ്യത്തെ പ്രതിപക്ഷ സർക്കാരുകളെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി.

ഇതിനെല്ലാം പുറമെ മറ്റൊരു വിശാല അജൻഡകൂടി ഗവർണർക്കും ആർഎസ്‌എസിനുമുണ്ട്‌. അത്‌ ഇന്ത്യൻ ഭരണഘടനയെയും നിയമസംവിധാനത്തെയും ദുർബലവും നിർജീവവുമാക്കി ഹിന്ദുത്വ രാഷ്ട്രത്തിലേക്ക്‌ നയിക്കുകയെന്നതാണ്‌. ആ രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുക്കുന്നത്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌. അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ്‌ ഗവർണർ ആരംഭിച്ചിട്ടുള്ളത്‌. ഇതിനെയാണ്‌ കേരളത്തിലെ കോൺഗ്രസ്‌ അനുകൂലിക്കുന്നത്‌. മറ്റൊരു വിമോചനസമരമാണ്‌ കോൺഗ്രസ്‌ പ്രതീക്ഷിക്കുന്നത്‌. സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും ഈ നീക്കത്തെ മതനിരപേക്ഷ ജനാധിപത്യ കേരളം ചെറുത്തുതോൽപ്പിക്കണം. ഇത്‌ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്‌. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അതിൽ അണിനിരക്കുകതന്നെ ചെയ്യുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top