20 April Saturday

ഗവർണർ ഉത്തരവാദിത്വം മറക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022


ഇന്ത്യൻ ഭരണഘടന അനുസരിച്ച്‌ ഗവർണർ ഭരണഘടനാത്തലവനാണ്‌. എന്നാൽ, ഭരണാധികാരിയല്ല.  ഭരണനിർവഹണം നടത്താനുള്ള ഒരധികാരവും ഗവർണർക്ക്‌ ഇല്ല. യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്‌തമാണ്‌. അതിനാൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാ ബാധ്യത ഗവർണർക്കുണ്ട്‌. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരങ്ങളും ജനങ്ങളോടുള്ള ഉത്തരവാദിത്വവും സർക്കാരിനാണ്‌ ഗവർണർക്ക്‌ അല്ല. എന്നാൽ, ഇത്‌ മനസ്സിലാകാത്ത ഒരാൾ കേരളത്തിലെ ഗവർണറാണെന്ന്‌ അദ്ദേഹത്തിന്റെ സമീപകാല പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. അതല്ലെങ്കിൽ മനസ്സിലായിട്ടും രാഷ്ട്രീയ യജമാനൻമാരിൽ നിന്നും കൈയടി വാങ്ങി പുതിയ പദവികളും ലാവണങ്ങളും ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. ആർഎസ്‌എസ്‌ മേധാവിയെ അദ്ദേഹമുള്ള സ്ഥലത്ത്‌ പോയി കണ്ടതിൽനിന്ന്‌ ഇത്‌ വ്യക്തം.

താനാണ്‌ ഭരണാധികാരിയെന്ന തെറ്റിദ്ധാരണ ഗവർണർക്ക്‌ ഉണ്ടായിട്ടുണ്ടെങ്കിൽ സുപ്രീംകോടതി നടത്തിയ ചില വിധിന്യായങ്ങളിലേക്ക്‌ ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധ വിനയപുരസ്സരം ക്ഷണിക്കുന്നു. 1974 ലെ ഷംസേർസിങ്ങിന്റെ കേസിൽ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ ഉൾപ്പെട്ട ഏഴംഗ ഭരണഘടനാ ബെഞ്ച്‌ അസന്നിഗ്‌ധമായി വിധിച്ചത്‌ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ എന്നാണ്‌. അതിനുശേഷമുള്ള പല വിധിന്യായത്തിലും സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ചു. അതായത്‌ മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക്‌ ഒരവകാശവുമില്ല. ഭരണഘടനാ നിർമാണസഭയിൽ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞതുകൂടി ഗവർണറുടെ അറിവിലേക്കായി ഇവിടെ ഉദ്ധരിക്കുന്നു. ‘ഭരണഘടന അനുസരിച്ച്‌ ഗവർണർക്ക്‌ സ്വന്തമായി പ്രവർത്തിക്കാനുള്ള അധികാരങ്ങൾ ഒന്നുംതന്നെയില്ല’. അതായത്‌ ഗവർണർക്ക്‌ അധികാരങ്ങളില്ല, കടമകൾ മാത്രമേയുള്ളൂ. നിയമസഭാ സമ്മേളനങ്ങളിൽ നയപ്രഖ്യാപന പ്രസംഗം നടത്തുക, സർക്കാർ ഓർഡിനൻസുകളിൽ ഒപ്പുവയ്‌ക്കുക. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പുവയ്‌ക്കുക  തുടങ്ങിയ ഔപചാരികമായ ചുമതലകൾ നിർവഹിക്കുകയാണ്‌ ഗവർണറുടെ അധികാരം.

നിയമസഭ പാസാക്കുന്ന ബില്ലുകൾ താൻ ഒപ്പിട്ടാലേ നിയമമാകൂ എന്നാണ്‌ ഗവർണറുടെ ഓർമപ്പെടുത്തൽ. അതായത്‌ താൻ ഒപ്പിട്ടില്ലെങ്കിൽ നിയമമാകുന്നത്‌ കാണട്ടെ എന്ന ഭീഷണിയുടെ സ്വരമാണ്‌ ഗവർണറുടെ വാക്കുകളിൽനിന്ന്‌ വായിച്ചെടുക്കാൻ കഴിയുന്നത്‌. ഭരണഘടനയുടെ 200–-ാം അനുച്ഛേദം അനുസരിച്ച്‌ നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക്‌ അയച്ചാൽ അദ്ദേഹത്തിന്‌ ഒന്നുകിൽ അതിൽ ഒപ്പിട്ട്‌ നിയമസഭയ്‌ക്ക്‌ തിരിച്ചയക്കാം. അല്ലെങ്കിൽ ഒപ്പിടാൻ വിസമ്മതിക്കാം. അതുമല്ലെങ്കിൽ കൂടുതൽ പരിശോധനയ്‌ക്കായി നിയമസഭയിലേക്കുതന്നെ തിരിച്ചയക്കാം. അതല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ സമർപ്പിക്കാം. പുനഃപരിശോധനയ്‌ക്ക്‌ അയച്ച ബിൽ ഒരുമാറ്റവും കൂടാതെ നിയമസഭ തിരിച്ചയച്ചാൽ അതിൽ ഒപ്പിടാൻ ഗവർണർ നിർബന്ധിതനാണ്‌. ബിൽ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നതിനുള്ള അധികാരമൊന്നും ഗവർണർക്ക്‌ ഇല്ല. കാരണം അങ്ങനെയൊരു ‘സ്വാതന്ത്ര്യ’ത്തെക്കുറിച്ച്‌ ഭരണഘടനയിൽ പരാമർശമില്ല. ഭരണഘടനയിൽ പറയാത്ത കാര്യം ചെയ്യുന്നത്‌ ഭരണഘടനാവിരുദ്ധമല്ലേ? ജനഹിതത്തിനും ഭരണഘടനയ്‌ക്കും എതിരായ നടപടി എങ്ങനെയാണ്‌ ഗവർണർക്ക്‌ സ്വീകരിക്കാനാകുക?

സർവകലാശാലകളുടെ നടത്തിപ്പ്‌ താൻ ഏറ്റെടുക്കുകയാണെന്ന സന്ദേശമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചില പ്രസ്‌താവനകളിലൂടെ ഗവർണർ പരോക്ഷമായി നൽകാൻ ശ്രമിക്കുന്നത്‌. ഒരു നിയമസാധുതയും ഇതിനില്ല. സർവകലാശാലാ നിയമങ്ങളനുസരിച്ച്‌ ഗവർണർ എന്ന ചാൻസലർ സർവകലാശാലകളുടെ തലവനാണെങ്കിലും ഭരണത്തിലും അക്കാദമിക്ക്‌ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം വൈസ്‌ ചാൻസലർക്കാണ്‌. ചാൻസലർ എക്‌സ്‌ഒഫീഷ്യോ അയിരിക്കുന്നതുതന്നെ സർവകലാശാലകളുടെ ഭരണവും അക്കാദമിക്ക്‌ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ട പൂർണമായ ചുമതല അക്കാദമിക് മേഖലയിൽനിന്നുള്ള വ്യക്തികളായിരിക്കണമെന്ന്‌ നിയമനിർമാതാക്കളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌. 

ഏതായാലും ഗവർണർമാരും സംസ്ഥാന സർക്കാരും  തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന്‌ വലിയ വാർത്തയാകുകയാണ്‌. സിപിഐ എം ഇക്കാര്യം മുൻകൂട്ടി കണ്ടിരുന്നു. 2008 ഒക്ടോബറിൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ ഇതിനുള്ള തെളിവാണ്‌. ഫെഡറൽ ജനാധിപത്യവ്യവസ്ഥയ്‌ക്ക്‌ നിരക്കാത്ത ഒന്നാണ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിൽനിന്നും ഗവർണർമാരെ നിയമിച്ചുകൊടുക്കുന്ന രീതിയെന്നും ഗവർണർ സ്ഥാനം നിലനിർത്തണമെന്ന്‌ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാരിയ കമീഷൻ മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ച്‌ മുഖ്യമന്ത്രി നിർദേശിക്കുന്ന മൂന്നു പേരുടെ പട്ടികയിൽനിന്ന്  രാഷ്‌ട്രപതി ഗവർണറെ തെരഞ്ഞെടുക്കണമെന്നുമാണ്‌ സിപിഐ എം നിർദേശിച്ചത്‌. അതുപോലെ നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക്‌ ഗവർണർ അനുമതി നൽകുന്നതിന്‌ സമയപരിധി നിശ്ചയിക്കണമെന്നും  സംസ്ഥാന സർക്കാരുകളുമായുള്ള വ്യത്യസ്‌ത അഭിപ്രായങ്ങളും വിയോജിപ്പികളും പരസ്യമായി പ്രകടിപ്പിക്കുന്നതിൽനിന്നും ഗവർണറെ വിലക്കുന്നതിനുതകുന്ന വ്യക്തമായ മാനദണ്ഡം വേണമെന്നും  സിപിഐ എം അഭിപ്രായപ്പെടുകയുണ്ടായി.  ഗവർണർപദവി കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സിപിഐ എം മുന്നോട്ടുവച്ച നിർദേശങ്ങൾ സഹായിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top