27 April Saturday

ഇത് കേരളത്തിന്റെ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022


ഇന്നലെ കേരളം ഒറ്റക്കെട്ടായി, ദൃഢസ്വരത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനോട് പറഞ്ഞത് ഇത്രയുമാണ് --– സംസ്ഥാനത്തെ സർവകലാശാലകൾ കൈയടക്കി കാവിവൽക്കരിക്കാനും സംഘപരിവാർ രാഷ്ട്രീയം വളർത്താനുമുള്ള അജൻഡ ഇവിടെ നടപ്പില്ല. കേരളത്തിലെ സർവകലാശാലകളോരോന്നും വിശ്വോത്തര നിലവാരത്തിലേക്ക് കുതിക്കാൻ ശ്രമിക്കുമ്പോൾ അത് തടയാൻ ഒരാളെയും അനുവദിക്കില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ ഭരണഘടനയെ മാനിക്കണം. നിയമപരമായി പ്രവർത്തിക്കണം. ഗവർണർക്ക് നിയമസഭ നൽകിയിട്ടുള്ള ചാൻസലർ പദവി സർവകലാശാലകളെ തകർക്കാനുള്ളതല്ല, സംരക്ഷിക്കാനുള്ളതാണ്.

ഉന്നതവിദ്യാഭ്യാസ സംരക്ഷണക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാജ്ഭവനു മുന്നിലും ജില്ലകളിലും നടന്ന ജനകീയ മുന്നേറ്റം അക്ഷരാർഥത്തിൽ ജനരോഷത്തിന്റെ വേലിയേറ്റമായി. ആർഎസ്എസിന്റെ അടിമയും പാവയുമായി രാജ്‌ഭവനിലിരുന്ന് ഗവർണർ കാട്ടിക്കൂട്ടുന്ന ആഭാസാഭ്യാസങ്ങൾക്കെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളായി മാറിയ കൂട്ടായ്മ, സ്വാതന്ത്ര്യസമരനാളുകളെ ഓർമിപ്പിക്കുന്നതായി. ഐക്യകേരളത്തിനും ഐക്യഭാരതത്തിനും തുരങ്കംവയ്ക്കാൻ ശ്രമിച്ച, അതിശക്തനെന്ന് ഭാവിച്ച തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരുടെ രാഷ്ട്രീയ ഗൂഢാലോചന തകർത്ത ത്യാഗോജ്വലമായ ചരിത്രവും രാജ്ഭവൻ പ്രതിഷേധക്കൂട്ടായ്മ ഓർമിപ്പിച്ചു. ജനങ്ങൾ സംഘടിച്ച് മുന്നേറിയാൽ ഒരു ഏകാധിപതിക്കും നിൽക്കക്കള്ളിയില്ലെന്ന ചരിത്രപാഠമാണ് ഇരച്ചു പൊന്തിയ ജനകീയ പ്രതിഷേധം ആരിഫ് മൊഹമ്മദ്  ഖാനു മുന്നിൽ തുറന്നുവച്ചത്. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്നിടത്തെല്ലാം ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാരും ആർഎസ്എസും ഇടപെടുന്ന പശ്ചാത്തലത്തിൽ, തമിഴ്നാട്ടിലെ ഡിഎംകെയുടെ സാന്നിധ്യം പ്രക്ഷോഭത്തിന് ദേശീയമാനം നൽകുന്നതുമായി.


 

സമീപ വർഷങ്ങളിൽ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തുണ്ടായിട്ടുള്ള വിസ്മയകരമായ പുരോഗതിയിൽ അസഹിഷ്ണുത പൂണ്ടാണ് അതിനെ തകർക്കാൻ രാജ്ഭവൻ കേന്ദ്രീകരിച്ച് നീക്കങ്ങൾ നടക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച് അയക്കുന്ന ഓർഡിനൻസുകളിലും  നിയമസഭ പാസാക്കിയ ബില്ലുകളിലും ഒപ്പു വയ്ക്കാതിരിക്കുന്നതും പിടിച്ചുവയ്ക്കുന്നതും സർവകലാശാലാ വൈസ് ചാൻസലർമാരെ പുറത്താക്കാൻ ശ്രമിക്കുന്നതുമെല്ലാം ഈ നീക്കങ്ങളുടെ ഭാഗമാണ്.  ഇതിലെല്ലാം ജനങ്ങൾക്ക് വലിയ ഉൽക്കണ്ഠയുണ്ട്. കൂട്ടായ്മയിൽ എല്ലാ മേഖലയിലും നിന്നുള്ളവരുടെ പങ്കാളിത്തം ഇത് വ്യക്തമാക്കുന്നു.

ഓരോ നിമിഷത്തിലും പുതിയ അറിവുകളുണ്ടാകുന്ന ആഗോള വിജ്ഞാന വിപ്ലവത്തിന്റെ തലത്തിലേക്ക് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ഒട്ടേറെ ചുവടുകൾ ഇതിനകം മുന്നോട്ടുവച്ചു കഴിഞ്ഞു.  ആ ഇടപെടലുകളുടെ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്. കേരള സർവകലാശാലയടക്കം സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ ദേശീയ തലത്തിൽ നേടിയ അംഗീകാരങ്ങൾ ഇതിനു തെളിവ്. മികവിന്റെ ആ അംഗീകാരങ്ങൾ ഞങ്ങൾ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ വീണ്ടും വിശദീകരിക്കുന്നില്ല.  ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശാസ്ത്ര സാങ്കേതിക ഗവേഷണം, വികസന ഗവേഷണം, അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തൽ, തൊഴിലധിഷ്ഠിതമാക്കൽ തുടങ്ങി വിവിധ കർമപദ്ധതികൾക്കാണ് തുടക്കമിട്ടിട്ടുള്ളത്.

ഇതിനെയെല്ലാം തകർത്ത് കേരളത്തിലെ സർവകലാശാലകളിലും ചേരിതിരിവ്, അശാസ്ത്രീയത, ശാസ്ത്രബോധത്തിന്റെ നിരാസം എന്നിവയൊക്കെ വളർത്തുകയാണ് സംഘപരിവാർ അജൻഡ. അതിനായി ശാസ്ത്രസത്യങ്ങളെ അവഗണിക്കാനും  പുരാണേതിഹാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും ചരിത്രത്തെ കെട്ടുകഥകളാക്കി മാറ്റാനും കഴിയണം. ഇതിനൊക്കെ ഔദ്യോഗിക പിൻബലമുണ്ടാക്കണം. അങ്ങനെ, കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളെ കീഴ്മേൽ മറിക്കാനും സംഘപരിവാർ രാഷ്ട്രീയം വളർത്താനും കഴിയണം.  ഇതിനാണ് ചാൻസലറായ ഗവർണറെ മുന്നിൽ നിർത്തി സർവകലാശാലകൾ കൈപ്പിടിയിലൊതുക്കാൻ ആർഎസ്എസും കേന്ദ്ര ഭരണവും കരുക്കൾ നീക്കുന്നത്. ഈ പശ്ചാത്തലത്തിൽ രാജ്ഭവൻ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ വാക്കുകൾ നാം ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട്‌. "കേരളം മുറുകെപ്പിടിക്കുന്ന മനുഷ്യപ്രേമം, മാനവികതയുടെ നവ്യപ്രകാശം ഇന്ത്യക്കാകെ മാതൃകയാണ്.

മനുഷ്യജീവിതത്തിൽ വേരുകളാഴ്ത്തി, വിശ്വമാകെ പടർന്ന്‌ പന്തലിച്ചു നിൽക്കുന്ന ഒരിടമാണ് കേരളം. ഇത് തകർക്കുകയാണ് ഹിന്ദുത്വ അജൻഡയുടെ ലക്ഷ്യം. ഇതിനായാണ് ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നത്. ഇതിനുവേണ്ടിത്തന്നെയാണ് ജനാധിപത്യത്തിന്റെ സകല മാനദണ്ഡങ്ങളും തകർത്ത്,  ഭരണഘടനാപരമായ എല്ലാ ഉത്തരവാദിത്വങ്ങളും അവഗണിച്ച്  രാജ്ഭവൻ നിലവിട്ട് കളിക്കുന്നത്. ഈ അമിതാധികാര നയങ്ങളെ നമുക്ക് ചെറുക്കാൻ കഴിയണം'.  അതെ, ഈ പ്രതിലോമ നയങ്ങൾ ഇവിടെ നടപ്പില്ലെന്ന കേരളത്തിന്റെ ധീരമായ പ്രഖ്യാപനമായിരുന്നു രാജ്‌ഭവ‌നിലെയും ജില്ലകളിലെയും പ്രതിഷേധക്കൂട്ടായ്മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top