27 March Monday

ഗവർണർ ബിജെപിയുടെ വക്താവാകരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2019

സംസ്ഥാന ഗവൺമെന്റിന്റെ തലവനാണ്‌ ഗവർണർ. ഭരണഘടനയെ സംരക്ഷിക്കാനും നിലനിർത്താനും അതിനുവേണ്ടി പ്രവർത്തിക്കാനും തയ്യാറാണെന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌താണ്‌ ഗവർണർമാർ ചുമതലയേൽക്കുന്നത്‌. കേരളത്തിന്റെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാനും ഇതിൽനിന്ന്‌ വ്യത്യസ്‌തനല്ല. മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്‌ ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഭരണഘടന പറയുന്നു.

രാജ്യം ഇന്ന്‌ തെരുവിലാണ്‌. അതിനു പ്രധാന കാരണം മോഡി സർക്കാർ പാർലമെന്റിൽ ധൃതിയിൽ പാസാക്കിയെടുത്ത പൗരത്വഭേദഗതി നിയമമാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, മതനിരപേക്ഷത എന്നീ മൗലിക ആശയങ്ങൾക്ക്‌ വിരുദ്ധമാണ്‌ ഈ നിയമമെന്നാണ്‌ രാജ്യമെമ്പാടുമുള്ള ജനങ്ങൾ ആരോപിക്കുന്നത്‌. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമമാണ്‌ മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ പാസാക്കിയതെന്നും അവർ ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നു. കേരളത്തിലാകട്ടെ ഭരണ–-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭൂരിപക്ഷംപേരും ഈ അഭിപ്രായം പങ്കുവയ്‌ക്കുന്നവരാണ്‌. കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപിക്കു മാത്രമാണ്‌ വ്യത്യസ്‌ത അഭിപ്രായമുള്ളത്‌. സംസ്ഥാന ഗവൺമെന്റിന്റെ തലവനെന്നനിലയിൽ ജനങ്ങളുടെ വികാരത്തെ തള്ളിപ്പറയാതിരിക്കാനെങ്കിലും ഗവർണർ മാന്യത കാട്ടുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ഏതെങ്കിലുമൊരു പക്ഷത്ത്‌ ചേരുന്നതിനു പകരം ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തിയെന്നനിലയിൽ നിഷ്‌പക്ഷത പുലർത്താൻ ഗവർണർ തയ്യാറാകുമെന്നായിരുന്നു പൊതുവെയുള്ള ധാരണ.

അതിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ സമീപനമാണ്‌ കേരള ഗവർണറായി ചുമതലയേറ്റതുമുതൽ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സ്വീകരിക്കുന്നത്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ ശനിയാഴ്‌ച കണ്ണൂരിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ അദ്ദേഹം നടത്തിയ ഉദ്‌ഘാടനപ്രസംഗം. 26–-ാം വയസ്സിൽ പാർലമെന്റേറിയനായ തനിക്ക്‌ രാഷ്ട്രീയവിഷയങ്ങളിൽ പ്രതികരിക്കാതിരിക്കാനാകില്ലെന്ന്‌ പറഞ്ഞാണ്‌ എല്ലാ ചട്ടങ്ങളും രീതികളും കാറ്റിൽപറത്തി രാഷ്ടീയപ്രസംഗം നടത്താൻ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ തയ്യാറായത്‌. കേന്ദ്ര സർക്കാരിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ വക്താവെന്ന നിലയിലല്ല ഗവർണറെ 80–-ാം ചരിത്ര കോൺഗ്രസിലേക്ക്‌ ക്ഷണിച്ചത്‌. എന്നാൽ, സംഘപരിവാറിന്റെ വക്താവെന്ന നിലയിലായിരുന്നു ഗവർണറുടെ ഇടപെടൽ. ഗവർണറിൽനിന്ന്‌ അസാധാരണമായ നടപടിയുണ്ടായപ്പോൾ സ്വാഭാവികമായും ചരിത്രകാരന്മാരിൽ നിന്നും പ്രതികരണമുണ്ടായി. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോലും പ്രമേയം പാസാക്കിയ ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ എന്നും ഭരണഘടനയെയും അതിന്റെ ഉള്ളടക്കത്തെയും സംരക്ഷിക്കാൻ നിലകൊണ്ടിരുന്നുവെന്ന കാര്യം വിസ്‌മരിക്കാനാകില്ല. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാളിൽനിന്നുതന്നെ ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്‌ നിരക്കാത്ത പരാമർശങ്ങളുണ്ടായപ്പോൾ അതിൽ പ്രതിഷേധിക്കേണ്ടത്‌ തങ്ങളുടെ ബാധ്യതയായി ചരിത്ര കോൺഗ്രസ്‌ വീക്ഷിച്ചുവെങ്കിൽ അതിനെ കുറ്റം പറയാനാകില്ല.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പദവിയായല്ല ഭരണഘടനാ നിർമാതാക്കൾ പോലും ഗവർണർ പദവിയെ കണ്ടിരുന്നത്‌. ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര–-സംസ്ഥാന ഗവൺമെന്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായാണ്‌ ഗവർണറെ വീക്ഷിച്ചിരുന്നത്‌. ഒരിക്കലും കേന്ദ്രത്തിന്റെ ഏജന്റായിരുന്നില്ല ഗവർണർ. സംസ്ഥാന സർക്കാരിനെ വിമർശിക്കാനും അട്ടിമറിക്കാനുമുള്ള രാഷ്ട്രീയ സാഹചര്യം ഒരിക്കലും അവരുടെ ചുമതലയല്ല. എന്നാൽ, ഇന്ന്‌ പല ഗവർണർമാരും മോഡി സർക്കാരിന്റെ ഏജന്റുമാരായാണ്‌ പ്രവർത്തിക്കുന്നത്‌. മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ല എന്നറിഞ്ഞിട്ടും ഗവർണർ ഭഗത്‌സിങ് കോഷിയാരി ദേവേന്ദ്ര ഫഡ്‌നാവിസിനെയും കർണാടകയിൽ ഗവർണർ വാജുഭായ്‌ വാല ഭൂരിപക്ഷമുള്ള കോൺഗ്രസ്‌–-ജെഡിഎസ്‌ സഖ്യത്തെ പരിഗണിക്കാതെ ബിജെപി നേതാവ്‌ യെദ്യൂരപ്പയെയും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. ഇരുവർക്കും നാണംകെട്ട്‌ ഇറങ്ങിപ്പോകേണ്ടിയും വന്നു. ഈ രീതിയിൽ പ്രവർത്തിക്കാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാനും തയ്യാറാകുകയാണെങ്കിൽ പ്രബുദ്ധ കേരളം അത്‌ അംഗീകരിക്കില്ലെന്ന്‌ ഉറപ്പിച്ചുപറയാം. സ്വതന്ത്ര ഇന്ത്യയിൽ ഗവർണറുടെ അധികാര ദുർവിനിയോഗത്തിന്‌ ഇരയായ ആദ്യ സംസ്ഥാനമാണ്‌ കേരളം. ആ അധികാര ദുർവിനിയോഗത്തെ ദേശീയമായി തന്നെ ചെറുക്കാൻ നേതൃത്വം നൽകിയ സംസ്ഥാനവുമാണിത്‌. ഈ ചരിത്രപാഠം തന്നെയാണ്‌ കേരളത്തിന്റെ കരുത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top