24 April Wednesday

ചാൻസലറുടെ രാഷ്ട്രീയക്കളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


സംസ്ഥാന സർക്കാരിനെതിരെ  ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാൻ നയിക്കുന്ന അസംബന്ധ യുദ്ധത്തിന്റെ മുഖ്യ പോർമുഖങ്ങളിൽ ഒന്ന് സർവകലാശാലകളാണ്‌. ചാൻസലർ എന്ന പദവി ഉപയോഗിച്ച്  വൈസ് ചാൻസലർ നിയമനംമുതൽ ദൈനംദിന പ്രവർത്തനങ്ങൾവരെ എങ്ങനെ അലങ്കോലമാക്കാമെന്ന പരീക്ഷണത്തിലാണ് അദ്ദേഹം.

ഇപ്പോൾ കേരള സർവകലാശാലയിൽ വിസി നിയമനത്തിന് തിരക്കുകൂട്ടുകയാണ് ഗവർണർ. ആദ്യം സർവകലാശാലാ  പ്രതിനിധി ഇല്ലാതെ ഏകപക്ഷീയമായി രണ്ടംഗ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചു.  ഇതിനെതിരെ സെനറ്റ്‌ പ്രമേയം പാസാക്കി. താൻ രൂപീകരിച്ച കമ്മിറ്റിയിലേക്ക് ഒരാഴ്ചയ്‌ക്കകം പ്രതിനിധിയെ നൽകാൻ ഇപ്പോൾ  സർവകലാശാലയോട് ആവശ്യപ്പെടുന്നു.  നിയമോപദേശം തേടിയിരിക്കുകയാണ് സർവകലാശാല. വിസി തെരഞ്ഞെടുപ്പിനുള്ള സെർച്ച്‌ കമ്മിറ്റിയുടെ അംഗസംഖ്യ വർധിപ്പിച്ച് നിയമസഭ ബിൽ പാസാക്കിയിരുന്നു. ആ ബിൽ ഒപ്പിടാതെയാണ് പഴയ വ്യവസ്ഥപ്രകാരം നിയമനത്തിന് ഗവർണറുടെ തിരക്കിട്ട നീക്കം.

ഗവർണർ എന്നത് ഭരണഘടനാ പദവിയാണ്‌. എന്നാൽ, ചാൻസലർ എന്നത് സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലൂടെ കിട്ടുന്ന സ്ഥാനമാണ്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമസഭ കേന്ദ്രം നിയമിക്കുന്ന ഗവർണർക്ക്‌ വച്ചുനീട്ടുന്ന ഔദാര്യം മാത്രമാണത്. അത് മനസ്സിലാക്കിയാണ് ഗവർണർമാർ പ്രവർത്തിക്കുക. അതുകൊണ്ടാണ് ഏറ്റുമുട്ടലില്ലാതെ സർവകലാശാലകളിലെ ഈ അലങ്കാരപദവി തുടർന്നുപോയത്. ഈ ബലതന്ത്രം തെറ്റിച്ചാൽ സർവകലാശാലാ ഭരണം പ്രയാസമാകും.  കോൺഗ്രസ് ഭരണത്തിലും ചില ഗവർണർമാർ യജമാനപ്രീതിക്കായി സർവകലാശാലകളുടെ മെക്കിട്ടു കയറിയിട്ടുണ്ട്. സംഘപരിവാർ ഭരണം വന്നതോടെ ഇത് പതിവായി. ആർഎസ്എസ് അജൻഡകൾ നടപ്പാക്കാൻ സർവകലാശാലകളുടെ നിയന്ത്രണം പിടിക്കണം. പറഞ്ഞാൽ എന്തും ചെയ്യുമെന്നുറപ്പുള്ള ഗവർണർമാരെ ഇതിനായി അഴിച്ചുവിടുന്നു. ബിജെപി സർക്കാർ തന്നെ നിയമിച്ച്‌ കേരളത്തിൽ വന്ന ജസ്റ്റിസ് പി സദാശിവം ഇത്തരം കളികൾക്ക് നിന്നില്ല. ഗവർണർ പദത്തിനു ഭരണഘടന കൽപ്പിക്കുന്ന അധികാരത്തിന്റെ പരിമിതികൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ബ്രിട്ടീഷ് കാലത്തെ നിയമമാതൃകയിൽ ഉണ്ടാക്കിയതുകൊണ്ടുമാത്രമാണ് സർവകലാശാലകളിൽ ഗവർ‍ണർ‍ ചാൻസലറായി വന്നത്. സർവകലാശാലകൾ സ്ഥാപിച്ചപ്പോൾ ബ്രിട്ടീഷുകാർ  അവരുടെ ഗവർണർ ജനറൽമാരെ ചാൻസലറാക്കി. 1857ൽ കൽക്കട്ടാ സർവകലാശാലയിൽ  കാനിങ്‌ പ്രഭുവായിരുന്നു ചാൻസലർ.  തിരുവിതാംകൂർ സർവകലാശാലയിൽ രാജാവ് ചാൻസലറും ദിവാൻ സി പി രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായി. സ്വതന്ത്ര ഇന്ത്യയിലും ഈ ഏർപ്പാട് തുടർന്നു. പക്ഷേ, ബ്രിട്ടീഷുകാരുടെ ഗവർണർ അധികാര കേന്ദ്രമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഗവർണർ ആലങ്കാരിക പദവിമാത്രവും.

ഗവർണർമാർ അടുത്തിടെ അലമ്പിനിറങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറച്ചു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുംകോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും ഇങ്ങനെ പുതിയ നിയമം വന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞവർഷം നിയമം മാറ്റി. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ സെർച്ച് കമ്മിറ്റി കൊടുക്കുന്ന മൂന്നുപേരിൽനിന്ന് സംസ്ഥാന സർക്കാരാണ് വിസിയെ നിയമിക്കുന്നത്.

ഭരണഘടന നിർദേശിക്കാത്ത ചാൻസലർ പദവി പോലെയുള്ള അധികാരങ്ങൾ ഗവർണർമാർക്ക് നിയമസഭകൾ നൽകരുതെന്ന് സർക്കാരിയ കമീഷൻ എൺപതുകളിൽത്തന്നെ മുന്നറിയിപ്പുനൽകിയിരുന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായി 2007ൽ നിയമിക്കപ്പെട്ട നാലംഗ കമീഷനും ഇതുതന്നെ പറഞ്ഞു.  വിസി നിയമനരീതിയിൽ മാറ്റംവരുത്തുന്ന നിയമം കേരള നിയമസഭയും പാസാക്കി കഴിഞ്ഞു. ഈ ബില്ലിന് എത്രയുംവേഗം അനുമതി നൽകുകയാണ്  ഗവർണർ ചെയ്യേണ്ടത്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് ശബ്ദമുയർത്തുമെന്ന് കരുതാം.

സർവകലാശാലകളിൽ ക്രമക്കേടും രാഷ്ട്രീയ ഇടപെടലും ഉള്ളതുകൊണ്ടല്ലേ ഗവർണർ ഇടപെടുന്നതെന്ന  ചോദ്യവുമായി ചില ‘ശുദ്ധാത്മാക്കൾ' രംഗത്തുണ്ട്. സർവകലാശാലകളിലെ നിയമനങ്ങളിൽ പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ നിയമമാർഗങ്ങൾ ഉണ്ടല്ലോ. നിയമനം  കിട്ടാതെ വരുന്നവർ കേസിന് പോകുന്നത് പുതിയ കാര്യമല്ല. അന്യായമെന്ന്‌ കോടതിക്ക് തോന്നുന്ന നിയമനങ്ങൾ റദ്ദാക്കാറുമുണ്ട്. പിന്നെ, പദവികൾക്കായിമാത്രം പാർടികൾ മാറിമാറി സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിൽ ആണ്ടുനിൽക്കുന്ന ഒരാളുടെ രാഷ്ട്രീയം ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു മുന്നണിയുടെ രാഷ്ട്രീയത്തേക്കാൾ മികച്ചതെന്ന് കരുതുന്നവരോട് സഹതാപം മാത്രം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top