21 June Friday

അതിരുവിടുന്ന ഗവർണർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

മോദി സർക്കാരിന്റെ രാഷ്ട്രീയ അജൻഡ ശിരസ്സാവഹിച്ച്‌ കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ വീണ്ടും അസാധാരണ നടപടിയുമായി  മുന്നോട്ടുപോകുകയാണ്‌. പുനർവിജ്ഞാപനം ചെയ്യേണ്ട 11 ഓർഡിനൻസ്‌ ഒപ്പിടാത്തതിനാൽ  അസാധുവായി. ഗവർണർ വിശദമായി പരിശോധിച്ച്‌ ഒപ്പിട്ട ഓർഡിനൻസുകളാണ്‌ പുതുക്കിയിറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്‌. മുമ്പും പലവട്ടം അദ്ദേഹം ഏറ്റുമുട്ടൽ സമീപനങ്ങൾ സ്വീകരിക്കുകയുണ്ടായി. അന്നും സർക്കാർ നിയമപരമായി നീങ്ങുകയാണ്‌ ചെയ്‌തത്‌. പുതുക്കാൻ ആവശ്യപ്പെട്ട ഓർഡിനൻസുകൾ  നിയമമാക്കാൻ  പ്രത്യേക സഭാസമ്മേളനംവിളിക്കാൻ തീരുമാനിച്ചത്‌ അതിന്റെ ഭാഗം.

നിയമസഭയിൽ ബിജെപിക്ക്‌ പ്രാതിനിധ്യം ഇല്ലാത്തതിന്റെ പോരായ്‌മ തീർക്കാനാണ്‌ ഖാന്റെ പദവി ദുരുപയോഗം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത്‌ ഭരണഘടന അനുസരിച്ചാണ്‌. രാഷ്ട്രീയ നിയമനമായ ആ പദവിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലെ വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാന കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത്‌ താനാണെന്നാണ്‌  അദ്ദേഹത്തിന്റെ നിലപാട്‌.  ചുമതലയേറ്റശേഷം സർക്കാരിന്‌  നിരന്തരം തടസ്സം നിൽക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സഭ പ്രമേയം പാസാക്കിയത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ചതിനെ പരസ്യമായി വിമർശിച്ചു. തദ്ദേശവാർഡ്‌ വിഭജന ഓർഡിനൻസ്‌ ഒപ്പിടുന്നതിനും വിസമ്മതിച്ചിരുന്നു. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സഭ വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനും ആദ്യം തയ്യാറായില്ല. അതിന്റെ തുടർച്ചയാണ്‌ ഓർഡിനൻസുകൾ പുതുക്കി ഒപ്പിടാതിരുന്നതും.  

സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥമാണെന്ന് 163–-ാം ഭരണഘടനാ അനുച്ഛേദം വ്യക്തമാക്കുന്നു.  പദവിയുടെ വലുപ്പം  മാനിക്കാതെ ഖാൻ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയത് തീരുമാനിച്ചുറച്ചതുപോലെയാണ്‌. സംസ്ഥാന സർക്കാരുമായുണ്ടായ ചില തെറ്റിദ്ധാരണകൾ വിവാദമാക്കിയത്‌ അതിനാലാണല്ലോ. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന്  ഭരണഘടനയിൽ ഇല്ല.അനുച്ഛേദം  167ൽ  അക്കാര്യം വ്യക്തം.  2016 ജൂലൈ 13ലെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട  കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേയുള്ളൂവെന്ന്  അത്‌  കൃത്യമായി പറഞ്ഞു.  

എന്നാൽ, സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക് കാത്തുനിൽക്കണമെന്ന  തലതിരിഞ്ഞ  കീഴ്‌വഴക്കം ഉറപ്പിക്കാനാണ് ശ്രമം. ഭരണഘടനയുടെ അനുച്ഛേദം 208 പ്രകാരം രൂപീകരിക്കപ്പെട്ട ചട്ടങ്ങൾക്ക് അനുസൃതമാണ് സഭാ നടപടിക്രമങ്ങളും കാര്യനിർവഹണവും. അവയ്ക്ക് ഗവർണറുടെ അനുമതി വേണ്ട.  സഭയുടെ  പൂർണാധികാരം ഭരണഘടന അംഗീകരിച്ചതാണ്.  സഭാ നടപടികളുടെ സാധുത കോടതിയിൽപ്പോലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു. ഖാൻ അതിരുവിട്ടപ്പോൾ റസിഡന്റ് ഭരണം അനുവദിക്കില്ലെന്നാണ്  മുഖ്യമന്ത്രി തുറന്നടിച്ചത്.  നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനുള്ള ബ്രിട്ടീഷ്‌ ഉപാധിയായിരുന്നു  റസിഡന്റുമാർ.  ഖാനെ അതേ വേഷം ഇടീക്കാനാണ് മോദിയുടെ ശ്രമം.

കേന്ദ്ര–-- സംസ്ഥാന ബന്ധങ്ങൾ  പുനരവലോകനം ചെയ്യാൻ 1983ൽ കേന്ദ്രം, സർക്കാരിയ കമീഷനെ നിയമിക്കുകയുണ്ടായി. ആ റിപ്പോർട്ടിൽ കേന്ദ്ര–-- സംസ്ഥാന ബന്ധങ്ങളും  ഗവർണർ പദവിയും സംബന്ധിച്ച്  ശ്രദ്ധേയ  കണ്ടെത്തലുകളുണ്ട്. ഭരണഘടനയുടെ 356-–-ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നതും ഗവർണർ പദവി ചട്ടുകമാക്കുന്നതും പ്രത്യേകം അടിവരയിട്ടു. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഭരണപ്രതിസന്ധിയുണ്ടാക്കും. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. അദ്ദേഹം അധികാരത്തിന്റെ  കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട  മുഖ്യമന്ത്രിക്ക്‌ മുകളിലല്ല. രാമേശ്വർ പ്രസാദ് യൂണിയൻ ഓഫ് ഇന്ത്യ  കേസിലെ  സുപ്രീംകോടതി  പരാമർശവും  പ്രസക്തം. കേന്ദ്രത്തിന്റെയും  സംസ്ഥാന മന്ത്രിസഭയുടെയും  ഉപദേശങ്ങളിൽ  വൈരുധ്യമുണ്ടെങ്കിൽ  ആദ്യത്തേത്‌  തള്ളി, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ  പ്രവർത്തിക്കണമെന്നാണ് അതിന്റെ ഉള്ളടക്കം. ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കർ ‘ഗവർണർമാർക്ക് കർത്തവ്യങ്ങളില്ല, ഉത്തരവാദിത്വങ്ങളുണ്ട്’എന്ന്‌ അടിവരയിട്ടത്‌ ചരിത്രപരവുമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top