02 May Thursday

കാരുണ്യത്തിന്റെ സ്നേഹക്കൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 17, 2018


മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹക്കൂട് പുനരധിവാസപദ്ധതി കേരളത്തിന്റെ വ്യതിരിക്തമായ പാതയെ അടയാളപ്പെടുത്തുന്ന മുൻകൈയാണ്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബന്യാൻ, ടിസ്സ്, ഹാൻസ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പരിഷ്കൃതമെന്നും ഉൽക്കൃഷ്ടമെന്നും നാം അഭിമാനിക്കുന്ന സമൂഹത്തിൽ അനിവാര്യമായി ഉണരേണ്ടതും ഉയരേണ്ടതുമായ ചിന്തകളെ  ഓർമിപ്പിച്ചുകൊണ്ടാണ് ആ പദ്ധതിക്ക്  സമാരംഭംകുറിച്ചത്. മാനസികരോഗമെന്ന് കേൾക്കുമ്പോഴേ മുഖംതിരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന മുഖവുരയോടെ, പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന പൊതുസമൂഹത്തിന്റെ നിലപാടുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. മനസ്സിന്റെ താളംതെറ്റിയവരുടെ  കുടുംബാംഗങ്ങളും രോഗവിമുക്തി നേടിയവരും അനുഭവിക്കുന്ന വൈഷമ്യങ്ങൾ പരിഹരിക്കാനുള്ള മുൻകൈ സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് സ്നേഹക്കൂടിന്റെ ഉദ്ഘാടനപരിപാടിയിൽ മുഴങ്ങിയത്.

മനസ്സിന്റെ താളംതെറ്റുന്നവർ കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവർത്തിക്കാൻ പൊതുസമൂഹം തയ്യാറാകുന്നില്ല. സ്വന്തം വീട്ടിൽപോലും ഒറ്റപ്പെടുകയും അകറ്റിനിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് രോഗവിമുക്തി നേടിയവരിൽ പലരും. രോഗം ഭേദമായവരെ തിരികെ വീട്ടിലേക്കു കൊണ്ടുപോകാൻ ബന്ധുക്കൾ പലപ്പോഴും തയ്യാറാകുന്നില്ല. സ്ഥിരബുദ്ധിയുടെ താളംതെറ്റുന്നത് ആരുടെയും കുറ്റംകൊണ്ടല്ല എന്ന യാഥാർഥ്യം തിരിച്ചറിയാതെ കൂടപ്പിറപ്പുകളെപ്പോലും ഉപേക്ഷിക്കുന്നവരുണ്ട്. രോഗവിമുക്തി നേടിയവരുടെ ബന്ധുക്കളെ കണ്ടെത്താൻ സാധിക്കാതെ വരികയോ ബന്ധുക്കൾ കൈയൊഴിയുകയോ ചെയ്യുന്നതുമൂലം ദീർഘകാലമായി ആശുപത്രിയിൽ തന്നെ കിടക്കേണ്ടിവരുന്നവരുമുണ്ട്. അങ്ങനെയുള്ളവർക്കുവേണ്ടിയുള്ളതാണ് 'സ്നേഹക്കൂട്' പദ്ധതി.

സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യകേന്ദ്രങ്ങളിൽനിന്നായി 100 പേരെയാണ് മലപ്പുറത്ത് സജ്ജമാക്കിയ സ്നേഹവീട്ടിലേക്ക് മാറ്റി പുനരധിവസിപ്പിക്കുന്നത്. ദേശീയ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായുള്ള ജില്ലാ മാനസികാരോഗ്യപരിപാടി ആദ്യമായി കേരളത്തിൽ നടപ്പാക്കിയത് 1996ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കാലത്താണ്. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലാണ് ഈ പദ്ധതിക്ക് തുടക്കംകുറിച്ചത്. പിന്നീട് എല്ലാ ജില്ലയിലും ഇത് ഘട്ടംഘട്ടമായി നടപ്പാക്കി. 

മാനസികാരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനായി ഇത്തവണത്തെ ബജറ്റിൽ 15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കേരളത്തിലെമ്പാടും മാനസികാരോഗ്യസേവനം ലഭ്യമാകത്തക്കവിധം വികേന്ദ്രീകൃത മാനസികാരോഗ്യ സംവിധാനങ്ങൾ ഒരുക്കുകയാണ്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ തലത്തിൽ ലഭ്യമായിരുന്ന മാനസികാരോഗ്യചികിത്സ 'ആർദ്രം' പദ്ധതിയുടെ  ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. രോഗനിർണയം, ചികിത്സ, കൗൺസലിങ് എന്നിവ വീടിന് തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാകുകയാണ്.  മാനസികാസ്വാസ്ഥ്യം ബാധിച്ചവർക്ക് ക്ഷേമ പെൻഷൻ, സൗജന്യചികിത്സ എന്നിവ സർക്കാർ ഉറപ്പാക്കി. മാനസികാരോഗ്യകേന്ദ്രങ്ങളിലെ മുഴുവൻ രോഗികളുടെയും കൂട്ടിരിപ്പുകാർക്ക് സൗജന്യഭക്ഷണം നൽകുന്ന പദ്ധതിക്കും തുടക്കമായിരിക്കുന്നു.

മാനസികാരോഗ്യം സംരക്ഷിക്കുന്നതിലൂടെ ആശുപത്രികൾക്ക് വരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയും മറ്റു വിഷമതകളും പരമാവധി ലഘൂകരിക്കുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ഊന്നൽനൽകി പരാമർശിച്ചത്. കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിച്ച് പരിശീലന ഗവേഷണസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താളംതെറ്റിയ മനസ്സുമായി ജീവിക്കുന്നവരെയും ഈ അവസ്ഥയിൽനിന്ന് രോഗവിമുക്തി നേടിയവരെയും കരുണയോടെ കാണാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്ന ആഹ്വാനമാണ്, മൂർത്തമായ ഇടപെടലിനൊപ്പം സ്നേഹക്കൂട് പദ്ധതി സമൂഹത്തിനു പകരുന്നത്. മാനസികാരോഗ്യം വീണ്ടെടുത്തവരെ പുനരധിവസിപ്പിക്കാനായി 'സ്നേഹക്കൂട്' ഒരുക്കിയ 'ദി ബന്യാൻ' എന്ന സംഘടനയെയും രോഗം ഭേദമായവരെ ഏറ്റെടുക്കുന്ന സന്നദ്ധസംഘടനകളെയും അത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനവും സഹായവും നൽകുന്ന സർക്കാരിനെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top