26 February Monday

സാന്ത്വനമേകുന്നവർക്ക് തണലായി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

പ്രിയപ്പെട്ടവർക്ക് രോഗംവന്ന് കിടപ്പിലാകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് നിൽക്കുന്നവർ, സർവാംഗം തളർന്ന്, തൊണ്ട വരണ്ട്, ഒന്നുമിണ്ടാൻ നാവുവഴങ്ങാതെ, അരിക് ചേർത്തിട്ട കട്ടിലിൽ കിടക്കുന്നവർ, ഏകാന്തതയുടെ ഇരുളിലും നൊമ്പരങ്ങളിലും ദിവസം തള്ളിനീക്കുന്നവർ... ഇവർക്ക് അരികിലേക്ക് ഓടിയെത്തുന്നവരാണ് സാന്ത്വന പരിചരണ നഴ്സുമാർ. അവർ രോഗിയെ പരിചരിക്കുന്നു, അവരുടെ സങ്കടം കേൾക്കുന്നു, ആശ്വസിപ്പിക്കുന്നു, മുറിവുകളിൽ മരുന്ന് വച്ചുകെട്ടുന്നു, ഭക്ഷണം നൽകുന്നു. സമാനതകളില്ലാത്ത മനുഷ്യസ്നേഹപരമായ പ്രവർത്തനം. രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസം.

കരാർ–-- ദിവസവേതന അടിസ്ഥാനത്തിൽ ഈ സേവനം നൽകുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 6130 രൂപയുടെ ശമ്പള വർധന പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഇവരെ ചേർത്തു പിടിക്കുകയാണ്. ഇവർക്കും ആശ്വാസത്തണലേകുകയാണ്. മനുഷ്യസ്നേഹവും മാനവികതയുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന തീരുമാനം. 6130 രൂപ വർധിപ്പിച്ചതോടെ നിലവിൽ 18,390 രൂപയായിരുന്ന വേതനം 24,520 രൂപയായി വർധിക്കും. സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാർക്ക് കൈത്താങ്ങാകും. മറ്റു കരാർ ജീവനക്കാർക്ക് നൽകുന്ന ഓണം ഉത്സവബത്ത പാലിയേറ്റീവ് നഴ്സുമാർക്കും നൽകുന്നതും പരിഗണിക്കുന്നുണ്ട്‌.

നവകേരളം കർമപദ്ധതി, ആർദ്രം മിഷൻ രണ്ടിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ സാന്ത്വന പരിചരണ പ്രവർത്തനം ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം. ഇതോടൊപ്പം "അരികെ' എന്ന പേരിൽ സമഗ്ര പാലിയേറ്റീവ്- വയോജന പരിചരണ പദ്ധതിയും നടപ്പാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിട്ടുള്ളവരാണ് പാലിയേറ്റീവ് നഴ്സുമാർ. ഇവരുടെ ശമ്പളം വർധിപ്പിച്ചതുവഴി സാന്ത്വന പരിചരണരംഗത്ത് കേരളം ഇന്ത്യക്കാകെ മാതൃകയാകുകയാണ്. ഇതോടൊപ്പം, ഒരു പ്രതിഫലവും ഇച്ഛിക്കാതെ, ജീവകാരുണ്യ പ്രവർത്തനമെന്ന്  അവകാശപ്പെടാതെ ഈ രംഗത്ത് നിശ്ശബ്ദം പ്രവർത്തിക്കുന്ന അനേകം മനുഷ്യസ്നേഹികളും സംഘടനകളും സംസ്ഥാനത്തുണ്ട്.

മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കാനും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനും എൽഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഇന്ത്യയും ലോകവും ഇതിനകം ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരുടെയും സാമൂഹ്യസുരക്ഷ, ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി, സർവതലസ്പർശിയായ സമഗ്രവികസനത്തിലൂടെ നവകേരളത്തിലേക്ക് എന്നതാണ് പിണറായി സർക്കാരിന്റെ കാഴ്ചപ്പാട്. സാമ്പത്തിക പ്രയാസങ്ങളുടെ നടുക്കടലിൽ നിൽക്കുമ്പോഴും നാടിന്റെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച്, ക്ഷേമ നടപടികൾ നടപ്പാക്കി മുന്നേറുകയെന്ന നിലപാടിൽനിന്ന് അണുവിട മാറാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. റബർ കർഷകർക്ക് സബ്സിഡിയായി 42.57 കോടി രൂപകൂടി അനുവദിച്ചതും ഇതോടൊപ്പം കാണണം.

നവഉദാര സാമ്പത്തികനയം തീവ്രമായി നടപ്പാക്കുന്ന രാജ്യത്ത് ഒരു സംസ്ഥാനത്തിന് മാത്രമായി വ്യത്യസ്തമായി എന്തു ചെയ്യാൻ കഴിയുമെന്നതിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനമാണ് പിണറായി സർക്കാരിന്റെ ഓരോ ചുവടും. ബിജെപിയുടെയും യുഡിഎഫിന്റെയും നയങ്ങൾക്കെതിരായ ബദൽ നിലപാടുകൾ. കേന്ദ്ര സർക്കാർ സാമ്പത്തികമായി എത്രകണ്ട് ദ്രോഹിച്ചാലും ജനക്ഷേമത്തിലും വികസനത്തിലും വിട്ടുവീഴ്ചയില്ലാത്ത ബദൽനയം. പാലിയേറ്റീവ് നഴ്സുമാർക്ക് വേതനം വർധിപ്പിച്ചതും ഈയൊരു നയത്തിന്റെ ഭാഗമായിത്തന്നെ കാണണം. മനുഷ്യജീവിതത്തിലാകെ വേരുകളാഴ്ത്തി, വിശ്വമാകെ പടർന്നുനിൽക്കുന്ന ഒരിടമായി, ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കൊച്ചു കേരളം മാറുന്നത്‌ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ മാതൃകാപരമായ നിലപാടുകൾ കൊണ്ടാണെന്ന് ജനങ്ങൾ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top