24 April Wednesday

വിശാല വികസന പരിപ്രേക്ഷ്യം, ജനകീയബദൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018


ഇരുപതുമാസം പിന്നിടുന്ന ഇടതുജനാധിപത്യമുന്നണി സർക്കാർ കേരളത്തിന് പുതിയൊരു വികസനപരിപ്രേക്ഷ്യവും ഉദാരവൽക്കൃത സമ്പദ്ഘടനയ്ക്ക് ജനകീയബദലും സാധ്യമാക്കിയെന്ന്  ഗവർണർ പി സദാശിവം നയപ്രഖ്യാപനപ്രസംഗത്തിൽ വ്യക്തമാക്കി. മൂലധനതാൽപ്പര്യങ്ങൾ കടുത്ത സ്വാധീനംചെലുത്തുന്ന വർത്തമാനകാലത്ത് സാധാരണ ജനങ്ങളുടെ ജീവിതത്തിന് എങ്ങനെ ആശ്വാസം പകരാമെന്ന രൂപരേഖയും ദിശാബോധവും പകരുന്നതുകൂടിയായി നയപ്രഖ്യാപനം. ക്രമസമാധാനപാലനത്തിലും ആരോഗ്യരക്ഷയിലും ജനജീവിതഗുണമേന്മാ സൂചികകൾ നിർണയിക്കുന്ന മറ്റനേകം ഘടകങ്ങളിലും രാജ്യത്ത് ഒന്നാമത് നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തിയ ആസൂത്രിതവും സംഘടിതവുമായ പ്രചാരണത്തെ ഗവർണർ എടുത്തുപറഞ്ഞു. ചില വർഗീയസംഘടനകൾ കിണഞ്ഞുശ്രമിച്ചിട്ടുംസംസ്ഥാനത്ത് വർഗീയലഹള പൊട്ടിപ്പുറപ്പെടാതെ നോക്കാൻ സർക്കാരിന് സാധിച്ചു. നോട്ട് പ്രതിസന്ധിയും അശാസ്ത്രീയരീതിയിലുള്ള ചരക്കുസേവന നികുതിയും കേരളത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഈ പ്രയാസമേറിയ ചുറ്റുപാടിലും ജനങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

നമ്മുടെ പുകൾപെറ്റ കേരളമോഡൽ ഇന്ന് നേരിടുന്ന വെല്ലുവിളികളെ നയപ്രഖ്യാപനത്തിൽ ഗൗരവപൂർവം വിലയിരുത്തുന്നു.  ഗൾഫ് മേഖലയിലെ പ്രതിസന്ധി കേരളത്തിനുമേൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഈ പരീക്ഷണഘട്ടത്തിലും നേട്ടങ്ങൾ സംരക്ഷിച്ചുനിർത്തുന്നതിനും നവീന ആശയങ്ങൾ ഉൾക്കൊണ്ട് പുതിയ കാലത്തിന്റെ ചലനവേഗത്തിനൊത്തുനീങ്ങാനും സർക്കാരിന് സാധിക്കുന്നുവെന്നതിൽ ഗവർണർ സംതൃപ്തി രേഖപ്പെടുത്തുന്നു. സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തികമേഖലകളിൽ സുസ്ഥിരവളർച്ചയാണ് സർക്കാരിന്റെ മുൻഗണന. ഇതിനായി സദ്ഭരണം, സംരംഭകത്വം, ഉത്തരവാദിത്തപൂർണമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നു. ഭരണത്തിലെ സുതാര്യതയും അർഹർക്ക് ആശ്വാസമെത്തിക്കലും അവസരസമത്വവും സദ്ഭരണത്തിന്റെ ആപ്തവാക്യങ്ങളായി ഗവർണർ പ്രഖ്യാപിക്കുമ്പോൾ മുൻഭരണകാലത്തെ ദുരനുഭവങ്ങൾ ജനമനസ്സുകളിൽ തികട്ടാതിരിക്കില്ല. ഭരണാധികാരിയുടെ മനഃസാക്ഷിയല്ല, സാമൂഹ്യമനഃസാക്ഷിയാണ് ഈ സർക്കാരിനെ മുന്നോട്ടുനയിക്കുന്നത്.

പൗരന്മാർക്ക് സഹായഹസ്തം നൽകുന്നതിന് നയപരമായ തീരുമാനം കൈക്കൊള്ളുന്നതിൽ ക്രിയാത്മകസംവാദത്തിൽ ഏർപ്പെടുന്നതിനും സാമൂഹ്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുവയ്ക്കുമ്പോൾ, ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്ക് പ്രതിപക്ഷം തയ്യാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ആഗോളവൽക്കരണവും സാങ്കേതികവിദ്യാവികസനവും പുതിയഘട്ടത്തിലേക്ക് കടന്ന വർത്തമാനകാലത്ത് തൊഴിൽദായകൻ എന്നതിലുപരി തൊഴിൽസംരംഭങ്ങൾ സൃഷ്ടിക്കുക എന്നതിലേക്ക് സർക്കാരിന്റെ ഉത്തരവാദിത്തം മാറിയിരിക്കുന്നു. ഇതിനായി ലോകത്തെമ്പാടുമുള്ള മലയാളിസംരംഭകരുടെയും പ്രവാസികളുടെയും അനുഭവസമ്പത്തും ബുദ്ധിവൈഭവവും പ്രയോജനപ്പെടുത്താനും സർക്കാർ സന്നദ്ധമായിരിക്കുന്നു. അടുത്തിടെ നിയമസഭാമന്ദിരത്തിൽ സംഘടിപ്പിച്ച ലോക കേരളസഭ ഈ ദിശയിലുള്ള ഏറ്റവും കരുത്തുറ്റ ചുവടുവയ്പായി കാണാം.
നവകേരളസങ്കൽപ്പം ആശയതലത്തിൽനിന്ന് പ്രായോഗിക പദ്ധതികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാല് അടിസ്ഥാനമേഖലകളിൽ എൽഡിഎഫ് ഗവൺമെന്റ് തുടക്കംകുറിച്ച ദൗത്യങ്ങൾ സുസ്ഥിര വികസനത്തിന് അടിത്തറയിട്ടിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നാലു മുൻഗണനാമേഖലകൾ നിർണയിച്ചതെന്ന് ഗവർണർ ഓർമിപ്പിക്കുന്നു. ഭക്ഷ്യസ്വാശ്രയത്വം, ശുചിത്വം, മാലിന്യനിർമാർജനം, ജലവിഭവങ്ങളുടെ സുസ്ഥിരവികസനം ഇവയെല്ലാം ലക്ഷ്യമാക്കുന്ന ഹരിത മിഷൻ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണെങ്കിലും ദുർബലജനവിഭാഗങ്ങളായിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കൾ. മാലിന്യസംസ്‌കരണപ്രശ്‌നത്തിന് ശാശ്വതപരിഹാരമെന്ന നിലയിൽ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് 'മാലിന്യത്തിൽനിന്ന് ഊർജം' എന്ന നവീനപദ്ധതി ആരംഭിക്കുമെന്ന് ഉറപ്പുനൽകുന്നു. ജലവിഭവങ്ങളുടെ സംരക്ഷണത്തനിനൊപ്പം ഗതാഗതസാധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതികൾ ആവിഷ്‌കരിക്കും   

പൊതുജനാരോഗ്യമേഖല കൂടുതൽ വികേന്ദ്രീകരിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള 'ആർദ്രം' കേരളത്തിന്റെ മാനവവിഭവശേഷിയെ ഇനിയുമേറെ വളർത്തുന്നതാകും. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം അന്തരാഷ്ട്രതലത്തിലെത്തിക്കുന്നതിനുള്ള ജനകീയ യജ്ഞങ്ങൾ എല്ലാ ഗ്രാമനഗരങ്ങളിലും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം സമീപഭാവിയിൽ യാഥാർഥ്യമാക്കാൻ പ്രാപ്തമായ നിലയിലാണ് 'ലൈഫ്' മിഷൻ മുന്നേറുന്നത്. ഊർജരംഗത്താകട്ടെ പാരമ്പര്യേതര ഊർജസ്രോതസ്സുകളെ ശക്തിപ്പെടുത്തുന്നതിനും സോളാർ ഉൾപ്പെടെയുള്ള പുനരുൽപ്പാദനരീതി പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നു. സ്ത്രീശാക്തീകരണം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പിന്തുടരുന്ന പുരോഗമനാത്മക സമീപനം ഗവർണറുടെ നയപ്രഖ്യാപനത്തിൽ നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ട്. ഓരോ മേഖലയെടുത്തുപരിശോധിക്കുമ്പോഴും നവീന ആശയങ്ങളുടെയും ജനകീയപ്രതിബദ്ധതയുടെയും തിളക്കം കാണാനാകും.

കേവലം പദ്ധതിപ്രഖ്യാപനങ്ങളോ അവകാശവാദങ്ങളോ ആകാതെ പുതിയ കേരളത്തിന്റെ മുന്നേറ്റപാത നിർണയിക്കുന്ന സുപ്രധാന വികസനക്ഷേമ പദ്ധതിരേഖയായാണ് ഗവർണറുടെ നയപ്രഖ്യാപനത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളായി നിലവിലുള്ള നയത്തെയും നേട്ടത്തെയും വിശകലനംചെയ്ത് ഭാവിയിലേക്ക് വഴിചൂണ്ടുന്ന അടിസ്ഥാനപ്രമാണമായി ഈ നയപ്രഖ്യാപനത്തെ മാറ്റിയിരിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top