26 April Friday

യുഡിഎഫിന്‌ അതൃപ്‌തി എന്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


സ്വർണക്കടത്തുകേസ്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തിരിക്കുകയാണ്‌. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ്‌ നായരെയും ബംഗളൂരുവിൽ എൻഐഎ പിടികൂടി കേരളത്തിൽ എത്തിച്ചിരിക്കുന്നു. ഒന്നാം പ്രതി സരിത്തിനെ നേരത്തെ തന്നെ കസ്റ്റംസ്‌ അധികൃതർ പിടികൂടിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ്‌ സൂചന. സ്വർണക്കടത്ത്‌ രാജ്യസുരക്ഷയ്‌ക്ക്‌ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ എൻഐഎ കേസ്‌ ഏറ്റെടുത്തിട്ടുള്ളത്‌. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമായതിനാൽ കേന്ദ്ര ഏജൻസികളുടെ ഫലപ്രദമായ അന്വേഷണം വേണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ്‌ എൻഐഎ കേസ്‌ ഏറ്റെടുത്തത്‌. കേസ്‌ ഏറ്റെടുത്തതിനുശേഷമുള്ള അന്വേഷണം ശരിയായ രീതിയിലാണ്‌ മുന്നേറുന്നതെന്നതാണ് ഇതുവരെയുള്ള നടപടികൾ സൂചിപ്പിക്കുന്നത്‌. ‌

എന്നാൽ, കേന്ദ്ര ഏജൻസിയായ എൻഐഎ കേസന്വേഷണം ഏറ്റെടുത്തിട്ടും പ്രതിപക്ഷത്തിന്‌ അതിൽ തൃപ്‌തിയില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപിയും യുഡിഎഫും തെരുവിലിറങ്ങിയിരിക്കുകയാണ്‌. സിബിഐയുടെയും റോയുടെയും മറ്റും നേതൃത്വത്തിലുള്ള അന്വേഷണംകൂടി വേണമത്രെ. ഇക്കാര്യം ആവശ്യപ്പെട്ടാണ്‌ അവർ സമരരംഗത്തിറങ്ങിയിട്ടുള്ളത്‌. സംസ്ഥാന പൊലീസ്‌ എന്തുകൊണ്ട്‌ കേസ്‌ അന്വേഷിക്കുന്നില്ലെന്ന ചോദ്യവും ഇവർ ആവർത്തിക്കുന്നു. പൊലീസ്‌ അന്വേഷണം നടത്തി അതിൽ അവിശ്വാസം രേഖപ്പെടുത്താനുള്ള അവസരം മുഖ്യമന്ത്രി സമഗ്രഅന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയതോടെ യുഡിഎഫിന്‌ ഇല്ലാതായി. അതിലുള്ള വിഷമം അവരുടെ പ്രതികരണങ്ങളിൽനിന്ന്‌ വായിച്ചെടുക്കാം.

കേന്ദ്രത്തിന്റെ കീഴിലുള്ള സുപ്രധാന അന്വേഷണ ഏജൻസികളിൽ ഒന്നാണ്‌ എൻഐഎ. ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്‌ ബിജെപിയാണ്‌. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ കീഴിലുള്ള ഏജൻസി കൂടിയാണ്‌ ഇത്‌. എന്നിട്ടും ബിജെപി ഈ അന്വേഷണത്തിൽ അതൃപ്‌തിയുമായി രംഗത്തുവരുന്നത്‌ എന്തുകൊണ്ടാണ്‌? സ്വർണക്കടത്തിന്റെ ഉറവിടംമുതൽ അതിന്റെ ഗുണഭോക്താക്കളിൽവരെ നീളുന്ന അന്വേഷണം നടത്താനും കുറ്റക്കാരെ കണ്ടെത്താനും കഴിയുന്ന കേന്ദ്ര ഏജൻസിയാണ്‌ എൻഐഎ. ദേശവിരുദ്ധ പ്രവർത്തനവുമായും ഭീകരവാദ പ്രവർത്തനവുമായും  ഈ സ്വർണക്കടത്തിന്‌ ബന്ധമുണ്ടോ എന്ന അന്വേഷണവും നടക്കും. ഇതിനെയൊക്കെ ബിജെപി ഘടകം ഭയക്കുന്നത്‌ എന്തിനാണ്‌? കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചതുമുതൽ അവർ ചോദ്യംചെയ്യാനായി വിളിപ്പിച്ചവരുടെ പട്ടിക ബിജെപിയെ അലോസരപ്പെടുത്തുന്നതാണ്‌. നാലാംപ്രതി സന്ദീപ്‌ നായരുടെ ഭാര്യയെയാണ്‌ ആദ്യം ചോദ്യംചെയ്‌തത്‌. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ്‌ കെ പി രമേശിന്റെ വിശ്വസ്‌തനാണ്‌ സന്ദീപ്‌ നായർ. കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ഗ്രൂപ്പുകാരനാണ്‌ രമേശ്‌. 

ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുക ലക്ഷ്യമാക്കി രൂപംകൊണ്ട ഒരു സംഘടന എന്തിനാണ്‌ രാജ്യദ്രോഹ പ്രവർത്തനത്തിൽ എർപ്പെട്ടുവെന്ന്‌‌ സംശയിക്കുന്ന വ്യക്തിയെ ജാമ്യത്തിലിറക്കാൻ മുന്നോട്ടുവന്നത്‌? എൻഐഎ അന്വേഷണം ആരംഭിക്കുന്നതിന്‌ മണിക്കൂറുകൾക്കു മുമ്പ്‌ വിദേശ സഹമന്ത്രി വി മുരളീധരൻ, സ്വർണക്കടത്തിന്‌ ഉപയോഗിച്ചത്‌ നയതന്ത്ര ബാഗേജായിരുന്നില്ല എന്നുപറഞ്ഞതും സംശയമുണർത്തുന്നു

അതോടൊപ്പം കസ്റ്റംസ്‌ ചോദ്യംചെയ്‌ത മറ്റൊരാൾ ബിജെപി, ആർഎസ്‌എസ്‌ പ്രമുഖരുമായി അടുത്ത ബന്ധമുള്ള കസ്റ്റംസ്‌ ക്ലിയറൻസ്‌ അസോസിയേഷൻ നേതാവ്‌ ഒ ജി ഹരിരാജാണ്‌. പത്തു മണിക്കൂറോളമാണ്‌ ബിസിനസുകാരൻകൂടിയായ ഇയാളെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തത്‌. സ്വർണക്കടത്തിന്‌ ഉപയോഗിച്ച നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കുന്നതിൽ കാലതാമസം വന്നപ്പോൾ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്‌ ബാഗേജ്‌ വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടതും ബാഗ്‌ തുറന്നാൽ ജോലി പോകുമെന്ന്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും ഹരിരാജായിരുന്നു. ഇത്‌ മറച്ചുവയ്‌ക്കാനും ഹരിരാജിനെ രക്ഷിക്കാനുമാണ്‌ ‌മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ്‌ കസ്റ്റംസിന്‌ വിളി പോയതെന്ന്‌ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്‌. ‌രണ്ടാം പ്രതിക്ക്‌ ജാമ്യാപേക്ഷ നൽകുന്നതിന്‌ ഹൈക്കോടതിയെ സമീപിച്ച രാജേഷ്‌ എന്ന അഭിഭാഷകന്‌ കാവിസംഘവുമായും ഹിന്ദു ഇക്കണോമിക് ഫോറവുമായും ബന്ധമുണ്ട്‌.  ഇസ്ലാമിക തീവ്രവാദ ഫണ്ടിങ്ങിനെതിരെ രൂപംകൊണ്ട ഹിന്ദുത്വ സംഘടനയാണ്‌ ഇത്‌. ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുക ലക്ഷ്യമാക്കി രൂപംകൊണ്ട ഒരു സംഘടന എന്തിനാണ്‌ രാജ്യദ്രോഹ പ്രവർത്തനത്തിൽ എർപ്പെട്ടുവെന്ന്‌‌ സംശയിക്കുന്ന വ്യക്തിയെ ജാമ്യത്തിലിറക്കാൻ മുന്നോട്ടുവന്നത്‌? എൻഐഎ അന്വേഷണം ആരംഭിക്കുന്നതിന്‌ മണിക്കൂറുകൾക്കു മുമ്പ്‌ വിദേശ സഹമന്ത്രി വി മുരളീധരൻ, സ്വർണക്കടത്തിന്‌ ഉപയോഗിച്ചത്‌ നയതന്ത്ര ബാഗേജായിരുന്നില്ല എന്നുപറഞ്ഞതും സംശയമുണർത്തുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ സമ്മർദത്തിലാഴ്‌ത്താനും വഴിതിരിച്ചുവിടാനുമുള്ള ബോധപൂർവമായ പ്രസ്‌താവനയാണ്‌ മന്ത്രിയുടേതെന്ന്‌ വ്യക്തം. അന്വേഷണം ഏറ്റെടുത്തതായി അറിയിച്ചുകൊണ്ടുള്ള ആദ്യ വാർത്താകുറിപ്പിൽ തന്നെ എൻഐഎ മന്ത്രിയുടെ വാദം തള്ളുകയും സ്വർണക്കടത്ത്‌ നടന്നത്‌ നയതന്ത്ര ബാഗേജ്‌ ഉപയോഗിച്ചുതന്നെയാണ്‌ എന്ന്‌ അസന്ദിഗ്ധമായി വെളിപ്പെടുത്തുകയും ചെയ്‌തു. കേന്ദ്ര മന്ത്രിയുടെ വാദം ഒരു അന്വേഷണ ഏജൻസി തള്ളിക്കളയുമ്പോൾ ആ മന്ത്രി സംശയത്തിന്റെ നിഴലിലാകുന്നു. അത്തരമൊരാൾക്ക്‌ അധികാരത്തിൽ തുടരാൻ എന്തവകാശമാണുള്ളത്‌.

യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. എൻഐഎ അന്വേഷണം പ്രഖ്യാപിച്ചിട്ടും സംസ്ഥാനതല അന്വേഷണവും സിബിഐ, റോ അന്വേഷണവും വേണമെന്നാണ്‌ യുഡിഎഫിന്റെയും ആവശ്യം. രാജ്യാന്തരബന്ധമുള്ള, നയതന്ത്ര ബാഗേജ്‌ വഴി നടന്ന കള്ളക്കടത്ത്‌ എന്നനിലയിലാണ്‌ എൻഐഎ ഏറ്റെടുത്തത്‌. എന്നാൽ, യുഡിഎഫിന്‌ ഈ അന്വേഷണം ദഹിച്ച മട്ടില്ല. മടിയിൽ കനമുണ്ടെന്നർഥം. അതാണ്‌ റമീസ്‌ എന്ന ചെറുപ്പക്കാരനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചതിൽനിന്ന്‌ തെളിയുന്നത്‌. യുഡിഎഫിന്റെ പ്രമുഖ നേതാവും മുസ്ലിംലീഗ്‌‌ എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ ചെറുപ്പക്കാരനാണ്‌ ഇയാൾ. സംസ്ഥാനത്തെ എൽഡിഎഫ്‌ സർക്കാരിനെതിരെ ആരോപണങ്ങളുടെ പുകമറ തീർത്ത്,‌ എൻഐഎ അന്വേഷണത്തെ വഴിതിരിച്ചുവിട്ട്‌ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റവാളികളെ രക്ഷിക്കാനാണ്‌ ബിജെപിക്കും യുഡിഎഫിനും തിടുക്കം. ചില മാധ്യമങ്ങളും ഈ കുത്സിതനീക്കത്തിനു പിന്നിലുണ്ട്‌. നുണ ഫാക്ടറികൾ ഏതെന്ന്‌ തിരിച്ചറിയാനും യഥാർഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും ജാഗ്രതയോടെയും കാര്യക്ഷമവുമായ പ്രവർത്തനമാണ്‌ ഇപ്പോൾ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top