26 April Friday

പ്രത്യാശയുടെ ജൂൺ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020



പുതിയ പ്രതീക്ഷകളുടെയും പുനരർപ്പണത്തിന്റെയും വാതിൽപ്പടിയാണ്‌ ജൂൺ ഒന്ന്‌. വേനലിന്റെ വെന്തുരുകലിന്‌ ആശ്വാസം പകർന്ന്‌  ഇടവപ്പാതി പെയ്‌തിറങ്ങുന്ന പ്രഭാതത്തിൽ പുത്തനുടുപ്പണിയിച്ച്‌ കുട്ടികളെ സ്‌കൂളുകളിലേക്ക്‌ യാത്രയാക്കുന്ന ദിനം. പ്രവേശനോത്സവത്തിന്റെ ആരവങ്ങളിൽ നാട്‌ ലയിച്ചുനിൽക്കുന്ന ദിനം. പത്തും പന്ത്രണ്ടും ക്ലാസ്‌ കഴിഞ്ഞ വിദ്യാർഥികൾക്ക്‌ ജീവിതത്തിന്റെ സുപ്രധാന വഴിത്തിരിവാണ്‌ ജൂൺ. സാധാരണ  ഈ സമയത്ത്‌ ഉന്നത പഠനത്തിനുള്ള അവസരങ്ങളും സാധ്യതകളും  തേടിയുള്ള നെട്ടോട്ടത്തിലാകും കുട്ടികളും രക്ഷിതാക്കളും. ഇത്തവണ എല്ലാ പതിവുകളും തെറ്റി. കാലവർഷവും തുടക്കത്തിലേ രൗദ്രഭാവത്തിലാണ്‌. ഇതൊക്കെയാണെങ്കിലും പുതിയൊരു തുടക്കത്തിന്‌ കേരളം ഫസ്‌റ്റ്‌ബെൽ മുഴക്കി.

പഴയപടിയല്ലെങ്കിലും  ജീവിതം കൂടുതൽ ചലനാത്മകമാവുകയാണ്‌. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ  പ്ലസ്‌ടുവരെയുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യദിവസത്തെ അനുഭവം ആവേശകരമായിരുന്നു. അധ്യാപകരും കുട്ടികളും തമ്മിലുള്ള പാരസ്‌പര്യം ഒട്ടും ചോർന്നുപോകാതെ ഓൺലൈൻ ക്ലാസുകൾ ആസൂത്രണം ചെയ്ത വിദ്യാഭ്യാസ വകുപ്പ്‌ അധികൃതരും  വിക്‌ടേഴ്‌സ്‌ ചാനലും പ്രശംസ അർഹിക്കുന്നു. സാഹചര്യങ്ങൾ മെച്ചപ്പെടുംവരെ പഠന പ്രക്രിയയുടെ കെട്ടുറപ്പ്‌ സംരക്ഷിക്കാൻ ഒാൺലൈൻ ക്ലാസ്‌ പര്യാപ്‌തമാണെന്ന്‌  നിസ്സംശയം പറയാം.  കോളേജ്‌ ക്ലാസുകളും സമാനമായ രീതിയിൽ നൽകുന്നതിന്‌ തുടക്കം കുറിച്ചു‌. ക്ലാസ്‌ ലഭിക്കാനുള്ള സൗകര്യം മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.


 

കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക അനുമതി സമ്പാദിച്ച്‌ എസ്‌എസ്‌എൽസി , ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തെ എത്ര അഭിനന്ദിച്ചാലും അധികമാകില്ലെന്ന്‌ വിദ്യാർഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. ഇക്കുറിയും  കാലവർഷം കടുക്കുമെന്ന്‌  മുന്നറിയിപ്പ്‌ ലഭിച്ച സാഹചര്യത്തിൽ ജൂൺ പിറക്കും മുമ്പ്‌ സമ്പൂർണ സുരക്ഷ ഒരുക്കി കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയത്,‌ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമായി കണ്ടവരുണ്ട്‌‌. ജൂലൈയിൽ മെഡിക്കൽ, എൻജിനിയറിങ് പ്രവേശനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകൾ  നിശ്‌ചയിച്ചതിനാൽ ഹയർസെക്കൻഡറി ഫലം വന്നില്ലെങ്കിൽ കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെട്ടുപോകുമെന്ന ആശങ്കയ്‌ക്കാണ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യം പരിഹാരം കണ്ടത്‌. പ്ലസ്‌ വൺ പ്രവേശനവും ക്ലാസും യഥാസമയം ആരംഭിക്കുന്നതിന്‌ എസ്‌എസ്‌എൽസി ഫലപ്രഖ്യാപനവും വൈകാതെ നടക്കണം. രണ്ട്‌ തലങ്ങളിലുമുള്ള മൂല്യനിർണയ ക്യാമ്പുകൾ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചതും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകരുന്നുണ്ട്‌. പ്രൊഫഷണൽ കോഴ്‌സ്‌ പ്രവേശനത്തിനുള്ള  ഓൺലൈൻ പരിശീലനവും തുടരുന്നു‌.  സർവകലാശാലാ പരീക്ഷകൾ ഉടനെ  നടത്താനും  തീരുമാനമായി‌.

മഴയെ പ്രണയിച്ചിരുന്ന മലയാളിക്ക്‌ ഈ ജൂൺ ആഹ്ലാദത്തിന്റേതല്ല. രണ്ട്‌ മഹാ പ്രളയങ്ങൾ ഏൽപ്പിച്ച മുറിവുകൾ ഉണങ്ങും മുമ്പെ മറ്റൊരു അതിവർഷം പ്രവചിക്കപ്പെട്ടിരിക്കുന്നു. കോവിഡിന്റെ കെടുതികൾക്കിടയിൽ  മറ്റൊരു ദുരന്തം മുന്നിൽക്കണ്ട്‌ തയ്യാറെടുപ്പുകൾ അനിവാര്യമായി. വെള്ളം ഒഴുകിപ്പോകാനും ഡാം മാനേജുമെന്റ്‌ ഫലപ്രദമാക്കാനുമൊക്കെ സർക്കാർ നടപടികൾ സ്വീകരിച്ചു. മഴക്കെടുതി ഉണ്ടായാൽ ജീവനഷ്‌ടം ഒഴിവാക്കാൻ പരമാവധി മുൻകരുതൽ എടുത്തു‌. ദുരിതബാധിതരെ പാർപ്പിക്കാൻ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുള്ള കേന്ദ്രങ്ങൾ ഒരുക്കി‌. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട  പ്രകാരം ദുരന്ത നിവാരണ സേനയേയും വിന്യസിച്ചു. മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌ത ശുചീകരണ യജ്‌ഞം നല്ല ഫലങ്ങൾ ഉളവാക്കി. അതെ, പ്രതിസന്ധികൾക്ക്‌ മുന്നിൽ പക‌ച്ചുനിൽക്കുകയല്ല , പൊരുതി മുന്നേറുകയാണ്‌ കേരളം.


 

രാജ്യത്ത്‌ അഞ്ചാംഘട്ട ലോക് ഡൗൺ‌ ആരംഭിച്ചു; ഒപ്പം ഇളവുകളും വിപുലപ്പെടുത്തി‌. രണ്ടുമാസത്തിലേറെ നീണ്ട നിശ്‌ചലാവസ്ഥ സൃഷ്‌ടിച്ച സാമ്പത്തിക തകർച്ചയെ മുറിച്ചു കടക്കുകയാണ്‌ ഇളവുകളുടെ ലക്ഷ്യം. കോവിഡിനെ കീഴ്‌പ്പെടുത്തിയതുകൊണ്ടല്ല ; ദാരിദ്ര്യത്തെ കീഴ്‌പ്പെടുത്താനാണ്‌  ഇളവുകൾ. അതു ശരിയായി വിനിയോഗിച്ചില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും ഫലം. വിമാന ,ട്രെയിൻ, ബസ്‌ സർവീസുകളും  ജൂൺ എട്ട്‌ മുതലുളള കൂടുതൽ ഇളവുകളും ശരിയായ അർഥത്തിൽ കണ്ടില്ലെങ്കിൽ നാം പരാജയപ്പെട്ടുപോകും. വൈറസ്‌ നമുക്കിടയിൽ ഉണ്ടെന്ന ബോധ്യത്തോടെ  വേണം പൊതുഇടങ്ങളിൽ ഇടപെടാൻ.  

കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ്‌ ‌ ഇന്ത്യ‌. അഞ്ച്‌ സംസ്ഥാനങ്ങളിലെങ്കിലും അതീവ ഗുരുതരമാണ്‌ രോഗപ്പകർച്ച. അതിഥിെത്താഴിലാളികളുടെ പലായനത്തിന്‌  പരിഹാരമുണ്ടായിട്ടില്ല. സമൂഹവ്യാപനമില്ലെന്ന്‌ കേന്ദ്രം ആവർത്തിക്കുമ്പോഴും പല മെട്രോ നഗരങ്ങളിലും രോഗം നിയന്ത്രണത്തിന്‌ പുറത്താണ്‌. അവിടങ്ങളിൽനിന്ന്‌ നാട്ടിലെത്തുന്ന മലയാളികളാണ്‌ ഇപ്പോഴത്തെ  രോഗബാധിതരിൽ നല്ലൊരു പങ്ക്‌. വിദേശങ്ങളിൽനിന്ന്‌ പ്രത്യേകിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ എത്തുന്നവരാണ്‌ തൊട്ടടുത്ത്‌. സമ്പർക്കംമൂലം രോഗം വരുന്നവരിൽ ആരോഗ്യ പ്രവർത്തകരും രോഗികളുടെ വീട്ടുകാരുമുണ്ട്‌.  പൊതുഇടങ്ങളിൽനിന്ന്‌ രോഗം പകർന്നവർ ഇപ്പോൾ വളരെ കുറച്ചു മാത്രം. അതായത്‌ സമൂഹവ്യാപനം എന്ന ദുരന്തത്തെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചു. നാട്ടിലെത്തുന്ന പ്രവാസി സഹോദരൻമാരിൽ  മാത്രമായി രോഗബാധ പരിമിതപ്പെടുത്തിയാൽ പൊതുജീവിതത്തെ സുരക്ഷിതമാക്കാനാകും. വരുന്നവരെ നിശ്‌ചിത സമയം നിരീക്ഷണത്തിൽ  നിർത്താനും രോഗബാധിതരെ ചികിത്സിക്കാനുമുള്ള സംവിധാനത്തെ അട്ടിമറിക്കാതിരുന്നാൽ മതി. തുറന്നുകിട്ടിയ പൊതുഇടങ്ങളെ രോഗാണു മുക്തമായി സൂക്ഷിക്കാൻ അങ്ങേയറ്റത്തെ കരുതലും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top