30 November Thursday

കേന്ദ്രം നിഷേധാത്മക നിലപാട‌് തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 27, 2018


മഹാപ്രളയം നൂറുനാൾ പിന്നിടുന്ന ഘട്ടത്തിൽ കേരളത്തിന്റെ പുനർനിർമാണത്തെക്കുറിച്ച‌് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച പ്രതീക്ഷകളും ആശങ്കകളും ഗൗരവപൂർണമായ ചർച്ചയ‌്ക്ക‌് വിധേയമാകേണ്ടതുണ്ട‌്. നമ്മുടെ നാട‌് അനുഭവിച്ച ദുരന്തത്തോട‌് സഹാനുഭൂതിയോടെ പ്രതികരിച്ച ലോകത്തെമ്പാടുമുള്ള സഹജീവികളിലും അർപ്പണമനോഭാവത്തോടെ നിലകൊള്ളുന്ന കേരളജനതയിലുമാണ‌് മുഖ്യമന്ത്രി പ്രതീക്ഷയർപ്പിക്കുന്നത‌്. മറുവശത്ത‌്  കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ പിന്നിൽനിന്നുകുത്താനുള്ള ശ്രമങ്ങളെ അത്യധികം ആശങ്കയോടെയാണ‌് അദ്ദേഹം വീക്ഷിക്കുന്നത‌്. നിർഭാഗ്യവശാൽ കേന്ദ്ര സർക്കാരും കേരളത്തിലെ പ്രതിപക്ഷവും പുനർനിർമാണ ശ്രമങ്ങളോട‌് പുറംതിരിഞ്ഞുനിൽക്കുന്നുവെന്നതാണ‌് യാഥാർഥ്യം. 31000 കോടിയുടെ ന‌ഷ‌്ടം കണക്കാക്കിയ പ്രളയത്തിൽ കേന്ദ്രത്തിൽനിന്ന‌് പ്രതീക്ഷിച്ച സഹായം പതിനായിരത്തിൽപ്പരം കോടി രൂപയുടേതാണ‌്. ദേശീയ ദുരന്തനിവാരണനിധിയിൽനിന്ന‌് നിയമാനുസൃതം ലഭിക്കേണ്ട സഹായം 5616 കോടിയാണ‌്. ഇതിന‌്പുറമെ 5000കോടിയുടെ ധനസഹായംകൂടി കേരളം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്ന‌് ഇതുവരെ ലഭിച്ചത‌് 600 കോടി . അരി, മണ്ണെണ്ണ വിലയായി 266 കോടി തിരിച്ചടച്ചാൽ ഫലത്തിൽ ലഭിക്കുന്നത‌് 334 കോടിമാത്രം.

കേരളത്തോടുള്ള രാഷ‌്ട്രീയ വിവേചനത്തിന്റെ വ്യക്തമായ ചിത്രമാണ‌് കണക്കുകളിൽ തെളിയുന്നത‌്. ഇതേ പ്രളയത്തിൽ   ഒരു ജില്ലയിൽമാത്രം (കുടക‌്) നാശമുണ്ടായ കർണാടകത്തിന‌് 546 കോടി കേന്ദ്രം അനുവദിച്ചു. നേരത്തെ പ്രളയമുണ്ടായ ഉത്തരാഖണ്ഡിന‌് 2300 കോടി നൽകി. ചെന്നൈയിൽ 2015ലെ പ്രളയത്തിന‌് നൽകിയത‌് 940 കോടി. ഇതേ മാനദണ്ഡമനുസരിച്ച‌് കേരളത്തിനും സഹായം നൽകണമെന്ന ആവശ്യം കേട്ടതായി നടിക്കുന്നില്ല. പ്രധാനമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നാശത്തിന്റെ തീവ്രത നേരിൽ മനസ്സിലാക്കിയതാണ‌്. ലോകബാങ്ക‌്, നബാർഡ‌് സംഘങ്ങളും നഷ‌്ടക്കണക്ക‌് വസ‌്തുനിഷ‌്ഠമായി പഠിച്ചു. വിദേശരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ കൈനീട്ടേണ്ടതില്ലെന്ന ദുരഭിമാനം പറഞ്ഞാണ‌് 700കോടിയുടെ യുഎഇ സഹായം കേന്ദ്രം മുടക്കിയത‌്. എന്നാൽ, അതിനനുസൃതമായ സഹായമനോഭാവം ഉണ്ടായില്ലെന്ന‌് മാത്രമല്ല, ശത്രുതാപരമായ നിലപാട‌് തുടരുകയും ചെയ്യുന്നു.

ക്രിയാത്മകമായ ഇൗ നടപടികളെ തകർക്കാനും ഇകഴ‌്ത്താനും ശ്രമിക്കുന്ന ശക്തികൾ ഈ നാടിന്റെ ശത്രുക്കളാണ‌്. പുനർനിർമാണ പ്രവർത്തനങ്ങളിൽ പേരുകേട്ട രാജ്യാന്തര ഏജൻസികളുടെ സഹകരണത്തോടെ സമയബന്ധിതവും ശാസ‌്ത്രീയവുമായ പദ്ധതികളാണ‌് വിവിധ മേഖലകളിൽ തയ്യാറായിട്ടുള്ളത‌്. ഇക്കാര്യത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട‌് ആശാവഹമല്ല.

വിദേശ സർക്കാരുകളുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാട‌് കേന്ദ്രം എടുത്തശേഷമാണ‌് ഒരുമാസത്തെ വേതനം സംഭാവനചെയ്യാൻ നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളോട‌് മുഖ്യമന്ത്രി അഭ്യർഥിച്ചത‌്. ഈ യജ്ഞത്തെ തുരങ്കംവയ‌്ക്കാൻ കേന്ദ്രഭരണകക്ഷിയും സംസ്ഥാനത്തെ പ്രതിപക്ഷവും രംഗത്തിറങ്ങിയ കാഴ‌്ച കേര‌ളത്തെ ലജ്ജിപ്പിച്ചു. ഈ പിന്തിരിപ്പൻമാരെ അവഗണിച്ച‌് ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും സർക്കാരിനെ പിന്തുണച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന വിഭവസമാഹരണത്തിന‌് സമൂഹത്തിന്റെ എല്ലാതലങ്ങളിൽനിന്നും നല്ല സഹകരണമുണ്ടായി. 2700 കോടി രൂപ ഇത്തരത്തിൽ സമാഹരിക്കാനായി. എന്നാൽ, ഒരു മാസത്തെ സാലറി ചലഞ്ചിന്റെ ഗുണം ലോകമലയാളി സമൂഹത്തിൽനിന്ന‌ാകെ ലഭ്യമാക്കാനുള്ള ശ്രമത്തെ കേന്ദ്രം തടസ്സപ്പെടുത്തി. ചികിത്സയ‌്ക്ക‌് പോയപ്പോൾ അമേരിക്കയിലും പിന്നീട‌് യുഎഇയിലും മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ‌്ചകളിൽ പ്രവാസികളിൽനിന്നുണ്ടായ വികാരപരമായ പ്രതികരണം നവകേരളത്തിനുള്ള ഗ്യാരന്റിയായിരുന്നു. എന്നാൽ, മറ്റ‌് മന്ത്രിമാരുടെ വിദേശസന്ദർശനം തടഞ്ഞുകൊണ്ട‌് കേന്ദ്രം വഴിമുടക്കി. 

അർഹമായ ധനസഹായം ഉടൻ അനുവദിക്കുക, സംസ്ഥാനത്തിന്റെ വായ‌്പാ പരിധി മൂന്നിൽനിന്ന് നാലര ശതമാനമായി ഉയർത്തുക, നബാർഡിൽനിന്ന് 2500 കോടി രൂപയുടെ വായ‌്പ അനുവദിക്കുക, ലോക ബാങ്ക്, എഡിബി വായ‌്പകൾ  ലഭ്യമാക്കുക, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വർധിപ്പിക്കുക, കേരളത്തെ സഹായിക്കാൻ പ്രത്യേക സെസ് ഏർപ്പെടുത്താമെന്ന ജിഎസ്ടി കൗൺസിൽ തീരുമാനം നടപ്പാക്കുക തുടങ്ങിയ ജീവൽപ്രധാനമായ ആവശ്യങ്ങൾ ഒന്നുപോലും അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ഈ പ്രതിസന്ധിക്കിടയിലും വീടും കൃഷിയും വസ‌്തുവകകളും നഷ‌്ടപ്പെട്ടവർക്ക‌് സഹായം നൽകുന്നതിന‌് സംസ്ഥാനസർക്കാർ അമാന്തം കാണിച്ചില്ല. വീടുകൾ തകർന്നവർക്ക്‌ നൽകുന്ന തുക 1357 കോടി രൂപയാണ്. പൂർണമായി തകർന്ന വീടിന് കേന്ദ്രം ഒരു ലക്ഷം അനുവദിക്കുമ്പോൾ നാലുലക്ഷമാണ‌് സംസ്ഥാനം നൽകുന്നത‌്. എല്ലാ മേഖലയിലും കേന്ദ്രമാനദണ്ഡത്തേക്കാൾ ഉയർന്ന തുക സംസ്ഥാനം നൽകുന്നു.

ക്രിയാത്മകമായ ഇൗ നടപടികളെ തകർക്കാനും ഇകഴ‌്ത്താനും ശ്രമിക്കുന്ന ശക്തികൾ ഈ നാടിന്റെ ശത്രുക്കളാണ‌്. പുനർനിർമാണ പ്രവർത്തനങ്ങളിൽ പേരുകേട്ട രാജ്യാന്തര ഏജൻസികളുടെ സഹകരണത്തോടെ സമയബന്ധിതവും ശാസ‌്ത്രീയവുമായ പദ്ധതികളാണ‌് വിവിധ മേഖലകളിൽ തയ്യാറായിട്ടുള്ളത‌്. ഇക്കാര്യത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട‌് ആശാവഹമല്ല. ആയിരം വീട‌് നിർമിച്ചു നൽകുമെന്ന‌് പറഞ്ഞ‌് രംഗമൊഴിഞ്ഞവർ സർക്കാർ പരാജയമെന്ന വായ‌്ത്താരിയുമായാണ‌് നൂറാംനാളിൽ പ്രത്യക്ഷപ്പെട്ടത‌്. എവിടെ വീടുനിർമിച്ചു? കേരള പുനർനിർമിതിക്ക‌് എന്തുചെയ‌്തു എന്നീ ചോദ്യങ്ങൾക്ക‌് പ്രതിപക്ഷം ഉത്തരം നൽകണം.

ശബരിമലയിൽ ചുരുക്കം നാളുകൾക്കുള്ളിൽ നടന്ന നിർമാണപ്രവർത്തനങ്ങൾ സർക്കാരിന്റെ നിശ‌്ചയദാർ-ഢ്യത്തിന്റെ തെളിവാണ‌്. എല്ലാ ദുരന്തബാധിത മേഖലകകളിലും ഇത്തരത്തിൽ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട‌്. ഇതിനാവശ്യമായ ധനസമാഹരണം തന്നെയാണ‌് കീറാമുട്ടി. കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട‌് തിരുത്തിക്കാനുള്ള കൂട്ടായ സമ്മർദവും പ്രക്ഷോഭവും ആവശ്യമായിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top