13 June Thursday

ഈ കെടുതികളെയും നേരിടാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022


ആഗസ്ത് മലയാളികളെ പേടിപ്പെടുത്തുന്ന മാസമായിട്ട് നാലുവർഷമായി. 2018 ആഗസ്തിലെ മഹാപ്രളയം നാടിനെ അത്ര നടുക്കിയാണ് പിൻവലിഞ്ഞത്. തുടർന്നുവന്ന മൂന്നുവർഷവും ഏറിയും കുറഞ്ഞും ഉരുൾപൊട്ടലുകളും കടൽക്ഷോഭവും പെരുമഴയും കെടുതി വിതച്ചു. ഇക്കുറി വീണ്ടും നാലുദിവസമായി പെയ്യുന്ന കനത്തമഴ പല ജില്ലയിലും തുടരുകയാണ്. ഡാമുകൾ നിറയുന്നു. അങ്ങിങ്ങ് കടലും പ്രക്ഷുബ്ധമാണ്. എങ്കിലും ഇതുവരെ പ്രളയഭീഷണിയില്ല.

കാലവർഷം കാലംതെറ്റി പെയ്യുന്ന അവസ്ഥ കുറെ നാളായി കേരളം നേരിടുന്നു. ജൂണിലും ജൂലൈയിലും  ആവശ്യത്തിന്‌ മഴ കിട്ടിയില്ല. ഇപ്പോഴും 26 ശതമാനം മഴ കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആഗസ്തിലും സെപ്തംബറിലും മഴ കൂടുന്നു. മഴയുടെ തീവ്രതയും വർധിക്കുന്നു. 2018ൽ അതിതീവ്രമഴയാണ് പ്രളയത്തിന് ഇടയാക്കിയത്. അടുത്തവർഷങ്ങളിൽ അതേ രീതിയിൽ പെയ്തില്ലെങ്കിലും കനത്തമഴതന്നെ വീഴുന്നു. ആഗോള കാലാവസ്ഥയിലെ വ്യതിയാനങ്ങൾ മഴപ്പെയ്ത്തിന്റെ ഈ സ്വഭാവമാറ്റത്തിന്‌ കാരണമാകുന്നുണ്ട്. കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന പ്രതിസന്ധികൾ മറികടക്കാൻ  ദീർഘകാല പദ്ധതികളാണ് വേണ്ടത്. സംസ്ഥാന സർക്കാർ ആ വഴിക്ക് അന്വേഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കാലാവസ്ഥാമാറ്റം സംബന്ധിച്ച ശിൽപ്പശാലയിൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു.

എന്നാൽ, അടിയന്തരമായി വേണ്ടത് കെടുതികൾ ആവർത്തിക്കാതിരിക്കാനും ദുരിതത്തിലാകുന്നവരെ പരമാവധി സംരക്ഷിക്കാനുമുള്ള നടപടിയാണ്. ഇക്കാര്യത്തിൽ 2018ലെ പ്രളയം നൽകിയ  അനുഭവങ്ങൾ ഇന്ന് അറിവുകളാണ്.   മഹാപ്രളയങ്ങളും വൻ ദുരന്തവും ‘1999ലെ വെള്ളപ്പൊക്കം' എന്ന പഴങ്കഥയിൽ ഒതുങ്ങില്ലെന്ന്‌ അന്ന് പഠിച്ചു. ആ പ്രളയത്തെ നമ്മൾ  സധൈര്യം മറികടന്നു. ‘കൊണ്ടേപോകൂ' എന്ന മട്ടിൽ പെരുകിനിറഞ്ഞ വെള്ളത്തിനു കുറുകെ ഒരു ജനതയെ  കൈപിടിച്ച് നടത്താൻ ഇവിടെ ഒരു സർക്കാരുണ്ടായി. ഇപ്പോഴും ആ സർക്കാരിന്റെ തുടർച്ച ജനങ്ങൾക്കൊപ്പമുണ്ട്.

മഴക്കാലക്കെടുതികളെ നേരിടാൻ   അവശ്യമായ മുന്നൊരുക്കം സർക്കാർ  നേരത്തേ ആരംഭിച്ചിരുന്നു. തദ്ദേശസ്ഥാപനതലത്തിൽ യോഗങ്ങൾ ചേർന്നു. മോക്ക് ഡ്രില്ലുകൾ നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും യോഗം ചേർന്നു. മുഖ്യമന്ത്രിതന്നെ  കാലവർഷ- തുലാവർഷ മുന്നൊരുക്ക യോഗം വിളിച്ചുചേർത്തു. എല്ലാ ജില്ലയിലും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഒരുകോടി രൂപവീതം മഴക്കാല തയ്യാറെടുപ്പിനായി ജില്ലകൾക്ക് അനുവദിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണവും ഉറപ്പാക്കി.

എങ്കിലും എല്ലാം മുൻകൂട്ടി കാണാനാകില്ലല്ലോ. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടശേഷം സർക്കാർ അതീവ ജാഗ്രതയോടെ ഒപ്പമുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു. ഇതുവരെ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. എങ്കിലും ജാഗ്രത കൈവിട്ടുകൂടാ. എല്ലാ ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും പരിഗണിക്കണം. അപകടമേഖലകളായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മലയോരമേഖലയിലും തീരദേശത്തും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനുള്ള നിർദേശങ്ങൾ പാലിക്കണം.

അപ്രതീക്ഷിതവും അസാധാരണവുമായ മഴയാണ് കെടുതികൾക്ക് ഇടയാക്കുന്നതെങ്കിലും ചിലയിടത്ത്  അതിന്റെ ആഘാതം വർധിപ്പിച്ചത് പരിസ്ഥിതിക്കുമേലുള്ള അനിയന്ത്രിതമായ ഇടപെടലാണ്. മലയിടിച്ചിലിന് ഇടയാക്കുന്ന വിധത്തിലുള്ള വനനശീകരണവും ജലശേഖരണ സംവിധാനങ്ങൾ ഇല്ലാതാക്കി തണ്ണീർത്തടങ്ങൾ നികത്തുന്ന പ്രവണതയും തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടിക്കൊപ്പം ജനങ്ങൾ നിൽക്കണം.  പശ്ചിമഘട്ട സംരക്ഷണമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാനുള്ള നടപടി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും കുട്ടനാടിനെ സംരക്ഷിക്കാനുള്ള പാക്കേജ് നടപ്പാക്കാനും പിന്തുണ നൽകണം.

കാലവർഷക്കെടുതിയിൽനിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ പാർടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചിട്ടുണ്ട്. മറ്റ് പാർടികളും രംഗത്തുവരണം. ഈ കെടുതികളെയും നമ്മൾ മറികടക്കും. അതിനുള്ള  ഉൾക്കരുത്ത് നേടിയ ജനതയും അവരെ നയിക്കാൻ ശേഷിയുള്ള സർക്കാരും ഇവിടെയുണ്ട്. ഈ ദിവസങ്ങളും കടന്നുപോകും. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top