23 April Tuesday

പ്രളയ ദുരിതാശ്വാസത്തിന‌് കേരളമാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Jan 30, 2019


കേരളത്തിൽ 1000 ദിവസം പൂർത്തിയാക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ എന്ത് ചെയ‌്തു എന്ന ചോദ്യത്തിന് ഉത്തരം  പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട‌് ഈ സർക്കാർ ഇതുവരെ നടത്തിയ ഇടപെടലുകൾതന്നെയാണ്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണവും ദുരിതാശ്വാസവും രാജ്യത്തിന‌് മാതൃകയായി നിലകൊള്ളും. പ്രളയബാധിതർക്ക‌് ദേശീയനിരക്കിന്റെ 30 ഇരട്ടിവരെ ഉയർന്നതോതിൽ  ധനസഹായം നൽകിയിട്ടുണ്ട്. വ്യാപാരികൾ, വ്യവസായികൾ, തേനീച്ച കർഷകർ, അലങ്കാരപ്പക്ഷി കർഷകർ മുതലായ വിഭാഗങ്ങളൊന്നും ദേശീയ ദുരിതാശ്വാസത്തിന്റെ പരിധിയിൽ വരുന്നില്ല. എന്നാൽ, സംസ്ഥാന സർക്കാർ ഈ വിഭാഗങ്ങൾക്കുവേണ്ടി ഉജ്ജീവന സഹായപദ്ധതി നടപ്പാക്കി.

പ്രളയദുരിതാശ്വാസത്തിന് സംസ്ഥാന സർക്കാർ ആത്മാർഥമായി എടുക്കുന്ന നടപടികളിൽ കേരള ഹൈക്കോടതി മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ഹൈക്കോടതി നിർദേശപ്രകാരം ദുരിതാശ്വാസ സഹായത്തിന്റെ വിശദമായ കണക്കുകൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത്.
പ്രളയത്തെത്തുടർന്ന് 14 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത്. ക്യാമ്പുകളിൽ കഴിഞ്ഞ 7.15 ലക്ഷം കുടുംബങ്ങൾക്ക് ഇരുപത്തിരണ്ട് ഇനം സാധനങ്ങളുള്ള കിറ്റ് വിതരണംചെയ‌്തു. പ്രളയബാധിതരായ 6.87 ലക്ഷം കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തരസഹായമായി നൽകി. പ്രളയബാധിതമേഖലയിലെ ദുർബല വിഭാഗങ്ങൾക്ക് 500 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റും ഡിസംബർവരെ സൗജന്യമായി അഞ്ചുകിലോ വീതം അരിയും   വിതരണംചെയ‌്തു.  പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ളിക്കേറ്റ് രേഖകൾ നൽകുന്നതിന് അദാലത്ത് നടത്തി രേഖകൾ നൽകി.

പ്രളയാഘാതത്താൽ മാനസികപ്രശ്നങ്ങൾ നേരിട്ട 83,028 വ്യക്തികളെ കണ്ടെത്തി അവർക്ക് വൈദ്യസഹായവും കൗൺസലിങ്ങും ലഭ്യമാക്കി. പ്രളയത്തെ തുടർന്ന് വലിയതോതിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽകാരണം പകർച്ചവ്യാധി പൂർണമായും തടയാൻ കഴിഞ്ഞു. ലോകത്തിനുതന്നെ ഇത് വലിയൊരു പാഠമാണ്. പ്രളയജലം ഇറങ്ങിയ ഉടനെ വീടുകളിൽ മാതൃകാപരമായ ശുചീകരണം നടത്തി. ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ വളരെവേഗം മറവു ചെയ‌്തു.  മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം വിതരണംചെയ‌്തു. അവകാശത്തർക്കമുള്ള ഉയർന്ന കേസുകളിൽ മാത്രമാണ് സഹായം നൽകാൻ ബാക്കിയുള്ളത്.

പ്രളയബാധിതർക്ക് ജീവിതോപാധി തിരിച്ചുപിടിക്കുന്നതിന് കുടുംബശ്രീ വഴി ഒരു ലക്ഷംവരെ വായ‌്പ നൽകി. 94,891 കുടുംബങ്ങൾക്ക് ഈ പദ്ധതി വഴി 375 കോടി രൂപ വിതരണംചെയ‌്തിട്ടുണ്ട‌്. പൂർണമായി തകർന്ന വീടുകളുടെ പുനർനിർമാണത്തിന് നാലു ലക്ഷം രൂപ വീതമാണ‌് നൽകുന്നത‌്. കേന്ദ്രസർക്കാർ മലയോരമേഖലയിൽ ഒരു ലക്ഷം രൂപയും സമതലങ്ങളിൽ 95,000 രൂപയുമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്.  പൂർണമായി തകർന്ന 13,362 വീടുകളിൽ 7,478 വീടുകൾ പുനർനിർമിക്കുന്നതിന് ആദ്യഗഡു സഹായം വിതരണം ചെയ‌്തു.

സ്ഥലം ഒഴുകിപ്പോയവർക്ക് സ്ഥലം വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപ വരെ സഹായധനം നൽകാൻ തീരുമാനിച്ചു. മറ്റൊരു സംസ്ഥാനത്തും ഇത്രയും ഉയർന്ന സഹായം നൽകുന്നില്ല. പ്രളയബാധിതരായ കർഷകർക്ക് ഇതുവരെ 170 കോടി രൂപയുടെ സഹായം. കൃഷിയിടത്തിലെ ചെളി മാറ്റാനും സഹായം നൽകുന്നുണ്ട്.  സർക്കാർ പ്രഖ്യാപിച്ച കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. തകർന്ന ബണ്ടുകൾ നന്നാക്കാനും പാടശേഖരത്തിൽ വെള്ളം വറ്റിക്കാനും കർഷകസംഘങ്ങൾക്ക് ചെലവായ തുക സർക്കാർ നൽകി.

ഐക്യരാഷ്ട്ര സംഘടന സംസ്ഥാന സർക്കാരുമായി സഹകരിച്ച് നടത്തിയ പഠനപ്രകാരം (പിഡിഎൻഎ) വിവിധ മേഖലകളിൽ 26,718 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. തകർന്നവ പുനഃസ്ഥാപിക്കുന്നതിന് യുഎൻ പഠനസംഘം കണക്കാക്കിയത് 31,000 കോടി രൂപയാണ്. എന്നാൽ, ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഇതുവരെ 2904 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. 2000 കോടി രൂപ കൂടി ഈ നിധിയിൽനിന്ന് കേരളത്തിന് കിട്ടിയേക്കും.

പുനർനിർമാണത്തിന് പണം കണ്ടെത്തുക എന്നത് സർക്കാരിന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഇതുവരെ 3200 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വലിയ ഫലമാണുണ്ടാക്കിയത്. കേന്ദ്രസർക്കാർ ആവശ്യമായ സഹായം നൽകിയില്ലെന്നു മാത്രമല്ല, യുഎഇ  ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുമായിരുന്ന സഹായം മുടക്കുകയും ചെയ‌്തു. കേന്ദ്രം അനുവദിച്ചിരുന്നെങ്കിൽ മറ്റു സഹോദരരാജ്യങ്ങളും വലിയതോതിൽ കേരളത്തെ സഹായിക്കുമായിരുന്നു.  ഇതെല്ലാം വ്യക്തമാക്കുന്നത് പ്രളയത്തിൽ തകർന്നുപോയ കേരളത്തെ അതേപടി പുനർനിർമിക്കുക അല്ല പുതിയ കേരളമായി രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം എന്നതാണ്. വരുന്ന കാലത്തിനു യോജിക്കുന്ന തരത്തിൽ നവകേരളം വാർത്തെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ‌്തമാക്കുന്നത‌്. അതുതന്നെയാണ് മലയാളിക്ക് അഭിമാനിക്കാനുള്ള വക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top