26 April Friday

യാത്രാനുമതി നിഷേധം വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 18, 2018


സംസ്ഥാന പുനർനിർമാണത്തിന് വിദേശമലയാളികളിൽനിന്ന് ധനസമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേക്ക് പോകുന്നതിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഫണ്ട് ശേഖരണത്തിന് യാത്ര തീരുമാനിച്ച മുഖ്യമന്ത്രി ഒഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയാണ് കേന്ദ്രം മുടക്കിയത്.

സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആഗസ‌്തിൽ  പെയ‌്ത അതിതീവ്രമഴയാണ് മഹാപ്രളയത്തിന് ഇടയാക്കിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ  പ്രവചനങ്ങളെപ്പോലും തെറ്റിച്ച മഴയാണുണ്ടായത്. സംസ്ഥാനത്തെ 80 അണക്കെട്ടും തുറന്നുവിടേണ്ടിവന്നു. 433 പേർ മരിച്ചു. 17,024 വീട‌് പൂർണമായും 2.28 ലക്ഷം വീട‌് ഭാഗികമായും തകർന്നു. 14.5 ലക്ഷം പേരായിരുന്നു ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞത്. 45,000 ഹെക്ടർ കൃഷിയും 7146 കന്നുകാലികളും നശിച്ചു. മറ്റ് വളർത്തുമൃഗങ്ങൾക്കുണ്ടായ നഷ്ടവും ചെറുതല്ല. ദേശീയപാത ഒഴികെ 15,250 കിലോ മീറ്റർ പൊതുമരാമത്ത് റോഡുകൾ തകർന്നു. 77,330 കിലോ മീറ്റർ എൽഎസ്ജിഡി റോഡുകളും. അടിസ്ഥാന സൗകര്യമേഖലയിൽ വലിയ നാശമാണ് മഹാപ്രളയം വിതച്ചത്. വൈദ്യുതിമേഖലയ‌്ക്കും  ജലസേചനമേഖലയ‌്ക്കും കനത്ത പ്രഹരമായിരുന്നു പ്രളയം.

പ്രാഥമിക വിലയിരുത്തൽ പ്രകാരം ഉദ്ദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിച്ചത്. 600 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ഇതുവരെ സംസ്ഥാനത്തിന് ലഭിച്ച സഹായം. 5000 കോടി രൂപ അടിയന്തര സഹായമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നിടത്താണിത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകൾ ലഭിക്കുന്നുവെന്നത് ഒരു ഭാഗത്ത് ഏറെ ആശ്വാസം പകരുകയാണ്. നിലവിൽ 2000 കോടി രൂപയിലധികം ഇതിലൂടെ സംഭാവനയായി ലഭിച്ചുകഴിഞ്ഞു. ചെറിയ കുട്ടികളുടെ സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകൾമുതൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ സ്വമേധയാ നൽകുന്ന സംഭാവനകൾവരെ കേരളത്തെ പുനരുജ്ജീവിപ്പിക്കുന്നതിന‌് മുതൽക്കൂട്ടാവുകയാണ്.

പുനർനിർമാണമാണ് ഇപ്പോഴുള്ള അജൻഡ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയും സഹകരണത്തോടെയും പുനർനിർമാണത്തിന്  സർക്കാർ തയ്യാറെടുക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള സമീപനം ഉണ്ടാകുന്നുവെന്നത് ദുഃഖകരമാണ്. തകർന്ന കേരളത്തെ അതേപടി പുനർനിർമിക്കാനല്ല സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച നിലവാരത്തിലുള്ള നവകേരളം കെട്ടിപ്പടുക്കാനാണ്. പരിസ്ഥിതി സൗഹൃദമായ പുനർനിർമാണമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു.  

കേന്ദ്രസഹായം, അന്താരാഷ്ട്ര ഏജൻസികളിൽനിന്നും ആഭ്യന്തര ധന ഏജൻസികളിൽനിന്നും ബാങ്കുകളിൽനിന്നുമുള്ള വായ്പ, ദുരിതാശ്വാസനിധിയിൽനിന്ന‌് ലഭിക്കുന്ന സംഭാവന, പദ്ധതിവിഹിതത്തിൽ വരുത്തിയ കുറവുമൂലം ലഭിക്കുന്ന തുക എന്നിവയാണ് പുനർനിർമാണത്തിന് വിനിയോഗിക്കാൻ ലഭിക്കുക. എന്നാൽ, യഥാർഥ നഷ്ടം കണക്കിലെടുത്താൽ ഈ തുക പുനർനിർമാണത്തിന് തീരെ അപര്യാപ്തമായിരിക്കും. കേന്ദ്രസഹായം എത്ര ഉദാരമായി ലഭിച്ചാലും നമ്മുടെ നഷ്ടം നികത്താനോ പുനർനിർമാണത്തിനോ മതിയാകില്ല എന്നതാണ് വാസ‌്തവം. 

ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ കേരളത്തെ സഹായിക്കാൻ തയ്യാറായി നിൽക്കുന്ന ഘട്ടത്തിലാണ് ലോക കേരളസഭാംഗങ്ങളെക്കൂടി ചേർത്ത് വിദേശരാജ്യങ്ങളിൽ ധനസമാഹരണത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ വികസനത്തിനായി പ്രവാസി മലയാളികളുടെകൂടി സഹായം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപപ്പെടുത്തിയതാണ് ലോക കേരളസഭ. 

പുനർനിർമാണം ലക്ഷ്യമിട്ട് ധനസമാഹരണത്തിന് പോകാൻ തീരുമാനിച്ച മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ  പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ മോഡിതന്നെ പറഞ്ഞിട്ടുമുണ്ട്. ഇതേ രീതിയിൽ ഫണ്ട് സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും അന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായത്. യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ‌്ത ഘട്ടത്തിലും ആ പണം സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന  സംസ്ഥാനം കൊടിയ ദുരന്തത്തിന‌് ഇരയായപ്പോൾ ഉണ്ടായ  കേന്ദ്രസമീപനം തുറന്നുകാട്ടപ്പെടണം.  സുതാര്യമായ രീതിയിൽ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്താനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളിൽ പോകാൻ തീരുമാനിച്ചത്. ലോകമെങ്ങുമുള്ള മലയാളി സമൂഹം എല്ലാ ഒരുക്കവും പൂർത്തിയാക്കി മന്ത്രിമാർ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇരുട്ടടിയായി കേന്ദ്ര തീരുമാനമുണ്ടായത്.

കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും പ്രകടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ ബഹുമാനത്തോടെ കാണുമ്പോഴും കേന്ദ്ര സർക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനം നിഷേധാത്മകവും നീതിരഹിതവുമാണെന്ന് ഇതിലൂടെ തെളിയുകയാണ്. സാധ്യമായ എല്ലാ മാർഗത്തിലൂടെയും സുതാര്യമായി ധനസമാഹരണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ  ശ്രമങ്ങളെ തുരങ്കം വയ‌്ക്കുന്നതാണ്  വിദേശ സന്ദർശനാനുമതി നിഷേധം. പുനർനിർമാണ പ്രക്രിയയ്ക്ക് വിഘാതമാകുന്ന തരത്തിൽ സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ ഞെരുക്കി കൊല്ലാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ എല്ലാ മലയാളികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top