25 April Thursday

മലർന്നുകിടന്ന‌് തുപ്പരുത്

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


ഒരു പുൽക്കൊടിയുടെ സഹായംപോലും ആവശ്യമായ സന്ദർഭമാണിത്. ദുരന്തത്തിൽനിന്ന് കരകയറി പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മഹാലക്ഷ്യത്തിനുമുന്നിലാണ് ഓരോ കേരളീയനും. സ്വന്തം നാടിന്റെ ദുരിതകാലം തൊട്ടറിഞ്ഞ മലയാളിയുടെ കരുതലും ആശങ്കയും സ്നേഹവായ‌്പും അലമാലകളായി മാറുന്നു. സാന്ത്വനത്തിന്റെ ആ അലമാലയുടെ ലോലസ്പർശമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. സാഹോദര്യവും സഹജീവിസ്നേഹവും കേരളമാതൃകയുടെ കൊടിയടയാളമായി ലോകമാകെ ഉയർന്ന‌് പറക്കുകയാണ്. ദുരന്തഘട്ടത്തിൽ പ്രിയപ്പെട്ടവരെ കരുതി ആശങ്കയും പരിഭ്രമവും പങ്കുവച്ചവർ,  പ്രളയാനന്തരഘട്ടത്തിൽ കണ്ണീരൊപ്പാനും കുടിനീരും അന്നവും നൽകാനും പുതിയ കേരളം കെട്ടിപ്പടുക്കാനും ഒന്നിച്ച‌് ഒരേമനസ്സായി അണിചേരുന്നു. ആ നന്മയ്ക്ക‌് മതത്തിന്റെയോ ജാതിയുടെയോ ദേശത്തിന്റെയോ ഭേദമില്ല. ഓണവും പെരുന്നാളും വിവാഹാഘോഷവും സ്വപ്നങ്ങളും കേരളത്തിന്റെ അതിജീവനത്തിന് സമർപ്പിച്ചവനാണ് ഇന്ന് മലയാളി. സൈക്കിളിനായി കാത്തുവച്ച സമ്പാദ്യക്കുടുക്കയും പാരമ്പര്യമായി കിട്ടിയ ഭൂമിയും ദുരിതാശ്വാസത്തിനു നൽകിയ കുഞ്ഞുങ്ങളാണ് ഈ നാടിന്റെ നന്മയുടെ പ്രതീകങ്ങൾ. സുമനസ്സുകളിൽനിന്ന‌് ലഭിച്ച തുക സന്തോഷത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ഹനാന്റെ വാക്കുകളിലാണ്  ഈ നാടിന്റെ നന്മയുടെ ചിറകടിശബ്ദം കേൾക്കാവുന്നത്. ലോകത്താകെയുള്ള വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും സ്വയം മുന്നോട്ടുവന്ന‌് പ്രഖ്യാപിക്കുന്ന സഹായങ്ങളിലാണ്, വിശ്വകേരളം എന്തെന്നും എത്ര മഹത്തരമെന്നും നാം മനസ്സിലാക്കുന്നത്. ലോകം കേരളത്തോടൊപ്പം നിൽക്കുന്ന ഈ വേളയിൽ, കേരളത്തെ പുറകിൽനിന്ന് കുത്തുന്നത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ്.

കഴിഞ്ഞ രണ്ടുദിവസമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിവരുന്ന കുപ്രചാരണങ്ങൾ, പ്രതിപക്ഷത്തെ നയിക്കുന്ന രാഷ്ട്രീയ നേതാവിന്റെ കേവല ധർമമെന്ന് നിസ്സാരപ്പെടുത്താനാകുന്നതല്ല. നൂറ്റാണ്ടിലെ ഏറ്റവും കൊടിയ പ്രളയത്തെ തോൽപ്പിച്ച‌് കരയ്‌ക്കെത്താൻ കൈമെയ് മറന്ന‌് പോരാടുന്ന സ്വന്തം നാട്ടുകാരെ നോക്കി, പ്രളയത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന കോമാളിയാകരുത് പ്രതിപക്ഷനേതാവ്. പട്ടാളത്തിന്റെ എല്ലാ വിഭാഗങ്ങളും ജനങ്ങളും സംസ്ഥാന സർക്കാരിന്റെ സകലസന്നാഹങ്ങളും തോളോടുതോൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുമ്പോൾ, അത് പട്ടാളത്തിനുമാത്രം കൈമാറണമെന്ന ആവശ്യമുന്നയിച്ച‌് പട്ടാളത്തിന്റെതന്നെ പരിഹാസത്തിനുവിധേയനായ അദ്ദേഹം പിന്നെയും ഒന്നും പഠിക്കുന്നില്ല. ശരിയാണ്, ചെന്നിത്തല തുടക്കത്തിൽ ദുരന്തനിവാരണത്തോടൊപ്പം നിന്നിട്ടുണ്ട്. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവും ദുരിതബാധിത മേഖലകളിലേക്ക് പോയത്  മലയാളിക്ക‌് ആശ്വാസദായകമായ ദൃശ്യമായിരുന്നു. പ്രളയം ബാധിച്ചവരിലോ ഉരുൾപൊട്ടലിൽ ഇല്ലാതായിപ്പോയവരിലോ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരിലോ ആരും രാഷ്ട്രീയവും മതവും തേടുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേന്ദ്ര മന്ത്രിയും ഒന്നിച്ചുനിൽക്കുമ്പോൾ എല്ലാ പരിഗണനകളും മാറ്റിവച്ചുള്ള കൂട്ടായ്മയാണത് എന്ന് മലയാളിക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെയാണ്.

പ്രളയം നാടിനെ കൊടുംയാതനകളിലേക്ക‌് ഒഴുക്കുമ്പോൾ, സഹായസാധ്യതകളാകെ തേടുക എന്നതാണ് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തം. കേരള സർക്കാർ അത് ചെയ്തിട്ടുണ്ട്. ചോദിച്ചത് കിട്ടാതെയിരിക്കുമ്പോഴും ലഭ്യമാകുമെന്ന് കരുതിയ സഹായങ്ങൾ തടയപ്പെടുമ്പോഴും പ്രകോപനപരമായി മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ശുഭാപ്തിയും ആത്മവിശ്വാസവും പ്രകടിപ്പിച്ച‌് കൂടുതൽ സഹായത്തിനുവേണ്ടിയുള്ള ശ്രമം തുടരുമെന്നുമാത്രമാണ‌് അദ്ദേഹം വ്യക്തമാക്കിയത്. ആ പക്വതയും സംയമനവും സമചിത്തതയും പ്രതിപക്ഷനേതാവിൽനിന്ന് പ്രതീക്ഷിക്കാനാകില്ല. എതിർപ്പിന്റെയും ഇടങ്കോലിടലിന്റെയും മറുപേരാണ് പ്രതിപക്ഷമെന്ന് ധരിച്ചുവഷളായ സഹപ്രവർത്തക്കുമുന്നിൽ പിടിച്ചുനിൽക്കാൻ സർക്കാരിനെ കുറ്റപ്പെടുത്തിയേ പറ്റൂ എന്ന മാനസികാവസ്ഥ സഹതാപം മാത്രമാണ‌് അർഹിക്കുന്നത്. ഇവിടെ ആ പരിധിയൊക്കെ അതിലംഘിച്ച‌് നാടിന്റെ നാശം കൊതിക്കുന്ന നശീകരണമനസ്സുമായാണ് പ്രതിപക്ഷനേതാവ് രംഗത്തുവരുന്നത്. നൂറ്റാണ്ടിന്റെ പ്രളയവും കെടുതികളും സർക്കാരിന്റെ കുറ്റംകൊണ്ടെന്ന് അദ്ദേഹം പറഞ്ഞുവയ‌്ക്കുന്നു.

അണക്കെട്ടില്ലാത്ത പുഴകളിലെ പ്രളയവും താൻതന്നെ ജനങ്ങളെ അറിയിച്ച പ്രളയ മുന്നറിയിപ്പുസന്ദേശങ്ങളും തന്റെതന്നെ പ്രവൃത്തികളും ചെന്നിത്തല മറന്നുപോകുന്നു.
പ്രതിപക്ഷനേതാവ് ഉയർത്തിയ എല്ലാ വാദങ്ങൾക്കും ഉദ്ധരിച്ച തെറ്റായ കണക്കുകൾക്കും മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും വൈദ്യുതി ബോർഡും മറുപടി പറഞ്ഞിട്ടുണ്ട്. അണക്കെട്ട‌് തുറന്നിട്ടോ പുഴകൾ കരകവിഞ്ഞിട്ടോ അല്ല, ഉരുൾപൊട്ടിയിട്ടും കെട്ടിടം തകർന്നിട്ടുമാണ് ഈ ഘട്ടത്തിൽ 80 ശതമാനം മരണവും  ഉണ്ടായതെന്ന ഒറ്റ കണക്കുകൊണ്ടുതന്നെ തകരാവുന്നതേയുള്ളൂ ചെന്നിത്തലയുടെ ശാപവാക്കുകളുടെ വിശ്വാസ്യത. സ്വാനുഭവങ്ങൾക്കുവിരുദ്ധമായ ജൽപ്പനങ്ങൾ മുഖവിലയ്‌ക്കെടുക്കുന്ന സ്വഭാവം മലയാളികൾക്കില്ല. അതുകൊണ്ടുതന്നെ കേരളീയന്റെ മനസ്സിൽ ഒരു ചലനവും ഉണ്ടാക്കാൻപോന്നതല്ല, മറിച്ച‌് പരിഹാസവും പുച്ഛവും ജനിപ്പിക്കുന്നതാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. അപകടം മറ്റൊന്നാണ്. കേരളം അതിസമ്പന്നരുടെ നാടാണെന്നും പ്രളയദുരന്തം സമ്പന്നരെമാത്രമാണ് ബാധിച്ചതെന്നും അതുകൊണ്ട് സഹായം അയക്കേണ്ടെന്നുമുള്ള പ്രചാരണം ഒരു ഭാഗത്ത‌് നടക്കുന്നു. വിദേശസഹായം തടയാനുള്ള ഇടപെടൽ മറ്റൊരു വശത്തുണ്ടാകുന്നു. സഹായം നൽകാൻ ആലോചിച്ച പലരെയും പിന്മാറ്റുന്നതിലേക്കാണ് ഈ പ്രവണത എത്തുന്നത്. അതിന‌് ആക്കംകൂട്ടുക എന്ന ദൗത്യമാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അത് കേരളത്തിനും ഈ ജനതയ്ക്കും എതിരായ ദൗത്യമാണ്. കേരളത്തെ ആരും സഹായിക്കരുത് എന്ന ദുഷ്ടബുദ്ധിയിൽനിന്നുയരുന്ന വികാരപ്രകടനമാണത്. മുഖ്യമന്ത്രിയോടൊപ്പം യാത്ര നടത്തുമ്പോഴോ സർവകക്ഷിയോഗം ചേരുമ്പോഴോ ഉന്നയിക്കാതെ, നേരിട്ട് സർക്കാരിനുമുന്നിൽ സമർപ്പിക്കാനുള്ള അവസരങ്ങളൊന്നും ഉപയോഗിക്കാതെ, വാർത്താസമ്മേളനം വിളിച്ച‌് വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചതിനുപിന്നിലെ ലക്ഷ്യം കേരളത്തിന് ഒരു സഹായവും ലഭിക്കരുത് എന്നതുതന്നെയാണ്. അത്തരമൊരു ദുഷ്ടലക്ഷ്യം സാധിച്ചെടുക്കാൻ മലർന്നുകിടന്ന‌് തുപ്പുന്ന പ്രതിപക്ഷനേതാവിനെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട‌്. അത‌് അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന‌് ഓർമിപ്പിക്കട്ടെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top