26 April Friday

വൈദ്യുതിരംഗത്തെ പ്രളയ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018


വൈദ്യുതിമേഖലയെ അതീവ ഗുരുതരമായാണ് പ്രളയം ബാധിച്ചത്. അണക്കെട്ടുകളിൽ  അധികം വെള്ളം സംഭരിച്ചുവച്ച്  വൈദ്യുതി ബോർഡ് കൂടുതൽ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം കേട്ടെങ്കിലും  യഥാർഥത്തിൽ മറ്റൊന്നാണ് സംഭവിച്ചത്. പ്രളയക്കെടുതി ഇനിയും രൂക്ഷമാക്കുമായിരുന്ന വലിയൊരളവ് ജലം തടഞ്ഞുനിർത്തപ്പെട്ടത് സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികൾ ഉള്ളതുകൊണ്ടു കൂടിയാണ്. അസാധാരണമായി കനത്ത മഴ പെയ‌്തതുമൂലമുണ്ടായ ദുരന്തത്തെ മനുഷ്യനിർമിതമെന്ന് വിളിച്ച് ആക്ഷേപിക്കുന്നവർ മറുപടി അർഹിക്കുന്നില്ല.

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകർന്നുപോയത് വൈദ്യുതിബോർഡിന്റെ ഉൽപ്പാദന പ്രസരണ വിതരണ സംവിധാനങ്ങൾ ആകെയാണ്. മലവെള്ളവും ഉരുൾപൊട്ടലുംമൂലം ചെളി വന്നടിഞ്ഞ പന്നിയാർ പവർഹൗസ് നന്നാക്കിയെടുക്കാൻമാത്രം ഏതാണ്ട് 15 കോടി രൂപ  വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. മലപ്പുറം ജില്ലയിലെ ആഡ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉരുൾപൊട്ടലിൽ ഏതാണ്ട് പൂർണമായിത്തന്നെ തകർന്നുപോയി. ഇത‌് പുനരുദ്ധരിക്കാൻ 13 കോടി രൂപയാണ് വേണ്ടത്.

പെരിങ്ങൽകുത്ത്, ലോവർ പെരിയാർ എന്നീ പ്രധാന നിലയങ്ങൾക്കും മാട്ടുപ്പെട്ടി, വെള്ളത്തൂവൽ, റാന്നിപെരുനാട് എന്നീ ചെറുകിട പദ്ധതികൾക്കും വെള്ളപ്പൊക്കത്തിൽ കേടുവന്നു. പണി നടന്നുവരുന്ന തോട്ടിയാർ പദ്ധതിയിലും നാശനഷ്ടമുണ്ടായി. ഇങ്ങനെ ഉൽപ്പാദന നിലയങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ആകെ 79.37 കോടി രൂപ നഷ്ടം വന്നിട്ടുണ്ട്.പ്രസരണമേഖലയിൽ 50 സബ് സ്റ്റേഷൻ പ്രളയത്തിൽ തകരാറിലായി. 10 പ്രസരണ ലൈനും തകർന്നു. ഇങ്ങനെ പ്രസരണമേഖലയിൽ ആകെ ഉണ്ടായ നഷ്ടം 29.77 കോടി രൂപയുടേതാണ്. വൈദ്യുതിവിതരണ രംഗത്ത് വൻ നാശമാണ്  ഉണ്ടായത്. 25 ലക്ഷത്തിലധികം കണക‌്ഷൻ  തകരാറിലായി. ഏകശേദം 16,000 ട്രാൻസ്‌ഫോർമർ ഓഫാക്കി ഇടേണ്ടിവന്നു. 4000ൽ ഏറെ ട്രാൻസ‌്ഫോർമർ വെള്ളത്തിൽ മുങ്ങി. വിതരണമേഖലയിൽ കണക്കാക്കുന്ന നഷ്ടം 242.45 കോടി രൂപയുടേതാണ്.

ഇങ്ങനെ ഉൽപ്പാദന പ്രസരണ വിതരണമേഖലയ്‌ക്കുണ്ടായ 351.59 കോടി രൂപയുടെ നഷ്ടത്തിനു പുറമെ ഉൽപ്പാദന നിലയങ്ങളുടെ തകരാറുകൾമൂലം വന്നുചേർന്ന ഉൽപ്പാദന നഷ്ടം 470 കോടിയോളം രൂപയാണ്. ആഗസ്ത് മാസത്തിന്റെ ആദ്യ മൂന്നാഴ്ചയിൽ  820 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന് ചുരുക്കം. ഇത് ഓർക്കാപ്പുറത്ത് വന്നുപെട്ടതാണ്. അവസരോചിതമായും അഭിനന്ദനീയമായും പ്രളയക്കെടുതി തരണംചെയ്യാൻ വൈദ്യുതി ബോർഡിന് കഴിഞ്ഞു എന്നതിൽ തർക്കമില്ല. ഇനിയുള്ള കർത്തവ്യം തകർന്ന നിലയങ്ങളും ട്രാൻസ‌്ഫോർമറുകളും പ്രസരണവിതരണ സംവിധാനവും പൂർവ സ്ഥിതിയിലെത്തിക്കുക എന്നതാണ്. ഇത് പ്രതിസന്ധിതന്നെയാണ്. ഏറ്റവും ചുരുങ്ങിയ ആവർത്തനച്ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത് ജലനിലയങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ മറ്റേതൊരു ഉറവിടത്തിൽനിന്നുള്ള വൈദ്യുതികൊണ്ടും ഈ നഷ്ടം നികത്താനാകില്ല. പവർകട്ട് അടക്കം ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളിലേക്ക് നീങ്ങാതെ പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ സർക്കാരും വൈദ്യുതിബോർഡും സ്വീകരിക്കും എന്നാണ‌് പ്രതീക്ഷ.

യുഡിഎഫ് കാലത്തെ മാലിന്യം
കേരളത്തെ പിടിച്ചുലച്ച കേസാണ് ഉമ്മൻചാണ്ടി ഭരണകാലത്ത് മദ്യശാലകൾ അടച്ചതുമായി ബന്ധപ്പെട്ടുയർന്നത്. സാങ്കേതിക കാരണങ്ങളാൽ പൂട്ടിയ ബാറുകൾ തുറക്കാൻ അന്നത്തെ ധനമന്ത്രി കെ എം മാണി കോഴ വാങ്ങി എന്ന കേസും യുഡിഎഫ് സർക്കാരിന്റെ ഉന്നത കേന്ദ്രങ്ങൾ ഉൾപ്പെട്ട കൂറ്റൻ അഴിമതിയും കേരളീയർ ഇഴകീറി ചർച്ചചെയ‌്തതാണ‌്. എല്ലാ ആരോപണങ്ങളോടും നിഷേധാത്മകമായി പ്രതികരിക്കുകയും മനഃസാക്ഷിയുടെ കോടതിയെക്കുറിച്ചു പറഞ്ഞ‌് ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ‌്ത യുഡിഎഫിനെ ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉചിതമാംവിധം ശിക്ഷിച്ചു. എന്നാൽ, തങ്ങൾ ചെയ‌്തത‌് തെറ്റാണെന്ന് സമ്മതിക്കാൻ ഒരിക്കലും ആരോപണവിധേയർ തയ്യാറായില്ല. നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും പഴുതിലൂടെ രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനുമുള്ള ശ്രമമാണുണ്ടായത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലവും അതാണ്. ആ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരിക്കുന്നു. കെ എം മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട്  തള്ളിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ‌്ച  ഉണ്ടായതായി  കണ്ടെത്തുകയും പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുമതി വാങ്ങണമെന്ന‌് നിർദേശിക്കുകയും ചെയ‌്തിട്ടുണ്ട‌്. വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നും മാണിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവനുൾപ്പെടെയുള്ളവർ കോടതിയിലെത്തിയതാണ്. എല്ലാ പോരായ‌്മകളും ഒഴിവാക്കി, പുനരന്വേഷണം നടത്തി കുറ്റം തെളിയിക്കാനുള്ള അവസരമാണ് ഈ കോടതിവിധിയിലൂടെ സർക്കാരിന് ലഭിക്കുന്നത്. ഏത‌് ഉന്നതനായാലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ പിടിക്കപ്പെടണം. ബാറുകൾ പൂട്ടിയതുമായി ബന്ധപ്പെട്ട‌് യുഡിഎഫ് സർക്കാർ പ്രചരിപ്പിച്ചതെല്ലാംതന്നെ നുണയാണെന്നും പടുകൂറ്റൻ അഴിമതിയാണ് നടന്നതെന്നുമാണ് അന്നുമുതൽ ഇന്നുവരെ ഇടതുപക്ഷം പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ പഴുതടച്ച അന്വേഷണം നടത്താൻ വിജിലൻസിന് കഴിയണം. യുഡിഎഫ് സർക്കാരിന്റെ കാലത്തെ മാലിന്യമാണ് ബാർ കോഴക്കേസ്. അതിൽ തൊട്ടവരാകെ നിയമത്തിനു മുന്നിലെത്തണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top