19 April Friday

കണക്കുപറഞ്ഞിട്ട് പോയാൽ മതി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്.  ജനങ്ങളെയാകെ അണിനിരത്തി നടത്തിയ രക്ഷാപ്രവർത്തനം ലോകത്തെമ്പാടുമുള്ള ജനതയുടെ അംഗീകാരം നേടി. ഐതിഹാസികമായ രക്ഷാപ്രവർത്തനത്തെ ഐക്യരാഷ്ട്രസഭ തന്നെ  ശ്ലാഘിച്ചു.  പ്രളയത്തിന്റെ ദുരിതങ്ങളിൽനിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി സംസ്ഥാന ഗവൺമെന്റ‌്  മുന്നോട്ടുപോവുകയാണ്.  കഴിഞ്ഞ ആഗസ‌്ത‌ിലെ പ്രളയാനുഭവത്തിന്റെ ഓർമകൾപോലും നടുക്കം സൃഷ്ടിക്കുന്നതാണ്. 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാൻമാത്രം ശേഷിയുള്ള  നദികളിലേക്ക് 14000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്  പെരുമഴക്കാലത്ത് ഒഴുകിയെത്തിയത്.  ആഗസ‌്ത‌് 13 മുതൽ 19 വരെ സംസ്ഥാനത്തെ  മഴയിൽ 362 ശതമാനം വർധനയാണ് ഉണ്ടായത്. അപ്രതീക്ഷിതമായ ദുരന്തം  വന്നപ്പോൾ കേരളത്തിലെ മനുഷ്യമനസ്സുള്ള  എല്ലാവരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി. തകർന്നുപോയ കേരളത്തെ അതുപോലെ പുനഃസ്ഥാപിക്കുകയല്ലാ, പുതിയ കേരളത്തെ നിർമിക്കുകയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ച്‌ സംസ്ഥാന ഗവൺമെന്റ‌് മുന്നിട്ടിറങ്ങി. നിസ്സഹായാവസ്ഥ ചിലരുടെയെങ്കിലും മനസ്സിൽ നൈരാശ്യം സൃഷ്ടിച്ചപ്പോൾ "നമ്മൾ അങ്ങ്  ഇറങ്ങുകയല്ലേ’  എന്ന ചോദ്യവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്ന‌് കേരളത്തെ നയിച്ചു. പ്രളയത്തിൽ അകപ്പെട്ടുപോയ മനുഷ്യരെ രക്ഷിക്കാൻ എല്ലാം മറന്ന് കേരളത്തിന്റെ മത്സ്യത്തൊഴിലാളികൾ രംഗത്തുവന്നു. അവരാണ് നമ്മുടെ സൈന്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

ഒരുഭാഗത്ത് ഇങ്ങനെയെല്ലാം നടക്കുമ്പോൾ ജനങ്ങളോട് പ്രതിബദ്ധത അവകാശപ്പെടുന്ന കോൺഗ്രസ് എന്തു ചെയ‌്തു എന്ന ചോദ്യം പ്രസക്തമാണ്. പ്രളയത്തിന്റെ ആദ്യനാളുകളിൽ ക്രിയാത്മകമായി പ്രതികരിക്കാനും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറായിരുന്നു. എന്നാൽ, പൊടുന്നനെ ആ നിലപാട് മാറ്റുകയും തിമിർത്തുപെയ്യുന്ന മഴയെയും ആവർത്തിച്ചുണ്ടാകുന്ന ഉരുൾപൊട്ടലുകളെയും  കയറിക്കയറിവരുന്ന പ്രളയജലത്തെയും മറ്റൊരു തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തുനിന്ന് ഉണ്ടായത്.  കേരളത്തിന് സഹായം ആവശ്യമില്ല എന്ന് കേന്ദ്ര ഭരണകക്ഷിയുടെ പ്രമുഖ വക്താക്കൾ പ്രചരിപ്പിച്ചു. അർഹമായ സഹായം നിഷേധിച്ചു. സഹായിക്കാൻ തയ്യാറായി വന്ന വിദേശരാജ്യങ്ങളിൽനിന്നുപോലും ഉള്ള അഭ്യുദയകാംക്ഷികളെ വിലക്കി.

സംസ്ഥാനത്തോടും  ഇവിടത്തെ ജനങ്ങളോടും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളോടും ഒരിറ്റ് കരുണ കാണിക്കാൻ ബിജെപി തയ്യാറാകാതിരുന്നപ്പോൾ, അതേ പാതയിൽ  കോൺഗ്രസും നീങ്ങുന്നതാണ് പിന്നീട് കേരളം കണ്ടത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ ദുരന്തനിവാരണ- പുനരധിവാസ പ്രവർത്തനങ്ങളോടും  അവർ മുഖംതിരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ എത്താൻ പാടില്ല;  ജീവനക്കാർ സ്വമേധയാ തങ്ങളുടെ ശമ്പളത്തിൽ ഒരു പങ്ക് നൽകുന്നതുപോലും അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് ഫലത്തിൽ പ്രതിപക്ഷം എത്തിയത്. അതിനൊക്കെ ന്യായീകരണമായി അവർ പറഞ്ഞത്, തങ്ങൾ  സ്വന്തം നിലയ‌്ക്ക‌് പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു എന്നാണ്. കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചത്,  ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആയിരം വീട‌്  നിർമിച്ചുകൊടുക്കും എന്നാണ്. കേരളത്തെ കൈപിടിച്ചുകയറ്റി കോൺഗ്രസ് എന്ന മുദ്രാവാക്യത്തോടെ ആ വാഗ‌്ദാനം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പ്രളയദുരന്തം അതിന്റെ മൂർധന്യത്തിലെത്തിയ നാളുകളിൽ കെപിസിസി അതിന്റെ കീഴ്ഘടകങ്ങളോട‌് ആഹ്വാനം ചെയ‌്തത‌് ഓരോ മണ്ഡലം കമ്മിറ്റികളും അഞ്ചുലക്ഷം രൂപവീതം സമാഹരിച്ച് നൽകണമെന്നാണ്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങളിൽനിന്ന‌് മാറിനിൽക്കാനുള്ള ഒരു ഉപായംകൂടി ആയിരുന്നു അത്. തങ്ങൾ സ്വന്തമായി പണം  പിരിക്കുന്നു;  സ്വന്തമായി വീടുവച്ചു കൊടുക്കുന്നു,- അതിൽ സർക്കാരിന് എന്തുകാര്യം എന്ന ചോദ്യമാണ് അന്ന് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത്.

പ്രളയം കഴിഞ്ഞ് എട്ടുമാസം പിന്നിടുന്നു. കോൺഗ്രസ് പണം പിരിച്ചത് മാത്രമേയുള്ളൂ.  പ്രഖ്യാപിച്ച ആയിരം ഭവനപദ്ധതി എന്തായി എന്ന ചോദ്യത്തിന് കോൺഗ്രസിന്റെ ഒരു നേതാവിനും ഉത്തരമില്ല. 50 വീടുപോലും നിർമിച്ചു നൽകി എന്ന്‌ ഒരു കോൺഗ്രസുകാരനും അവകാശപ്പെടുന്നുമില്ല. പിരിച്ച പണം എവിടെ എന്നതിന് കണക്കില്ല.  അന്നത്തെ കെപിസിസി അധ്യക്ഷൻ അവകാശപ്പെടുന്നത് മുന്നൂറോളം വീടുകൾ നിർമിച്ചുനൽകി എന്നാണ്. കണ്ണൂരിൽ അവിടത്തെ ഡിസിസി രണ്ട് വീട് നിർമിച്ചുകൊടുത്തു എന്ന് അവകാശപ്പെട്ടു. അന്വേഷിച്ച‌് ചെന്നപ്പോൾ സർക്കാരിന്റെ നാല‌് ലക്ഷംരൂപ വീതമുള്ള സഹായംകൊണ്ട് നിർമിച്ച വീടാണ് സ്വന്തം സംഭാവനയായി അവർ ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരത്തെ റസിഡൻസ് അസോസിയേഷൻ  മുൻകൈയെടുത്ത്‌ നിർമിച്ച വീടാണ്‌ സ്വന്തം കഴിവായി കോൺഗ്രസുകാർ ഉയർത്തിക്കാട്ടുന്നത്. യഥാർഥത്തിൽ കേരളത്തിലെ ജനങ്ങളോടും  പ്രളയബാധിതരോട്  വിശേഷിച്ചും കൊടുംചതി ചെയ‌്തിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് ഇത്തരമൊരു വാഗ്ദാനലംഘനം നടത്തിയാലും വിശ്വാസവഞ്ചന കാണിച്ചാലും അത് കേരളത്തിലെ വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങൾക്ക് വാർത്തയാകില്ല. ആ സംരക്ഷണത്തിന്റെ തണലിലാണ്  ആയിരം വീടും പിരിച്ച പണവും എവിടെ എന്ന ചോദ്യത്തിൽനിന്ന് കോൺഗ്രസ് നേതൃത്വം ഒളിച്ചോടുന്നത്. പ്രളയം മനുഷ്യനിർമിതമാണ് എന്ന് പറയുന്ന ആളുകൾക്ക് വീട് എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത് പൊറുക്കാനാകുന്ന കാര്യമല്ല. ജനങ്ങൾക്കുമുന്നിൽ   കോൺഗ്രസിന്റെ ഓരോ നേതാവും പറയണം ഈ സംസ്ഥാനം ദുരിതക്കയത്തിൽപ്പെട്ടതിനെ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും പിരിച്ചെടുത്ത പണം  എന്തുചെയ‌്തു എന്ന്. ആ ചോദ്യത്തിൽനിന്ന് ഒളിച്ചോടാൻ ഈ നാട്ടിലെ സാധാരണ ജനങ്ങൾ അനുവദിക്കും എന്ന് കരുതേണ്ടതില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top