24 April Wednesday

ശുചിത്വകേരളത്തിന‌് ഒത്തൊരുമിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018


കേരളം പ്രളയത്തിൽ മുങ്ങിത്താഴ‌്ന്നപ്പോഴും വെള്ളമിറങ്ങിയപ്പോഴും നമ്മെ ലജ്ജിപ്പിച്ച ഒരു കാര്യം മാലിന്യക്കൂമ്പാരമായിരുന്നു. ഇത്രയേറെ അഴുക്കുകൾക്ക‌്  നടുവിലായിലായിരുന്നോ വ്യക്തിശുചിത്വത്തിന‌്  പേരുകേട്ട  മലയാളിയുടെ  ജീവിതം. നമ്മുടെ ചുറ്റുപാടിന്റെ അവസ്ഥ എത്ര ബീഭത്സമാണ‌്. ഓരോരുത്തരും അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഒന്നിച്ചാക്കി പലയിടത്തും വൻനിക്ഷേപരൂപത്തിൽ തിരിച്ചേൽപ്പിച്ചിട്ടാണ‌് പ്രകൃതി പിൻവാങ്ങിയത‌്. എലിപ്പനിയടക്കമുള്ള മാരകരോഗങ്ങൾ  ഈ മലിനപ്രവാഹത്തിൽനിന്ന‌് മനുഷ്യരെ ആക്രമിച്ചു. ഇനിയെങ്കിലും കണ്ണുതുറന്നില്ലെങ്കിൽ ഇന്നത്തെ പരിഷ‌്കൃത സമൂഹത്തിൽ ജീവിക്കാൻ നമ്മൾ അർഹരല്ലെന്ന‌് കാലം വിധിയെഴുതും.   ഇൗ യാഥാർഥ്യത്തെ മുൻനിർത്തിയാണ‌്   എൽഡിഎഫ‌് സർക്കാർ  ഖരമാലിന്യസംസ‌്കരണ നയത്തിന‌് രൂപംനൽകുന്നത‌്. അന്തരീക്ഷവും മണ്ണും ജലവുമെല്ലാം പലവിധത്തിൽ മലിനമാകുന്നുണ്ട‌്. അവയെല്ലാം നിയന്ത്രിക്കുന്നതിനും മാലിന്യം നീക്കി ശുദ്ധീകരിക്കുന്നതിനും സർക്കാരിന‌് വ്യക്തമായ കാഴ‌്ചപ്പാടും പദ്ധതികളുമുണ്ട‌്.
   
ശുചിത്വത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞാണ‌്‌ നവകേരള മിഷനിൽ അതുൾപ്പെടുത്തിയതും. എന്നാൽ,  ഭരണസംവിധാനങ്ങളുടെ ഇടപെടൽകൊണ്ടുമാത്രം   ശുചിത്വം പരിപാലിക്കാനാകുമെന്ന‌് ആരും കരുതുന്നില്ല. ഇവിടെയാണ‌്   ദൈനംദിനജീവിതത്തിന്റെ ഭാഗമായി രൂപംകൊള്ളുന്ന മാലിന്യങ്ങൾ  സംസ‌്കരിക്കേണ്ടത‌് ഒരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന നിർബന്ധത്തിന്റെ പ്രസക്തി. ഇത‌് ഒരു കാഴചപ്പാട‌് എന്നതിനപ്പുറം നിയമപരമായ ബാധ്യതയാക്കി മാറ്റേണ്ടത‌് അനിവാര്യമായിരിക്കുന്നു.
ഖരമാലിന്യങ്ങളെ ജൈവികം, അജൈവികം , അപകടകരം എന്നിങ്ങനെ വേർതിരിച്ച‌് ഒരോന്നും  ഫലപ്രദമായി സംസ‌്കരിക്കുന്നതിനുള്ള മാർഗരേഖകൾ വ്യക്തമാക്കിയിട്ടുണ്ട‌്. ജൈവമാലിന്യങ്ങൾ ‌എയറോബിക‌് ബിന്നിൽ ശേഖരിച്ച‌് വീട്ടുപരിസരത്തുതന്നെ കഴിയാവുന്നത്ര വളമാക്കി മാറ്റുക. ഇതുവഴി പാചക ആവശ്യത്തിന‌് ജൈവവാതകവും ഉൽപ്പാദിപ്പിക്കാനാകും. ജൈവമാലിന്യങ്ങളോ കരിയിലകൾ പോലുമോ വെറുതെ വലിച്ചെറിയുകയോ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുന്നത‌് ഒഴിവാക്കണം. ജൈവമാലിന്യങ്ങൾ അധികമുണ്ടെങ്കിൽ  പ്രാദേശികതല സംസ‌്കരണ സംവിധാനങ്ങളെ ആശ്രയിക്കാം. കൂടുതൽ ആളുകൾ ഒത്തുചേർന്ന‌്  സംഘടിപ്പിക്കുന്ന പരിപാടികൾക്ക‌് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അറിവും അനുവാദവും ഉണ്ടാകുന്നത‌് മാലിന്യ സംസ‌്കരണ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ സഹായകമാകും. നിലവിൽ നഗരങ്ങളിൽമാത്രമാണ‌് ആധുനികരീതിയിലുള്ള മാലിന്യസംസ‌്കരണ യൂണിറ്റുകൾ നിർബന്ധമാക്കിയിട്ടുള്ളത‌്.  എന്നാൽ, ഇത‌് അരലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമാക്കും. ഇത്തരത്തിൽ എല്ലാ  പഞ്ചായത്തുകളിലും സംസ‌്കരണ യൂണിറ്റുകൾ സ്ഥാപിതമാകുന്നതോടെ അജൈവമാലിന്യ സംസ‌്കരണവും പ്രയാസ രഹിതമാകും. എന്നാൽ, മാലിന്യങ്ങൾ ശാസ‌്ത്രീയമായി വേർതിരിക്കുകയും സംസ‌്കരിക്കുകയും പുനരുപയോഗം സാധ്യമാകുന്നവ അത്തരത്തിൽ ഉപയോഗിക്കുകയും വേണം. 

അപകടകരമായ അജൈവമാലിന്യങ്ങൾ ആക്രിക്കച്ചവടക്കാർക്ക‌് കൈമാറുന്നത‌് ആശാസ്യമായ രീതിയല്ല. പഴയ കംപ്യൂട്ടർ ഇലക‌്ട്രോണിക‌് സാധനങ്ങൾ ഉൾപ്പെടെയുള്ളവയിൽ  അപകടകരമായ രാസവസ‌്തുക്കളും റേഡിയേഷന‌് സാധ്യതയുള്ള ഘടകങ്ങളും കണ്ടേക്കാം . ഇത്തരം സാധനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത‌് ദോഷകരമാണ‌്. സാനിറ്ററി വസ‌്തുക്കളും ഇൗ ഗണത്തിൽപെടുത്താം.  ഇവയെല്ലാം  കൈകാര്യംചെയ്യുന്നതിന‌് തദ്ദേശഭരണവകുപ്പിന‌് കീഴിൽ പ്രത്യേക സംവിധാനം രൂപീകരിക്കാവുന്നതാണ‌്. ഉപയോക്താക്കളും  സാധനങ്ങളുടെ നിർമാതാക്കളും ഇവയുടെ സംസ‌്കരണത്തിന്റെ ചെലവിലേക്ക‌് ഒരു പങ്ക‌് നൽകണം. എങ്കിൽ മാത്രമേ ഹരിത കർമസേന പോലുള്ള വളന്റിയർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനാവുകയള്ളൂ.

അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ലെന്നത‌് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട‌്. വഴിയിൽ വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമൊക്കെ വഴിവയ‌്ക്കുന്നത‌് സംഭരണകേന്ദ്രങ്ങളുടെ അഭാവമാണ‌്. കുടുംബശ്രീ ഈ രംഗത്ത‌് പ്രവർത്തിക്കുന്നുണ്ടെങ്കിലും അപര്യാപ‌്തമാണ‌്. പ്രധാന കേന്ദ്രങ്ങളിലെല്ലാം അജൈവമാലിന്യങ്ങൾക്ക‌് പെട്ടികൾ സ്ഥാപിക്കുകയും അത‌് യഥാസമയം നീക്കംചെയ്യുകയും വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി ഉപേക്ഷിക്കുന്നത‌് ശുചീകരണ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ‌്. റസിഡൻസ‌് അസോസിയേഷന്റെയും മറ്റും നേതൃത്വത്തിൽ മാലിന്യം വേർതിരിച്ച‌്  ശേഖരിക്കുന്നതിന‌് നടപടി സ്വീകരിക്കാവുന്നതാണ‌്.  ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണം. കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ തള്ളുന്നത‌് കർശനമായി തടയേണ്ടതുണ്ട‌്. ഇവ വീട്ടുപറമ്പിൽത്തന്നെ സൂക്ഷിച്ചുവച്ച‌് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാർഗനിർദേശപ്രാകാരംമാത്രം നീക്കം ചെയ്യേണ്ടതാണ‌്‌.

സാധ്യമായ എല്ലാ  പഞ്ചായത്തുകളിലും സ്വന്തമായ സംസ‌്കരണ യൂണിറ്റ‌് എന്നതാണ‌് സർക്കാർ കാഴ‌്ചപ്പാട‌്. ഇത‌് പ്രാവർത്തികമാകാത്ത സ്ഥലങ്ങളിൽ പൊതുപ്ലാന്റ‌് നിർമാണത്തിന‌് സർക്കാർ മുൻകൈയെടുക്കും. എന്നാൽ, ചെലവുകൾ തദ്ദേശസ്ഥാപനങ്ങൾതന്നെ വഹിക്കണം. വീട്ടിലെ മാലിന്യങ്ങൾ കൂട്ടിക്കലർത്തി റോഡിലേക്ക‌് വലിച്ചെറിയുന്നവരും നാട്ടുകാരുടെ കണ്ണുവെട്ടിച്ച‌് അറവുമാലിന്യം വഴിയോരത്ത‌് തട്ടുന്നവരും ഇക്കാലത്തും ധാരാളമുണ്ട‌്‌. ക്യാമറകൾ സ്ഥാപിച്ചും പട്രോളിങ‌് ശക്തമാക്കിയും ഇത്തരം പ്രവൃത്തികൾക്ക‌് തടയിടണം. മാലിന്യസംസ‌്കരണം വ്യക്തിയുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന ബോധം ജനങ്ങളിൽ അരക്കിട്ടുറപ്പിക്കാൻ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ ഇനിയുമേറെ  ആവശ്യമുണ്ട‌്. എങ്കിലേ സർക്കാർ നയത്തിന്റെ അന്തസ്സത്ത യഥാർഥ്യമാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top