03 December Sunday

കേരളത്തോട്‌ കൊടുംക്രൂരത

വെബ് ഡെസ്‌ക്‌Updated: Thursday Aug 10, 2023


കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെയല്ലേ? മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ വർഷാവർഷം കേന്ദ്ര നികുതിവിഹിതം വർധിപ്പിക്കുമ്പോൾ കേരളത്തിന്‌ എന്തേ ഈ കടുംവെട്ട്‌? കേന്ദ്ര ബിജെപി സർക്കാർ സംസ്ഥാനത്തോട്‌ കാണിക്കുന്ന ക്രൂരമായ അവഗണന കാണുമ്പോൾ മറ്റ്‌ എന്താണ്‌ ചോദിക്കാനാകുക.

കേരളത്തിന്‌ അഞ്ചുവർഷംമുമ്പ്‌ നികുതിവിഹിതമായി അനുവദിച്ച തുകപോലും ഈവർഷം ഇല്ലെന്നാണ്‌ കേന്ദ്ര ധനസഹമന്ത്രി രാജ്യസഭയിൽവച്ച കണക്ക്‌ വ്യക്തമാക്കുന്നത്‌. 2018–-19ൽ കേന്ദ്രത്തിൽനിന്ന്‌ നികുതിവിഹിതമായി 19,038.17 കോടി രൂപ ലഭിച്ചിടത്ത്‌ 2022–-23ൽ 18260.68 കോടി രൂപ മാത്രമാണ്‌ കിട്ടിയത്‌. അഞ്ചുവർഷംകൊണ്ട്‌ വെട്ടിക്കുറച്ചത്‌ 777 കോടി രൂപ. രൂപയുടെ മൂല്യത്തകർച്ചകൂടി കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ഉണ്ടാകുന്ന നഷ്ടം കൂടും. 1995ൽ കേരളത്തിനുള്ള കേന്ദ്ര നികുതിവിഹിതം 3.875 ശതമാനമായിരുന്നു. അഞ്ചുവർഷംമുമ്പ്‌ അത്‌  2.5 ശതമാനമായി കുറഞ്ഞു.  കുറഞ്ഞുകുറഞ്ഞ്‌ ഇപ്പോൾ ഇത്‌ 1.93 ശതമാനത്തിലെത്തി. അതേസമയം, ബിജെപി ഭരണമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം അഞ്ചുവർഷത്തിനിടെ കുതിച്ചുയർന്നു. ഉത്തർപ്രദേശിന്‌ 33,000 കോടി രൂപയും ​ഗുജറാത്തിന് 1000 കോടിയുമാണ്‌ അധികം നൽകിയത്‌.

നികുതിവിഹിതം വീതിക്കുന്നതിൽ ധന കമീഷന്റെ മാനദണ്ഡങ്ങളാണ്‌ ഈ കുറവിന്‌ കാരണമെന്ന്‌ കേന്ദ്രം പറയുന്നു. കേരളം ജനസംഖ്യാ നിയന്ത്രണം നല്ലതുപോലെ നടപ്പാക്കി, ജനങ്ങൾക്കിടയിലെ വരുമാന അന്തരം കുറച്ചു, കേരളത്തിൽ  ഭൂരിപക്ഷം വീടുകൾക്കും കക്കൂസ്‌ ഉണ്ട്‌, സാമൂഹ്യ സൂചികകളിൽ കേരളം മുന്നിലാണ്‌. അതിനാലാണത്രെ വിഹിതം കുറച്ചത്‌. ഇതാണ്‌ കേന്ദ്രവാദത്തിന്റെ അടിസ്ഥാനം. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയതും സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയതുമാണ്‌ മോദിസർക്കാരിനു മുന്നിൽ കുറ്റമായത്‌ എന്നർഥം. നേട്ടങ്ങൾ നിലനിർത്താനും രണ്ടാംതലമുറ വികസനപ്രശ്‌നങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാനും പണം സ്വയം കണ്ടെത്തേണ്ട ഗതികേടിലാണ്‌ നാം. എന്നാൽ, അതിനും കേന്ദ്രം സമ്മതിക്കുന്നില്ല. വികസനത്തിനായി നാം കൊണ്ടുവന്ന കിഫ്‌ബിയെയും ക്ഷേമപെൻഷൻ മുടക്കം കൂടാതെ നൽകാൻ രൂപീകരിച്ച കമ്പനി മാതൃകയെയും തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ്‌ നടക്കുന്നത്‌. ഇതുവരെ തുടർന്ന കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമായി ഇവയുടെ വായ്പകൾ സംസ്ഥാനത്തിന്റെ അനുവദനീയമായ വായ്പാ തുകയിൽനിന്ന് കിഴിവ് ചെയ്‌ത്‌ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം തടയാൻ പറ്റുമോയെന്നാണ്‌ നോക്കുന്നത്‌.

നികുതി വിഹിതം മാത്രമല്ല, കേന്ദ്രത്തിൽനിന്നുള്ള മറ്റു വിഹിതങ്ങളും തുടർച്ചയായി കുറയ്‌ക്കുകയാണ്‌. കേന്ദ്ര ഗ്രാന്റ്‌ കഴിഞ്ഞവർഷം 2300 കോടി കണ്ട്‌ കുറഞ്ഞു. റവന്യൂ കമ്മി ഗ്രാന്റിൽ ഈവർഷം 8400 കോടിയുടെ കുറവുണ്ടാകും. ജിഎസ്‌ടി നഷ്ടപരിഹാരമായി തന്നിരുന്ന 12,000 കോടി ഈവർഷം ലഭിക്കില്ല. കൂടാതെ പൊതു കടമെടുപ്പുപരിധി 8000 കോടിയും വെട്ടിക്കുറച്ചു. മൊത്തത്തിൽ 28,400 കോടിയുടെ കുറവാണ്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകയിൽ ഉണ്ടാകുക. നഷ്ടപരിഹാരം നൽകുന്നത്‌ തുടരാനോ കടമെടുപ്പുപരിധി ഉയർത്താനോ സംസ്ഥാനങ്ങളെ അനുവദിക്കാത്തത്‌ സ്ഥിതി സങ്കീർണമാക്കുന്നു.

ഇത്‌ സത്യത്തിൽ കേരള ജനതയോടുള്ള വെല്ലുവിളിയാണ്‌. കേരളം നിങ്ങളുടെ സാമന്തരല്ല എന്ന്‌ ഒറ്റക്കെട്ടായി പറയേണ്ട സമയം. എന്നാൽ, ജനം വലഞ്ഞാലും വേണ്ടില്ല, എൽഡിഎഫ്‌ സർക്കാർ വിഷമിക്കുമല്ലോ എന്നാണ്‌ കോൺഗ്രസ്‌ ഇപ്പോഴും കരുതുന്നത്‌. കേന്ദ്ര അവഗണനയെക്കുറിച്ച്‌ പറയാൻ ഇതുവരെ ഇവർ വാ തുറന്നിട്ടില്ല. കേന്ദ്ര അവഗണനയെക്കുറിച്ച്‌ പറയാതെ സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത മൂലമാണ്‌ ധനപ്രതിസന്ധിയെന്ന മാധ്യമപ്രചാരണവും ഇതോടൊപ്പം കൂട്ടിച്ചേർത്ത്‌ വായിക്കണം.

എന്നാൽ, കേരള മനസ്സ്‌ സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യത്തിനൊപ്പം ഉണ്ടായിരുന്നെന്ന്‌ ഇക്കൂട്ടർ മറക്കുന്നു, പ്രത്യേകിച്ച്‌ പ്രതിസന്ധികളിൽ. പ്രളയകാലത്ത്‌ അത്‌ നാം കണ്ടതാണ്‌. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ തുരങ്കംവയ്ക്കാനുള്ള കുത്സിത നീക്കത്തിനെതിരെ ജനരോഷം ഉയരുകതന്നെ ചെയ്യും. കേരളത്തിന്‌ അർഹമായത്‌ നിഷേധിച്ചവരും രാഷ്ട്രീയ ലാഭത്തിനായി മൗനംകൊണ്ട്‌ ഒപ്പംനിന്നവരും അന്ന്‌ മറുപടി പറയേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top