03 December Sunday

കേരളത്തെ ഇനിയും ഞെരിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2023

സാധാരണ ജനങ്ങളെ ചേർത്തുപിടിക്കുന്ന കേരള സർക്കാരിനെ എങ്ങനെയെല്ലാം ഞെരിക്കാമെന്ന പരീക്ഷണത്തിലാണ്‌ കേന്ദ്ര ഭരണാധികാരികൾ. വിവിധ മന്ത്രാലയങ്ങളിൽനിന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന നിഷേധക്കുറിപ്പുകൾ പൊതുവെ ദുർബലമായ കേരളത്തിന്റെ ധനസ്ഥിതിയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളുന്നവയാണ്‌. ഏറ്റവുമൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അയച്ച കത്തിൽ പറയുന്നത്‌ യുജിസി ശമ്പള പരിഷ്‌കരണത്തിന്‌ വാഗ്‌ദാനംചെയ്‌ത 751 കോടി രൂപ തരില്ലെന്നാണ്‌. 332 കോടി ആരോഗ്യ ഗ്രാന്റും 89 കോടിയുടെ നഗരസഭാ ഗ്രാന്റും സാമൂഹ്യസുരക്ഷാ പെൻഷൻ വിഹിതം 522 കോടിയും ഉൾപ്പെടെ 1694 കോടിയാണ്‌ നിസ്സാര സാങ്കേതിക കാരണങ്ങൾ പറഞ്ഞ്‌ കേരളത്തിന്‌ നിഷേധിച്ചത്‌. ഫെഡറൽ ധനഘടനയെ തകർത്തുകൊണ്ടുള്ള നിരന്തര ആക്രമണങ്ങൾക്ക്‌ പുറമെയാണിത്‌.

കോവിഡ്‌ പ്രതിസന്ധിക്കുശേഷം ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾക്ക്‌ നല്ല ഫലം കണ്ടുവരുന്ന തിനിടയിലാണ്‌ കേരളത്തിന്‌ കെണിയൊരുക്കുന്നത്‌. ജിഎസ്‌ടി പുനഃസംഘടന മികച്ച രീതിയിൽ നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമാണ്‌ കേരളം. നികുതി വരുമാനത്തിൽ 50 ശതമാനത്തിനടുത്ത്‌ വർധന കഴിഞ്ഞ വർഷം നേടാനായി. എന്നാൽ, ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക്‌ നിരന്തരം വിലങ്ങുതടിയായത്‌ കേന്ദ്രത്തിന്റെ ശത്രുതാപരമായ നടപടികളാണ്‌. ഭരണഘടനാപരമായി സംസ്ഥാനത്തിന്‌ ലഭിക്കേണ്ട വിഹിതം തുടർച്ചയായി വെട്ടിക്കുറച്ചു. റവന്യു കമ്മി ഗ്രാന്റിൽ നടപ്പുവർഷം 8400 കോടിയുടെ കുറവാണ്‌ വരുത്തിയത്‌. ജിഎസ്‌ടി നഷ്‌ടപരിഹാരം നിർത്തലാക്കിയത്‌ 12,000 കോടിയുടെ വരുമാനനഷ്‌ടത്തിന്‌ വഴിവച്ചു. ഇതോടൊപ്പം വായ്‌പാപരിധിയിൽ വൻകുറവ്‌ വരുത്തി. 3.5 ശതമാനമായിരുന്ന വായ്‌പാ പരിധി ഇപ്പോൾ 2.2 ആണ്‌. ഇത്‌ ഒരു ശതമാനമെങ്കിലും വർധിപ്പിക്കണമെന്നാണ്‌ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്‌. അതുപോലെ ജിഎസ്‌ടി നഷ്‌ടപരിഹാരവും കുറച്ചുകാലത്തേക്ക്‌ തുടരണം. റവന്യു കമ്മി ഗ്രാന്റിലും നികുതി വിഹിതത്തിലുമുള്ള കുറവ്‌ പരിഹരിക്കാൻ പ്രത്യേകസഹായവും അനുവദിക്കണം. ഇതിനുപുറമെ, ആരോഗ്യ ഗ്രാന്റ്‌, സാമൂഹ്യസുരക്ഷാ സ്‌കീമുകളിലെ വിഹിതം, യുജിസി ശമ്പള കുടിശ്ശിക തുടങ്ങിയവ നിശ്‌ചിതനിരക്കിൽത്തന്നെ ലഭ്യമാക്കണം. ഈ ആവശ്യങ്ങളൊക്കെ പലവട്ടം കേന്ദ്രത്തിന്‌ മുന്നിൽവച്ചതാണ്‌.

പത്താം ധന കമീഷൻ കേരളത്തിന്‌ ശുപാർശ ചെയ്‌ത നികുതി വിഹിതം 3.9 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോഴത്‌ 1.9 ആയി. ഈ കുറവ്‌ നിലനിൽക്കെത്തന്നെയാണ്‌ പ്രത്യേക പദ്ധതികൾക്ക്‌ വാഗ്‌ദാനംചെയ്‌ത തുകപോലും നിഷേധിക്കുന്നത്‌. കേരളത്തിന്റെ വികസന സൂചികകളാണ്‌ ഈ വെട്ടിക്കുറവിന്‌ ആധാരമായി പറയുന്നത്‌. കേരളം പടിപടിയായി ആർജിച്ച പുരോഗതി ധനമേഖലയിൽ നമുക്കുതന്നെ വിനയായി മാറുന്നു. എന്നാൽ, ഈ പ്രശ്‌നത്തിന്‌ പരിഹാരമായി കടമെടുപ്പ്‌ ഉപയോഗിക്കാൻ കഴിയണം. ഇവിടെയും കേന്ദ്രം വഴിമുടക്കുന്നു. വിവിധ വികസന പദ്ധതികൾക്കായി കിഫ്‌ബി എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ  കടബാധ്യതയായി വകയിരുത്തിയത്‌ പൊതുകടമെടുപ്പ്‌ പരിധിയിൽ വൻ കുറവുണ്ടാക്കി.  വിവിധ ക്ഷേമ പെൻഷനുകൾ യഥാസമയം നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ ധനസമാഹരണത്തെയും ഇത്തരത്തിൽ കടബാധ്യതയാക്കി വ്യാഖ്യാനിച്ചു.

പ്രത്യേക ലക്ഷ്യത്തോടെ രൂപീകൃതമാകുന്ന ഫണ്ടുകൾ വായ്‌പാതിരിച്ചടവിന്‌ തനതായ മാർഗങ്ങളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ആധുനിക പൊതുധന മാനേജ്‌മെന്റിൽ ഇത്‌ സാധാരണ കാര്യമാണ്‌.ഇത്തരം ഫണ്ടുകൾക്ക്‌ സർക്കാർ ഗ്യാരന്റി നൽകുന്നുവെന്ന ഒറ്റക്കാരണത്താൽ അവയുടെ വായ്‌പ മുഴുവർ സർക്കാരിന്റെ ബാധ്യതയായി കണക്കാക്കുന്നതിന്‌ ഒരു ന്യായീകരണവുമില്ല. എന്നാൽ, ഇതേ സംവിധാനം കേന്ദ്രത്തിൽ പിന്തുടരുന്ന സർക്കാർതന്നെയാണ്‌ സംസ്ഥാനങ്ങളുടെമേൽ  കർശന നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത്‌. ഇതിനു പിന്നിൽ രാഷ്‌ട്രീയ വൈരനിര്യാതനം ഒരു ഘടകമായിരിക്കാം. നാടിന്റെ പൊതുതാൽപ്പര്യം മുൻനിർത്തി സങ്കുചിത നിലപാടുകൾ ഉപേക്ഷിക്കാൻ കേന്ദ്രം തയ്യാറാകണം. അതിനായി സമ്മർദം ചെലുത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. എന്നാൽ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയും യുഡിഎഫ്‌ എംപിമാരും പ്രതിപക്ഷവും ചില മാധ്യമങ്ങളും അത്തരമൊരു നിലപാടിലേക്ക്‌ ഉയരുന്നില്ല. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ്‌ ഇവർക്ക്‌ താൽപ്പര്യം. ഇതും കേന്ദ്രനിലപാടുപോലെ ആപൽക്കരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top