19 April Friday

സാമ്പത്തികവളർച്ചയിൽ കേരളത്തിന്റെ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022


നമ്മുടെ നാട്‌ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലയളവിലൂടെയാണ് കടന്നുപോകുന്നത്. ഉയിർത്തെഴുന്നേൽപ്പിന്റെയും പരിവർത്തനങ്ങളുടെയും കാലം. മാധ്യമങ്ങൾ എത്ര കണ്ടില്ലെന്നു നടിച്ചാലും, യാഥാസ്ഥിതിക, പ്രതിലോമശക്തികൾ എത്രതന്നെ ഉറഞ്ഞുതുള്ളിയാലും അതൊന്നും കേരളത്തിന്റെ മുന്നേറ്റത്തെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ, കേരളത്തിന്റെ സാമ്പത്തിക,- സാമൂഹ്യ ജീവിതത്തിൽ മൗലികമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏതു പ്രതിസന്ധിക്ക് നടുവിലും സംസ്ഥാനത്തിന്റെ സാമൂഹ്യനേട്ടങ്ങളും ജനങ്ങളുടെ സാമൂഹ്യസുരക്ഷിതത്വവും ഉറപ്പാക്കി വികസനക്കുതിപ്പിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ് പിണറായി സർക്കാർ. കേരളത്തിന്റെ ബദൽ നയങ്ങൾ ഇന്ത്യക്കാകെ മാതൃകയാകുകയാണ്.

പുരോഗതിയുടെ ഒട്ടേറെ സൂചകങ്ങളിൽ ഒന്നാമതുള്ള കേരളം സാമ്പത്തികവളർച്ചയിലും കരുത്തുതെളിയിച്ചിരിക്കുന്നു. 2021–-22ൽ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ദേശീയ രംഗത്തേക്കാൾ ഉയർന്ന വളർച്ച നിരക്ക് കൈവരിച്ചെന്ന റിപ്പോർട്ട് ഇതിന്റെ വസ്തുതാപരമായ സാക്ഷ്യപത്രമായി.

ഈമാസം 15ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം 2021-–-22ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 12.01 ശതമാനമാണ്. ദേശീയ വളർച്ച 8.7 ശതമാനംമാത്രം. കോവിഡിന് മുന്നേയുള്ള 2018-–-19ലെ നിലയുമായി താരതമ്യം ചെയ്താൽ നമ്മുടെ വളർച്ച 14.4 ശതമാനമാകും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനം 2020-–-21ൽ 7,99,571 കോടി രൂപയായിരുന്നു. 2021-–-22ൽ അത് 9, 01, 998 കോടിയായി വർധിച്ചു. 2021-–-22ൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനവും 12.5 ശതമാനം വളർച്ച നേടി.


 

ലോക സമ്പദ്‌വ്യവസ്ഥകളെയാകെ മാന്ദ്യം വിഴുങ്ങുന്നതിനിടെയാണ് , ഇന്ത്യ മാന്ദ്യത്തിന്റെ പിടിയിൽത്തന്നെ തുടരുന്നതിനിടെയാണ്  കൊച്ചു കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്. മഹാപ്രളയമടക്കം പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ, ധനപരമായ കാര്യങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് എന്നിവകൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ നേട്ടത്തിന് തിളക്കമേറുന്നു. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം പലതരത്തിൽ നിഷേധിച്ചും അർഹമായ വിഹിതങ്ങൾ കൃത്യമായി നൽകാതെയും വെട്ടിക്കുറച്ചും പരമാവധി ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രം ചെയ്തത്. എന്നിട്ടും കോവിഡ് തകർച്ചയിൽനിന്ന് കേരള സമ്പദ്‌വ്യവസ്ഥ പുറത്തുകടന്നിരിക്കുന്നുവെന്ന് മുകളിൽ പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ വരുമാനവും ക്രയശേഷിയും വർധിപ്പിക്കാനുതകുന്ന തരത്തിൽ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ സാഫല്യമാണ് സാമ്പത്തിക മേഖലയിലെ മുന്നേറ്റം.

നടപ്പു ധനവർഷത്തിലെ ബജറ്റിന്റെ ആമുഖത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇങ്ങനെ പറഞ്ഞിരുന്നു:"നാം കൊടിയ പ്രതിസന്ധിയെ അതിജീവിച്ചു മുന്നേറാൻ തുടങ്ങിയിരിക്കുകയാണ്. അതിജീവനം യാഥാർഥ്യമായിരിക്കുന്നു. ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. വാഹനങ്ങളിലും തെരുവുകളിലും വ്യാപാരസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും ഭക്ഷണശാലകളിലും പൂരപ്പറമ്പുകളിലും സിനിമാശാലകളിലും ജനജീവിതത്തിന്റെ ആരവം തിരിച്ചെത്തിയിരിക്കുന്നു. ഒറ്റപ്പെടലിന്റെ ദുഃഖത്തിൽനിന്ന് കൂടിച്ചേരലുകളുടെ സന്തോഷത്തിലേക്കുള്ള ഈ മാറ്റം സമ്പത്തുൽപ്പാദനത്തിലും നികുതി വരുമാനത്തിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല'. ഈ പ്രതീക്ഷ യാഥാർഥ്യമായതിന്റെ തെളിച്ചമാണ് സമ്പദ്‌വ്യവസ്ഥയിൽ കാണുന്നത്.

ദേശീയ തലത്തിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും പ്രഖ്യാപിച്ച കോവിഡ് പാക്കേജുകൾ കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കുന്നതായിരുന്നു. എന്നാൽ, കേരളത്തിൽ പ്രഖ്യാപിച്ച പാക്കേജുകളും സഹായങ്ങളും ജനങ്ങളുടെ ക്രയശേഷി കൂട്ടുന്നതായി. ഒരിക്കലും മുടങ്ങാത്ത ക്ഷേമ പെൻഷനുകൾ, 2020ലും 2021ലും പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ വീതം കോവിഡ് പാക്കേജുകൾ, ചെറുകിട വ്യവസായങ്ങൾക്കുള്ള അനുബന്ധ പാക്കേജുകൾ, പലിശ സർക്കാർ അടച്ചുകൊണ്ട് കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വീതം വായ്‌പ, ക്ഷേമനിധി ബോർഡ് വഴിയുളള സഹായങ്ങൾ എന്നിവയെല്ലാം സാമ്പത്തിക പുനരുജ്ജീവനത്തിലേക്ക് നയിച്ചു. ഇതോടൊപ്പം കിഫ്ബിയിലൂടെയും മറ്റു പശ്ചാത്തലസൗകര്യ നിർമാണത്തിലൂടെയും നടത്തിയ നിക്ഷേപങ്ങൾ സാമ്പത്തികമേഖലയെ ചലിപ്പിച്ചു. കിഫ്ബി പ്രഖ്യാപിക്കപ്പെട്ടതുതന്നെ മാന്ദ്യവിരുദ്ധ പാക്കേജായിട്ടാണ്. ഇതിനു പുറമെ വിലക്കയറ്റം തടയാനും പൊതുവിതരണം ശക്തമാക്കാനും നടപടികളുണ്ടായി. ഈ ദിശയിലുള്ള സർക്കാരിന്റെ നയപരമായ നിലപാടുകളാണ് സംസ്ഥാനത്തെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കുന്നത്. വേറിട്ട വിജയമാതൃകയുടെ അടിസ്ഥാനവും ഇതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top