20 April Saturday

മുഖ്യമന്ത്രിയുടെ ഡൽഹിയാത്ര കേരള വികസനത്തിന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021


വികസനത്തിന്‌ കേന്ദ്രസർക്കാരിന്റെ പിന്തുണതേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനം സംസ്ഥാനത്തിന് ഉണർവ്‌ പകരുന്നതായി. രണ്ടാമത് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. നിർണായക പദ്ധതികൾ നേടിയെടുക്കാനും സുപ്രധാന ആവശ്യങ്ങളിൽ ഉറപ്പുനേടാനും രണ്ടു ദിവസത്തെ സന്ദർശനത്തിന്‌ കഴിഞ്ഞു. കണ്ണൂർ–മെെസൂരു റോഡിന്റെ കേരളത്തിലെ ഭാഗം ദേശീയപാതയാക്കാൻ തീരുമാനമായി. തിരുവനന്തപുരം–വിഴിഞ്ഞം റിങ് റോഡിനും തത്വത്തിൽ അംഗീകാരമായി. സംസ്ഥാനത്തെ പതിനൊന്ന് റോഡ്‌ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തും. കൊച്ചി മെട്രോ കാക്കനാടുവരെ ദീർഘിപ്പിക്കൽ, തിരുവനന്തപുരം ലെെറ്റ്മെട്രോ എന്നിവയ്‌ക്ക് അനുമതി ലഭിക്കും. കോഴിക്കോട് ലെെറ്റ്മെട്രോ പ്രോജക്ട് ഉടൻ പരിശോധനയ്‌ക്ക് വിധേയമാക്കും. തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽപാത(സിൽവർ ലെെൻ), ശബരി റെയിൽപാത തുടങ്ങിയവ ചർച്ച ചെയ്യുന്നതിന്‌ പ്രത്യേക യോഗം വിളിക്കാൻ തീരുമാനമായി. പാർലമെന്റ്‌ സമ്മേളനത്തിനുശേഷം ഇതിനായി കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് റെയിൽമന്ത്രി അശ്വിനി വെെഷ്ണവ് മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലെെൻ തെക്ക്–വടക്ക് യാത്രാസമയം പകുതികണ്ട് കുറയ്‌ക്കുന്നതാണ്. ശബരിമല തീർഥാടകരുടെ യാത്രാക്ലേശം കുറയ്‌ക്കാനുള്ള അങ്കമാലി–ശബരി റെയിൽപാത, ശബരിമല വിമാനത്താവളം എന്നിവയ്‌ക്കും പച്ചക്കൊടി ലഭിച്ചിട്ടുണ്ട്.

ഒന്നാം എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ വികസന പദ്ധതികൾക്ക് പിന്തുണതേടി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഗെയ്‌ൽ പെെപ്പ്‌ലൈൻ പെട്ടെന്ന് പൂർത്തിയാക്കുക, മുടങ്ങിക്കിടന്ന ദേശീയപാത വികസനത്തിന് ഭൂമി ലഭ്യമാക്കുക എന്നീ കാര്യങ്ങൾ പ്രധാനമന്ത്രി അന്ന് ഇങ്ങോട്ടാവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉറപ്പും നൽകി. ഒട്ടേറെ തടസ്സങ്ങൾ മറികടന്ന് ഈ രണ്ടുറപ്പുംപാലിച്ചാണ് ഇത്തവണത്തെ കൂടിക്കാഴ്ച. ഇതിന് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇക്കുറി സംസ്ഥാനം സമർപ്പിച്ച പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. വലിയ കടൽത്തീരമുള്ള കേരളം ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം–-കാസർകോട്‌ ജലപാത എൽഡിഎഫ്‌ സർക്കാരിന്റെ മുൻഗണനാ പദ്ധതിയാണ്‌. ഇതിൽ കൊച്ചി–-ബേപ്പൂർ–-അഴീക്കൽ ജലപാതയിലൂടെ ചരക്കുനീക്കം യാഥാർഥ്യമായിക്കഴിഞ്ഞു. കേരളത്തിന്റെ റോഡ്‌ വികസനത്തിന്‌ നല്ല പിന്തുണ നൽകുന്ന ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയും വിജയമായി.

ജനസാന്ദ്രതയിൽ രാജ്യത്ത്‌ ഒന്നാംസ്ഥാനത്താണ്‌ കേരളം. വികസനപദ്ധതികൾക്കായി സ്ഥലമേറ്റെടുപ്പ്‌ അതീവദുഷ്‌കരമാണിവിടെ. ജനങ്ങളെ കൂടെനിർത്തി ഇച്ഛാശക്തിയോടെ ഇതിനെ മറികടക്കാൻ എൽഡിഎഫ്‌ സർക്കാരിനാകുന്നുണ്ട്‌. സംസ്ഥാനത്തിന്റെ വ്യവസായ–-വാണിജ്യ കുതിപ്പിന്‌ പശ്ചാത്തല സൗകര്യ വികസനം ഒഴിച്ചുകൂടാനാകാത്തതാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്‌. പശ്ചാത്തല സൗകര്യവികസനത്തിന്‌ കേന്ദ്രപിന്തുണ ആവശ്യമുണ്ട്‌. മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിലും ഇതിനാണ്‌ ഊന്നൽ നൽകിയത്‌. ഇതിൽ കേന്ദ്രസർക്കാരിൽനിന്ന്‌ പിന്തുണ നേടിയെടുക്കാനായത്‌ സുപ്രധാനമാണ്‌.

കേരളം നിക്ഷേപസൗഹൃദമല്ല, സംരംഭകരെ ഓടിക്കുന്നു തുടങ്ങിയ നുണബോംബുകളുമായി ചില കൂട്ടർ ഇറങ്ങിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം ഇതിന്‌ മറുപടികൂടിയാകുന്നു. ഇവിടെ നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടെന്ന്‌ വ്യവസായികളുടെ സംഘടനയായ ‘ഫിക്കി’ കേരളഘടകം അഭിപ്രായപ്പെട്ടത്‌ ഇത്തരുണത്തിൽ ഓർക്കാം. മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യം, ആശയവിനിമയ സൗകര്യം, വൈദ്യുതി നിരക്കിലെ കുറവ്‌ തുടങ്ങിയ ഘടകങ്ങൾ വ്യവസായത്തിന്‌ അനുകൂലമാണെന്ന്‌ ഫിക്കി കേരള കോ–-ചെയർമാൻ ദീപക്‌ അശ്വിനി പറയുന്നു. ഐടി, ഭക്ഷ്യ–-കാർഷികോൽപ്പന്ന വ്യവസായം, പ്ലാന്റേഷൻ, സൂക്ഷ്‌മ–-ചെറുകിട–-ഇടത്തരം സംരംഭങ്ങളുടെ(എംഎസ്‌എംഇ) മേഖലകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സംസ്ഥാനത്തിന്‌ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വ്യവസായമന്ത്രി പി രാജീവുമായി നടത്തിയ ഓൺലൈൻ സംവാദത്തിൽ കല്യാൺ സിൽക്‌സ്‌ ചെയർമാൻ ടി എസ്‌ പട്ടാഭിരാമൻ തുടങ്ങിയവരും ഇതേ അഭിപ്രായം പങ്കുവച്ചു.

വ്യവസായങ്ങൾ അതിവേഗം തുടങ്ങാൻ സഹായകമാകുന്ന ‘നിയമാനുസൃത തർക്കപരിഹാര സംവിധാനം’ ബിൽ ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുകയാണ്‌. വ്യവസായത്തർക്കവും ജനങ്ങളുടെ പരാതിയും തീർപ്പാക്കാൻ സംസ്ഥാന–-ജില്ലാതല സമിതികളുണ്ടാക്കും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗംതന്നെ ഈ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്‌ സർക്കാരിന്റെ ഊന്നൽ വെളിവാക്കുന്നുണ്ട്‌. വ്യവസായ സൗഹൃദാന്തരീക്ഷമുണ്ടാക്കാൻ എൽഡിഎഫ്‌ സർക്കാർ നടത്തിയ ശക്തമായ ചുവടുവയ്‌പായിരുന്നു 2018ലെ ‘കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം’. സർക്കാരിന്റെ ഇച്ഛാശക്തിമൂലം കോവിഡ്‌ കാലത്തും ഒട്ടേറെ സംരംഭകർ കേരളത്തിലെത്തി. കോവിഡാനന്തര കേരളത്തിൽ വൻ വ്യവസായക്കുതിപ്പുണ്ടാകുമെന്നുറപ്പാണ്‌.

ആദ്യ ഇ എം എസ്‌ സർക്കാർമുതൽ ഇടതുപക്ഷ സർക്കാരുകൾ വ്യവസായ വികസനത്തിന്‌ മുഖ്യസ്ഥാനം നൽകിയിട്ടുണ്ട്‌. മാറിയ ആഗോള സാഹചര്യത്തിൽ അതിന്റെ തുടർച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിന്‌ ചേർന്ന വ്യവസായ വികസനം എന്നതാണ്‌ ലക്ഷ്യം. കുപ്രചാരകരുടെ ഗ്വാ ഗ്വാ വിളികൾ ഇതിനിടയിൽ താനേ കെട്ടടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top